മേഘസന്ദേശം - കാളിദാസന്‍


ശ്ലോകം - 1

കശ്ചില്‍ കാന്താ വിരഹഗുരുണാ സ്വാധികാരാല്‍ പ്രമത്ത
ശാപേനാസ്തംഗമിതമഹിമാ വര്‍ഷഭോഗ്യേണ ഭര്‍ത്തു
യക്ഷശ്ചക്ര ജനകതനയാ സ്നാനപുണ്യോദകേഷു
സ്നിഗ്ദച്ഛായാതരുഷു വസതിം രാമഗിര്യാശ്രമേഷു

 

അനാദികാലം.അളകാനഗരി.യക്ഷലോകം. വൈശ്രവണഭരണം. സ്വകര്‍മ്മത്തില്‍ മനസ്സുറപ്പിക്കായ്കയാല്‍ പിഴ പിണഞ്ഞ രാജകിങ്കരനായ ഒരു യക്ഷന് സ്വാമി വിധിച്ചത് ഒരു വര്‍ഷം ഭാര്യാവിയോഗം. നഷ്ടസിദ്ധനായ യക്ഷന്‍ ജനകാത്മജയുടെ കേളീവിപിനമായ  രാമഗിര്യാശ്രമസ്ഥാനത്ത് കഴിഞ്ഞുകൂടി. യജമാനന്‍ എന്തുകൊണ്ട് യക്ഷന് ഭാര്യാവിയോഗം വിധിച്ചു? കാന്താതിസക്തിമൂലമെന്ന് കരുതുന്ന നിരൂപകരുണ്ട്. എന്നാല്‍ കാന്ത പ്രിയപ്പെട്ടതായതുകൊണ്ട് , എന്നല്ല ഏറ്റവും പ്രിയപ്പെട്ടതായതുകൊണ്ട് , അതിദുഖകാരണമായിക്കോളുമെന്നതിനാലാണ് നൃപതി വിരഹം വിധിച്ചതെന്ന് പിന്നാലെ വരുന്ന കഥാസന്ദര്‍ഭങ്ങള്‍ ചൂണ്ടിക്കാട്ടുന്നുണ്ട് ; അങ്ങനെ വിചാരിക്കുന്നതാണ് യുക്തവും.

          കാളിദാസകവിയുടെ മേഘസന്ദേശത്തിന് ജി ശങ്കരക്കുറുപ്പിന്റെ പരിഭാഷ :-

      പേരോര്‍ക്കുന്നീല , കൃത്യപ്പിഴ പിണയുകയാലാദ്യമായിട്ടൊരാണ്ടേ -
യ്കോരോമല്‍ക്കാന്ത വേറിട്ടപഗതമഹിമാവായ് നിജസ്വാമിശാപാല്‍
ഓരോരോ മാമരപ്പൂംതണലൊടവനിജാസ്നാനസംശുദ്ധമാം ത -
ണ്ണീരോലും രാമഗിര്യാശ്രമനിരയിലലഞ്ഞീടിനാന്‍ യക്ഷനേകന്‍.

ശ്ലോകം - 2

തസ്മിന്നദ്രൌ കതിചിദബലാവിപ്രയുക്ത സ കാമീ
നീത്വാ മാസാന്‍ കനകവലയഭ്രംശരിക്തപ്രകോഷ്ഠ
ആഷാഡസ്യ പ്രഥമദിവസേ മേഘമാശ്ലിഷ്ടസാനും
വപ്രക്രീഡാപരിണതഗജപ്രേക്ഷണീയം ദദര്‍ശ.

        വിരഹവ്യാധിയാല്‍ മേനിമെലിഞ്ഞ് പൊന്നിന്‍ കാപ്പുപോലും കൈയ്യില്‍ നിന്ന്  ഊരിപ്പോയ അവസ്ഥയില്‍ ആ സാനുപ്രദേശങ്ങളില്‍ ഏകാകിയായി യക്ഷന്‍ കുറേ മാസങ്ങള്‍ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കേ ആഷാഢമാസത്തിന്റെ ആദ്യദിവസങ്ങളിലൊന്നില്‍ , താഴ്വാരത്തില്‍ കൊമ്പുകുത്തിക്കളിക്കുന്ന ആനയുടെ ആകൃതിയിലുളള ഒരു കാര്‍മേഘത്തെ യക്ഷന്‍ കണ്ടെത്തി. പ്രിയാവിരഹവും ഏകാകിത്വവും കാരണമാകാം യക്ഷനാകെ മെലിയുകയും കൈകളിലിട്ടിരുന്ന പൊന്നിന്‍കാപ്പുപോലും ഊരിപ്പോവുകയും ചെയ്തു


ജി ശങ്കരക്കുറുപ്പ് :-
നാരിപ്പൂണ്‍പോടുകൂടാതവിടെ മലയിലെക്കാമുകന്‍ കാഞ്ചനക്കാ -
പ്പൂരിപ്പോയ് ശൂന്യമാകും കരമൊടലസമാം മാസമാറേഴു പോക്കി;
മാരിക്കാര്‍ കണ്ടു കുന്നിന്‍ ചെരുവിലുരുമദം കൊമ്പുകുത്തിക്കളിക്കും -
ഹാരിത്വംപൂണ്ടൊരാനത്തലവനൊടുസമാനാഭമാടിപ്പിറപ്പില്‍.










ശ്ലോകം 3
തസ്യ സ്ഥിത്വാ കഥമപി പുര കൌതുകാദാനഹേതോ
രന്തര്‍ബ്ബാഷ്പശ്ചിരമനുചരോ രാജരാജസ്യ ദധ്യൌ
മേഘാലോകേ ഭവതി സുഖിനോ പ്യന്യഥാവൃത്തി ചേത
കണ്ഠാശ്ലേഷപ്രണയിനി ജനേ കിം പുനര്‍ദൂരസംസ്ഥേ

നാമ്പുകള്ക്ക് പുതുശക്തി പകരുന്ന - കേതകാധാനഹേതു ( കൈതക്ക് പൂക്കാന്‍ കാരണമാകുന്ന ) എന്ന് കവി - ആ കാര്‍മേഘത്തിന്റെ താഴെ ഉള്ളില്‍ കരഞ്ഞുകൊണ്ട് രാജഭൃത്യന്‍ ഓരോന്നു ചിന്തിച്ച് ഏറെനേരം കഴിച്ചുകൂട്ടി.വിരഹാതുരത്വമേലാതെ സുഖിച്ചിരിക്കുന്ന ഒരുവന്നുപോലും പുകമേഘത്തെ കണ്ടാല്‍ മനസ്സ് ചഞ്ചലമാകും. ആ സ്ഥിതിക്ക് കെട്ടിപ്പുണര്‍ന്നു കൂടെയുണ്ടാവണമെന്ന് കരുതുന്ന ആള്‍ ദൂരെയായാല്‍ ആ സ്ഥിതി എത്ര ദയനീയമായിരിക്കും.

ജി ശങ്കരക്കുറുപ്പ്
ആനന്ദോല്‍ക്കണ്ഠം നല്കും മുകിലഭിമുഖം കണ്ണുനീര്‍ കെട്ടിയുള്ളില്‍
ധ്യാനംപൂണ്ടേറെനേരം മരുവിയൊരുവിധം രാജരാജാനുയായി
നൂനം കാര്‍കൊണ്ടല്‍ കാണുന്നളവു സുഖികളും വ്യഗ്രരാവുന്നു ; പുല്കാന്‍
താനത്യന്തം കൊതിക്കും പ്രിയജനമകലത്താകിലെന്താവു കഷ്ടം.
















ശ്ലോകം 4
പ്രത്യാസന്നേ നഭസി ദയിതാ ജീവിതാലംബനാര്‍ത്ഥീ
ജീമുതേന സ്വകുശലമയീം ഹാരയിഷ്യന്‍ പ്രവൃത്തിം
സ പ്രത്യഗ്രൈ : കുടജകുസുമൈ: കല്പിതാര്‍ഘായ തസ്മൈ
പ്രീത പ്രീതിപ്രമുഖവചനം സ്വാഗതം വ്യാജഹാര



അടുത്തുവരുന്ന ആവണിമാസത്തില്‍ തന്റെ പ്രിയതമക്കുണ്ടാകുന്ന അഴലകറ്റുവാന്‍ വേണ്ടി ഈ കാമരൂപനെ സന്ദേശവാഹിയാക്കാമെന്നു കരുതി  കുടകപ്പാലയുടെ പുതുപൂക്കള്‍ കൊണ്ട് പൂജചെയ്തിട്ട് പ്രീതിസമേതം സ്വാഗതം പറഞ്ഞു.


ജി ശങ്കരക്കുറുപ്പ്

ആമന്ദം ചിങ്ങമല്ലോ വരുവതുയിര്‍വിടാതോമലാള്‍ മേവിടാന്‍ സ്വ -
ക്ഷേമത്തിന്‍ വാര്‍ത്തയെത്തിപ്പതിനെയയയ്ക്കേണമെന്നാശയാലേ
ശ്യാമസ്നിഗ്ധന്നു പാലപ്പുതുമപ്പൂമലാരാലര്‍ഘ്യമര്‍പ്പിച്ചു “നന്നായ്
ശ്രീമന്‍ ! നീ വന്ന” തെന്നും പ്രണയമസൃണവാക്കോതിനാന്‍ പ്രീതനായി




ശ്ലോകം 5

ധൂമജ്യോതി സലിലമരുതാം സന്നിപാത ക്വ മേഘ
സന്ദേശാര്ത്ഥ ക്വ പടുകരണൈ പ്രാണിഭി പ്രാപണീയാ
ഇതൌത്സ്യകാദപരിഗണയാന് ഗുഹ്യകസ്തം യയാപേ
കാമാര്ത്ത ഹി പ്രണയകൃപണാശ്ചേതനാചേതനേഷു

മേഘം അചേതനമാണ്. അത് പുക ജ്യോതി വെള്ളം കാറ്റ് എന്നിവയുടെ ഒരു സമ്മേളനം മാത്രമാണ്. സചേതനമായ ജീവിജാലങ്ങളാല് മാത്രം ചെയ്യാന് കഴിയുന്ന ഒരു കാര്യം അചേതനമായ ഈ മേഘം ചെയ്യുന്നതെങ്ങനെയെന്നൊന്നും ഈ ദുഖിതന് ആലോചിക്കുവാന് കഴിയുന്നില്ല. കാമാര്ത്തന് ചേതനാചേതനങ്ങള് തുല്യമാണല്ലോ.

ശങ്കരക്കുറുപ്പ്

ഒന്നായ് മേളിച്ച ധൂമജ്വലനപവനനീരങ്ങളാം മേഘങ്ങളോ
ചെന്നാരാലേകുവാനായ് നിപുണകരണര്‍‌  താന്‍വേണ്ട സന്ദശങ്ങമെങ്ങോ
എന്നാത്തോല്ക്കണ്ഠമോര്‍ക്കാതതിനൊടവനപേക്ഷിച്ചൂ കാമാതുരന്മാ
രെന്നാളും ചേതാനാചേതനനിനവിയലാന്‍ ദീനരല്ലോ പ്രകൃത്യാ.

#മലയാളകവിത #കാവ്യങ്ങളിലൂടെ #കാളിദാസന്‍ #മേഘസന്ദേശം

ശ്ലോകം 6

“ ജാതം വംശേ ഭുവനവിദിതേ പുഷ്കലാവര്‍ത്തകനാം
ജാനാമി ത്വാം പ്രകൃതിപുരുഷം കാമരൂപം മഘോന
തേനാര്‍ത്ഥിത്വം ത്വയി വിധിവശാല്‍ ദൂരബന്ധൂര്‍ഗ്ഗതോഹം
യാച്ഞാ മോഘാ വരമധിഗുണേ നാധമേ ലബ്ദകാമാ “



താങ്കള്‍ പേര്‍കൊണ്ട പുഷ്കലാവര്‍ത്തകവംശത്തില്‍ പിറന്നവനും ദേവേന്ദ്രന്‍റെ കാമരൂപമായ പ്രകൃതിപുരുഷനുമാണെന്ന് എനിക്കറിയാമെന്നതുകൊണ്ടാണ് ബന്ധുമിത്രാദികള്‍ ദൂരെയായിപ്പോയ ഞാന്‍‌ അപേക്ഷയുമായി താങ്കളുടെ സമീപം വന്നത്. ഗുണവാനോട് ഇരന്നിട്ട് കിട്ടാത്തത് അധമനോട് കിട്ടുന്നതിനെക്കാള്‍ നല്ലതാണെന്ന് ഞാന്‍ കരുതുന്നു. രസകരമായ ഉത്തരാര്‍ധം. ഗുണിയോട് ചോദിച്ചിട്ട് കിട്ടിയില്ല എന്ന് വെക്കുക ; അധമന്‍ തന്നുവെന്നും. ഇതില്‍ ശ്രേയസ്സ് ഒന്നാമത്തേതിനാണെന്ന് കവി.ഗഹനാ കര്‍മണാ ഗതി എന്ന് തത്വചിന്തകായ കൃഷ്ണന്‍ പരിതപിക്കുന്നത് ഇവിടെ സ്മരിക്കാവുന്നതാണ്.

ജി.
പേരാളും പുഷ്കരാവര്‍ത്തകകുലമതിലാണുത്ഭവം, കാമരൂപന്‍
സ്വാരാജാമാത്യനാം നീ ; ദയിത വിധിവശാന്‍ ദൂരെയായ് ദൂനനാം ഞാന്‍
ഓരോതല്ലിന്നപേക്ഷിപ്പതു ഫലമുളവാകായ്കിലും നല്ലതാര്യ -
ന്മാരാണര്‍ത്ഥിച്ചുകൊള്‍വാന്‍ ഫലമണയുകിലും നീചരോടാകില്‍ നിന്ദ്യം.

#മലയാളകവിത #കാവ്യങ്ങളിലൂടെ #കാളിദാസന്‍ #മേഘസന്ദേശം

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1