#ദിനസരികള്‍ 741
വൈലോപ്പിള്ളിച്ചിന്തകള്‍ 1 മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി നിലനിറുത്തുവാന്‍ അദ്ദേഹത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഈ ഗുണം പ്രത്യക്ഷമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാവത്തെ ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സില്‍ ഒരു കൊന്നപ്പൂവ് ബാക്കിയിരിക്കിട്ടെ എന്ന് കവി തന്നെ ജലസ്നാനം നടത്തി ആശീര്‍വദിച്ചുയര്‍ത്തുന്നുമുണ്ട്. പക്ഷേ പരിഷ്കാരമെത്രവേഗം പച്ചയെദ്ധൂസരമാക്കിവിട്ടു കല്യമാം പട്ടണം തന്മനസ്സിന്‍ പുല്ലണിച്ചോലയില്‍ കല്ലുപാവി പതിതന്‍ പരിഷ്കാരപാംസുലന്‍ ഞാന്‍ ഹൃദയം വരണ്ടവന്‍ ഗാനഹീനന്‍ - എന്ന് പരിതപിക്കുന്നതു പരിഷ്കാരത്തോടുള്ള വിപ്രതിപത്തി കൊണ്ടല്ല മറിച്ച് , പുല്ലണിച്ചോലയെ തനതുരൂപത്തില്‍ നിലനിറുത്തുവാന്‍ മടിക്കുന്ന യാന്ത്രികമായ പ്രക്രിയകളോടുള്ള വിപ്രതിപത്തികൊണ്ടാണ്.അതുകൊണ്ടാണ് ധൂസരമാക്കി എന്ന കര്‍മണിയെ ആ വിദഗ്ദഹസ്തം സന്നിവേശിപ്പിച്ചത്. 2 ...