#ദിനസരികള്‍ 732




സായ്പല്ലവി ഏകദേശം രണ്ടു കോടി രൂപയോളം പ്രതിഫലം ലഭിക്കുമായിരുന്ന മുഖ സൌന്ദര്യം കൂട്ടാനുള്ള ഒരു ക്രീമിന്റെ  പരസ്യത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്ത വലിയ താല്പര്യത്തോടെയാണ് വായിച്ചത്. തൊലിയുടെ നിറത്തെക്കുറിച്ച് ജനങ്ങളില്‍ അപകര്‍ഷതയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പ്രതിഫലം എത്ര വലുതാണെങ്കിലും താന്‍ അഭിനയിക്കില്ലെന്നതാണ് പരസ്യത്തില്‍ നിന്നും പിന്മാറാനുള്ള കാരണമായി സായ് പല്ലവി പറഞ്ഞത്.രണ്ടുകോടി എന്നത് വലിയ തുകയായിരിക്കാം, എന്നാല്‍ അതിനെക്കാള്‍ മൂല്യമുള്ള ഒരാശയത്തെയാണ് താന്‍ മുറുകെപിടിക്കുന്നതെന്ന ബോധ്യമാണ് തുകയുടെ വലിപ്പമുണ്ടാക്കുന്ന പ്രലോഭനത്തിലേക്ക് ചെന്നു വീഴാതിരിക്കാന്‍ അവരെ സഹായിച്ചത്.
സാക്ഷാല്‍ സുകുമാര്‍ അഴീക്കോടും നടന്‍ മോഹന്‍ ലാലും തമ്മില്‍ കുറച്ചു കാലംമുമ്പുണ്ടായ ഒരു വിവാദം മനസ്സിലേക്ക് കയറി വരുന്നു. യാതൊരു വിധത്തിലുള്ള തത്വദീക്ഷയുമില്ലാതെ പരസ്യ ചിത്രങ്ങളില്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്നതിനെതിരെ  അഴീക്കോട് പ്രതികരിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. എന്തെങ്കിലും മൂല്യബോധമുള്ളവര്‍ ജനതയെ തെറ്റായി ചിന്തിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു അഴീക്കോടിന്റെ അഭിപ്രായം. സൂപ്പര്‍സ്റ്റാറെന്നതും മെഗാസ്റ്റാറെന്നതുമൊക്കെ ജനങ്ങള്‍ നല്കിയ അംഗീകാരമാണെന്നും അതുപയോഗിച്ചുകൊണ്ട് അവരെ തെറ്റായ വഴികളിലേക്ക് ആനയിക്കുന്നത് അശ്ലീലമാണെന്നുമുള്ള അഴീക്കോടിന്റെ ആശയത്തോട് ഐക്യപ്പെടുന്നതാണ് പുതുതലമുറയിലെ നായികയായ സായ് പല്ലവിയുടേയും നിലപാട്. മോഹന്‍ ലാലിന് ഈ നിലപാടിന്റെ അന്തസ്സത്ത എന്താണെന്ന് ഇതുവരെ മനസ്സിലായിട്ടുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. മോഹന്‍ ലാലിന്റെ ജീവിതകാലത്തിന്റെ മൂന്നിലൊന്നു മാത്രം പ്രായമുള്ള ഒരു പെണ്‍കുട്ടിയുടെ സാമൂഹ്യ രാഷ്ട്രീയാവബോധം പോലും  മഹാനടനെന്ന് നാം വാഴ്ത്തുന്ന ഒരാള്‍ക്ക് ഇല്ലാതെ പോയല്ലോ എന്ന് പരതപിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.
പരസ്യങ്ങള്‍ മനോഹരമായി ഊതിവീര്‍പ്പിച്ച നുണകളാണ് എന്ന് നമുക്ക് അറിയാം. എന്നാല്‍‌പ്പോലും അവ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനം നിസ്സാരമല്ല.നിരന്തരം വിവിധ മാധ്യമങ്ങള്‍ വഴി ജനങ്ങളിലേക്ക് എത്തുന്ന പരസ്യങ്ങള്‍ , തങ്ങളാണ് ശരിയെന്ന് ആവര്‍ത്തിച്ചു പറഞ്ഞുകൊണ്ടിരിക്കുന്നു. എന്നാല്‍ തൊലിനിറത്തെ അപകര്‍ഷതപ്പെടുത്തുന്ന തരത്തിലുള്ള പരസ്യങ്ങള്‍ യാതൊരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തതാണ്. ഒരാധുനിക ജനസമൂഹത്തെ ആകെപ്പാടെ അപകീര്‍ത്തിപ്പെടുത്താനേ ഇത്തരം പരസ്യങ്ങള്‍ ഉതകൂവെന്നതാണ് വസ്തുത.ആധുനിക ജനത എന്ന് ഞാന്‍ പറഞ്ഞെങ്കിലും നാം അത്രക്കൊന്നും ആധുനികവത്കരിക്കപ്പെട്ടിട്ടുണ്ട് എന്നു കരുതാന്‍ വയ്യ. ഇപ്പോഴും നൂറ്റാണ്ടുകള്‍ പിന്നില്‍ ഉപേക്ഷിച്ചു പോന്ന ആശയങ്ങളെ കെട്ടിപ്പുണര്‍ന്നു പുലര്‍ന്നു പോരുന്നവരാണ് ബഹുഭൂരിപക്ഷവും എന്ന് നാം കാണാതിരുന്നുകൂട.എന്നു വെച്ചാല്‍ എണ്‍പതു ശതമാനം വരുന്ന ജനത ഇന്നും പരസ്യങ്ങളെ പിന്‍പറ്റിയും വിശ്വാസത്തിലെടുത്തും ജീവിച്ചു പോകുന്നവര്‍ തന്നെയാണ്.അവരുടെ ഇടയിലേക്കാണ് സമൂഹത്തില്‍ സ്വാധീനം ചെലുത്താന്‍ കഴിയുന്നവര്‍ വൈകീട്ടെന്താ പരിപാടി എന്ന ചോദ്യവുമായി ഇറങ്ങുന്നത്.
ഇന്ദുലേഖ സോപ്പു തേച്ചാല്‍ വെളുക്കും എന്ന പരസ്യത്തിനെതിരെ കേസുകൊടുത്ത് നഷ്ടപരിഹാരമായി മുപ്പതിനായിരം നേടിയെടുത്ത ഗ്രാമീണനായ ചാത്തുവേട്ടനെക്കൂടി ഇത്തരുണത്തില്‍ നാം അനുസ്മരിക്കണം.പരസ്യത്തെ വിശ്വസിച്ച് താനും തന്റെ കുടുംബവും നിരന്തരമായി സോപ്പുപയോഗിച്ചുവെന്നും എന്നിട്ടും വെളുത്തില്ലെന്നുമാണ് ചാത്തുവേട്ടന്‍ കോടതിയില്‍ വാദിച്ചത്. ഒത്തുതീര്‍പ്പിന്റെ ഭാഗമായി കമ്പനി അദ്ദേഹത്തിന് മുപ്പതിനായിരം രൂപ നല്കി കേസ് അവസാനിപ്പിച്ചു.വെളുക്കാത്തതുകൊണ്ടല്ല ചാത്തു ഇങ്ങനെ പ്രതികരിച്ചത്, വെളുപ്പിന് എന്തെങ്കിലും ഗുണമുണ്ടെന്നും അദ്ദേഹം കരുതുന്നില്ല. മറിച്ച് തെറ്റായ പരസ്യം നല്കി തെറ്റായ ആശയത്തെ പ്രചരിപ്പിക്കുന്ന കമ്പനിയെയാണ് അദ്ദേഹം വെല്ലുവിളിച്ചത്.
സായ് പല്ലവിയുടെ ഇടപെടല്‍ മഹത്വമാര്‍ജ്ജിക്കുന്നത് ഈ സാഹചര്യത്തിലാണ്. സായി മാത്രമല്ല അഴീക്കോടും കങ്കണ റാവത്തുമടക്കമുള്ള  - കൂട്ടത്തില്‍ ചാത്തുവേട്ടനും - പ്രശസ്തരായ ഒരു പറ്റം ആളുകള്‍ തങ്ങളുടെ ജനതയെക്കുറിച്ച് ആലോചിക്കുന്നു അവര്‍ തെറ്റായ വഴികളിലേക്ക് നയിക്കപ്പെടുന്നതിനോട് വിയോജിക്കുന്നു. വ്യക്തിപരമായി തങ്ങള്‍ക്കുണ്ടാകുന്ന നേട്ടത്തെക്കാള്‍ അവരെ നയിക്കുന്നത് ജനതയോടുള്ള കടപ്പാടും സ്നേഹവും തന്നെയാണ്. അതുമനസ്സിലാക്കി പ്രതികരിച്ച സായ് പല്ലവിയോട് ഐക്യപ്പെടുക.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം