#ദിനസരികള്‍ 830
ജയമോഹന്റെ നൂറു
സിംഹാസനങ്ങളില്‍ നിന്നും
ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍
നിശബ്ദത.മൂന്നാമത്തെ ആള്‍ എന്നോട് –
“ഇനിയൊരു ഊഹചോദ്യം.നിങ്ങള്‍ ഓഫീസറായി
പണിയെടുക്കേണ്ട ഒരു സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത്
ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ്
എടുക്കുക?” എന്റെ ചോര
മുഴുവന്‍ തലക്ക് അകത്തേക്ക് കയറി.കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചോര കുതിച്ചു
പാഞ്ഞു.മറ്റുള്ളവരും ആ ചോദ്യം കൊണ്ട് വല്ലാതെ ഉന്മേഷവന്മാരായി എന്ന് കസേര
അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി.ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക്
നന്നായി അറിയാം.പക്ഷേ ഞാന്‍ അപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രാജാനന്ദയെയാണ്.
ഉറച്ച ശബ്ദത്തില്‍ “സര്‍ , ന്യായം എന്നുവെച്ചാലെന്താണ് ?” എന്നു ഞാന്‍ പറഞ്ഞു “വെറും നിയമങ്ങലും സമ്പ്രദായങ്ങളുമാണോ ന്യായത്തെ
തീരുമാനിക്കേണ്ടത്? ന്യായം എന്നു
പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മ്മം ഉണ്ടായിരിക്കണം.ധര്‍മ്മങ്ങളില്‍ ഏറ്റവും
വലുത് സമത്വം തന്നെ.അതാണ് വിശുദ്ധമായത്.ഒരു നായാടിയേയും ഒരു മനുഷ്യനേയും രണ്ടു
വശത്ത് നിറുത്തുകയാണെങ്കില്‍ സമത്വം എന്ന ധര്‍മ്മത്തിന്റെ അടിസ്ഥാനത്തില്‍ ആ ക്ഷണം
തന്നെ നായാടി അനീതിക്കിരയായവനായി മാറിക്കഴിഞ്ഞു.അവന്‍ എന്തു ചെയ്തിട്ടുണ്ടെങ്കിലും
നിരപരാധിയാണ്.
ശരീരങ്ങള്‍ അയഞ്ഞപ്പോള്‍ കസേരകള്‍
പിന്നേയും ശബ്ദിച്ചു.ചോദിച്ചയാള്‍ ഒന്ന് മുന്നോട്ടാഞ്ഞ് അത് കൊലപാതകമാണെങ്കിലോ ? മിസ്റ്റര്‍ ധര്‍പാലന്‍ കൊലപാതകമാണെങ്കില്‍ നിങ്ങള്‍ എന്തു
പറയും ? “ എനിക്ക്
അപ്പോഴത് പറയാതിരിക്കാനിയില്ല. “സര്‍
, കൊലപാതകം തന്നെയാണെങ്കിലും ഒരു നായാടി തന്നെയാണ് നിരപരാധി...അവനോടു തന്നെയാണ്
അനിതീ കാട്ടിയിട്ടുള്ളത്”
നായാടിയെ കുറ്റവാളിയാക്കിക്കൊണ്ട്
കൊല്ലപ്പെട്ടവനു വേണ്ടി നമുക്ക് വാദിക്കാം.ആ വാദങ്ങളുടെ മുന നിയമം എല്ലാവര്‍ക്കും
ഒരു പോലെയാണ് എന്നതായിരിക്കും.എന്നാല്‍ അതത്ര സത്യസന്ധമായ ഒരു നിലപാടല്ല.നിയമത്തിന്റെ
അടിസ്ഥാനമായിരിക്കുന്ന തുല്യത എന്ന ആശയം സമമായി വിതരണം ചെയ്യപ്പെടാത്ത ഒരു
സമൂഹത്തില്‍ നമ്മളുണ്ടാക്കിവെച്ചിരിക്കുന്ന നിയമങ്ങളില്‍ നായാടിയുടെ സ്ഥാനമെന്ത് എന്ന
ചോദ്യം തന്നെ വ്യര്‍ത്ഥമാണ്.
എന്നുവെച്ചാല്‍ ബ്രാഹ്മണനും നായാടിയും
വിശന്നിരുന്നാല്‍ ,വിശപ്പ് രണ്ടുപേര്‍ക്കും തുല്യമല്ലേ എന്നതായിരിക്കരുത് ഭക്ഷണം
വിതരണം ചെയ്യുവാനുള്ള ന്യായം. മറിച്ച് നായാടിക്ക് ആദ്യം എന്നുതന്നെയായിരിക്കണം.
ഒന്നുകുടി വ്യക്തമാക്കിയാല്‍ മനുഷ്യനും
മനുഷ്യനുമാണ് വിശന്നിരിക്കുന്നതെങ്കില്‍ കൂടുതല്‍ വിശക്കുന്നവന്‍ എന്നതൊരു
മാനദണ്ഡമാക്കിയെടുക്കാം.അവിടെ ബ്രാഹ്മണനോ നായാടിയോ ഇല്ല.വിശക്കുന്നവനേയുള്ളു.എന്നാല്‍
അത്തരമൊരു പാകപ്പെടലിന് ഇതുവരെ നിന്നുകൊടുക്കാത്ത സമൂഹത്തില്‍ പ്രവര്‍ത്തിക്കുന്ന
നിയമവ്യവസ്ഥിതി എത്രമാത്രം മനോഹരമായ വാക്കുകളാല്‍ വിശേഷിപ്പിക്കപ്പെട്ടാലും
തികച്ചും ഏകപക്ഷീയമായിരിക്കും.
അതുകൊണ്ട് ഇപ്പോഴും
നായാടിക്കുള്ളതിനെക്കാള്‍ ആയിരമിരട്ടി സാധ്യതകളെ ബ്രാഹ്മണനു അനുവദിക്കുന്ന ഒരു
സമൂഹത്തില്‍ നായാടിയുടെ വിശപ്പിനായിരിക്കണം നീതിബോധമുള്ളവര്‍ ആദ്യം മറുപടി
പറയേണ്ടത്.
Comments