കൊല്ലം കുറച്ചായി ഒരു നോവല്‍ എഴുതാന്‍ തുടങ്ങിയിട്ട്. ഇതുവരെ എവിടേയുമെത്തിയിട്ടില്ല , പൂര്‍ണമായും വിട്ടിട്ടുമില്ല. സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ എന്ന ആ നോവലില്‍ നിന്നും ഒരധ്യായം .



അധ്യായം 4

കര്‍ക്കടകമഴയില്‍ വയലുകളും തോടുകളുമെല്ലാം നിറഞ്ഞിരിക്കുന്നു. പട്ടിവാലന്‍ പുല്ലുമേഞ്ഞ മേല്‍ക്കൂര അവിടവിടങ്ങളില്‍ ചോരുന്നുണ്ട്. നിലത്ത് തഴപ്പായയില്‍ ചുരുണ്ടു കൂടിക്കിടക്കുകയായിരുന്ന മകള്‍ തങ്കമണിയുടെ നെറ്റിയില്‍ കൈവെച്ച് ശാരദ ചൂടു നോക്കി. ഒട്ടും കുറവില്ല. ഈ മഴയത്ത് എന്തു ചെയ്യാനാണ്. വൈദ്യരെ കാണാനാണെങ്കില്‍ പാടം മുറിച്ചു കടന്നു പോകണം. കുഞ്ഞിനെ നടത്തിക്കൊണ്ടു പോകുവാന്‍ കഴിയില്ല. ഒറ്റയ്ക്ക് അവളെ എടുത്തു കൊണ്ട് ഇത്ര ദൂരം പോകാന്‍ കഴിയുമെന്നും തോന്നുന്നില്ല . തങ്കമണിയുടെ ദേഹത്തേക്ക് ശാരദ പുതപ്പ് ഒന്നു കൂടി വലിച്ചിട്ടു. രാമനാശാരിയെ കാണാതായിട്ട് മൂന്നു ദിവസം കഴിഞ്ഞിരിക്കുന്നു. ദൂരെ എവിടെയെങ്കിലും പണിക്കു പോകുമ്പോള്‍ വരാന്‍ താമസിക്കാറുണ്ട്. എന്നാല്‍ എത്ര വൈകിയാലും എത്തിച്ചേരുമായിരുന്നു. മാത്രവുമല്ല , പണിയെടുക്കുന്ന സ്ഥലത്തിന്റെ പേരും വരാന്‍ താമസിക്കുമെന്ന വിവരവും പറയുമായിരുന്നു. ഇത്തവണ പോകുന്ന കാര്യമോ വരുന്ന കാര്യമോ ഒന്നും പറഞ്ഞിട്ടില്ല. രാവിലെ ഒരു തോര്‍ത്തും എടുത്ത് തലയില്‍ കെട്ടി കുടയുമെടുത്ത് പുറത്തേക്കിറയങ്ങിതാണ്. എങ്ങോട്ടാണ് എന്ന് ചോദിച്ചപ്പോള്‍ ഇപ്പോ വരാഡീ എന്നു മാത്രമാണ് മറുപടി പറഞ്ഞത്. പണിയില്ലാത്ത ദിവസമായതു കൊണ്ട് ആരെയെങ്കിലും കാണാനോ മറ്റോ പോകുന്നതായിരിക്കും എന്നു കരുതി കൂടുതലൊന്നും ചോദിച്ചില്ല. പിറ്റേ ദിവസം വൈകുന്നേരം വരെ കാത്തിരുന്നിട്ടും കാണാതായപ്പോള്‍ പാടത്തിനക്കരെ കടന്ന് വറീതു ചേട്ടനോട് വിവരം പറഞ്ഞു.

“എത്ര ദീസായി പോയിറ്റെന്നാ പറഞ്ഞേ?”
“ഇന്നലെ... പണിക്കു പോകുവല്ല എന്നാ പറഞ്ഞേ.. “
“ഉം... ഇതിന്നുമുമ്പ് ഇങ്ങനെ ണ്ടായിട്ടില്ലല്ലോ ല്ലേ .”
“ഇല്ല.. “
“ശരി... നമുക്ക് പോലീസ് സ്റ്റേഷനിപ്പോയി ഒന്ന് പറേണോ? “
വറീതു ചേട്ടന്റെ ചോദ്യത്തിന് ശാരദ നിഷേധ ഭാവത്തില്‍ തലയാട്ടി. പോലീസെന്ന് കേള്‍ക്കുന്നത് തന്നെ അവള്‍ക്ക് പേടിയാണ്. പുല്‍പ്പള്ളിയില്‍ പോലീസ് സ്റ്റേഷന്‍ വന്നിട്ട് അധികകാലമായിട്ടുണ്ടായിരുന്നില്ല. അതിനുമുമ്പ് കമ്പളക്കാടു നിന്നും പോലീസ് വരികയായിരുന്നു പതിവ്. ഇവിടെ പോലീസ് സ്റ്റേഷന്‍ വന്നതിനു ശേഷം കേള്‍ക്കുന്ന വാര്‍ത്തകളൊക്കെ ഭയപ്പെടുത്തുന്നവയാണ്. അതുകൊണ്ടുതന്നെ പോലീസ് എന്നു കേട്ടപ്പോഴേ ശാരദ ഒന്നറച്ചു. പക്ഷേ പറയുന്നതാണ് നല്ലതെന്ന ന്യായത്തില്‍ വറീതു ചേട്ടന്‍ ഉറച്ചു നിന്നു. വറീതു ചേട്ടന്‍ പറയുന്നതാണ് ശരിയെന്ന് കുഞ്ഞന്നമ്മച്ചേചി കൂടി പറഞ്ഞതോടെ ശാരദ സമ്മതിച്ചു. അങ്ങനെയാണ് പോലീസ്റ്റ് സ്റ്റേഷനിലെത്ത് വിവരം പറഞ്ഞത്.
“എസ്സൈയേമാന്‍ സ്ഥലത്തില്ല.. വരുമ്പോള്‍ വേണ്ടത് ചെയ്തു കൊള്ളും...” വിലാസം എഴുതിയെടുത്ത പോലീസുകാരന്‍ അവരെ മടക്കിയയച്ചു..
തിരിച്ചു വീട്ടിലെത്തുമ്പോഴും കുഞ്ഞ് ഉറങ്ങുകയായിരുന്നു. പുതപ്പിനിടയിലൂടെ കൈകള്‍ കടത്തി ശാരദ മകളുടെ നെറ്റിയില്‍ തൊട്ടു നോക്കി. പനി കൂടുകയാണ് .ശാരദയുടെ കണ്ണുകള്‍ നിറഞ്ഞു വന്നു. സഹായത്തിന് ആരുമില്ലല്ലോ എന്ന ചിന്ത അവളെ കൂടുതല്‍ വിഷമപ്പെടുത്തി.

രാമനാശാരിയുടെ കൈപിടിച്ച് ശാരദ വയനാട്ടിലേക്ക് വണ്ടി കയറുമ്പോള്‍ അവള്‍ക്ക് ഇരുപത്തി രണ്ടു വയസായിരുന്നു. കോട്ടയത്തെ വെള്ളൂരാണ് അവരുടെ സ്വന്തം സ്ഥലം. ശാരദയുടെ വീട് പുതുക്കിപ്പണിയാന്‍ വന്ന നാരായണനാശാരിയുടെ മകനായിരുന്നു രാമന്‍. ആ പരിചയമാണ് അവരെ ഒന്നിപ്പിച്ചത്. നാട്ടില്‍ ജീവിക്കാന്‍ ശാരദയുടെ ബന്ധുക്കള്‍ അനുവദിക്കുകയില്ലെന്ന് രാമന് ഉറപ്പായിരുന്നു. അതുകൊണ്ടാണ് കൈയ്യില്‍ കിട്ടിയതെല്ലാം എടുത്തുകൊണ്ട് ഒരു ദിവസം വയനാട്ടിലേക്ക് അവര്‍ രക്ഷപ്പെട്ടെത്തിയത്. വയനാട്ടിലെ പുല്‍പ്പള്ളിയില്‍ കൈയ്യിലുണ്ടായിരുന്ന തുകകൊണ്ട് ഇത്തിരി സ്ഥലം വാങ്ങി അയാളൊരു കുഞ്ഞു വീട് തട്ടിക്കൂട്ടി. ആശാരിപ്പണി അറിയാവുന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടി വന്നില്ല. വിളിക്കുന്നിടത്തൊക്കെയും ഓടിയെത്തി രാമന്‍ കൃത്യമായും ജോലി ചെയ്തു. മൂന്നു കൊല്ലം കഴിഞ്ഞപ്പോള്‍ തങ്കമണിയുണ്ടായി. ഇപ്പോള്‍ അവള്‍ക്ക് ഏഴു വയസ്സായിരിക്കുന്നു. ആറും നാലും പത്ത്. പത്ത് കൊല്ലമായി വയനാട് കയറിയിട്ട്. തന്റെ വീട്ടുകാരെപ്പറ്റി ഒരു വിവരവുമില്ല. അറിയാനൊട്ട് വഴിയുമില്ല. അന്ന് രാത്രിയും രാമനാശാരിയെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല.

പിറ്റേന്ന് ഒരു പതിനൊന്ന് മണിയായിട്ടുണ്ടാകും. പനിച്ചു കിടക്കുന്ന മകളുടെ നെറ്റിയില്‍ തുണി നനച്ച് ഇട്ടുകൊടുക്കുകയായിരുന്നു ശാരദ.

“ഇവിടാരുമില്ലേ ?” മുറ്റത്തു നിന്നും ആരോ വിളിക്കുന്നുണ്ട്. ശാരദ തത്രപ്പാടോടെ എഴുന്നേറ്റു ജനലിലൂടെ പുറത്തേക്ക് നോക്കി. മൂന്നു പോലീസുകാര്‍. അവളുടെ ഉള്ളൊന്ന് കാളി. അവള്‍ ഭയത്തോടെ ഭിത്തിയിലേക്ക് ചാരി.
“ഇവിടാരുമില്ലേ ?” വീണ്ടും ചോദ്യം
അവള്‍ ഭയത്തോടെ കതകു പകുതി തുറന്നു. അപ്പോഴാണ് അവരുടെ കൂടെ നില്ക്കുന്ന വറീത് ചേട്ടനെ അവള്‍ കണ്ടത്. അയാളെ കണ്ടപ്പോള്‍ അവള്‍ക്ക് ആശ്വാസമായി. കൂട്ടത്തിലൊരു പോലീസുകാരന്‍ പറഞ്ഞു. “നിന്നെ എസ്സൈയേമാന് കാണണമെന്ന്... വേഗം വാ...” അവള്‍ വറീതു ചേട്ടനെ നോക്കി. അയാളുടെ മുഖം കരുവാളിച്ചിരുന്നു. അവളുടെ മുഖത്തേക്ക് നോക്കാതെ കൈയ്യില്‍ പിടിച്ചിരുന്ന ഓലക്കുട കൊണ്ട് അയാള്‍ മുഖം മറച്ചു പിടിച്ചു. പരാതി കൊടുക്കാന്‍ കൂടെ ചെന്നതുകൊണ്ട് പാടത്തിനക്കരെ പോലീസുകാര്‍ ആദ്യം അന്വേഷിച്ചത് വറീതിനെയാണ്. കൂടെ വന്ന് ശാരദയുടെ വീട്ടിലേക്കുള്ള വഴി കാണിച്ചു തരാന്‍ അവര്‍ വറീതിനോട് ആവശ്യപ്പെട്ടു.

“വറീതുചേട്ടാ.. മോള്‍ക്ക് നല്ല സുഖമില്ല.. പനിക്കോളുണ്ട്... അവള്‍ ഒറ്റയ്ക്കാ..”
“കൊച്ചിനെക്കൂടി എടുത്തോ.... വറീതേ താനുമൊന്ന് സഹായിക്ക്...” കൂട്ടത്തിലൊരു പോലീസുകാരന്‍ പറഞ്ഞു..

അവള്‍ മറുത്തൊന്നും പറയാതെ അകത്തേയ്ക്ക് കയറി. കുഞ്ഞിനെ ഉണര്‍ത്തി. ചിണുങ്ങാന്‍ തുടങ്ങിയ അവളോട് അച്ഛനെ കാണാന്‍ പോകാനാണെന്ന് പറയാനാണ് ശാരദയ്ക്ക് തോന്നിയത്. അച്ഛനെ കാണാനാണെന്ന് കേട്ടപ്പോള്‍ തങ്കമണിയ്ക്കും സന്തോഷം തോന്നി. ധൃതിയില്‍ ഒരു കുപ്പായം ഇട്ടുകൊടുത്തു. അവളും ഒരു സാരി മാറ്റിയുടുത്തു. ജനലില്‍ ചാരി വെച്ചിരുന്ന കണ്ണാടിയെടുത്ത് മുഖം നോക്കി തലമുടിയൊന്ന് ഒതുക്കിവെച്ചു. തോര്‍ത്തു കൊണ്ട് മുഖം അമര്‍ത്തിത്തുടച്ചു. കണ്ണാടിയില്‍ ഒട്ടിച്ചു വെച്ചിരുന്ന പൊട്ട് എടുക്കാന്‍ ആഞ്ഞതാണ്. പെട്ടെന്ന് എന്തോ ഓര്‍ത്തപോലെ അവള്‍ കൈ പിന്‍വലിച്ചു. അപ്പോഴേക്കും പുറത്തു നിന്നും പോലീസുകാരന്റെ ഒച്ചയുയര്‍ന്നു..

“വേഗം.. വേഗം.. അടുത്ത മഴയ്ക്കു മുമ്പ് അങ്ങെത്തണം.. “
വറീതുചേട്ടന്‍ ഇറയത്തേക്ക് കയറി വാതിലിനടുത്തേക്ക് വന്നു.. “കുഞ്ഞിനെ ഞാനെടുക്കണോ മോളേ ?” വറീത് ചോദിച്ചു.
“വേണ്ട വറീതു ചേട്ടാ .. ഞാനെടുത്തോളാം..” അവള്‍ വാതിലിന്റെ ഓടാമ്പല്‍ വലിച്ചിട്ട് മുറ്റത്തേയ്ക്കിറങ്ങി. വെള്ളം നിറഞ്ഞു കിടക്കുന്ന പാടത്തിന് നടുവില്‍ തെളിഞ്ഞു കണ്ട നടവരമ്പിലൂടെ അവര്‍ പോലീസ് സ്റ്റേഷനിലേക്ക് നടന്നു. മുന്നേ പോലീസുകാര്‍. തൊട്ടു പിന്നാലെ വറീത്. പിന്നില്‍ ശാരദ. അവള്‍ തങ്കമണിയുടെ നെറ്റിയില്‍ കൈവെച്ചു നോക്കി. അച്ഛനെ കാണാനുള്ള ഉത്സാഹത്തില്‍ പനി കുറഞ്ഞു തുടങ്ങിയിരുന്നു.

സ്റ്റേഷനിലേക്ക് എത്തുമ്പോഴേക്കും മഴ ചാറാന്‍ തുടങ്ങിയിരുന്നു. പോലീസുകാര്‍ ശാരദയേയും മകളേയും വറീതിനേയും നേരെ എസ് ഐ യുടെ അടുത്തേക്കാണ് കൊണ്ടുപോയത്. പുല്‍പ്പള്ളിയില്‍ പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചപ്പോള്‍ മുതല്‍ അല്ലപ്പനായിരുന്നു എസ് ഐ. അയാള്‍ അവളെ അടിമുടിയൊന്ന് നോക്കി.
“എന്താഡീ നിന്റെ പേര്... “
“ശാരദ...” പേര് പറഞ്ഞെങ്കിലും ഭയംകൊണ്ട് ശബ്ദം പുറത്തേക്ക് വന്നില്ല.
“പേര് പറയെഡീ കൂത്തിച്ചി മോളേ..” അതൊരു അലര്‍ച്ചയായിരുന്നു..
“ശാരദ..” അവള്‍ ഒരു വിധം പറഞ്ഞൊപ്പിച്ചു. ശാരദ ആലില പോലെ വിറയ്ക്കുന്നുണ്ടായിരുന്നു
ഞെട്ടിപ്പോയ തങ്കമണി നടുക്കത്തോടെ അമ്മയെ കെട്ടിപ്പിടിച്ചു.
“ഇവനാരാ..” കൂടെ വന്ന വറീതിനെച്ചൂണ്ടി എസ് ഐ ചോദിച്ചു
“ഇന്നലെ ഇയാളും ഇവളും കൂടി വന്നാണ് പരാതി തന്നത്.. ഇവളുടെ വീടു കാണിക്കാന്‍ വിളിച്ചതാണ് സര്‍ “ പോലീസുകാരനാണ് മറുപടി പറഞ്ഞത്..
“ഉം.... കെട്ടിയവനില്ലാത്ത സമയത്ത് നീ ഇവനെയാണോടി കൂടെ കിടത്തുന്നത്... “എസ് ഐ ശാരദയോട് ചോദിച്ചു. ശാരദയ്ക്ക് കണ്ണുകളില്‍ ഇരുട്ടു കയറുന്നതായി. അവള്‍ വീഴുമെന്ന് ഭയന്നു. കുഞ്ഞിനെ താഴെ നിറുത്തി.
“കാണിച്ചോ ഇവളെ ? “ എസ് ഐ ചോദിക്കുന്നത് കേട്ടു
“ഇല്ല... “
“ഉം.. കൊണ്ടുപോയി കാണിച്ചു കൊടുക്ക് ..ഇവനേയും വിളിച്ചോ... വെരിഫൈ ചെയ്യട്ടെ... “
“സര്‍.. “
“ശാരദ വരൂ....” ഒരു പോലീസുകാരന്‍ അവളെ വിളിച്ചു മുറിയുടെ പുറത്തേക്ക് നടന്നു.. തങ്കമണി അവളുടെ കൈയ്യില്‍ പിടിച്ച് ഭയത്തോടെ കൂടെ നടന്നു. പോലീസുകാര്‍ അവരേയും കൊണ്ട് സ്റ്റേഷനു പിന്നിലെ ചായ്പിലേക്ക് നടന്നു. മുറിയില്‍ നിന്നും അവസാനമായി പുറത്തേക്ക് ഇറങ്ങുകയായിരുന്ന എച്ച് സി കുഞ്ഞികൃഷ്ണനെ എസ് ഐ തിരികെ വിളിച്ചു.
“ഡോ... അവള് കൊള്ളാമല്ലോടോ... അവളെ മുറിയിലേക്ക് ഇരുത്ത് വിശദമായി ചില കാര്യങ്ങളറിയണം.. എന്നിട്ട് വിട്ടാല്‍ മതി...” എസ് ഐ നിര്‍‌ദ്ദേശിച്ചു
“സര്‍” കുഞ്ഞിക്കൃഷ്ണന്‍ അയാളെ സല്യൂട്ട് ചെയ്ത് ചായ്പിലേക്ക് നടന്നു.

“അഴിക്കെടാ..” ചായ്പിലേക്ക് എല്ലാവരും കടന്നയുടനെ അവിടെ കൂടി നിന്ന ഒരു പണിയനോട് പോലീസുകാരന്‍ കല്പിച്ചു. അപ്പോഴാണ് തഴപ്പായയില്‍ പൊതിഞ്ഞു കെട്ടിയ എന്തോ ഒന്ന് അവിടെയിരിക്കുന്നത് ശാരദയുടെ ശ്രദ്ധയില്‍ പെട്ടത്. അതെന്താണെന്ന് ആലോചിക്കാന്‍ അവള്‍ക്ക് സമയം കിട്ടുന്നതിനു മുമ്പേ പായയുടെ കെട്ട് അഴിക്കപ്പെട്ടു. പുറത്തു കണ്ട മുഖത്തേയ്ക്ക് അവളൊന്നേ നോക്കിയുള്ളു.. ഒരു നിലവിളിയോടെ ശാരദ നിലത്തേയ്ക്ക് വീണു.. തങ്കമണി പായയില്‍ കിടക്കുന്നയാളെ തിരിച്ചറിഞ്ഞു.. അവള്‍ പതിയെപ്പറഞ്ഞു “അച്ഛേയ്... “

“ആ തോടിന്റെ കരേന്ന് ഈ ചെറുക്കന്മാരാണ് ഇയാളെ കണ്ടത്... വരമ്പത്ത് വീണു കിടക്കുന്നു.. ഇത് അവളുടെ ഭര്‍ത്താവു തന്നെയാണല്ലോ അല്ലേ ?” കുഞ്ഞിക്കൃഷ്ണന്‍ വറീതിനോട് ചോദിച്ചു.. അതെ എന്ന അര്‍ത്ഥത്തില്‍ അയാള്‍ തലയാട്ടി. ആരോ കുറച്ച് വെള്ളമെടുത്ത് ശാരദയുടെ മുഖത്തു തളിച്ചു. പതിയെ യാഥാര്‍ത്ഥ്യത്തിലേക്ക് മടങ്ങി വന്ന അവള്‍ തലതല്ലിക്കരഞ്ഞു. അമ്മ കരയുന്നതിനൊപ്പം തങ്കമണിയും കരയാന്‍ തുടങ്ങി.
“തിരിച്ചറിഞ്ഞോടോ ?” ചായ്പിലേക്ക് കടന്നു വന്ന എസ് ഐ അല്ലപ്പന്‍ ചോദിച്ചു.
“അതെ സര്‍ ..” കോണ്‍‌സ്റ്റബിള്‍ പറഞ്ഞു..
“ശരി..... .. നീയല്ലേടാ ഇവളുടെ കൂടെ പരാതി കൊടുക്കാന്‍ വന്നത് ?” അയാള്‍ തിരിഞ്ഞ് വറീതിനോട് ചോദിച്ചു....
“ആണേയ്...” വറീത് വിറച്ചുകൊണ്ടു പറഞ്ഞു...
“നിന്റെ ഭാര്യ ഇവളെപ്പോലെ സുന്ദരിയാണോടാ...” എസ് ഐ വറീതിന്റെ അടുത്തേക്ക് വന്നു കൊണ്ടു ചോദിച്ചു. വറീത് ഒന്നും പറയാതെ നിന്നപ്പോള്‍ അയാളുടെ വലം കൈ ഉയര്‍ന്നു താണു. പടക്കംപൊട്ടുന്നതുപോലെയുള്ള ശബ്ദത്തില്‍ വറീതിന്റെ ഇടം കവിളില്‍ അടി വീണു. വറീതിന് തല കറങ്ങുന്നതുപോലെ തോന്നി.. അയാള്‍ നിലത്തേക്ക് ഊര്‍ന്നു വീണു.
“പറയെഡാ.. നീയും ഇവളും കൂടി കൊന്നതല്ലേടാ അവനെ ?” എസ് ഐ വീണ്ടും അലറി. “നിങ്ങള്‍ തമ്മിലെന്താടാ ബന്ധം ?” അല്ലപ്പന്‍ തന്റെ വലം കാലുയര്‍ത്തി വറീതിന്റെ വലതു തോളില്‍ ചവിട്ടി പിന്നിലേക്ക് തള്ളി. തറ നനച്ചുകൊണ്ട് മൂത്രം ഒഴുകിപ്പരന്നു. മലര്‍ന്നു വീണ അയാളുടെ കാലുകള്‍ക്കിടയില്‍ അല്ലപ്പന്റെ ഷൂസ് അമര്‍ന്നു.
“സ്റ്റേഷനിലാണോടാ മൂത്രമൊഴിക്കുന്നത് .. തൊടയ്ക്കഡാ..” എസ് മുരണ്ടു... വറീത് മൂത്രം കൈകൊണ്ട് തുടച്ചു മാറ്റാന്‍ ശ്രമിച്ചു.. “മുണ്ടൂരി തൊടയ്ക്കടാ നായിന്റെ മോനേ..” എസ് ഐ കല്പിച്ചു.. വറീത് ഉടുമുണ്ട് അഴിച്ചെടുത്ത് തറ തുടച്ചു വൃത്തിയാക്കി...
“ടാ... നീ ഇപ്പോ പൊയ്ക്കോ..... ഞാനിനിയും വിളിക്കും വന്നേക്കണം” അയാള്‍ വറീതിനോട് പറഞ്ഞു. അതുകേട്ട് വറീത് മറ്റാരെയും തന്നെ ശ്രദ്ധിക്കാതെ സ്റ്റേഷനില്‍ നിന്ന് ഇറങ്ങിയോടുകയായിരുന്നു. അല്ലപ്പന്‍ തറയില്‍ കുത്തിയിരിക്കുകയായിരുന്ന ശാരദയേയും അവളെ ചുറ്റിപ്പിടിച്ചിരിക്കുന്ന മകള്‍ തങ്കമണിയേയും നോക്കി. ശാരദ ചുറ്റും നടക്കുന്നതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു.
“ഡോ.. അവളെ മുറിയിലേക്ക് കൊണ്ടുവാ...” എസ് തൊട്ടടുത്തു നിന്ന പോലീസുകാരനോട് പറഞ്ഞിട്ട് മുറിയിലേക്ക് നടന്നു.
“എഴുന്നേല്ക്കഡീ.. ഏമാന് സംസാരിക്കണമെന്ന് പറഞ്ഞത് കേട്ടില്ലേ ?” കോണ്‍സ്റ്റബിള്‍ അടുത്തു വന്ന് അവളുടെ കൈ പിടിച്ചു വലിച്ചുയര്‍ത്തി. ശാരദ ഒരു സ്വപ്നത്തിലെന്ന വണ്ണം എഴുന്നേറ്റു നിന്നു. തങ്കമണിയെ തന്നോട് ചേര്‍ത്ത് പിടിച്ചു കൊണ്ട് പോലീസുകാരന്റെ കൂടെ അവള്‍ അകത്തേത്ത് നടന്നു.
“ഡോ ആ കുട്ടിയെ പറഞ്ഞു വിട്ടേക്ക്.... അവള്‍ പൊയ്ക്കോട്ടെ...” എസ് കോണ്‍സ്റ്റബിളിനോട് മുരണ്ടു..
പെട്ടെന്ന് എന്തോ ബോധം വന്നപോലെ ശാരദ പുലമ്പി..
“എന്റെ മോള്‍ ഒറ്റയ്ക്ക് പോകില്ല സാറേ.. അവളെ ഒറ്റയ്ക്ക് വിടല്ലേ... സാറേ...” എന്നാല്‍ അവളുടെ കരച്ചില്‍ കേള്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. പോലീസുകാരന്‍ കുഞ്ഞിനെ പിടിച്ചു വലിച്ച് മുറിയുടെ പുറത്തെത്തിച്ചു. പിന്നീട് വറീത് പോയ വഴിയേ കൈ ചൂണ്ടി അലറി..
“ഓടടീ... “
പകച്ചു പോയ തങ്കമണി അയാള്‍ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഓടാന്‍ തുടങ്ങി... ഒന്ന് തിരിഞ്ഞു നോക്കിയ അവളെ വീണ്ടും ആ പോലീസുകാരന്റെ അലര്‍ച്ച പിന്നേയും മുന്നോട്ടോടിച്ചു.
മുറിയിലെ ഭിത്തിയില്‍ ചാരി നില്ക്കുകയായിരുന്ന ശാരദയുടെ അടുത്തേക്ക് എസ് ഐ അല്ലപ്പന്‍ നടന്നു ചെന്നു
“ടീ.... സത്യം പറയണം... നീയും ആ വറീതും തമ്മിലെന്താണ് ബന്ധം...?” ആ ചോദ്യത്തിന് ശാരദയ്ക്ക് പറയാന്‍ ഉത്തരമൊന്നുമുണ്ടായിരുന്നില്ല..
“ചോദിച്ചത് കേട്ടില്ലേടീ ...” എസ് ഐ യുടെ സ്വരമുയര്‍ന്നു. എന്നിട്ടും അവളൊന്നും പറഞ്ഞില്ല എന്നത് അല്ലപ്പനെ കൂടുതല്‍ രോഷാകുലനാക്കി. അയാളുടെ കൈകള്‍ ഉയര്‍ന്നു താണു. ഇരയെ കഠിനമായി വേദനിപ്പിച്ച് തന്റെ ആധിപത്യം സ്ഥാപിക്കുന്ന വേട്ടക്കാരനെപ്പോലെയായിരുന്നു അയാളുടെ പെരുമാറ്റം. അടിയേറ്റ ശാരദ അടുത്തുണ്ടായിരുന്ന മേശയുടെ മുകളിലേക്ക് മറഞ്ഞു വീണു. അയാള്‍ അടുത്തു ചെന്ന് അവളെ പിടിച്ചുയര്‍ത്തി തനിക്ക് അഭിമുഖമായി നിറുത്തി
“ഉം... നിന്നെ കണ്ടാല്‍ ആ വറീതിനെ കുറ്റപ്പെടുത്താന്‍ പറ്റില്ല.. എത്ര കൊല്ലമായെഡീ ഈ എടപാട് തുടങ്ങിയിട്ട് ? നിന്റെ കെട്ടിയവനെ കൊല്ലാനുള്ള പരിപാടി എങ്ങനെയായിരുന്നു..” അവളുടെ കവളില്‍ കുത്തിപ്പിടിച്ചു കൊണ്ട് അല്ലപ്പന്‍ ചോദിച്ചു. അവള്‍ പകച്ച കണ്ണുകളോടെ അയാളെ നോക്കി.
അല്ലപ്പന്റെ സ്വരം കുറച്ച് സൌമ്യമായി .. “സാരമില്ല.. നിന്നെ ഞാന്‍ ജയിലിക്കേറ്റാതെ നോക്കാം... “എന്നു പറഞ്ഞു കൊണ്ട് അയാള്‍ അവളുടെ മാറില്‍ നിന്നും സാരി വലിച്ചു മാറ്റി..
“എന്നെ ഒന്നും ചെയ്യല്ലേ സാറേ” എന്ന അവളുടെ നിലവിളി മുട്ടുകാലുകൊണ്ട് അടിവയറ്റിലേറ്റ ഇടി കാരണം പാതി വഴിയില്‍ നിന്നു പോയി.

ഏറെ നേരം കഴിഞ്ഞാണ് അല്ലപ്പന്‍ ആ മുറിയില്‍ നിന്നും പുറത്തിറങ്ങിയത്. “കുഞ്ഞിക്കൃഷ്ണാ... ഡോ കുഞ്ഞിക്കൃഷ്ണാ..” അയാള്‍ ഹെഡ് കോണ്‍സ്റ്റബിളിനെ വിളിച്ചു. വിളികേട്ട കുഞ്ഞിക്കൃഷ്ണന്‍ ഓടി വന്നു.
“സര്‍...”
“ഉം... ഞാനൊന്ന് പുറത്തു പോകുവാണ്..... ആര്‍‌ക്കെങ്കിലും വേണമെങ്കില്‍ കേറിക്കോ... എന്നിട്ട് പറഞ്ഞു വിട്ടേക്കണം... കേട്ടോ.. “ എസ്സൈ അല്ലപ്പന്‍ പറഞ്ഞു
“സര്‍... “ കുഞ്ഞികൃഷ്ണന്‍ സല്യൂട്ട് ചെയ്തു

എസ് ഐ യുടെ ജീപ്പ് പുറത്തേക്ക് പോകുന്നതുവരെ കുഞ്ഞിക്കൃഷ്ണന്‍ പുറത്തു നിന്നു. അതിനു ശേഷം അകത്തു കടന്ന നൂലുബന്ധമില്ലാതെ കിടക്കുന്ന ശാരദയെയാണ്. അവളുടെ ദയനീയമായ ആ കിടപ്പ് കണ്ടപ്പോള്‍ അയാളിലെ ശൌര്യമുണരുകയാണ് ചെയ്തത്. അയാള്‍ ശമിച്ചതിന് ശേഷം മറ്റൊരാള്‍ പിന്നെയും വേറൊരാള്‍. പിന്നേയും പിന്നേയും പിന്നേയും പിന്നേയും പിന്നേയും. ഒടുവില്‍ തിടുക്കങ്ങളൊടുങ്ങി ബോധത്തിന്റേയും അബോധത്തിന്റേയും തരിശുകളില്‍ എത്ര നേരം കിടന്നെന്നറിയില്ല. ഇടയ്ക്ക് ഒന്ന് ഞെട്ടിയുണര്‍ന്നപ്പോള്‍ ആരോ പറയുന്നതു ശാരദ കേട്ടു
“ഇവളുടെ കുഞ്ഞും ചത്തല്ലോ സാറേ...”
“അതങ്ങെനെ പ്രഭാകരാ?” ആ കിടപ്പിനിടയിലും എസ് ഐ അല്ലപ്പന്റെ ശബ്ദം അവള്‍ തിരിച്ചറിഞ്ഞു
“ഇവിടെ നിന്ന് പോയപ്പോള്‍ വയലിലെ തോട്ടില്‍ വീണെന്നാ പറയണേ. ആളുകള്‍ കണ്ടപ്പോഴേക്കും ജീവന്‍ പോയിരുന്നു..... “
“ഓ.. ബോഡി കിട്ടിയല്ലോ അല്ലേ ? “
“കിട്ടി സാര്‍”
“ഉം.... നന്നായി... ഇവളൊറ്റയ്ക്കായല്ലോ ... “

നേരം വെളുത്ത് ആദ്യം ചായ്പിലേക്ക് എത്തിയത് സ്റ്റേഷന്‍ അടിച്ചു വാരി വൃത്തിയാക്കാന്‍ വന്ന ചാമിയാരായിരുന്നു. ചൂലെടുക്കാന്‍ അയാള്‍ ചായ്പിലേക്ക് കയറിയപ്പോള്‍ പരിപൂര്‍ണ നഗ്നനായ ഒരു പെണ്ണ് കഴുക്കോലില്‍ നിന്നും കെട്ടിയിറക്കിയ ഒരു സാരിത്തുമ്പില്‍ തൂങ്ങി നിന്നാടുന്നുണ്ടായിരുന്നു. ചാമിയാര്‍ പോലീസുകാരെ വിവരം അറിയിച്ചു പോലീസുകാര്‍ എസ് ഐ യോട് ശാരദ തൂങ്ങി മരിച്ച കാര്യം അറിയിച്ചു. അല്ലപ്പന്‍ ചായ്പിലേക്ക് കുതിച്ചെത്തി. തൂങ്ങി നിന്നാടുന്ന ശാരദയെ കണ്ട് അയാള്‍ പറഞ്ഞു

“നാശം.. വെറുതെ ചത്തു തൊലച്ചു കളഞ്ഞു.. പൊലയാടിച്ചി.. “

അന്ന് പകല്‍ മുഴുവന്‍ രാമനാശാരിയുടെ ചാണകം മെഴുകിയ വീടിന്റെ തിണ്ണയില്‍ മൂന്നു ശരീരങ്ങള്‍ വെറുങ്ങലിച്ചു കിടന്നു. ഇക്കരെ നാലുകാലുകളും ആടിത്തുടങ്ങിയ ഒരു കട്ടിലില്‍ കരിമ്പടത്തിനുള്ളില്‍ ശരീരമൊളിപ്പിച്ച് വറീത് പിറുപിറുത്തു “കൊല്ലണം അവനെ”

(തുടരും)

||ദിനസരികള് - 11 -2025 ഏപ്രില് 11, മനോജ് പട്ടേട്ട്||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍