#ദിനസരികള്‍ 52
മലയാള മനോരമയുടെ ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ നടക്കുന്ന കോണ്‍ക്ലേവില്‍ പങ്കെടുത്തുകൊണ്ട് ബാഹുബലി എന്ന സിനിമയുടെ പൊള്ളത്തരത്തെക്കുറിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ പരാമര്‍ശങ്ങള്‍ ശ്രദ്ധേയമാണ്. അര്‍ത്ഥശൂന്യമായ ആഡംബരപ്രദര്‍ശനം മാത്രമാണ് ഈ സിനിമ എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ല എന്നും അദ്ദേഹം നിരീക്ഷിക്കുന്നു. ഇത്തരം സിനിമകളുടെ ആവര്‍ത്തനം സാംസ്കാരികമായ നാശത്തിലേക്കായിരിക്കും സമൂഹത്തെ നയിക്കുക എന്ന ഗുരുതരമായ ആക്ഷേപം കൂടി അദ്ദേഹം ഉന്നയിക്കുന്നുണ്ട്.പഴയ പാതാളഭൈരവിയുടെ ഡിജിറ്റല്‍ ആവിഷ്കാരം മാത്രമാണ് ഇന്നത്തെ ബാഹുബലി.സാങ്കേതികമായുണ്ടായ മുന്നേറ്റങ്ങളുടെ സാധ്യതകള്‍ ബാഹുബലിയില്‍ കൂടുതലായി ഉപയോഗിച്ചു എന്നത് മാറ്റി വെച്ചാല്‍ മറ്റൊരു മേന്മയും പാതാളഭൈരവിയില്‍ നിന്ന് വ്യത്യസ്തമായി ഈ സിനിമക്കില്ല. പത്തോ അതിലേറെയോ നല്ല സിനിമ പിടിക്കാന്‍ കഴിയുമായിരുന്ന തുക കൊണ്ട് ബാഹുബലി എന്ന ഒറ്റ സിനിമ പിടിച്ചത് കലാമൂല്യമുള്ള സിനിമകളെ പിന്നോട്ടടിക്കാനേ ഉപകരിക്കൂ. കോടികളുടെ പടം എന്ന പരിവേഷം ഒരിക്കലും നല്ല സിനിമ എന്നതിന് പകരമാവില്ല എന്നും അദ്ദേഹം പറയുന്നു. ...