#ദിനസരികള് 478 - നൂറു ദിവസം നൂറു പുസ്തകം – അമ്പതാം ദിവസം.

||ഉള്ളില്‍ കിന്നാരം പറയുന്നവര്‍ - നിത്യചൈതന്യയതി|| കിന്നരിക്കുക എന്ന വാക്കിന് ശ്രീകണ്ഠേശ്വരം പറയുന്ന അര്‍ത്ഥം ശൃംഗരിക്കുക എന്നാണ്.പ്രകൃതത്തില്‍ അതെത്രമാത്രം യോജിക്കുമെന്നത് സന്ദേഹാത്മകമാണ്.അഭിനവഗുപ്തനും എഴുത്തച്ഛനും കുമാരനാശാനും എം ഗോവിന്ദനും പാസ്റ്റര്‍നാക്കും റസ്സലും തോറോയും യുങ്ങും ഹെസ്സേയുമൊക്കെ ശൃംഗരിക്കുക എന്നതിനു സാധാരണ നാം സ്വീകരിക്കുന്ന അര്‍ത്ഥത്തോടു ചേര്‍ന്നു പോകുമോ?അതുകൊണ്ട് ഉള്ളിലെപ്പോഴും ഉണര്‍ന്നിരുന്ന് നമ്മുടെ ബോധ്യങ്ങളെ അനുനിമിഷം പരിഷ്കരിച്ചുകൊണ്ടിരിക്കുന്ന ആശയങ്ങളുടെ നിര്‍മാണാത്മകമായ സംവാദങ്ങളുയര്‍ത്തുന്ന ആമന്ത്രണങ്ങള്‍ എന്നായിരിക്കണം കിന്നാരംകൊണ്ട് ഉദ്ദേശിച്ചിട്ടുണ്ടാകുക. വാക്കുകണ്ടെത്തി ചേര്‍ത്തുവെച്ച കവിമനസ്സിനോട് എനിക്ക് കൂറുണ്ടെന്നുകൂടി പറയട്ടെ. റസ്സലിനെപ്പറ്റി ഈ പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നതിനാല്‍ സ്വാഭാവികമായ എന്റെ പക്ഷപാതം ആദ്യമായി അദ്ദേഹം കിന്നരിക്കുന്നത് കേള്‍ക്കുന്നതിലേക്ക് നയിക്കുന്നു.റസ്സല്‍ എന്തിനുവേണ്ടി ജീവിച്ചു എന്നു ചോദ്യത്തിനുള്ള ഉത്തരമാണ് യതി തേടുന്നത്.സ്നേഹം സംസ്ഥാപിച്ചെടുക്കാനും , ഓരോ ജീവനുകളേയും പരസ്പരം ആദരങ്ങളോടെ ചേര്‍ത്...