കല എങ്ങനെയാണ് ഉരുത്തിരിഞ്ഞു വരുന്നത് എന്നന്വേഷിക്കാന്‍ എനിക്ക് എക്കാലത്തും കൌതുകമുണ്ട്. എറിയാന്‍ കിട്ടിയ ഒരു കല്ലിന്റെ ഏതെങ്കിലും ഒരു വശത്തിന് മൂര്‍ച്ച കൂട്ടുവാന്‍ ശ്രമിച്ച ആ ആദ്യമനുഷ്യന്റെ മിനുക്കല്‍ കലയുടെ തുടക്കമാണെന്നുതന്നെ കരുതാം. കൂടുണ്ടാക്കുന്ന പക്ഷിമൃഗാദികളില്‍ പക്ഷേ സൌന്ദര്യാത്മകതയല്ല ഉപയോഗക്ഷമതയാണ് മുന്തിനില്ക്കുക. കൂടുകളില്‍ മിന്നാമിനുങ്ങിനേയും മറ്റും വെച്ച് അലങ്കരിക്കുന്ന ചില സന്ദര്യാരാധകന്മാരുണ്ട്. എന്നാല്‍ നൈസര്‍ഗ്ഗികമായ അത്തരം  വാസനകളെ പരിപോഷിപ്പിക്കുവാനോ കൂടുതലായി ചമത്കരിക്കുവാനോ മനുഷ്യനൊഴിച്ചുള്ള ജന്തുജാലങ്ങള്‍ക്ക് കഴിവില്ല. മനുഷ്യനാകട്ടെ , ഉണ്ടാക്കപ്പെട്ടതില്‍ നിന്നും കൂടുതല്‍ക്കൂടുതല്‍ പരിഷ്കാരങ്ങളെ അന്വേഷിക്കുകയും നിത്യോപയോഗ വസ്തുവകകള്‍ പോലും സൌന്ദര്യാത്മകമായിരിക്കാന്‍ നിഷ്ഠ വെയ്ക്കുകയും ചെയ്യുന്നു.

          ആദ്യഘട്ടങ്ങളില്‍ കൈയ്യില്‍ കിട്ടിയ ഒരു വടി ചെത്തിയുരുട്ടി എടുക്കാനും മാംസം കുത്തിക്കീറിയെടുക്കാന്‍ പാകത്തില്‍ ഒരു കല്ലുകത്തിയുണ്ടാക്കിയെടുക്കാനുമൊക്കെയുള്ള കലയെ മനുഷ്യന് ആവശ്യമുണ്ടായിരുന്നുള്ളു.  ശുദ്ധകലയുടെ തുടക്കം ഒരു പക്ഷേ ഈ മനോഹരമാക്കലുകളില്‍‍ നിന്നും ആരംഭിക്കുന്നുവെന്ന് പറയാം. ആസ്ത്രലിയയിലെ അല്‍ട്ടാമിര ഗുഹകളിലൊന്നില്‍ വരയ്ക്കപ്പെട്ട ഒരു കാളക്കൂറ്റന്‍ പക്ഷേ , കേവലം ജീവിതോപാധികളിലെ മിനുക്കലുകളില്‍ നിന്നും വെട്ടിത്തിരിയുന്ന ഒന്നാണ്. അത് വരയ്ക്കുമ്പോള്‍ ആ ചിത്രകാരന്റെ മനസ്സിലെന്തായിരിക്കും എന്ന് ആലോചിച്ചു നോക്കുക. മോണോലിസ വരയ്ക്കുമ്പോള്‍ ഡാവിഞ്ചിയും ഗൂര്‍ണിക്ക വരയ്ക്കുമ്പോള്‍ പിക്കാസോയും അനുഭവിച്ച ആനന്ദാതിരേകങ്ങളില്‍ നിന്നും ഒട്ടും കുറവുണ്ടാകില്ല ആ ഗുഹാമനുഷ്യനും എന്ന കാര്യത്തില്‍ സംശയമില്ല.

          അപ്പോള്‍ ആനന്ദമാണ് കലയുടെ കാതല്‍ എന്നുവരുന്നു. താനനുഭവിച്ച ആനന്ദത്തിന്റെ പങ്കുപറ്റാന്‍ സ്രഷ്ടാവ് അനുവാചകനേയും കൂടെക്കൂട്ടുന്നു. എന്നുമാത്രവുമല്ല , എഴുത്തുകാരന്‍ അഥവാ കലാകാരന്‍ എന്ന നിലയില്‍ താന്‍ അനുഭവിച്ച അതേ അളവില്‍ തന്നെ ഈ ആനന്ദത്തെ പകുത്തുകൊടുക്കുവാനും സ്രഷ്ടാവ് വാശിയോടെ പരിശ്രമിക്കുന്നു. അതെത്രമാത്രം വിജയിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാണ് ഒരു വ്യക്തി ഉത്പാദിപ്പിച്ച കല ഒരുപാട് വ്യക്തികളിലേക്ക് സ്വാധീനമായി പടരാനുള്ള സാധ്യത വര്‍ദ്ധിക്കുന്നത്. അതായത് സമാനമനസ്കരുടെ ഒരു വൃത്തം എത്രമാത്രം വിപുലപ്പെടുത്താന്‍ കഴിയുമോ അത്രമാത്രം കലാകാരന്‍ വെന്നിക്കൊടി പാറിക്കുന്നു.

          കേവലം ആനന്ദം മാത്രമാണോ കല? അല്ല എന്നുകൂടി പറയേണ്ടതായിട്ടുണ്ട്. വഴിയില്‍ ചവിട്ടേറ്റ് വീണുകിടക്കുന്ന ഒരുവനെ കണ്ടിട്ടും കാണാതെ പോകുകയും കണ്ടവരില്‍ ഒരാള്‍ അവനെ ഉയര്‍ത്തിയെടുത്ത് നെഞ്ചോട് ചേര്‍ക്കുന്നതും ആവിഷ്കരിക്കുമ്പോള്‍ കലാകാരന്‍ ആനന്ദം അനുഭവിക്കുന്നത് മനുഷ്യനെ തിരിച്ചറിയുന്ന മറ്റൊരു മനുഷ്യനെ കണ്ടെത്തിയതിലാണ്.  വ്യവസ്ഥകളേയും അതിന്റെ നല്ലതും തീയതുമായ വിവിധ വശങ്ങളേയും അവതരിപ്പിക്കുവാനും തിരുത്തുവാനും ആനന്ദം അനുഭവിക്കുന്നതിനോടൊപ്പം തന്നെ ശേഷിയുള്ള സ്രഷ്ടാവിന് കഴിയുകയും ചെയ്യും.

          അപ്പോള്‍ കല കേവലം കല മാത്രമല്ല, കല കേവലം മുദ്രാവാക്യസദൃശ്യവുമല്ല.

         

 

||ദിനസരികള് - 9 -2025 ഏപ്രില് 9, മനോജ് പട്ടേട്ട്||

 

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍