#ദിനസരികള്‍ 729
ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ്
ജില്ലയിലെ ഭൂരിപക്ഷം സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല
എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ
ജനിക്കുന്നതോ , എന്തെങ്കിലും അസുഖം ബാധിച്ച് ശരീരത്തില്‍ നിന്നും എടുത്തു
മാറ്റുകയോ ആയിരുന്നില്ല. മറിച്ച് മഹാരാഷ്ട്രിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍
സ്ത്രീകളെ ജോലിക്കെടുക്കണമെങ്കില്‍ Hysterectomy ( ഗര്‍ഭപാത്ര വിച്ഛേദനം ) ഗര്‍ഭപാത്രം
എടുത്തുമാറ്റണമെന്നാണ് തൊഴില്‍ ദാതാക്കളുടെ നിബന്ധന. കഠിനമായ അധ്വാനശേഷി വേണ്ടിവരുന്ന
കരിമ്പിന്‍ തോട്ടങ്ങളിലെ ജോലിയെ മാസമുറ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്‍
കാരണമായി പറയുന്നത്. ഗര്‍ഭപാത്രം മുറിച്ചു മാറ്റുന്നതോടെ മാസമുറ നിലയ്ക്കും. വരള്‍ച്ച ബാധിച്ച ആ ജില്ലയില്‍ മറ്റ്
തൊഴിലവസരങ്ങളുടെ കുറവ് കാരണം സ്ത്രീകള്‍ തൊഴിലുടമകളുടെ ഈ നിര്‍ദ്ദേശത്തെ
സ്വീകരിക്കുകയും തങ്ങളുടെ ഗര്‍ഭപാത്രങ്ങളെ സ്വശരീരങ്ങളില്‍ നിന്നും മുറിച്ചു
മാറ്റുകയും ചെയ്യുന്നു. അങ്ങനെ ബീഡ് ജില്ലയില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകളും ഗര്‍ഭപാത്രമില്ലാത്തവരായി
മാറിയിരിക്കുന്നു. രാധേശ്യാം യാദവ് എഴുതിയ ആ ലേഖനം , വായിച്ച നിമിഷം മുതല്‍
പട്ടിണി കിടന്നു മരിക്കാതിരിക്കാന്‍ സ്വന്തം ഗര്‍ഭപാത്രം മുറിച്ചു കളഞ്ഞ് ജോലി
തേടിയിറങ്ങുന്ന സഹോദരിമാരുടെ ഉള്‍പ്പിടച്ചില്‍ എന്നെ വിടാതെ പിന്തുടരുകയും അലോസരപ്പെടുത്തുകയും
ചെയ്തുകൊണ്ടേയിരിക്കുന്നു.
ഈ വാര്‍ത്ത ലോകം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ദിവസങ്ങളായിരിക്കുന്നു. National Commission for Women പ്രസ്തുത വിഷയത്തില്‍ മഹാരാഷ്ട്ര ചീഫ് സെക്രട്ടറിയോട്
വിശദീകരണം ചോദിച്ചതായി ബിസിനസ് ലൈന്‍ തന്നെ റിപ്പോര്‍ട്ടു ചെയ്യുന്നുണ്ട്.
അതിനുമപ്പുറം മഹാരാഷ്ട്ര ഭരിക്കുന്ന രാഷ്ട്രീയ നേതൃത്വത്തില്‍ ഈ വാര്‍ത്ത ഒരു
സ്വാധീനവുമുണ്ടാക്കിയതായിട്ടില്ല. മഹാരാഷ്ട്ര ഭരിക്കുന്ന ബീ ജെ പിയുടെ
മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ് നാവിസ് ഈ വിഷയത്തില്‍ കാര്യക്ഷമമായി ഇടപെട്ടതായി ഒരു
വാര്‍ത്തയുമില്ല.കരിമ്പിന്‍ തോട്ടങ്ങളില്‍ ഇപ്പോഴും പണിക്കു പോകുന്ന സ്ത്രീകളുടെ
ഗര്‍ഭപാത്രങ്ങള്‍ നീക്കം ചെയ്യപ്പെട്ടിട്ടുണ്ടോയെന്നുള്ള രേഖകള്‍
പരിശോധിക്കപ്പെടുന്നു , ഇല്ലാത്തവര്‍ നിഷ്കരുണം പുറന്തള്ളപ്പെടുന്നു.
രാജ്യത്താകമാനം തിരഞ്ഞെടുപ്പ്
വീമ്പിളക്കങ്ങളുമായി ഓടി നടക്കുന്ന
നമ്മുടെ പ്രധാനമന്ത്രി ഈ വാര്‍ത്ത അറിഞ്ഞതായി ഭാവിച്ചിട്ടേയില്ല.
അല്ലെങ്കിലും ജനതയുടേയും കര്‍ഷകരുടേയും അടിസ്ഥാനപ്രശ്നങ്ങളെപ്പറ്റി അദ്ദേഹം
നാളിതുവരെ ആശങ്കപ്പെടുന്നത് നാം കേട്ടിട്ടില്ലല്ലോ ! എന്നിരുന്നാല്‍ക്കൂടി ഓരോ മനുഷ്യന്റേയും മനസ്സുരുക്കുന്ന ഇത്രയും
വേദനിപ്പിക്കുന്ന ഒരു വാര്‍ത്തയോടെങ്കിലും ഒന്നു പ്രതികരിക്കേണ്ടതല്ലേ ? കാര്യക്ഷമമായി ഒരന്വേഷണം നടത്തുമെന്ന
പ്രഖ്യാപനമെങ്കിലും ഉണ്ടാകുമെന്ന് ? നമുക്ക് പ്രതീക്ഷ
വേണ്ട. രാജ്യത്ത്
ഇപ്പോള്‍ വിശക്കുന്നവന് സ്ഥാനമൊന്നുമില്ല, കര്‍ഷകന്റെ ദുരിതങ്ങള്‍ കേള്‍ക്കുവാന്‍
ആര്‍ക്കും നേരമില്ല.ഓരോ അരമണിക്കൂറു കൂടുമ്പോഴും ആത്മഹത്യ ചെയ്യുന്ന നമ്മുടെ കര്‍ഷകന്‍
കയറില്‍ നിന്നു തൂങ്ങിയാടുന്നത് ഇക്കാലങ്ങളില്‍ കൌതുമുണ്ടാക്കുന്ന ഒരു വാര്‍ത്ത
മാത്രമാകുന്നു.മണിക്കൂറുകളുടെ ആയുസ്സു മാത്രമുള്ള ഒന്ന്.
ക്ഷേമരാജ്യമെന്ന
സങ്കല്പത്തില്‍ നിന്നും മതരാഷ്ടത്തിലേക്ക് രാജ്യത്തെ മാറ്റിയെടുക്കാനുള്ള
തത്രപ്പാടിലാണ് രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയും കൂട്ടരും. രാജ്യത്തിന്റെ വികസന
സങ്കല്പങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്നില്ല. ദാരിദ്ര്യനിര്‍മ്മാര്‍ജ്ജനം ചര്‍ച്ച
ചെയ്യപ്പെടേണ്ട ഒരു അജണ്ടയായി പരിഗണിക്കപ്പെടുന്നില്ല.പകരം ഊതി വീര്‍പ്പിച്ച
ദേശീയതയും അയല്‍രാജ്യത്തെ ശത്രുവായി പ്രഖ്യാപിച്ചു നടത്തുന്ന
യുദ്ധപ്രഘോഷണങ്ങളുമാണ് ചര്‍ച്ച ചെയ്യപ്പെടുന്നത്. മനുഷ്യന്റെ വിശപ്പ് ചര്‍ച്ച
ചെയ്യപ്പെടുന്നില്ലെങ്കിലും അവന്റെ മതം ധാരാരളമായി ചര്‍ച്ച ചെയ്യപ്പെടുന്നു.
മറ്റൊരു സന്ദര്‍ഭത്തേയും
മറ്റൊരു പ്രധാനമന്ത്രിയേയും ഞാന്‍ ഓര്‍ത്തെടുക്കട്ടെ !
1985 .ഒറീസയിലെ കാളഹണ്ടിയില്‍ നിന്നും ഒരു വാര്‍ത്ത ലോകം കേട്ടു.
പതിനാലു വയസ്സുകാരിയായ ബനിതാ പൂഞ്ചി എന്ന പെണ്‍കുട്ടി നാല്പതു രൂപയ്ക്ക് വില്‍ക്കപ്പെട്ടുവെന്നാണ്
വാര്‍ത്ത. ഭര്‍ത്താവിനാല്‍ ഉപേക്ഷിക്കപ്പെട്ട ഫനാസ് പുഞ്ചി എന്ന അമ്മ
ദാരിദ്ര്യത്തില്‍ താല്കാലികമായി രക്ഷതേടിയാണ് തന്റെ മകളെ കൈമാറ്റം ചെയ്തത്. പത്രമാധ്യമങ്ങള്‍
ഇന്നത്തെയത്രത്തോളം ദുഷിക്കുകയും വലതുവത്കരിക്കപ്പെടാതെയിരിക്കുകയും ചെയ്ത
അക്കാലത്ത് ആ വാര്‍ത്ത ഇന്ത്യ അറിഞ്ഞു. നമ്മുടെ രാജ്യം ഞടുങ്ങി നിന്നു. പ്രധാനമന്ത്രി രാജീവ്
ഗാന്ധിയെ ഈ വാര്‍ത്ത പിടിച്ചു കുലുക്കി.
അദ്ദേഹം ഒറീസ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചു. അദ്ദേഹം വന്നു.
സാഹചര്യങ്ങളെ നേരിട്ടു മനസ്സിലാക്കി ഫനാസിന് പറയാനുള്ളത് കേട്ടു.
രാജീവ് വെറുതെ
കേട്ടു മടങ്ങുകയായിരുന്നില്ല കാളഹണ്ടിക്കു ( ഇന്ന് നുവാപാട ) വേണ്ടി അദ്ദേഹം ഒരുപാട് വികസനങ്ങള്‍ കൊണ്ടുവന്നു.
എന്‍ ജി ഒ കള്‍ പ്രജക്ടുകളുമായി ഓടി നടന്നു. ഒറീസയിലെ ജനത ആദ്യമായി ആധുനിക
ജീവിതത്തിന്റെ ചില സാധ്യതകളെ അനുഭവിക്കാന്‍ തുടങ്ങുകയായിരുന്നു.
എന്നിട്ട് ആ
വികസന പ്രക്രിയ എന്തായി , ഇന്ന് അവിടത്തെ അവസ്ഥ എന്താണ് എന്ന ചോദ്യങ്ങളെ വിടുക.
മറിച്ച് മനസ്സുരുക്കുന്ന ഒരു സംഭവം നടന്നാല്‍ അധികാരികള്‍ അതിനോട്
സ്വീകരിക്കേണ്ടുന്ന ഒരു നിലപാട് എന്തായിരിക്കണം എന്നതിന്റെ മാതൃകയായിട്ടാണ് രാജീവ്
ഗാന്ധിയുടെ സന്ദര്‍ശനത്തെ ഞാന്‍ ഉയര്‍ത്തിക്കാണിക്കുവാന്‍ തയ്യാറായത്. ഒറീസയിലേക്ക്
നേരിട്ടു പോകാനുള് രാജീവിന്റെ തീരുമാനം ജനതയേയും അവരുടെ വിഷമങ്ങളേയും ഒരു പരിധിവരെ
മനസ്സിലാക്കിയ ഒരു നേതാവിന്റെ പെരുമാറ്റമാണ്. രാജീവ് ഗാന്ധി എന്ന നേതാവിനെ രാജ്യത്തിന്റെ
മാതൃക എന്ന അര്‍ത്ഥത്തില്‍ അവതരിപ്പിക്കുയല്ല , മറിച്ച് ജനത പ്രയാസം
അനുഭവിക്കുമ്പോള്‍ അവിടെ ചെല്ലാനുള്ള സന്മനസ്സു കാണിച്ച ഒരു ഭരണാധികാരിയെ
ചൂണ്ടിക്കാണിക്കുകയാണ്.
നരേന്ദ്രമോഡിയോ? നമ്മുടെ പ്രധാനമന്ത്രി
അക്കാലത്ത് നരേന്ദ്രമോഡിയായിരുന്നുവെങ്കില്‍ അദ്ദേഹം ഒറീസയിലേക്ക്
എത്തുമായിരുന്നില്ലെന്ന കാര്യം സുനിശ്ചിതമാണ്. രാജ്യത്തെ അറിയുന്ന , ജനതയെ
അറിയുന്ന കര്‍ഷകരെ അറിയുന്ന ഒരു നേതാവിന് മാത്രമേ നമ്മെ വികസനത്തിലേക്കും ഭരണഘടന
അനുശാസിക്കുന്ന മൂല്യങ്ങളിലേക്കും ആനയിക്കാന്‍ കഴിയുകയുള്ളു എന്ന വസ്തുതയെ അനുസ്മരിക്കാന്‍
ഈ താരതമ്യം സഹായകമാകുക തന്നെ ചെയ്യും.
Comments