അയ്യപ്പപ്പണിക്കര്‍ രസികനായിരുന്നു. നമ്മുടെ പഴയ മഹാകവി തോലനെപ്പോലെ സരസനുമായിരുന്നു. രസികത്വവും സരസതയും ചേര്‍ത്തുവെച്ച് ഏത് അധികാര ഗര്‍വ്വിന്റേയും മുഖത്തു നോക്കി കാര്യം പറയാന്‍ കരുത്തനുമായിരുന്നു.  അധികാര സൌരഭ്യം എന്ന് പേരിട്ടിരിക്കുന്ന ഒരു കവിത നോക്കുക :-

 

അധികാരത്തിന്റെ പടിയെങ്ങാന്‍ കണ്ടാല്‍

അതിലൊന്നു കേറി നിരങ്ങുവാന്‍ തോന്നും

അതിലൊന്നു കേറി നിരങ്ങുമ്പോള്‍ തോന്നും

അടിയാരെക്കൊണ്ട് പുറം ചൊറിയിക്കാന്‍

ചൊറിയേറ്റു സുഖിച്ചിരിക്കുമ്പോള്‍ ഇശ്ശി

തെറി പറയുവാന്‍ ചെറു കൊതി തോന്നും

വയറില്‍ വായിലും തെറി നിറയുമ്പോള്‍

പലരുടെ മേലും എറിയുവാന്‍ തോന്നും

അധികാരത്തിന്റെ കഥകളിങ്ങനെ

വഴി നീളെ പൊട്ടിയൊലിച്ചു നാറുന്നു എന്നെഴുതുമ്പോള്‍ അധികാര ബാഹ്യനായ അയ്യപ്പപ്പണിക്കര്‍ ഉമിത്തീപോലെ കെടാതെ നീറി നില്ക്കുന്നുണ്ട്.

          സര്‍വ്വമതങ്ങളിലും ശ്രേഷ്ഠമവയില്‍ വ

          ച്ചെന്റെ മതമേറെ ശ്രേഷ്ഠമല്ലോ

          ജാതിയൊന്നേയുള്ളതുകൊണ്ടു നിങ്ങളെന്‍

          ജാതിയില്‍ച്ചേരാന്‍ ശ്രമിക്കേണം എന്ന വരികളില്‍ വിളക്കി വെച്ചിരിക്കുന്ന ചിരി ഒരു പക്ഷേ നാം കുറച്ചുകൂടി ആഴത്തില്‍ മനസ്സിലാക്കുക തന്നെവേണം. കറുത്ത ഫലിതങ്ങളെ ചിരിയുടെ വെളുത്ത തുണിക്കഷണത്തില്‍ പൊതിഞ്ഞ് പൊതുദര്‍ശനത്തിന് വെയ്ക്കുകയാണ് അയ്യപ്പപ്പണിക്കരുടെ പല കവിതകളിലൂടെയും ചെയ്യുന്നത്. വെളുപ്പിന് അകത്തുള്ള ഈ കറുപ്പിനെ നമുക്ക് തിരിച്ചറിയാനാകുന്നില്ലെങ്കില്‍

 

          നിങ്ങള്‍ നന്നാകണമെന്നെന്റെയാശ, ഞാന്‍

          നന്നായില്ലെങ്കിലും സാരമില്ല

നിങ്ങളെ നന്നാക്കിയേ ഞാനടങ്ങുള്ളു

നിങ്ങള്‍ക്കു നന്നാകേണ്ടന്നാകിലും  - എന്ന ഫലിതവും നമുക്ക് മനസ്സിലാകുമെന്ന് കരുതാനാവില്ല.    

 

||ദിനസരികള് - 8 -2025 ഏപ്രില് 8, മനോജ് പട്ടേട്ട്||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍