#ദിനസരികള്‍ 234
മയില്‍പ്പീലി, പുസ്തകത്തില്‍ ആകാശം കാണാതെ ഒളിപ്പിച്ചു വെച്ചാല്‍ പെറ്റു പെരുകും എന്ന സങ്കല്പം എത്ര മനോഹരമാണ് ! അങ്ങനെ എത്രയെത്ര പീലികള്‍ നമ്മുടെ ബാല്യകുതൂഹലങ്ങളുടെ പുസ്തകത്താളുകളില്‍ നാം ഒളിപ്പിച്ചു വെച്ചിരിക്കുന്നു ? ആരും കാണാതെ , അറിയാതെ എല്ലാവരും ഉറങ്ങിയ ശേഷം പേജുകള്‍ തുറന്നു നോക്കി പീലി പെറ്റിട്ടുണ്ടോ എന്ന് എത്ര പ്രാവശ്യം നോക്കിയിരിക്കുന്നു ? ഇല്ല എന്നു കാണുമ്പോള്‍ ഒരല്പം സങ്കടമൊക്കെ തോന്നുമെങ്കിലും നാളെ ഉറപ്പായും പെരുകും എന്ന പ്രതീക്ഷയോടെ ശാന്തമായി ഉറക്കത്തിലേക്ക് വഴുതിപ്പോകുന്ന ആ നിമിഷങ്ങളെ , ഇത്രയും കാലത്തിനു ശേഷം ഓര്‍ത്തെടുക്കുന്നതുതന്നെ ഒരു ഒരു അനുഭൂതിയാണ്. ഇപ്പോഴും ഏതൊക്കെയോ പുസ്തകത്താളുകള്‍ക്കിടയില്‍ അന്നു നിക്ഷേപിച്ച പീലികള്‍ ഒറ്റയായി ഇരിക്കുന്നുണ്ടാകും.ഇപ്പോഴും കുഞ്ഞുങ്ങള്‍ കണക്കു പുസ്തകത്തിലും സാമൂഹ്യപാഠത്തിലും പീലികള്‍ ഒളിപ്പിച്ചു വെക്കുന്നുണ്ടാകണം. കളങ്കമറ്റ കണ്ണുകള്‍ , പിറ്റേന്നും പിറ്റേന്നും പീലി പെറ്റുവോ എന്ന് തുറന്നു നോക്കുന്നുണ്ടാകണം. ഇല്ല എന്നു കാണുമ്പോള്‍ പ്രതീക്ഷയുടെ പൂത്തിരികള്‍ക്കു വേണ്ടി നാളെയെ കാത്തിരിക്കുന്നുണ്ടാകണം. ...