#ദിനസരികള്‍ 1174 ഉണ്ണായിവാര്യരുടെ കാട്ടാളന്‍ - ചില ചിന്തകള്‍ - 1
ഉണ്ണായി വാര്യരുടെ നളചരിതത്തിലെ കഥാപാത്രങ്ങളില്‍ രണ്ടാംദിവസത്തിലെ കാട്ടാളന്‍ എന്തുകൊണ്ടും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒരു പക്ഷേ തന്റെ പാത്രങ്ങളില്‍ മറ്റൊരാള്‍ക്കും അനുവദിച്ചു കൊടുക്കാത്ത ശ്രദ്ധയോടെയാണ് വാര്യര്‍ കാട്ടാളനെ പരുവപ്പെടുത്തിയിരിക്കുന്നത്. നാം അറിഞ്ഞിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനും ആഭിജാത്യമുള്ളവനുമായിട്ടാണ് വാര്യരുടെ കാട്ടാളനെ നമുക്ക് കാണാന്‍ കഴിയുക. അരങ്ങില്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഒരല്പം പാളിയാല്‍ കേവലം മുട്ടാളനും വിടനുമായ ഒരാളായി കാട്ടാളന്‍ മാറുമെന്നതിന് ഉദാഹരണങ്ങളുണ്ട്. മറ്റൊരു കാര്യം അവസാനരംഗമാകുമ്പോഴേക്കും ഉന്നതകുലജാതയായ ദമയന്തിയുടെ പ്രഭയ്ക്ക് ഇടിവു സംഭവിക്കുകയും കാട്ടാളന്‍ കൂടുതല്‍ തേജസ്വിയായി പരിലസിക്കുകയും ചെയ്യുന്നുവെന്ന വൈരുധ്യവും നമുക്ക് അനുഭവപ്പെടുന്നുണ്ട്. കാട്ടില്‍ തനിച്ചാക്കപ്പെട്ട ദമയന്തിയുടെ വിലാപമാണ് കാട്ടാളന്റെ ശ്രദ്ധ അവളിലേക്ക് ആകര്‍ഷിക്കുന്നത്.തന്നെ ഉപേക്ഷിച്ചു പോയ നളനെ തിരഞ്ഞും ഓരോന്നു പറ...