ഒരു പ്രാണപ്രേയസിയെയെന്ന പോല്‍ മരണത്തെ മാടി വിളിച്ച കവികള്‍ നമുക്കുണ്ട്. പ്രണയത്തെക്കാള്‍ മരണത്തെ പ്രണയിച്ച ആ കവികളാകട്ടെ പ്രണയത്തെ മരണത്തിലേക്കുള്ള വഴിയായിട്ടാണ് കണ്ടത്. ഇനി പ്രണയം ഒരു വഴിയായി വന്നെത്തിയില്ലായിരുന്നെങ്കില്‍പ്പോലും മരണത്തെ അവര്‍ വരിക്കുമായിരുന്നു. മരണം ഒടുങ്ങാത്ത ഒരാവേശമായും ആസക്തിയായും അഭിനിവേശമായും അവരില്‍ തുടിച്ചു നിന്നു. അത്തരം കവികള്‍ മരണത്തിന്റെ ഏകാന്തതുരുത്തുകളെക്കുറിച്ച് നമുക്ക് പാടിത്തന്നു. മൃതനെന്നാലതിധന്യന്‍ ഞാന്‍ , അരമാത്രയില്‍ ഞാനമൃതത്തിലലിഞ്ഞേന്‍ , അമരത്വത്തെയറിഞ്ഞേന്‍ എന്ന വൈലോപ്പിള്ളി വചനം മരണമാണ് ആത്യന്തിക ലക്ഷ്യം എന്ന് ചിന്തിക്കുന്നവരുടെ മാനിഫെസ്റ്റോയാണ്.
തീവ്രമല്ലെങ്കിലും പൂന്താനം മുതല്‍ക്കിങ്ങോട്ടുള്ള മലയാള കവികളില്‍ ഈ മരണാഭിവാഞ്ജ നമുക്ക് വായിച്ചെടുക്കാം. ജ്ഞാനപ്പാന തന്നെ രചിക്കപ്പെടുന്നത് നിരാശയില്‍ നിന്നുമൊരു രക്ഷപ്പെടല്‍ എന്ന ചിന്തയിലാണെന്ന് നമുക്കറിയാം. അനപത്യ ദുഖത്തിന്റെ പരമകാഷ്ഠയില്‍ നിന്നുമാണ് ജ്ഞാനപ്പാന പുറപ്പെട്ടുപോരുന്നത്. പിന്നീട് ജീവിതത്തിന്റെ നിരാശാഭരിതമായ വ്യത്യസ്ത മുഹൂര്‍ത്തനങ്ങളെ അഭിവാദ്യം ചെയ്തുകൊണ്ട് നമ്മുടെ ഭാഷയില്‍ ധാരാളം കവിതകളുണ്ടായി. എന്നാല്‍ കാല്പനികതയുടെ വെണ്‍പ്പരപ്പ് മലയാള സാഹിത്യചക്രവാളത്തില്‍ വിരിയ്ക്കപ്പെട്ടതോടെ അതുവരെ നാം അനുഭവിച്ചു പോന്ന മരണാഭിവാഞ്ജ അതിതീവ്രമായ ഭാവം പൂണ്ടുവെന്ന് പറയാം.
‘ഒരു മരതകപ്പച്ചിലക്കാട്ടിലെന്‍
മരണ ശയ്യ വിരിക്കൂ സഖാക്കളേ
വസുധയോടൊരുവാക്കു ചൊന്നി,ട്ടിതാ
വരികയായി ഞാൻ!- അല്പം ക്ഷമിക്കണേ!’ എന്ന് ചങ്ങമ്പുഴ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അദ്ദേഹം മരണമാല്യം വരിക്കുന്നില്ല. ജീവിതം പരമശൂന്യം എന്ന് ആണയിടുന്നെങ്കിലും കഴിയുന്നത്ര മുന്തിരിച്ചഷകങ്ങളില്‍ മത്താടിക്കൊള്ളുക എന്നതായിരുന്നു ചങ്ങമ്പുഴയ്ക്ക് പ്രിയം. പി കുഞ്ഞിരാമന്‍ നായര്‍
വരിക മരണമേ, നിന്‍ പടിവാതിലൊന്നു
തുറക്കൂ , നിന്നെ എത്രനേരമായ് വിളിക്കുന്നു – വെന്ന് മരണത്തെ ആവാഹിച്ചെടുക്കുന്നുണ്ടെങ്കിലും പിന്നാലെ പായുന്നില്ല. എന്നാല്‍ മണിമുഴക്കം എന്ന കവിത എഴുതി വെച്ച് നിസ്സംഗായി മരണത്തിന്റെ പല്ലക്കിലേക്കേറി യാത്ര പോയ ഇടപ്പള്ളി മലയാള കവിതയിലെ അഭിശപ്ത ജന്മമാണ് എന്ന് പറയാതെ വയ്യ. അദ്ദേഹം മരണത്തെ പ്രണയത്തിന്റെ പ്രതിരൂപമായി കാണുകയും പ്രണയം നല്കാത്തം ആശ്വാസം മരണത്തില്‍ നിന്നും ലഭിക്കുമെന്ന് പ്രത്യാശിക്കുകയും ചെയ്യുന്നു.
മണിമുഴക്കം – മരണദിനത്തിന്റെ
മണിമുഴക്കം മധുരം – വരുന്നു ഞാന്‍ - ആ മധുരം എന്ന പ്രയോഗം സവിശേഷമായി ശ്രദ്ധിക്കുക. മണിമുഴക്കം വരുന്നു, വരുന്നു ഞാന്‍ എന്നെഴുതിയാലും താളഭംഗമുണ്ടാകുമായിരുന്നില്ല. എന്നിട്ടും മധുരം എന്ന് എഴുതിയതിലൂടെ താന്‍ മരണത്തെ വരിക്കുവാന്‍ ദൃഡചിത്തനാണ് എന്ന് പ്രഖ്യാപിക്കുകയാണ് കവി ചെയ്യുന്നത്.
അണിയലൊക്കെക്കഴിഞ്ഞു നിഗൂഢമായ്
പലദിനവും നവനവരീതികൾ
പരിചയിച്ചു, ഫലിച്ചില്ലൊരല്പവും
തവിടുപോലെ തകരുമെൻ മാനസ-
മവിടെയെത്തിച്ചു കുഴയണം!
ചിരിചൊരിയുവാനായിയെൻ ദേശികൻ
ശിരസി താഡനമേറ്റി പലപ്പൊഴും.
ഹഹഹ! വിസ്മയം, വിസ്മയം, ലോകമേ!
അതിവിചിത്രമീ നൃത്തശിക്ഷാക്രമം!
കളരി മാറി ഞാൻ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി.
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിലെത്താതിരുന്നിടാ!
–
മലയാളത്തില്‍ പ്രണയത്തെ ഇത്രയും
മധുരമായി ആഖ്യാനപ്പെടുത്തിയ മറ്റൊരു കവി ഉണ്ടെന്ന് തോന്നുന്നില്ല.
||ദിനസരികള് - 10 -2025 ഏപ്രില് 10, മനോജ് പട്ടേട്ട്||
Comments