#ദിനസരികള്‍ 737


തിരഞ്ഞെടുപ്പിനു ശേഷം

ഭിന്ദ്രന്‍ വാലയെ പിടിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ സൈന്യം സുവര്‍ണക്ഷേത്രത്തില്‍ കയറിയത്1983 ലാണ്. ഭിന്ദ്രന്‍വാലയും കൂട്ടരും സൈനികനീക്കത്തില്‍ കൊല്ലപ്പെട്ടു.എന്നാല്‍ സിഖുമത വിശ്വാസികളുടെ മനസ്സില്‍ സുവര്‍ണക്ഷേത്രത്തില്‍ സൈന്യം കടന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവായി അവശേഷിച്ചു.
സ്വന്തം അംഗരക്ഷകരുടെ തോക്കില്‍ നിന്നും ആവോളം വെടിയുണ്ട ഏറ്റുവാങ്ങുകയെന്നതായിരുന്നു ഒരു വര്‍ഷത്തിനു ശേഷം 1984 ല്‍ ഇന്ദിരാ ഗാന്ധിയുടെ വിധി. അതിദാരുണമായ ആ കൊലയ്ക്കു സിഖുകാരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അഴിഞ്ഞാടിയത്.അകാലികളെ ഒതുക്കാന്‍ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും കോണ്‍ഗ്രസ് തന്നെയായിരുന്നു.അത് മറ്റൊരു വിഷയമാണ്.
ഇന്ദിരിയുടെ കൊലപാതകം 1984 ലെ തിരഞ്ഞെടുപ്പില്‍ 403 സീറ്റകള്‍ കൈക്കലാക്കി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസിന് അത്രത്തോളം തരംഗത്തിന്റെ ആനുകൂല്യം ലഭിച്ചില്ല.ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഒറ്റക്കക്ഷിയായി എന്നു മാത്രം.
പറഞ്ഞുവന്നത് 17ആം ലോകസഭയിലേക്ക് നടത്തിയ ഇലക്ഷനില്‍ 1984 ലെ പോളിംഗ് ശതമാനമെത്തി എന്ന കാര്യം സൂചിപ്പിക്കുവാനാണ്.
ഇന്ദിരയുടെ കൊലപാതകം എന്ന ഒരൊറ്റ ഘടകമാണ് അത്രയും മികച്ചൊരു പോളിംഗ് അന്ന് സാധ്യമാക്കിയതെങ്കില്‍ ഇന്ന് പക്ഷേ സാധ്യതകള്‍ നിരവധിയാണ്.
ഏറ്റവും മിതമായും സാഹചര്യങ്ങളെ വിലയിരുത്തിയും ഒരു നിഗമനത്തിലെത്തുകയാണെങ്കില്‍ വര്‍ഗ്ഗീയതക്കെതിരെയുള്ള ഒരു വിധിയെഴുത്തായിരിക്കുമെന്നാണ് ഞാന്‍ ചിന്തിക്കുന്നത്.
രാജ്യം മതജാതി ഭ്രാന്തുകളുടെ ഏറ്റവും ഭീകരമായ അവസ്ഥകളെയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. കേരളം പോലെ എല്ലാ രംഗങ്ങളിലും മികച്ചു നില്ക്കുന്ന ഒരു സംസ്ഥാനത്തു നിന്നും അതിനെതിരെ ഒരു വിധിയെഴുത്തുണ്ടായില്ലെങ്കില്‍ രാജ്യത്ത് അവശേഷിക്കുന്ന മറ്റേത് പ്രദേശത്തെയാണ് നാം വിശ്വാസത്തിലെടുക്കുക? ന്യൂനപക്ഷങ്ങള്‍ക്ക് വളരെയേറെ പ്രസക്തിയുള്ളപ്പോള്‍ പ്രത്യേകിച്ചും ? അതുകൊണ്ട് ബി ജെപിയുടേയും സംഘപരിവാരത്തിന്റേയും അജണ്ടകളെ ജനം തള്ളിക്കളഞ്ഞിരിക്കുന്നുവെന്ന വിലയിരുത്തലിന് സാംഗത്യമുണ്ട്. അങ്ങനെയാണെങ്കില്‍ ഈയൊരൊറ്റ ഇലക്ഷനിലൂടെ ഏറെ കൊട്ടിഘോഷിച്ചും തലയില്‍ തേങ്ങയെറിഞ്ഞും ബീജെപിയും കൂട്ടരും ആഘോഷിച്ച ശബരിമല യുവതിപ്രവേശനം ഇങ്ങിനി തിരിച്ചുവരാത്തവണ്ണം അവസാനിച്ചൊടുങ്ങുക തന്നെ ചെയ്യും.
ഇനിയുള്ളത് ഇടതു വലതു കക്ഷികളുടെ സാധ്യതയാണ്. രാഹുല്‍ ഗാന്ധിയുടെ വരവോടെ ദക്ഷിണേന്ത്യ മുഴുവന്‍ തൂത്തുവാരുമെന്ന് ആദ്യദിനങ്ങളില്‍ കൊട്ടിപ്പാടിയവര്‍ പോകെപ്പോകെ രാഹുല്‍ ഗാന്ധി എന്ന പേരു പോലും പ്രചാരണ പ്രസംഗങ്ങളില്‍ ആവേശം പകരുന്ന ഒന്നായി കണ്ടെത്തിയിട്ടില്ല. രാഹുല്‍ മാജിക് കേരളത്തില്‍ പോയിട്ട് മലബാറില്‍ പോലും പ്രവര്‍ത്തിച്ചതായി തോന്നുന്നുമില്ല.
ഇടതുപക്ഷത്തിന്റെ നിലവിലുള്ള സീറ്റുകളെ അട്ടിമറിയ്ക്കാനുള്ള ശേഷി യു ഡി എഫിന്റെ ഒരു സ്ഥാനാര്‍ത്ഥിയും പ്രകടിപ്പിച്ചതായി കാണുന്നില്ല. ഏറ്റവും മോശം സ്ഥാനാര്‍ത്ഥി നിര്‍ണയമായെന്ന് ഇലക്ഷനു മുമ്പ് പലരും വിലയിരുത്തിയ ചാലക്കുടിയില്‍ പോലും ഇന്നസെന്റിന് ഭീഷണിയുണ്ടെന്ന് തോന്നുന്നില്ല.അനാവശ്യമായ വിവാദങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കില്‍ രമ്യ ഹരിദാസ് പോലും ആരുമറിയാതെ ഒതുങ്ങിപ്പോകുമായിരുന്നു.അവരെ നാലാളറിയുന്ന തരത്തില്‍ വളര്‍ത്തുവാന്‍ മാത്രമാണ് അത്തരം വിവാദങ്ങള്‍ക്ക് കഴിഞ്ഞത്. ഇടതുപക്ഷത്തു നില്ക്കുന്നവര്‍ അക്കാര്യത്തില്‍ നിന്നും ഇനിയും ഏറെ പഠിക്കാനുണ്ട് എന്ന് ഈ വിവാദങ്ങള്‍ തെളിയിക്കുന്നു.
2004 ലെ ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിലായിരുന്നു താരതമ്യപ്പെടുത്താവുന്ന ഉയര്‍ന്ന പോളിംഗ് നടന്നത്. 71.45 ശതമാനം. അന്ന് ഇടതുപക്ഷം മിന്നുന്ന വിജയമാണ് നേടിയത്.2004 ആവര്‍ത്തിക്കുമോയെന്ന കാര്യമാണ് ഉറ്റുനോക്കുന്നത്.അങ്ങനെയാണെങ്കില്‍ എല്ലാവരേയും അത്ഭുതപ്പെടുത്തിക്കൊണ്ട് കേരളം ഒരു തവണ കൂടി ചൂവപ്പിന്റെ ചരിത്രം രചിക്കും. രാഹുലിനെ കൊണ്ടുവന്ന് ഇടതിനെ ഇല്ലാതാക്കാന്‍ ശ്രമിച്ച കോര്‍പ്പറേറ്റുകള്‍ക്കും ശബരിമലയെ മുന്‍നിറുത്തി ലാഭംകൊയ്യാന്‍ ശ്രമിച്ച സംഘപരിവാരത്തിനും അതില്‍പരം നാണക്കേടുണ്ടാകാനില്ല.നിലവിലുള്ള സീറ്റു ഈ സാഹചര്യത്തില്‍ നിലനിറുത്താന്‍ കഴിഞ്ഞാല്‍ തന്നെ ഇടതിന്റെ വിജയമായിരിക്കും.
വലതു പക്ഷത്തിന് ശബരിമലയില്‍ സര്‍ക്കാറും ഇടതുപക്ഷവും ഇടപെട്ടത് ശരിയായില്ലെന്ന് വിശ്വസിക്കുന്ന വിശ്വാസികളായ , എന്നാല്‍ ബി ജെ പിക്ക് വോട്ടു ചെയ്യാന്‍ താല്പര്യമില്ലാത്ത കുറച്ചാളുകളെ ശേഖരിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ കോണ്‍ഗ്രസിന്റെ ബി ജെ പി വത്കരണത്തോട് വിപ്രതിപത്തിയുള്ള ന്യൂനപക്ഷത്തിന്റെ വോട്ടുകള്‍ വലിയ തോതില്‍ ചോര്‍ന്നുപോകുമെന്ന ഘടകം കൂടി ഈ തിരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
അടുത്ത ഇരുപത്തിമൂന്നുവരെ കാത്തിരിക്കാം.അതുവരെ എല്ലാ നിഗമനങ്ങള്‍ക്കും സാധ്യതയുണ്ട്. എന്നാല്‍ വര്‍ഗ്ഗീയതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു പാര്‍ട്ടിയും ജയിക്കരുതെന്ന് ആഗ്രഹിക്കാനാണ് എനിക്കിഷ്ടം , അതാണ് സംഭവിക്കേണ്ടതും.


Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1