#ദിനസരികള്‍ 757



ഹിന്ദുത്വ വന്ന വഴികള്‍

            ഹിന്ദുത്വത്തിന്റെ കടന്നു കയറ്റങ്ങളെ ഫലപ്രദമായി പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ജ്യോതിര്‍മയി ശര്‍മ്മയുടെ ഹിന്ദുത്വ ഹിന്ദു ദേശീയവാദത്തെക്കുറിച്ച് ഒരന്വേഷണം ( Hisndutava – Exploring the Idea of Hindu Nationalism)  എന്ന പുസ്തകത്തിന് സവിശേഷമായ സ്ഥാനമുണ്ട്.
          ഹിന്ദുത്വത്തിനും അതിന്റെ രാഷ്ട്രീയമായ മോഹങ്ങള്‍ക്കും ഇന്ത്യയില്‍ വഴിതെളിച്ചു കാട്ടിയ ദയാനന്ദസരസ്വതി , സ്വാമി വിവേകാനന്ദന്‍ , അരവിന്ദന്‍ , സവര്‍ക്കര്‍ എന്നീ നാലുപേരെ മുന്‍നിറുത്തി ഹിന്ദുത്വയുടെ സംസ്ഥാപനത്തിനു വേണ്ടി നടന്നുപോന്നിട്ടുള്ള ഇടപെടലുകളെ ജ്യോതിര്‍മയി ശര്‍മ്മ ചര്‍ച്ച ചെയ്യുന്നു.
          ഈ ആശയത്തിന്റെ ഗതികളെ കൂടുതല്‍ വ്യക്തമായി മനസ്സിലാക്കണമെങ്കില്‍ ഹിന്ദുത്വ എന്നതുകൊണ്ട് അതിന്റെ വക്താക്കള്‍ ഉദ്ദേശിക്കുന്നതെന്താണ് എന്ന് മനസ്സിലാക്കേണ്ടതുണ്ട്.ഹിന്ദുത്വം എന്ന വാക്ക് ഹിന്ദുമതത്തില്‍ നിന്നും അതിനുള്ള വ്യതിരിക്തതയെക്കുറിക്കാനായി വിനായക ദാമോദര്‍ സവര്‍ക്കര്‍ സൃഷ്ടിച്ചതാണ്.അദ്ദേഹം എഴുതി ഹിന്ദുത്വം ഒരു മഹദ് വര്‍ഗ്ഗത്തിന്റെ ജീവനാണ്.അത് ഹിന്ദുക്കളുടെ മത സാംസ്കാരിക വര്‍ഗ്ഗ സ്വത്വത്തെ കുറിക്കുന്നു.ഹിന്ദുത്വം ഒരു വാക്കല്ല , ഒരു ചരിത്രം മുഴുവനുമാണ്.സ്വതന്ത്രഭാരതം ഹിന്ദുത്വത്തിന്റെ അടിത്തറയിലാണ് കെട്ടിപ്പടുക്കുക. 
          ഹിന്ദുവിനെ ഈ നിര്‍വചനത്തിന്റെ വെളിച്ചത്തില്‍ ഒരു പുതിയ പരിപ്രക്ഷ്യത്തിലേക്ക് മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട് ഇന്ത്യ എന്ന ഭൂപരിധിയേയും അവിടെ അധിവസിക്കുന്ന വ്യത്യസ്തരായ മുഴുവന്‍ ജനവിഭാഗങ്ങളേയും ഒരു സാംസ്കാരിക വിശേഷത്തിന്റെ കുടക്കീഴിലേക്ക് ഒതുക്കി നിറുത്തുവാനുള്ള ശ്രമമാണ് നാം പിന്നീട് കണ്ടത്.അതായത് ഇന്ത്യയെന്നാല്‍ ഹിന്ദുവാണ് എന്ന് സ്ഥാപിച്ചെടുക്കാനുള്ള പരിശ്രമങ്ങളുടെ കുത്തൊഴുക്കില്‍ ചരിത്രാതീത കാലത്തോളം വേരുകളുള്ള ഇന്നും സജീവമായി നിലകൊള്ളുന്ന ഒരു ദേശീയതയുടെ ഭാഗമാണ് നമ്മളെല്ലാവരുംതന്നെ എന്ന് പറഞ്ഞും പ്രചരിപ്പിച്ചും സ്ഥാപിച്ചെടുക്കാനും അത്തരം ഉദ്യമങ്ങളെ ചോദ്യം ചെയ്യുന്നവരെ ഹിന്ദുവിരുദ്ധരാക്കുവാനും ഹിന്ദുവിന്റെ ശത്രുവാക്കാനുമുള്ള ശ്രമങ്ങളെ നാം നിരവധി കണ്ടു.
          നിരവധി ദേശങ്ങളിലും ഭാഷകളിലുമായി പരസ്പരം തെറ്റിയും തെറിച്ചും നിലകൊണ്ടിരുന്ന ഒരു ദേശത്തെ ജീവിത രീതികളെ ഇണക്കിച്ചേര്‍ത്തുകൊണ്ടായിരിക്കണം അഖിലഭാരത ഹിന്ദു എന്ന സങ്കല്പത്തെ വാര്‍‍ത്തെടുക്കേണ്ടതെന്ന് അതിന്റെ ആചാര്യന്മാര്‍ക്ക് നല്ല തിട്ടമുണ്ടായിരുന്നു. അതുകൊണ്ടാണ് വിശ്വാസ രീതികളെ അവലംബിച്ചല്ല , മറിച്ച ആര്‍ഷഭൂവിലെ ജനനത്തെ അടിസ്ഥാനപ്പെടുത്തി ഓരോരുത്തരും ഹിന്ദുവാണ് എന്ന് വ്യാഖ്യാനിച്ചെടുത്തത്. അതുകൊണ്ടാണ് ഇവിടെ ജനിക്കുന്ന അന്യമതസ്തര്‍‌ പോരും ഹിന്ദുവാണെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുന്നത്. വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയായിരിന്നുവെങ്കില്‍ ബ്രാഹ്മണനായും ക്ഷത്രിയനായും വൈശ്യനായും ശൂദ്രനായും മാത്രം അവര്‍ ജീവിച്ചു പോകുമെന്നും ഹിന്ദു എന്ന തലത്തിലുള്ള വിശാലമായ ഐക്യപ്പെടലുകള്‍ ഉണ്ടാകുകയില്ലെന്നും അവര്‍ മനസ്സിലാക്കി.
          വാസ്തവത്തില്‍ ഐക്യപ്പെടാനുള്ള ആശയങ്ങള്‍ അധികമൊന്നുമുണ്ടായിരുന്നില്ലെന്നു അവര്‍ക്കു തന്നെ അറിയാമായിരുന്നു. കാരണം ആശയങ്ങള്‍ കൊണ്ടോ ജീവിത രീതികൊണ്ടോ മറ്റെന്തെങ്കിലും മുല്യങ്ങള്‍ കൊണ്ടോ ഒരു ബ്രാഹ്മണനും ഒരു ശൂദ്രനും ഒരുമിച്ചു പോകുന്ന സാഹചര്യം ഒരിക്കലും ഇന്ത്യയില്‍ ഉണ്ടാകുകയില്ലെന്ന് മറ്റാരെക്കാളും ഈ ആചാര്യന്മാര്‍ക്കു തന്നെ വ്യക്തമായിരുന്നു.
          എന്നിരുന്നാല്‍‌പ്പോലും ഹിന്ദുത്വ എന്ന ആശയത്തിന്റെ രാഷ്ട്രീയ താല്പര്യങ്ങള്‍ക്ക് വൈരുദ്ധ്യങ്ങളെ പേറുന്ന ജനതയെ ഒന്നിപ്പിക്കേണ്ട ആവശ്യം വ്യക്തമായിരുന്നു. അതുകൊണ്ടുതന്നെ ഫലത്തില്‍ പല തട്ടുകളില്‍ തന്നെ ജീവിക്കേണ്ടി വന്നാലും ഒരൊറ്റ ആശയംകൊണ്ട് യോജിപ്പിക്കപ്പെട്ടവരാണ് ഭാരതീയര്‍ എന്ന വ്യാഖ്യാനം ഹിന്ദുത്വയുടെ ശാക്തീകരണത്തിന് ആവശ്യമായി വന്നു.ഒരു ദേശീയതാവബോധം സൃഷ്ടിച്ചുകൊണ്ടും വൈരുദ്ധ്യങ്ങളെ താല്ക്കാലികമായിട്ടെങ്കിലും മറച്ചു വെച്ചുകൊണ്ടും ഒരു ജനത എന്നു ചിന്തിപ്പിക്കാന്‍ ആവശ്യമുള്ള ഉപകരണങ്ങളെ സൃഷ്ടിച്ചെടുക്കാനുള്ള വെമ്പലുകള്‍ ഹിന്ദുത്വയുടെ ആചാര്യന്മാരില്‍ നമുക്ക് കാണാം.
          അങ്ങനെയാണ് ഇതിഹാസങ്ങളേയും അത് ഭാരത്തിലുണ്ടാക്കിയിരിക്കുന്ന സ്വാധീനത്തേയും കൂട്ടുപിടിച്ച്  അഖിലഭാരത്തിനും ആശ്രയിക്കാനാകുന്ന ചില ബിംബങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് ഹിന്ദുവെന്നാല്‍ ആരാണ് എന്ന ചോദ്യത്തിന് നവീന മാനങ്ങളുടെ ഉത്തരങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നത്. ശൂദ്രനെ ശൂദ്രനായിരിക്കാന്‍ മാത്രം അനുവദിച്ച രാമനെ അത്തരമൊരു ബിംബമാക്കിയെടുക്കാന്‍ ഹിന്ദുത്വക്ക് കഴിഞ്ഞത് അവരുടെ വലിയ വിജയമായിട്ടുതന്നെ വേണം വിലയിരുത്തേണ്ടത്. ദളിതു വിരുദ്ധനായ , ദ്രാവിഡരെ ശത്രുവായി കാണുന്ന ഒരു ആര്യരാജാവിനെ അവര്‍ക്കു കൂടി സ്വീകാര്യനായ രക്ഷിതാവാക്കി മാറ്റിയെടുക്കാന്‍ കഴിഞ്ഞതോടെ ഹിന്ദുത്വക്ക് കൂടുതല്‍ ആത്മവിശ്വാസമുണ്ടായി.
          ഒരിക്കലും യോജിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത സംവര്‍ഗങ്ങളെ കൂട്ടിയിണക്കിക്കൊണ്ട് വൈകാരികമായ ഒരു ദേശീയതയേയും ഒരു അധിനാഥനേയും സൃഷ്ടിക്കാന്‍ കഴിഞ്ഞതോടെ ഹിന്ദുത്വക്ക് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ കൊണ്ടുനടക്കേണ്ട വഴികളെക്കുറിച്ച് കൂടുതല്‍ തിട്ടമുണ്ടായി. പിന്നെ ദേശീയതയേയും വിശ്വാസത്തേയും ചുറ്റിക്കെട്ടിക്കൊണ്ട് പരുവപ്പെടുത്തിയെടുത്ത ധാരാളം ബിംബങ്ങളെ നാം പരിചയപ്പെട്ടു.
          ഹിന്ദുത്വ വളര്‍ന്ന വഴികളെ , വളരെ കണിശമായി വിലയിരുത്തിക്കൊണ്ടാണ് ജ്യോതിര്‍മയി ശര്‍മ്മ അതിന്റെ ആചാര്യന്മാരെ വിചാരണ ചെയ്യുന്നത്. ഭാരതത്തിന്റെ വര്‍ത്തമാനകാല പരിതസ്ഥിതികളെ മനസ്സിലാക്കേണ്ടവര്‍ വളരെ ശ്രദ്ധാപൂര്‍വ്വം ശര്‍മ്മയുടെ ഈ പുസ്തകം കൈയ്യിലെടുക്കേണ്ടതാണ്.
           

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1