#ദിനസരികള്‍ 776
രാഹുല്‍ രാജി വെയ്ക്കണം ! ആകെയുള്ള ലോകസഭാ സീറ്റുകളില്‍ പത്തു ശതമാനം പോലും നേടാന്‍ കഴിയാതെ പോയ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും രാഹുല്‍ ഗാന്ധി രാജി വെയ്ക്കണം എന്നാവശ്യപ്പെട്ട പ്രമുഖരില്‍ ഒരാള്‍ പ്രസിദ്ധ ചരിത്രകാരനായ രാമചന്ദ്ര ഗുഹയാണ്.യോഗേന്ദ്ര യാദവിനെപ്പോലെയുള്ളവര്‍ കുടുംബാധിപത്യത്തിന്റെ കെടുതികളെ കാരണമായി ചൂണ്ടിക്കാണിച്ചുകൊണ്ട് രാഹുലിന്റെ രാജിയെ സ്വാഗതം ചെയ്തു. ഇങ്ങനെ വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നു വന്ന രാജി എന്ന ആവശ്യത്തെ അംഗീകരിക്കുന്ന നിലയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും പ്രതികരണങ്ങളുണ്ടായതെന്ന് നമ്മുടെ മാധ്യമങ്ങള്‍ പറയുന്നു. എന്തായാലും ഇപ്പോഴും രാഹുലിന്റെ രാജിയുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനില്ക്കുകതന്നെയാണ്. എന്നാല്‍ ഇന്ത്യ പോലെയുള്ള ഒരു മഹാരാജ്യത്ത് നടന്ന തിരഞ്ഞെടുപ്പു പ്രക്രിയയുടെ ഉത്തരവാദിത്തം ഒരൊറ്റ വ്യക്തിയിലേക്ക് ഒതുക്കി നിറുത്തിക്കൊണ്ട് അയാളെ മാത്രം ബലിയാടാക്കുക എന്ന രീതി ശരിയായ ഒന്നല്ലെന്നാണ് രാഹുലിന് വേണ്ടി വാദിക്കുന്നവര്‍ ഉന്നയിക്കുന...