#ദിനസരികള്‍ 955 ഓര്‍ക്കുക വല്ലപ്പോഴും



          സ്കൂള്‍ - കോളേജ് കാലങ്ങളുടെ അവസാനം സഹപാഠികളില്‍ നിന്നും ഓട്ടോഗ്രാഫില്‍ എഴുതിക്കിട്ടുന്നതില്‍ ഏറെയും ഓര്‍ക്കുക വല്ലപ്പോഴും എന്നു മാത്രമായിരിക്കും. അലസവും അലക്ഷ്യവുമായ ഒരു അടയാളപ്പെടുത്തല്‍ എന്നതിനപ്പുറത്തേക്ക് ആ വരികള്‍ക്ക് മറ്റൊരു അര്‍ത്ഥവും സങ്കല്പിച്ചെടുക്കാന്‍ കഴിയാത്ത വിധം സ്വാഭാവികമായ ഒന്നായി എല്ലാവരും അതിനെ പരിഗണിക്കുന്നു. ആര്‍ക്കും ആരോടും പറയാവുന്ന മുനപോയ ഒന്ന്. അതുകൊണ്ടുതന്നെ ഓട്ടോഗ്രാഫിന്റെ പേജുകളില്‍ യാതൊരു വികാരവും ജനിപ്പിക്കാതെ നിരവധി ഓര്‍ക്കുക വല്ലപ്പോഴുംകള്‍ മയങ്ങിക്കിടക്കുന്നു.
          എന്നാല്‍ പി ഭാസ്കരന്‍ 1950 കളില്‍ എഴുതിയ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിതയാകട്ടെ ഇന്നും വായനക്കാരിലേക്ക് ചില മുനകളെ വെച്ചു നീട്ടാന്‍ പര്യാപ്തമാണ്. കാലം നമ്മുടെ രസമുകുങ്ങളില്‍ പ്രതികൂലമായി പ്രവര്‍ത്തിച്ചതിന്റെ ഫലംകൊണ്ടാകണം വായനയുടെ ആദ്യകാലങ്ങളില്‍ അനുഭവപ്പെട്ട തീക്ഷ്ണതയില്‍ കുറവുവന്നേക്കാമെങ്കിലും അസ്പഷ്ടമധുരമായ ഒരു വികാരം അതു നമ്മില്‍ ജനിപ്പിക്കുന്നുണ്ട് എന്നത് തര്‍ക്കമറ്റ സംഗതിയാണ്. എന്നാലും ഓട്ടോഗ്രാഫില്‍ ചത്തു കിടക്കുന്ന ഒന്ന് എന്നതിനപ്പുറത്തേക്ക് ഈ കവിതയില്‍ ആ രണ്ടു വാക്കുകള്‍ കനലെന്ന പോലെ ചിലപ്പോഴൊക്കെ മൂടിയും പലപ്പോഴും മൂടാതെയും കിടക്കുന്നുണ്ട്. ഒന്നൂതി നോക്കിയാല്‍ മതി ചാരം മൂടിക്കിടക്കുന്നവയൊക്കെ കൂടുതല്‍ തെളിഞ്ഞു പുറത്തുവരാന്‍. കാരണം ഓട്ടോഗ്രാഫിലുള്ളതു പോലെ കേവലം ഒരു കോറി വരയായല്ല കവി ഇവിടെ ഓര്‍ക്കുക വല്ലപ്പോഴും എന്ന് തിളക്കി വെച്ചിരിക്കുന്നത്.മറിച്ച്
          ആയിരം വികാരങ്ങ, ളായിരം സങ്കല്പങ്ങ,
          ളായിരം വ്യാമോഹങ്ങളിവയില്‍ മുങ്ങിത്തപ്പിയാണ് പണ്ടത്തെ കളിത്തോഴന്‍ അവള്‍ക്കു വേണ്ടി ഓര്‍ക്കുക വല്ലപ്പോഴും എന്ന രണ്ടു വാക്കുകള്‍ മാത്രം കാഴ്ചവെയ്ക്കുന്നത്.അപ്പോള്‍ അതിന്റെ വക്കുകളില്‍ അരമുണ്ടാകാതെ വയ്യ, കൊള്ളുന്നിടങ്ങളില്‍ ചോര പൊടിയാതെ വയ്യ, എത്ര കാലം കഴിഞ്ഞാലും ഒന്നൂതിക്കൊടുത്താല്‍ ആ സ്മൃതികള്‍ തെളിയാതെ വയ്യ. കാരണം പ്രണയമുണ്ടാക്കുന്ന മുറിവുകള്‍ എന്നന്നേക്കുമായി മറന്നുപോകുക അസാധ്യമാണ്. അത് ആത്മാവിന്റെ അടരുകളില്‍ വടുകെട്ടി കിടക്കുക തന്നെ ചെയ്യും.അതുകൊണ്ടാണ് ഏറെക്കാലത്തിനു ശേഷവും ചില വടുക്കളെ തൊട്ടുതഴുകിപ്പോകാന്‍ നാം തുനിഞ്ഞു പോകുന്നത്.
           കവി ഇവിടെ അസാധാരണമായ സാഹചര്യങ്ങളെ സൃഷ്ടിക്കുന്നില്ല. ഇതിനുമുമ്പൊരിക്കലും സംഭവിച്ചിട്ടില്ലാത്ത ഒന്നാണ് സ്വന്തം പ്രണയിനി മറ്റൊരാളെ വിവാഹം കഴിച്ചു പോകുന്നത് എന്ന് ശഠിക്കുന്നില്ല.തികച്ചും വ്യക്തിപരവും ഒരു പക്ഷേ സര്‍വ്വസാധാരണവുമായ ഒരു അനുഭവത്തെ ചില അലുക്കുകള്‍ കെട്ടിത്തൂക്കി സര്‍വ്വകാലികമാക്കി മാറ്റിയെടുത്തു എന്നതില്‍ മാത്രമാണ് പി ഭാസ്കരന്‍ തന്റെ കരവിരുതു പ്രകടിപ്പിച്ചത്. അദ്ദേഹം വിളക്കിച്ചേര്‍ത്തു വെച്ച അനുഭവങ്ങള്‍ ഓരോ വായനക്കാരന്റേയും അനുഭവമാക്കി മാറ്റിയെടുക്കുക വഴി ആ കവിതയ്ക്ക് ഒരു പൊതുഭാവം രൂപപ്പെട്ടു പോന്നു. അതുകൊണ്ട് അത് ഏതൊരു വായനക്കാരനേയും ചെന്നു തൊടുന്നതായി മാറി.
          പരിത്യജിക്കപ്പെട്ടവന്റെ വേദനകളും പുതുജീവിതത്തിലേക്ക് കുതികൊള്ളുന്നവരുടെ അത്യുത്സാഹവും ഇരുധ്രുവങ്ങളിലുമായി നിന്ന് കവിതയുടെ രസക്കൂട്ടുകളെ നിര്‍മ്മിച്ചെടുക്കുന്നു.
          കയ്യിലെക്കളിച്ചെണ്ടില്‍ നഖത്താല്‍ നുള്ളിക്കൊണ്ട്
          നീയ്യിരിക്കുന്നു പുത്തന്‍ വെണ്ണക്കല്‍ പ്രതിമപോല്‍
          എന്തൊക്കെയാവാം സഖീ നീ ഹൃദി താലോലിക്കും
          ചിന്തകളെന്തൊക്കെയോ നീ കാണും കിനാവുകള്‍ ? എന്ന് ചോദിച്ചു കൊണ്ട് തന്റെ പ്രേയസിയുടെ ഉള്ളറിയുവാന്‍ കവി ശ്രമിക്കുന്നുണ്ട്. ഭാവിയെക്കുറിച്ചുള്ള പ്രസാദമധുരമായ സ്വപ്നങ്ങളിലാകണം അവള്‍ മയങ്ങിയിരിക്കുന്നതെന്ന് അയാള്‍ കണ്ടെത്തുന്നുമുണ്ട്. വ്യര്‍ത്ഥമാണെങ്കിലും ആ മനസോടുന്ന വഴികളിലേക്ക് രണ്ടു വാക്കുകളെ അയാള്‍ എയ്തു വെയ്ക്കുന്നു ഓര്‍ക്കുക , വല്ലപ്പോഴുംഎന്നാല്‍ നമുക്കെന്ന പോലെ കവിക്കുമറിയാം അത് ഒരു വെറും പറച്ചില്‍ മാത്രമാണെന്ന്  ഒരുപചാരത്തിനപ്പുറം മറ്റൊന്നുമല്ലെന്ന്.
          എന്തായാലും അവള്‍ കൈയ്യെത്തിപ്പിടിക്കാന്‍ ശ്രമിക്കുന്ന സമൃദ്ധികളെക്കാളും അയാളുടെ നഷ്ടബോധങ്ങളെയാണ് ഇവിടെ നാം പിന്‍പറ്റുക. അതുകൊണ്ടാണ്
          എത്തുന്നൂ കിതച്ചുകൊണ്ടാളുകള്‍ നാനായാത്രോ
ദ്യുക്തരായ് തീവണ്ടിയില്‍ ; എത്തുവതെങ്ങോട്ടാവോ ? എന്ന ചോദ്യത്തിന് അനിതരസാധാരണമായ മുഴക്കങ്ങളുണ്ടെന്ന് നാം കണ്ടെത്തുന്നത്. എല്ലാം തട്ടിത്തെറിപ്പിച്ചുകൊണ്ട് കുതിച്ചു പായുന്ന ഓരോ വേഗവും പോകെപ്പോകെ തളരുക തന്നെ ചെയ്യും. അന്നു പിന്നിട്ടു പോന്ന ദൂരങ്ങളില്‍ നഷ്ടപ്പെടുത്തിയ മൃദുലതകളെക്കുറിച്ച് ആരായാലും ഓര്‍ത്തു പോകുക സ്വാഭാവികമാണ്. ആ നിമിഷത്തിലേക്ക് മാത്രമാണ് ഓര്‍ക്കുക വല്ലപ്പോഴും എന്നു കവി കൊളുത്തി വെയ്ക്കുന്നത്. അത് അനുഭവപ്പെടണമെങ്കില്‍ നിരസിക്കപ്പെട്ടവന്റെ വേദന വടുകെട്ടിയ ഒരു മനസ്സുണ്ടാകണമെന്ന് മാത്രം. അത്തരം മനസ്സുകളെയാണ് പി ഭാസ്കരന്റെ ഓര്‍ക്കുക വല്ലപ്പോഴും എന്ന കവിത കൈകൊട്ടി വിളിക്കുന്നത്.


         

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1