“മലപ്പുറം
ഒരു പ്രത്യേക മതവിഭാഗത്തിന്റെ രാജ്യമാണ്. ഇവിടെ
ഈഴവര്‍ക്ക് സ്വതന്ത്രമായി ജീവിക്കാനാകുന്നില്ല.സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ്
ജീവിക്കുന്നത്. സ്വാതന്ത്ര്യം ലഭിച്ച് ഇത്ര കൊല്ലമായിട്ടും അതിന്റെ ഗുണഫലങ്ങള്‍
മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ ? “ വെള്ളാപ്പള്ളി നടേശന്‍ എന്ന ജാതി/മതഭ്രാന്തന്‍
കേരളത്തിന്റെ മുഖത്തേക്ക് തുപ്പിയ വാക്കുകളാണ് മുകളിലുദ്ധരിച്ചത്. മലപ്പുറത്തെ
ചൂണ്ടിക്കാണിച്ചുകൊണ്ട് ഒരു ജനവിഭാഗത്തെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമം
ഇതിനുമുമ്പും ധാരാളമായി നടന്നിട്ടുണ്ട്. അപ്പോഴൊക്കെയും അത്തരം പരിശ്രമങ്ങളെ ഈ
നാട് അവജ്ഞയോടെ തള്ളിക്കളഞ്ഞിട്ടുമുണ്ട്. വെള്ളാപ്പള്ളിയുടെ ഈ പ്രസ്താവനയോടും
അത്തരമൊരു സമീപനം തന്നെയായിരിക്കും നാം സ്വീകരിക്കുക എന്ന കാര്യത്തില്‍ സംശയമില്ല.
എന്നാല്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം
ജനങ്ങള്‍ക്കിടയില്‍ മതഭ്രാന്ത് വിതയ്ക്കാന്‍ പരിശ്രമിക്കുന്നവരെ കുറച്ചുകൂടി
കാര്യമായി കൈകാര്യം ചെയ്യാനുള്ള വകുപ്പുകള്‍ നമ്മുടെ നിയമ സംവിധാനങ്ങളില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.
യാതൊരു തരത്തിലുള്ള തെളിവുകളുമില്ലാത്തതും എന്നാല്‍ സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ
കുടില പ്രസ്താവനകള്‍ ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ഒരു മതവിഭാഗത്തെ സംശയത്തെ
മുനയിലേക്ക് മാറ്റി നിറുത്തുവാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. പൊതുവേ ഇസ്ലാമോഫോബിയ
നന്നായി പ്രചരിപ്പിക്കപ്പെടുന്ന രാഷ്ട്രീയ – സാമൂഹിക സാഹചര്യം ഇവിടെയുണ്ട്. അതിന്
ആക്കം കൂട്ടുന്ന തരത്തിലുള്ള ഇത്തരം ഇടപെടലുകളോട് കേരളത്തിലെ സമൂഹം ശക്തമായിത്തന്നെ
പ്രതികരിക്കേണ്ടതുണ്ട്.
പി കെ കുഞ്ഞാലിക്കുട്ടി
വിവാദം വേണ്ട എന്ന കാഴ്ചപ്പാടില്‍ ഈ പ്രസ്താവനയ്ക്ക് ഒരു പൂച്ചക്കുട്ടിയുടെ പോലും
പിന്തുണ ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ് തള്ളിക്കളയുകയാണുണ്ടായത്. ആ സമീപനം
പരിഹാസ്യമാണ്. വെള്ളാപ്പള്ളിയുടെ പ്രസ്താവനയ്ക്ക് പ്രത്യക്ഷത്തില്‍ പിന്തുണ
ലഭിക്കുന്നില്ല എന്ന തോന്നല്‍ ഏതൊരാള്‍ക്കും ഉണ്ടായേക്കാമെങ്കിലും ഈ അഭിപ്രായങ്ങള്‍
ആളുകളുടെ മനസ്സിലുണ്ടാക്കിയെടുക്കുന്ന ധാരണകള്‍ തികച്ചും വ്യത്യസ്തമാണ്.
വെള്ളാപ്പള്ളിയെപ്പോലെയുള്ള ഭ്രാന്തന്മാര്‍ പറയുന്നതിലും കാര്യമുണ്ട് എന്ന് ചിന്തിക്കുന്നവരുണ്ടാകാം.
അപരമത വിദ്വേഷവുമായി പതുങ്ങി ജീവിക്കുന്ന നിരവധിയാളുകളുടെ പ്രതിനിധിയാണ് നടേശന്‍. സംഘിസം എന്നത് കേവലം വോട്ടിന്റെ കണക്കു
മാത്രമല്ല , അതൊരു മാനസികാവസ്ഥ കൂടിയാണ്. കുഞ്ഞാലിക്കുട്ടി മനസ്സിലാക്കേണ്ട്
ഇതാണ്. വെറുപ്പ് ഘനീഭവിച്ച്
തൂങ്ങിനില്ക്കുന്ന മനസ്സുകളില്‍ നിന്ന് ഒരു പക്ഷേ ഒരു പെരുമഴ പൊട്ടി
വീണുകൂടായ്കയില്ല. അപ്പോള്‍ നമുക്ക് അതിനെ ഫലപ്രദമായി നേരിടാന്‍ കഴിഞ്ഞുവെന്നും
വരില്ല. അതുകൊണ്ട് ഒറ്റയൊറ്റ വിഷപ്പാമ്പുകള്‍ പത്തിപൊക്കുമ്പോള്‍ തന്നെ
തലക്കടിച്ച് താഴ്ത്തുകയാണ് വേണ്ടത്. അല്ലാതെ അതൊരു ഒറ്റപ്പെട്ട പാമ്പല്ലേ വെറുതെ
പൊയ്ക്കോട്ടെ എന്നു വെച്ചാല്‍ പെറ്റു പെരുകി നൂറുകണക്കിന് വിഷപ്പാമ്പുകളായി
മാറുമ്പോള്‍ നിസ്സഹായരായി നോക്കി നില്ക്കുവാനേ നമുക്ക് കഴിയുകയുള്ളു. അത്തരം
നിസ്സഹായരുടെ കഥ എത്ര വേണമെങ്കിലും നമ്മുടെ ചരിത്രത്തില്‍ ലഭ്യവുമാണ്.
അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം , ഒരു വലതുപക്ഷ രാഷ്ട്രീയ നേതാവിന്റെ അപഹാസ്യമായ മെയ്
വഴക്കമായിട്ടു വേണം പൊതുസമൂഹം പരിഗണിക്കേണ്ടത്. ഇത് കേരളമാണ് എന്ന് ആവര്‍ത്തിക്കുന്നുണ്ട്
, കുഞ്ഞാലിക്കുട്ടി. എന്നാല്‍ കേരളത്തിന്റെ പ്രതിരോധ സന്നാഹങ്ങളില്‍ വിള്ളലുകള്‍ വീണ്ടുകൊണ്ടിരിക്കുന്ന
എന്ന വസ്തുത കുഞ്ഞാലിക്കുട്ടിയെപ്പോലെയുള്ള നേതാക്കന്മാര്‍ മനസ്സിലാക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
കേരളം സംഘപരിവാരത്തിന് ഒരു എം പിയെ സമ്മാനിച്ചു എന്ന അപകടകമായ വസ്തുത നാം കാണാതിരുന്നുകൂട.
അതുകൊണ്ട് കുഞ്ഞാലിക്കുട്ടിയെപ്പോലെയുള്ള വഴുവഴുപ്പന്‍ ബ്ബബ്ബബ്ബയ്ക്ക പകരം വെളളാപ്പള്ളിയുടെ
നാവിന് ചങ്ങലയിടാന്‍ സഹായകമായ തരത്തില്‍ കര്‍ശനമായ നിലപാടുകള്‍ പൊതുസമൂഹം സ്വീകരിക്കുക
തന്നെ വേണം.
||ദിനസരികള് - 6 -2025 ഏപ്രില് 6, മനോജ് പട്ടേട്ട്||
Comments