ഇത് കേരളമാണ് എന്ന് ഊറ്റത്തോടെ പ്രഖ്യാപിക്കുന്ന രാഷ്ട്രീയ നേതാക്കന്മാരേയും സാംസ്കാരിക നായകന്മാരേയും മറ്റും നാം ഇടയ്ക്കിടയ്ക്ക് കാണാറുണ്ട്. ഇക്കൂട്ടര്‍ മാത്രമല്ല, സമൂഹത്തിന്റെ വിവിധ തുറകളില്‍ ജീവിച്ചു പോകുന്ന പലരും പല സന്ദര്‍ഭങ്ങളിലും ഇത്തരത്തില്‍ പറഞ്ഞു കേട്ടിട്ടുണ്ട്.  ഇത് കേരളമാണ് എന്ന ഓര്‍മ്മപ്പെടുത്തലിന് പിന്നിലെ ചേതോവികാരം തീര്‍ത്തും ചരിത്രപരമാണ്. അതായത് , നവോത്ഥാന മൂല്യങ്ങളില്‍ പടുത്തുയര്‍ത്തപ്പെട്ടതും മാനവികത മതേതരത്വം മുതലായ ഉയര്‍ന്ന ജീവിത മൂല്യങ്ങളാല്‍ സമൃദ്ധവുമായ ഒരു സമൂഹമാണ് കേരളത്തിലെന്നും മേല്‍പറഞ്ഞ ആശയങ്ങള്‍ക്ക് വിരുദ്ധമായിട്ടുള്ള ഒന്നും തന്നെ ഇവിടെ നടപ്പിലാക്കപ്പെടുകയില്ല എന്നുമാണ് ഇത് കേരളമാണ് എന്ന അവകാശവാദത്തിന് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ആശയം.

          പരിപൂര്‍ണമായ അര്‍ത്ഥത്തിലല്ലെങ്കിലും മേല്‍പറഞ്ഞ ആശയത്തോട് ഒട്ടൊക്കെ ചേര്‍ന്നു നിന്നുകൊണ്ട് ഇത് കേരളമാണ് എന്ന് പറയാന്‍ കഴിയുന്ന ഒരു സാഹചര്യം നമുക്കുണ്ടായിരുന്നു. അയ്യാ വൈകുണ്ഠ സ്വാമികള്‍ മുതല്‍ തുടങ്ങി വെച്ച നവോത്ഥാന മുന്നേറ്റങ്ങളുടെ ഈടുറ്റ ആശയങ്ങള്‍ കേരളത്തെ പുരോഗമനോന്മുഖമായ ഒരു സമൂഹമാക്കി മാറ്റുവാന്‍ മുന്‍‌കൈയ്യെടുത്തു. അതുവഴി അനുദിനം സ്വയം നവീകരിച്ചുകൊണ്ട് ഒരാധുനിക സമൂഹമായി സ്വയം പരിണമിക്കുവാനുള്ള പ്രവണത നാടൊട്ടുക്ക് കാണാമായിരുന്നു. അതനുസരിച്ച് സാമൂഹ്യ ബന്ധങ്ങളിലും തൊഴില്‍ - ഉടമ ബന്ധങ്ങളിലുമൊക്കെ സമഗ്രമായ മാറ്റങ്ങള്‍ ഉടലെടുത്തുന്നു. നാളതുവരെ കേരളം അഭിമുഖീകരിച്ചിട്ടില്ലാത്ത ഒരു തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഉത്ഭവത്തോടെ കേരളത്തിന്റെ മുഖച്ഛായതന്നെ മാറുവാന്‍ തുടങ്ങി. അതുവരെ ജാത്യാധിഷ്ടിതമായിരുന്ന തൊഴിലിടങ്ങളിലേക്ക് ജാതിയുടെ കെട്ടുപാടുകളില്ലാതെ പണിയാളര്‍ ഒഴുകിയെത്തിയത് വലിയൊരു സാമൂഹ്യ മുന്നേറ്റത്തിന് തുടക്കം കുറിച്ചു. അങ്ങനെ ജാതിമതാന്ധ്യങ്ങള്‍ ബാധിച്ച് ഭ്രാന്താലയമായി മാറിയിരുന്ന കേരളം പതിയപ്പതിയെ മനുഷ്യാലയമായി പരിണമിക്കുന്ന കാഴ്ച ലോകം കണ്ടു തുടങ്ങി. ആ പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് കേരളം ഇത് കേരളമാണ് എന്ന് പറയുവാന്‍ കഴിയുന്ന ഒരു സാഹചര്യം പൊതുവേ സംജാതമായി.

         

എന്നാല്‍ പോകെപ്പോകെ , മലയാളികള്‍ ചങ്കൂറ്റത്തോടെ ഉയര്‍ത്തിപ്പിടിച്ച ആ ആര്‍ജ്ജവത്തിന് കോട്ടംതട്ടുന്ന പ്രവണതകള്‍ കണ്ടുതുടങ്ങി. ജാതി മത സങ്കുചിത താല്പര്യങ്ങളുടെ തലനീട്ടലുകള്‍ പതിയെപ്പതിയെയാണ് തുടങ്ങിയതെങ്കിലും ഇക്കാലമാകുമ്പോഴും അതൊരു സ്വാഭാവിക പരിണതിയായി മാറി. ഒരു കാലത്ത് നാം ആട്ടിപ്പായിച്ച ക്ഷുദ്രപ്രവണതകള്‍ പതിന്മടങ്ങ് ശക്തിയോടെ തിരിച്ചു വരാന്‍ തുടങ്ങി. പ്രത്യക്ഷമായി പ്രകടിപ്പിക്കുന്നതില്‍ അപ്പോഴും സങ്കുചിതത്വം കാണാമായിരുന്നെങ്കിലും ജാതി ബോധം ഉള്ളില്‍ നിറച്ചു നടക്കുന്നവര്‍ക്ക് ഭൂരിപക്ഷം കിട്ടാവുന്ന ഒരു സാമൂഹിക സാഹചര്യത്തിലേക്ക് നാം നീങ്ങിത്തുടങ്ങി.

ഏറ്റവും ആത്മാര്‍ത്ഥമായി പറയട്ടെ , എല്ലാ തരത്തിലുള്ള തീവ്ര വലതുപക്ഷ പ്രവണതകളും ഉള്ളിലൊതുക്കി പുറംപൂച്ചുമായി ജീവിക്കുന്ന കപടസമൂഹമായി നാം മാറിക്കഴിഞ്ഞു.ഇപ്പോഴും നവോത്ഥാന പ്രവണതകളില്‍ വേരുറപ്പിച്ച ചില പ്രസ്ഥാനങ്ങളുടെ ശക്തമായ സാന്നിധ്യമാണ് പൂര്‍ണമായും നാം ഒരു പിന്തിരിപ്പന്‍ സമൂഹമായി മാറാതിരിക്കുന്നതിനുള്ള പ്രധാന കാരണം. എന്നാല്‍ അത് സംഭവിച്ചുകൂടാത്ത ഒന്നല്ല എന്നാണ് ഞാന്‍ കരുതുന്നത്. നേരത്തെ സൂചിപ്പിച്ച വലതുപ്രതിലോമ പ്രവണതകള്‍ക്ക് ഭൂരിപക്ഷം കിട്ടും എന്നൊരു അവസ്ഥ സംജാതമായാല്‍ കേരളം അടപടലം കുഴമറിയുന്ന ഒരു കാഴ്ച നമുക്ക് കാണാം.

 

പറഞ്ഞു വരുന്നത് ഇനിയും ഇത് കേരളമാണ് എന്ന് ഊറ്റം കൊണ്ട് നമുക്ക് ചുറ്റും സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റങ്ങളെ തിരിച്ചറിയാതിരിക്കരുത് എന്നാണ്. കേരളം ഒരുപാട് മാറിക്കഴിഞ്ഞു. മതസമൂഹങ്ങള്‍ മുന്‍‌കൈ എടുത്തുകൊണ്ടുള്ള ധ്രുവീകരണപ്രവര്‍ത്തനങ്ങളാണ് അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത്. മതന്യൂനപക്ഷ സമൂഹങ്ങള്‍ക്ക് പ്രത്യേകിച്ച് കൃസ്ത്യന്‍ മതവിഭാഗത്തിന് ബി ജെ പി പോലെയുള്ള ഹിന്ദുത്വസംഘടനകളോട് തോന്നുന്ന സഹോദര ഭാവനയാണ്. ആര്‍ എസ് എസ് കാണിക്കുന്നതിനെക്കാള്‍ വെറുപ്പും അസഹിഷ്ണുതയും മുസ്ലിം മതവിഭാഗത്തോട് കൃസ്ത്യന്‍ മതവിഭാഗങ്ങള്‍ പ്രകടിപ്പിച്ചു തുടങ്ങിയിരിക്കുന്നു എന്നതൊരു ഞെട്ടിക്കുന്ന വസ്തുതതയാണ്. അങ്ങനെ എല്ലാതരത്തിലും തലത്തിലും കേരള സമൂഹം ധ്രൂവീകരിക്കപ്പെട്ടിരിക്കുന്ന ഈ ദശാസന്ധിയില്‍ ഇനിയും ഇത് കേരളമാണ് എന്ന് അട്ടഹസിച്ചു കൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ക്കു നേരെ കണ്ണടച്ചാല്‍ കാല്‍ച്ചുവട്ടിലുള്ള അവസാനത്തെ മണ്ണുകൂടി ഒലിച്ചുപോകുന്നതു അറിയാന്‍ കഴിയില്ല.

 

 

 

 

||ദിനസരികള് - 7 -2025 ഏപ്രില് 7, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍