#ദിനസരികള്‍ 1016 അല്പത്തരങ്ങളില്‍ അഭിരമിക്കുന്ന മോഹന്‍ലാന്‍
ഇന്ന് മാതൃഭൂമി
പത്രത്തിന്റെ എഡിറ്റോറിയല്‍ പേജിന്റെ പകുതിയും അപഹരിച്ചിരിക്കുന്നത് നടനവിസ്മയമായ
മോഹന്‍ലാല്‍ എഴുതിയ “ലോകപൌരന്മാര്‍ നിങ്ങള്‍” എന്ന
ലേഖനമാണ്. സ്വന്തം മക്കളെ മുന്‍നിറുത്തി വര്‍ത്തമാനകാലത്തെ യുവതയുടെ ജീവിതത്തെയാണ്
അദ്ദേഹം ഈ ലേഖനത്തിലൂടെ അടയാളപ്പെടുത്തിയെടുക്കാന്‍ ശ്രമിക്കുന്നതെന്ന് പൊതുവായി
പറയാം.
ഊട്ടിയിലെ പ്രശസ്തമായ ഹെബ്രോണ്‍ സ്കൂളില്‍ പഠിച്ച തന്റെ
മക്കളായ പ്രണവിനെക്കുറിച്ചും വിസ്മയയെക്കുറിച്ചും പറഞ്ഞുകൊണ്ടാണ് അദ്ദേഹം ലേഖനം
ആരംഭിക്കുന്നത്. “പ്രണവ്
പഠനം കഴിഞ്ഞ് തത്വചിന്ത പഠിക്കാനായി ഓസ്ട്രേലിയയിലേക്ക് പോയി. വിസ്മയ തീയ്യേറ്റര്‍
പഠിക്കാനായി പ്രാഗ് , ലണ്ടന്‍ യു എസ് എന്നിവിടങ്ങളിലേക്കും.മക്കള്‍ എന്നതിലുപരി
അവരിപ്പോള്‍ എന്റെ നല്ല സുഹൃത്തുക്കളാണ്.പലപ്പോഴും അവരെന്നെ പലതും പഠിപ്പിക്കുന്നു” മക്കളെക്കുറിച്ച്
അഭിമാനിക്കുന്ന രക്ഷിതാക്കളില്‍ നിന്നും മോഹന്‍ലാലും വ്യത്യസ്തനാകുന്നില്ല.
അവരുടെ ജീവിതം കടന്നു പോകുന്ന വഴികളെ അദ്ദേഹം ജാഗ്രതയോടെ
അഭിവീക്ഷിക്കുന്നുണ്ട്.മക്കളുടെ കുട്ടിക്കാലം ആസ്വദിക്കാന്‍ കഴിയാതെ പോയ
ഒരച്ഛന്റെ വേദനകളെ അനുഭവപ്പെടുത്തുമ്പോള്‍ തന്നെ അവര്‍ ഇന്നെത്തിനില്ക്കുന്ന
ഔന്നത്യങ്ങളെക്കുറിച്ചും അദ്ദേഹം ബോധവാനാണ്.
തനിക്ക് പോകാന്‍ സാധിക്കുന്ന ദൂരങ്ങള്‍
പരിമിതമായിരുന്നുവെന്നും എന്നാല്‍ ഇന്നത്തെ ചെറുപ്പക്കാര്‍ക്ക് ദൂരങ്ങളിലില്ല
എന്നതാണ് ശരിയെന്നും അദ്ദേഹം നിരീക്ഷിക്കുന്നു “ എന്റെ മകനടക്കമുള്ള പുതിയ തലമുറയ്ക്ക്
മുന്നില്‍ ലോകം അതിന്റെ അതിവിശാലതയോടെ സമസ്ത വൈവിധ്യങ്ങളോടെ പരന്നു
കിടക്കുന്നു.ഏറ്റവും വിദൂരമായ ലോകം പോലും അവര്‍ക്ക് ഏറ്റവും അടുത്താണ്.അവരുടെ
സൌഹൃദങ്ങള്‍ ഭൂഗോളമാകെയാണ്.ഒന്നല്ലെങ്കില്‍ മറ്റൊരു സാധ്യത അവരെ
കാത്തിരിക്കുന്നു.ഈ ഒരവസ്ഥ സൃഷ്ടിച്ച കാഴ്ചപ്പാടുവ്യത്യാസങ്ങളും ജീവിത
നിരീക്ഷണങ്ങളുമാകാം അവരെ നയിക്കുന്നത്.” എന്ന് പുതിയ തലമുറയെക്കുറിച്ചും അവരുടെ
സാധ്യതകളെക്കുറിച്ചും ലേഖനം സൂചിപ്പിക്കുന്നു. ആകെയൊരു കുറവായി അദ്ദേഹം എടുത്തു
പറയുന്നത് ക്ഷമയുടെ അഭാവമുണ്ട് എന്നു മാത്രമാണ്.ലേഖനം അവസാനിപ്പിക്കുന്നത് , “എന്റെ
മക്കളടക്കമുള്ള പുതിയ തലമുറയെ ഞാന്‍ ആദരവോടെയാണ് കാണുന്നത്.എല്ലാ കാര്യങ്ങളിലും
എന്നെക്കാള്‍ അറിവ് അവര്‍ക്കുണ്ട്.അവരുടെ ജീവിതം കൂടുതല്‍ സ്വതന്ത്രമാണ്.അവര്‍
ഒഴുകിക്കൊണ്ടേയിരിക്കുന്നു.ആഴത്തില്‍ അവരെവിടേയും വേരോടിക്കുന്നില്ല. ഗൃഹാതുരതകള്‍ അവരെ അധികം
കെട്ടിവരിഞ്ഞിട്ടില്ല.ഒരു തരത്തില്‍ പറഞ്ഞാല്‍ അവര്‍ ലോകപൌരന്മാരാണ്.” എന്നു
പറഞ്ഞു കൊണ്ടാണ്.
തന്റെ മക്കളെ മുന്‍നിറുത്തി യുവതയെ അടയാളപ്പെടുത്താനുള്ള ഈ
ശ്രമത്തിനെ ഒറ്റവാക്കില്‍ അശ്ലീലം എന്നുതന്നെയാണ് വിളിക്കേണ്ടത്. യാഥാര്‍ത്ഥ്യത്തില്‍
കാതങ്ങളോളം ദൂരെയാണ് ഈ ലേഖനത്തിന്റെ സ്ഥാനം. പ്രാതല്‍ തിരുവനന്തപുരത്തും ഉച്ചയൂണ്
ജോഹന്നാസ് ബര്‍ഗിലും അത്താഴം ന്യൂയോര്‍ക്കിലുമായി ജീവിക്കുന്നവരുണ്ടാകാം. അവരുടെ
സാഹചര്യങ്ങളേയും സാധ്യതകളേയും ചൂണ്ടിക്കാട്ടി അതാണ് ലോകയുവതയുടെ പരിച്ഛേദമെന്ന്
വിലയിരുത്തിയാല്‍ കഷ്ടമെന്നല്ലാതെ എന്താണ് മറുപടി പറയുക?
ഇവിടെ
നമുക്കു മുന്നില്‍ ജിവിച്ചുപോകുന്ന ഇന്ത്യയിലെ യുവതയെക്കുറിച്ചു തന്നെ
ചിന്തിക്കുക. അങ്ങു ഹിമാലയം മുതല്‍ ഇങ്ങ് കന്യാകുമാരി വരെ ലക്ഷോപലക്ഷം
യുവാക്കള്‍ സമരരംഗത്താണ്. അനുദിനം മോശമായിക്കൊണ്ടിരിക്കുന്ന ജീവിത പശ്ചാത്തലം അവരെ
തെരുവിലേക്ക് വലിച്ചെറിയുന്നു. തൊഴിലില്ലായ്മാ നിരക്ക് ചരിത്രലില്ലാത്ത വിധം ഉയര്‍ന്നിരിക്കുന്നു.ഡൌണ്‍
ടു എര്‍ത്ത് പോലെയുള്ള വിഖ്യാത മാസികകള്‍ പറയുന്ന കണക്കുകളനുസരിച്ച് കഴിഞ്ഞ
രണ്ടുവര്‍ഷക്കാലത്തിനുള്ളില്‍ തൊഴിലില്ലായ്മ രണ്ടിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു.അതു
വിദ്യാഭ്യാസമുള്ളവരുടെ ഇടയിലെ തൊഴിലില്ലായ്മയാണെന്ന് പ്രത്യേകം
ശ്രദ്ധിക്കണം.അതൊടൊപ്പം അവര്‍ അനുഭവിക്കുന്ന സാമൂഹ്യമായ വേര്‍തിരിവുകള്‍
വേറെയും ധാരാളമുണ്ട്.അതില്‍ പ്രധാനം ജാതീയവും മതപരവുമായ , തങ്ങളുടെ വിശ്വാസങ്ങളെ
സംബന്ധിച്ചുള്ളവയാണ്. മതങ്ങള്‍, ജനങ്ങളെ തമ്മില്‍ത്തല്ലിക്കാനും വിഭജിച്ചു നിറുത്താനും
അധികാരത്തിലേക്ക് കയറിച്ചെല്ലാനുമുള്ള ആയുധമായി ഉപയോഗിക്കുന്ന വര്‍ഗ്ഗീയ
രാഷ്ട്രീയത്തിന്റെ വക്താക്കള്‍ ഓരോ ദിവസം ചെല്ലുന്തോറും നമ്മുടെ സാമൂഹ്യ ജീവിതത്തെ
കൂടുതല്‍ കൂടുതല്‍ കലുഷിതമാക്കിക്കൊണ്ടേയിരിക്കുന്നു.ഇല്ലാത്തവനും ഉള്ളവനും
തമ്മിലുള്ള അന്തരം വര്‍ദ്ധിച്ചുകൊണ്ടേയിരിക്കുന്നു.
അതെല്ലാം പൌരജീവിതത്തെ ഞെരുക്കുമ്പോഴും രാജ്യത്തിന്റെ
നിലനില്പുതന്നെ അപകടത്തിലാകുന്ന വിധത്തില്‍ ഭരണഘടനയെപ്പോലും വെല്ലുവിളിച്ചു കൊണ്ട്
പുതിയ പുതിയ നിയമങ്ങളെ ആവിഷ്കരിച്ചെടുക്കാനുള്ള തത്രപ്പാടിലാണ് രാജ്യം
ഭരിക്കുന്നവരെന്ന കാര്യം കൂടി നാം കാണാതിരിക്കരുത്. പൌരത്വ ഭേദഗതി നിയമം
അത്തരത്തിലുള്ളവയില്‍ ഏറ്റവും അവസാനത്തേതാണ്. ഇന്ത്യയെന്ന ജനാധിപത്യ രാജ്യത്തെ
മതപരമായി വിഭജിക്കുവാനുള്ള കുതന്ത്രങ്ങള്‍ ധാരാളമായി നടക്കുന്നു. ഭരണഘടന
ഉറപ്പു നല്കിയിട്ടുള്ള മൌലികാവകാശങ്ങള്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടേയിരിക്കുന്നു.
ഇതിനെല്ലാമെതിരെ ശക്തമായ പ്രതിഷേധ പരിപാടികളുമായി യുവത
തെരുവിലായിരിക്കുമ്പോള്‍ ഏതു വിശ്വപൌരന്മാരെക്കുറിച്ചാണ് മോഹന്‍ലാല്‍
ആത്മനിര്‍വൃതി കൊള്ളുന്നത്?
സ്വന്തം രാജ്യത്ത് ജീവിക്കാനുള്ള അവകാശം പോലും
നിഷേധിക്കപ്പെട്ട ഒരു കൂട്ടം അതിജീവിക്കാനുള്ള അവസാന സമരത്തിന് കോപ്പുകൂട്ടുമ്പോള്‍
ഏതു സുരക്ഷയുടെ കോട്ടയെപ്പറ്റിയാണ് അദ്ദേഹം ആവേശം കൊള്ളുന്നത് ?
ഉത്തരം അറിയാതെയാണെങ്കിലും മോഹന്‍ലാല്‍ തന്നെ പറയുന്നുണ്ട് .
നോക്കൂക. “മകന്റെ
ലൈബ്രറിയുടെ മുന്നില്‍ ആദരവോടെയും അല്പം അസൂയയോടെയുമാണ് ഞാന്‍
നില്ക്കാറുള്ളത്.അതില്‍ ജിദ്ദു കൃഷ്ണമൂര്‍ത്തിയും യു ജി കൃഷ്ണമൂര്‍ത്തിയുമുണ്ട്.ബ്രൂസ്
ചാറ്റ് വിനും പീറ്റര്‍ മാറ്റിസനുമുണ്ട്.രമണമഹര്‍ഷിയും സവര്‍ക്കറുമുണ്ട്.അഘോരികളുടെ
ജീവിതമുണ്ട്.”
ബൌദ്ധികമായ തികഞ്ഞ പക്ഷപാതിത്വം പുലര്‍ത്തുന്ന ഒരു ലൈബ്രറിയുടെ പരിച്ഛേദമാണ് നാം
കാണുന്നത്. അവിടെ സവര്‍ക്കറുണ്ടായിട്ടുപോലും ഒരു ഗാന്ധിയോ നെഹ്രുവോ ഇല്ല. ഒരു
മണ്ഡേലയോ കെന്‍ സരാവിവയോ ഇല്ല. ഒരു റസ്സലോ ഒരു മാര്‍ട്ടിന്‍ ലൂഥറോ ഒരു മദര്‍
തെരേസയോ ഇല്ല. പക്ഷപാതിത്വം കൃത്യമായി പ്രഖ്യാപിക്കുന്ന ഒരിടത്ത് മനുഷ്യരുടെ
ജീവിതത്തെക്കുറിച്ച് ചിന്തിക്കുന്ന ഒന്നും തന്നെയുണ്ടാവില്ലെന്ന് അറിയാമെങ്കിലും
അത്തരത്തിലുള്ള വായനാ ശീലത്തെ അഭിമാനമായി കാണുന്നതില്‍ കവിഞ്ഞ് അശ്ലീലം
വേറെയെന്തുണ്ട് ? അതുമാത്രമല്ല
ജീവിതം എന്നു പറഞ്ഞു കൊടുക്കേണ്ടയാളാണ് അഭിമാനത്തോടെ തലയുയര്‍ത്തി നില്ക്കുന്നത്
എന്നു കൂടി വായിക്കുമ്പോള്‍ നാം തല കുനിക്കുക.
കഴിഞ്ഞില്ല. ഇനിയുമുണ്ട് വീരവാദങ്ങളുടെ നിര. “അവന്റെ
യാത്രകള്‍ വിദൂരങ്ങളും പലപ്പോഴും ദുര്‍ഘടങ്ങളുമാണ്.ചിലപ്പോള്‍ ഋഷികേശില്‍
ജോഷിമഠില്‍ ഹരിദ്വാറില്‍ പൂക്കളുടെ താഴ്‌വരയില്‍ മറ്റു ചിലപ്പോള്‍ ആംസ്റ്റര്‍ഡാമില്‍ പാരീസില്‍
നേപ്പാളിലെ പൊഖാറയില്‍ വേറെ ചിലപ്പോള്‍ വിജയ നഗരസാമ്രാജ്യത്തിന്റെ
തലസ്ഥാനമായ ഹംപിയില്‍”. ഇതിനൊക്കെയപ്പുറം
വേറെയും ജീവിതമുണ്ടെന്ന് ആരാണ് നമ്മുടെ മക്കളോട് പറഞ്ഞുകൊടുക്കുക നാമല്ലാതെ ?
കുടിയൊഴിപ്പിക്കപ്പെടുന്ന ജനതകള്‍ , അവരുടെ കഷ്ടപ്പാടുകള്‍ , അലഞ്ഞു തിരിയലുകള്‍-
ഇതൊന്നും തന്നെ മകന്റെ യാത്രാ ലക്ഷ്യങ്ങളാകുന്നില്ലെന്നതില്‍
അഭിമാനിക്കാനെന്തുണ്ട് ?
ഇല്ലാത്തവനെ കാണാതെ ,ബോംബെയിലേയും കല്‍ക്കട്ടയിലേയും ചേരി
ജീവിതങ്ങളെക്കുറിച്ച് അറിയാതെ , ആഫ്രിക്കയിലെ പട്ടിണിപ്പാവങ്ങളെക്കുറിച്ചറിയാതെ ,
ആയുധ കമ്പനിക്കാര്‍ ഉണ്ടാക്കിയെടുക്കുന്ന യുദ്ധങ്ങളും അവയില്‍ സര്‍വ്വസ്വവും
നഷ്ടപ്പെട്ട് പലായനും ചെയ്യുന്നവരെക്കുറിച്ചും അറിയാതെ, രക്ഷപ്പെടാന്‍
കഷ്ടപ്പെട്ടോടി ചത്തു തീരത്തടിഞ്ഞ ഐലാന്‍ കുര്‍ദ്ദിമാരെക്കുറിച്ച് അറിയാതെ
എങ്ങനെയാണ് മകന്റെ യാത്രകള്‍ ലോക മാനുഷ്യകത്തോട് ചേര്‍ന്നു നില്ക്കുന്നതെന്നും
അവനെങ്ങനെയാണ് വിശ്വൌരനാകുക എന്നും മോഹന്‍ലാല്‍ സ്വയം
ചോദിക്കേണ്ട ചോദ്യമാണ്.
മക്കള്‍ വേരുകളില്ലാതെ നാടിന്റെ സ്പന്ദനങ്ങള്‍ അറിയാതെ
വെറും പൊങ്ങു തടികളായി ജീവിച്ചു പോകുന്നതില്‍ അഭിമാനിക്കാന്‍ എന്തുണ്ട്
എന്നാണ് ഈ ലേഖനം വായിച്ചു കഴിയുമ്പോള്‍ നമുക്ക് തോന്നുക. ഈ നാടാകെ
കത്തിയെരിയുമ്പോള്‍ , യുവത ഉറക്കമൊഴിച്ച് രാജ്യത്തിന്റെ സംരക്ഷണത്തിനായി തെരുവില്‍ പൊരുതി
നില്ക്കുമ്പോള്‍ , നൂറ്റിയിരുപത്തിയഞ്ചു കോടി ജനത തങ്ങളുടെ ഭാവിയെക്കുറിച്ച്
ആശങ്കയോടെ അവര്‍ക്കു പിന്തുണ പ്രഖ്യാപിക്കുമ്പോള്‍ അതിനെക്കുറിച്ചൊന്നും
ഒരക്ഷരമുരിയാടാതെ തന്റെ ദന്തഗോപുരത്തിലിരുന്ന് മക്കള്‍ മാഹാത്മ്യം പടച്ചു
വിടുന്ന ഒരച്ഛനില്‍ നിന്ന് നാം വേറെയെന്താണ് പ്രതീക്ഷിക്കുക ? അതുകൊണ്ട്
മോഹന്‍ലാല്‍ , താങ്കള്‍ തെരുവിലേക്ക് നോക്കണം എന്നു മാത്രമാണ്
പറയാനുള്ളത്.
Comments