ദിനസരികള്‍ 227
# ദിനസരികള്‍ 227 പണ്ട് ബോംബേവാസക്കാലം.അന്ന് ബോംബേ തന്നെ, മുംബൈ ആയിട്ടില്ല. ഒഴിവുസമയങ്ങളില്‍ നഗരത്തിലെ മുക്കിലും മൂലയിലും അലഞ്ഞു നടക്കലാണ് പ്രധാന പണി.ജ്യേഷ്ഠന് ജോലി സി എസ് ടിയിലും താമസം ആന്റോപ് ഹില്ലിലാണ്.മലയാളികളുടെ ‘ രാജ്യമായ ’ മാട്ടുംഗയിലേക്ക് ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്തുനിന്നും നിന്നും അധികംദൂരമില്ല. എവിടേയും പോകാനില്ലെങ്കില്‍ മാട്ടുംഗിയിലെ പാര്‍ക്കിലും മലയാള പുസ്തകങ്ങള്‍ കിട്ടുന്ന കടകളിലും വെറുതെ കറങ്ങും. ഏകദേശം നാലുകൊല്ലക്കാലം ബോംബേയില്‍ താമസിച്ചതിനാല്‍ ആ മഹാനഗരം എനിക്ക് ഏറെക്കുറെ വശമായിക്കഴിഞ്ഞിരുന്നു. മുംബൈയിലുണ്ടായിരുന്ന നാലുവര്‍ഷത്തില്‍ നിന്നാണ് ഞാന്‍ ജീവിതത്തിലെ ഏറ്റവും വലിയ പാഠങ്ങള്‍ പഠിച്ചെടുത്തത്.വലിയ പാഠങ്ങളെന്നൊക്കെ വെറുതെ പറയുന്നതാണ്.അത്ര വലിയ പാഠമൊന്നുമില്ല.വേണമെങ്കില്‍ ഒരു ചെറിയ പാഠം എന്നു പറയാം. അതിനെ , ഈ മനുഷ്യന്‍ എന്നു പറയുന്ന ജീവി , ഒരു സോപ്പുകുമിളയുടെ ഉള്ളുറപ്പുപോലുമില്ലാത്തവനാണ് എന്ന് വേണമെങ്കില്‍ വിശദമാക്കാം. വെറും നിസ്സാരന്‍. തന്റെ അല്പത്തരങ്ങളില്‍ അസാധ്യമായി അഹങ്കരിക്കുന്നവന്‍.വിജ...