സുരേഷ്
ഗോപിയെക്കുറിച്ച് ?
എന്തു പറയാൻ ? ഏകദേശം ഒരു നൂറ്റാണ്ടുകാലം മുമ്പെങ്കിലും ജനിക്കേണ്ട
ഒരാളാണ് തൃശൂരുകാരുടെ എം പിയായ ഈ സുരേഷ് ഗോപി. കാരണം അത്രയും കാലം മുമ്പെങ്കിലും
പൊതുമനസ്സ് ഉപേക്ഷിച്ചു കളഞ്ഞ ആശയങ്ങളുടെ ലോകത്തിലാണ് വിദ്വാന്‍ ഇപ്പോഴും ജീവിക്കുന്നത്.
അതുകൊണ്ടാണ് ഇക്കാലത്തിന്റെ അവബോധങ്ങളെ മനസ്സിലാക്കുവാനും അതനുസരിച്ച
പ്രതികരിക്കുവാനും ആ മാന്യദേഹത്തിന് കഴിയാതെ പോകുന്നതെന്ന് പ്രത്യേകിച്ച്
പറയേണ്ടതില്ലല്ലോ. ചിലരങ്ങനെയാണ്. ധരിച്ചു വെച്ചിരിക്കുന്നതില്‍ നിന്നും അണുവിട
മാറില്ല. എന്നുമാത്രവുമല്ല , താന്‍ മാത്രമാണ് ശരി എന്ന ധാരണയാണ് അത്തരക്കാരെ
ഭരിക്കുന്നത്. തന്നെപ്പോലെ സമര്‍ത്ഥമായി ചിന്തിക്കുവാനും കാര്യങ്ങളെ
അപഗ്രഥിക്കുവാനുമുള്ള ശേഷി ഇല്ല എന്നും ഇദ്ദേഹം വിശ്വസിക്കുന്നു. ഈ ധാരണയുടെ
അടിസ്ഥാനത്തിലാണ് അയാള്‍ എല്ലാ സംഭവങ്ങളേയും വിലയിരുത്തുന്നത്.
ഇത്തരത്തിലുള്ള ചിന്തകളുടെ (Cognitive
Bias) ഒരു കൂടിച്ചേരലാണ് സുരേഷ് ഗോപി എന്നു പറഞ്ഞാല്‍ അതൊട്ടും
തന്നെ അസംബന്ധമാകില്ല. ആരെങ്കിലും അയാളെ തിരുത്താന്‍ ശ്രമിച്ചാലും അതിനു
നിന്നുകൊടുക്കാനും അയാള്‍ തയ്യാറാകില്ല. ഒരുദാഹരണത്തിന് ഇക്കഴിഞ്ഞ ദിവസം അയാള്‍
നടത്തിയ പ്രജ എന്ന പ്രയോഗം എടുക്കുക. ആ പ്രയോഗത്തിലെ ജനാധിപത്യവിരുദ്ധത എത്ര
പറഞ്ഞുകൊടുത്താലും അദ്ദേഹത്തിന് മനസ്സിലാകില്ലെന്നു മാത്രമല്ല,
പറഞ്ഞുകൊടുക്കുന്നവനെ ശത്രുവായി കാണുകയും ചെയ്യും. അയാള്‍ക്കിപ്പോള്‍ കിട്ടിയിരിക്കുന്ന
അധികാരം നല്കിയതുപോലും ജനാധിപത്യ പ്രക്രിയയാണ് എന്നുള്ള ബോധ്യമില്ല. അതും ഒരു തരം ദൈവദത്തമായ
ഒന്നായിട്ടുമാത്രമേ സ്വയം പരിഗണിച്ചിട്ടുള്ളു. അതുകൊണ്ട് ഇനിയിപ്പോള്‍ ഇയാളുടെ കാര്യത്തില്‍
പൊതുസമൂഹത്തിന് ഒന്നേ ചെയ്യാനുള്ളു. കഴിയുന്നത്ര അകന്നു നില്ക്കുക, തങ്ങള്‍ക്കു വേണ്ടപ്പെട്ടവരെ
കഴിയുന്നത്ര അകറ്റി നിറുത്തുക. അത്രതന്നെ.
|| #ദിനസരികൾ – 160 - ഒക്ടോബർ 01 , 2025 മനോജ് പട്ടേട്ട് ||
Comments