കെ പി രാമനുണ്ണി കുമാരനാശാനെ തൂക്കിലേറ്റുമോ ??
വിവരക്കേടിന് കെ പി രാമനുണ്ണി ഇടശ്ശേരിയെ കൂട്ടുപിടിക്കുന്നു.

                       അപകടകരമായ മതവാദത്തിന് കീജെ വിളിക്കുകയണ് “ ഇതാണ് ഇസ്ലാം” എന്ന ആദ്യലേഖനത്തിലൂടെ രാമനുണ്ണി ചെയ്തത്. പ്രസ്തുത വിചാരരാഹിത്യത്തിന് മാനവികതയില്‍ ഊന്നിനിന്ന് “ഏതാണ് ഇസ്ലാം” എന്ന ലേഖനത്തിലുടെ കാരശ്ശേരി നല്കിയ മറുപടിക്ക് ഇടശ്ശേരിയെ കൂട്ടുപിടിച്ച് പ്രതികരിക്കുകയാണ് ശ്രീ കെ പി രാമനുണ്ണി. ഇടശ്ശേരിയുടെ ഇസ്ലാമിന്റെ വന്മല എന്ന കവിതയെയാണ് രാമനുണ്ണി ഉദാഹരിക്കുന്നത്. കവിതയില്‍ തന്റെ കൂട്ടുകാരനായ ഹിന്ദുവിന് ഉച്ചപ്പശിയാറ്റാന്‍ സ്വന്തം ബാപ്പയുടെ കടയില്‍ നിന്ന് കട്ടെടുത്തുകൊടുക്കുന്ന അലവി എന്ന കൂട്ടുകാരന്‍. ഒരിക്കല്‍ ആ മോഷണം പിടിക്കപ്പെടുന്നു. രുഷ്ടനായ അലവിയുടെ ഉപ്പ മൊയ്തീന്‍ കുട്ടി ആര്‍ക്കു കൊടുക്കുവാനാണ് പഴം കട്ടത് എന്ന് അലവിയെ ഭേദ്യം ചെയ്യുന്നു. അലവി ആര്‍ക്കെന്ന് പേരു പറയുന്നില്ല. ഹിന്ദുവായ തന്റെ മാനം പേരു പറയാത്തതിലൂടെ അലവി കാത്തു എന്ന് പ്രഘോഷിച്ചു കൊണ്ട് കവിത സമാപിക്കുന്നു.
ഇത്രമാത്രമോ ? അല്ല സമൂഹജീവിതത്തിന്റെ ചൂടും ചൂരും ആവിഷ്കരിക്കുന്നുണ്ട് ഇടശ്ശേരിയുടെ ഈ കവിത എന്ന് നിസംശയം പറയാം. അതിനുമപ്പറം? ഇസ്ലാമായതുകൊണ്ടു മാത്രമാണ് അലവി കവിയുടെ പേരു പറയാത്തതെന്ന് നാം വിശ്വസിക്കേണമോ? കോപാക്രാന്തനായ പിതാവിന്റെ പ്രകടനത്തില്‍ മറ്റെല്ലാവരും അപരന്റെ പേരു പറയുമോ? ഇസ്ലാമൊഴിച്ച് മറ്റെല്ലാവരും പേരു പറയും എന്ന് വാദിക്കുന്നിടത്താണ് മാനവികത തോല്‍വി പുല്‍കുന്നതും മതവാദം കത്തിക്കേറുന്നതും. അത് അപകടകരമാണ്. രാമനെ രക്ഷിക്കാന്‍ അബ്ദുറഹിമാന്‍ ശ്രമിച്ചത് ഇസ്ലാമായതുകൊണ്ടാണ് എന്ന് ചിന്തിക്കുമ്പോള്‍ മനുഷ്യേതരവും നികൃഷ്ടവുമായ എത്ര വലിയ അനീതിയെയാണ് കെ പി ആര്‍ പ്രക്ഷേപിക്കുന്നത് ? ഭക്ഷണം കൊടുത്തു എന്ന കാരണത്താല്‍ അലവിയെ തല്ലിയ മൊയ്തീന്‍കൂട്ടിയും അപകടത്തില്‍ പെടുന്ന ആളെ രക്ഷിക്കാന്‍‌ ശ്രമിച്ച അബ്ദുറഹിമാനെ തടയുന്ന സുഹൃത്തുക്കളും സാങ്കേതികമായി ഒരേ സമൂഹത്തിന്റെ തന്നെ സൃഷ്ടികളാണെന്ന് നാം വിസ്മരിച്ചുകൂട. കെ പി രാമനുണ്ണി ഉയര്‍ത്തിപ്പിടിക്കുന്ന ന്യായവാദത്തിന് പ്രധാന വിലങ്ങുതടിയാകുന്നത് അവരുടെ “മുസ്ലീമത്തം” തന്നെയാണ്.
മനുഷ്യനെ മനുഷ്യനായി കാണുകയും അവന്റെ ചെയ്തികളെ മാനവികതയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുകയും ചെയ്യേണ്ടിന് പകരം മതാധിഷ്ഠിതമായ ദുര്‍വ്യാഖ്യാനങ്ങളില്‍ അവന്‍‌ ചെയ്യുന്ന നന്മകളെ തളച്ചിടാന്‍‌ ശ്രമിച്ചാല്‍ മനുഷ്യനില്‍ നന്മ എന്തുള്ളു? കെ പി രാമനുണ്ണിയുടെ ചിന്താവൈശദ്യരാഹിത്യത്തിന് ഒരുദാഹരണം നോക്കുക .അദ്ദേഹം എഴുതുന്നു :- “ ഒന്നാമതായി, തന്റെ ആത്മമിത്രത്തെ മനുഷ്യന്‍ എന്ന അമൂര്‍ത്തതയില്‍ അലിയിച്ച് അവന്റെ സൂക്ഷ്മവ്യക്തിത്വത്തെ മുച്ചൂടാക്കുന്ന അധികാരഭാഷണത്തിന് അദ്ദേഹം തയ്യാറല്ല.” അലവിയുടെ സൂക്ഷ്മവ്യക്തിത്വം സംരക്ഷിക്കേണ്ടത് കവിയുടെ കര്‍ത്തവ്യമാണ് എന്ന വാദത്തോട് എനിക്ക് വൈമുഖ്യമൊന്നുമില്ല;അത് വേണ്ടതാണുതാനും. എന്നാല്‍‌എന്താണ് ഇവിടെ രാമനുണ്ണി വ്യവഹരിക്കുന്ന സൂക്ഷ്മവ്യക്തിത്വം ? അത് മുസ്ലീം എന്ന അവസ്ഥയാണത്രേ ! മനുഷ്യന്റെ സൂക്ഷ്മവ്യക്തിത്വം എന്ന് പറയുന്നത് ഏതെങ്കിലും മതമാണെങ്കില്‍ ആ വാദത്തിന് നല്ല നമസ്കാരം പറയുക എന്നല്ലാതെ മറ്റെന്തു ചെയ്യുവാന്‍ ?
ക്രൂരമഹമ്മദർ ചിന്തുന്ന ഹൈന്ദവച്ചോരയാൽ ചൊല്ലെഴും 'ഏറനാട്ടിൽ' എന്ന് മഹാകവി കുമാരാനാശാന്‍ എഴുതിയിട്ടുണ്ട്. അതുകൊണ്ട് മുഹമ്മദീയര്‍ എല്ലാവരും ക്രൂരരാണ് എന്ന വാദത്തിന് കുമാരാനാശാനെ സാക്ഷിയാക്കാന്‍ കഴിയുമോ? അഥവാ കുമാരാനാശാന്‍ എല്ലാ മുഹമ്മദീയരും ക്രൂരരാണെന്ന് പറഞ്ഞു എന്ന് പറയാമോ? അസ്ഥാനത്തേക്ക് മഹാകവികളെ കൊണ്ടുവന്ന് സാക്ഷ്യപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍ ഉണ്ടാകുന്ന അപകടം അല്പബുദ്ധികള്‍ തിരിച്ചറിയുക അസാധ്യമാണ്.
ചാടിയ കുഴിയുടെ ആഴത്തെക്കുറിച്ച് രാമനുണ്ണിക്ക് ബോധ്യമായിട്ടുണ്ട് എന്ന സൂചന ഈ ലേഖനത്തിന്റെ അവസാനവരികള്‍ നല്കുന്നുണ്ട്. വായിക്കുക “ഇനി ഹിന്ദുമതതത്ത്വ പ്രചോദനത്താലോ ശബരിമലയ്ക്ക് മാലയിട്ട സമയത്തോ ആണ് രാമന്‍ അബ്ദുറഹിമാനെ രക്ഷിക്കാന്‍ മുതിര്‍ന്ന് രക്തസാക്ഷിയായതെങ്കില്‍ ഇതാണ് ശരിയായ ഹിന്ദുവെന്ന് ഞാന്‍ നിസ്സങ്കോചം ലേഖനവും എഴുതുമായിരുന്നു.” മുസ്ലീമിന്റെ കൂടെ ഹിന്ദു കൂടി ചേരുന്നു. കൃസ്ത്യനും ബൌദ്ധനും ജൈനനും പാഴ്സിയും ചേരട്ടെ. എനിക്ക് സന്തോഷമേയുള്ളു. പക്ഷേ മനുഷ്യന്‍ എന്ന സത്തയുടെ ആകെത്തുക അളക്കാന്‍ ഇവരെല്ലാവരും തന്നെ ചേര്‍ന്നാലും കഴിയില്ല എന്ന തിരിച്ചറിവുണ്ടാകണം. ആ തിരിച്ചറിവിലായിരിക്കണം നമ്മുടെ നാളെകള്‍ കെട്ടിപ്പടുക്കേണ്ടത്.ആസുരമായ സമകാലികതയിൽ വെളിച്ചം വിതറി ഇടക്കെങ്കിലും ജ്വലിച്ചുയരുന്ന തേജോപുഞ്ജങ്ങളെ ,ശേഷിയും ശേമുഷിയുമുണ്ടെന്ന് പൊതുസമൂഹം വിശ്വസിക്കുന്നവർ തന്നെ ഇരുട്ടു കൊണ്ടു മൂടാൻ ശ്രമിച്ചാൽ നാം ഇനിയും എവിടെയാണ് പ്രതീക്ഷ കാത്തുവെക്കേണ്ടത്? കലാകലാപകാലത്ത് ചോദിച്ച ആ ചോദ്യം വീണ്ടും ഉയര്‍ത്തട്ടെ :- നിങ്ങള്‍ ഏതു പക്ഷത്താണ് ? മതത്തിന്റെ പക്ഷത്തോ മനുഷ്യന്റെ പക്ഷത്തോ ?
http://www.mathrubhumi.com/story.php?id=545401

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1