ഒരു പ്രണയത്തിന്റെ കഥ പറയട്ടെ.
കുറച്ചു കാലം മുമ്പാണ്. ഒരു വൈകുന്നേരം ഞങ്ങളുടെ നാട്ടിലെ സോളിഡാരിറ്റി ഗ്രന്ഥാലയത്തിന് സമീപത്തു വെച്ച് ഒരു പയ്യനെ പരിചയപ്പെട്ടു. ഏറെ നേരമായി ഒറ്റക്കിരിക്കുന്നത് കണ്ടപ്പോഴാണ് അങ്ങോട്ട് ചെന്ന് പരിചയപ്പെടാമെന്ന് കരുതിയത്. അവന്റെ കൈയ്യിലൊരു പുസ്തകം നിവര്‍ത്തിപ്പിടിച്ചിട്ടുണ്ടായിരുന്നെങ്കിലും അവനത് വായിക്കുന്നതായി തോന്നിയില്ല. മാത്രവുമല്ല ഇടയ്ക്കിടയ്ക്ക് കണ്ണുതുടക്കുന്നുമുണ്ടായിരുന്നു. ആ ഇരിപ്പില്‍ എനിക്കൊരു പന്തികേടു തോന്നി. ഉള്ളിലെ ഡിറ്റക്ടീവിനോട് മിസ്റ്റര്‍ വാട്സണ്‍ , ഫോളോ മി എന്നു നിര്‍‌ദ്ദേശിച്ചുകൊണ്ട് ഞാന്‍ പയ്യന്റെ നേരെ നടന്നു. സത്യത്തില്‍ തൊട്ടടുത്തെത്തിയപ്പോളാണ് ഞാന്‍‌ അവന്റെ നേരെയാണ് ചെല്ലുന്നത് എന്ന കാര്യം അവന്‍ ശ്രദ്ധിച്ചത് എന്നു തോന്നി. ഉടനെ ഒന്നു മുഖം തുടച്ച് അവന്‍ എന്നെ നോക്കി. ഞാന്‍ അവന്റെ അടുത്ത് തന്നെ ചെന്നിരുന്നു. അവനെ ശ്രദ്ധിക്കുന്നില്ല എന്ന മട്ടില്‍ അവന്റെ കൈയ്യിലിരുന്ന പുസ്തകം കൈനീട്ടി വാങ്ങി. അപ്പോഴേക്കും ഞാനവനെ അടിമുടി ഉഴിഞ്ഞിരുന്നു. നല്ല സുമുഖനായ ഒരാള്‍. മുഖം കാണാന്‍ നല്ല ഭംഗി. അവന്റെ വലതു ചെവിയില്‍ ഒരു കടുക്കനുമുണ്ടായിരുന്നു. പുസ്തകം ആവിലായിലെ സൂര്യോദയമാണ്. ഞാന്‍ വെറുതെ ചോദിച്ചു

വായിച്ചു കഴിഞ്ഞോ ?”
ഇല്ല
എന്താ പേര് ?”
അവന്‍ പേരു പറഞ്ഞു
എവിടെയാ സ്ഥലം ?”
സ്ഥലവും പറഞ്ഞു
അദ്ദേഹത്തിന്റെ മറ്റു നോവലുകള്‍ വായിച്ചിട്ടുണ്ടോ എന്നു ചോദിച്ചുകൊണ്ട് നേരെ മുകന്ദനിലേക്ക് ഞാനൊരു വഴി വെട്ടി. ദൈവത്തിന്റെ വികൃതികളും മയ്യഴിപ്പുഴയുടെ തീരങ്ങളുമൊക്കെ വായിച്ചിട്ടുണ്ട്. സംഭാഷണം പയ്യന്‍ നല്ലൊരു വായനക്കാരനാണെന്ന് തെളിയിച്ചു. ഞാന്‍ വെറുതെ ഇടിച്ചു കയറിച്ചെന്ന് അവന്റെ അന്തരീക്ഷത്തെ കലക്കുവാനാണ് ശ്രമിച്ചതെങ്കിലും അതിന്റെ ഈര്‍ഷ്യയൊന്നും മുഖത്തുകാണിക്കാതെ അവന്‍ എന്നോട് സംസാരിച്ചു. എ അയ്യപ്പന്റെ കവിതകളെ അവന് ആവോളം ഇഷ്ടമാണെന്ന കാര്യവും സംസാരത്തിനിടയില്‍ വ്യക്തമാക്കപ്പെട്ടു. പൊതുവേ ഞങ്ങളുടെ ഇടയില്‍ ഒരു സൌഹൃദം വളര്‍ന്നു എന്ന തോന്നലുണ്ടായപ്പോള്‍ ഞാന്‍ ചൂണ്ടയിട്ടു. ഞാന്‍ പതിയെ ചോദിച്ചു “എന്താടാ നിനക്കൊരു വിഷമം ?”

അവന്‍ പറഞ്ഞത് നാമൊക്കെ ധാരാളമായി കേട്ടിട്ടുള്ളതൊക്കെ തന്നെയാണ്. കാമുകിയാല്‍ ഉപേക്ഷിക്കപ്പെട്ടവന്റെ കഥ. കഥ പറയാന്‍ തുടങ്ങിയ അതേ നിമിഷം തന്നെ അവന്‍ കരച്ചിലും ആരംഭിച്ചിരുന്നു. അവള്‍ക്കു വേണ്ടി അവന്‍ വാങ്ങിച്ചു കൊടുത്ത സാധനങ്ങളുടേയും മറ്റും കണക്കുകള്‍! എഴുതിയ കത്തുകളിലെ പഞ്ചാരമൊഴികള്‍ ! കാപ്പിക്കടയിലും സായാഹ്നനിരത്തുകളിലും അലഞ്ഞു നടന്നു ഹൃദയം കൈമാറിയ നിമിഷങ്ങള്‍ ! പിന്നീട് അവനെ ഉപേക്ഷിച്ച് മറ്റൊരാളെ സ്വീകരിക്കുന്ന കാമിനി ! അങ്ങനെ പ്രണയത്തെക്കുറിച്ച് ഏകദേശ ധാരണയുള്ള ആര്‍ക്കും ഊഹിക്കാവുന്ന അതിസാധാരണമായ സംഭവങ്ങള്‍‌കൊണ്ട് കെട്ടിപ്പൊക്കിയ ഒരു സ്വപ്നക്കൂടാരം മാത്രമായിരുന്നു അവന്റെ പ്രണയവും. എന്നാല്‍ നമുക്കത് നിസ്സാരമായ കഥയായി തോന്നുമെങ്കിലും അവന് അതത്ര നിസ്സാരമല്ല. ഈ കഥയില്‍ അവനെ ഉപേക്ഷിച്ച് അവന്റെ ആത്മാര്‍ത്ഥ സ്നേഹിതനെത്തന്നെ പ്രേമിക്കാന്‍ തുടങ്ങിയെന്നൊരു ചെറിയ അത്ഭുതം ഒരു പക്ഷേ നമുക്ക് “ഫീലുചെയ്തേക്കാമെന്നുമാത്രം ! പക്ഷേ അവന്‍ വല്ലാതെ തകര്‍ന്ന അവസ്ഥയിലാണ്. കരച്ചില്‍ നില്ക്കുന്നില്ല. ഒന്നും അവന്റെ മനസ്സില്‍ നിന്നും പോകുന്നില്ല. അവളുടെ പിരിയല്‍ അവനെ അത്രമാത്രം തളര്‍ത്തിക്കളഞ്ഞിരിക്കുന്നു.

നമുക്കൊരു ചായ കുടിച്ചാലോ? ഞാന്‍ പതിയെ അവന്റെ മനസ്സു മാറ്റാന്‍ ശ്രമിച്ചു
വേണ്ട ചേട്ടാ എന്നു പറഞ്ഞെങ്കിലും എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവന്‍ വരാമെന്ന് സമ്മതിച്ചു. മാത്രവുമല്ല വൈകുന്നേരമായിക്കഴിഞ്ഞാല്‍ ആ ഭാഗത്തൊന്നും ആരുമുണ്ടാകില്ലെന്നും ആളൊരല്പം ഭാവജീവിയാണെന്നും എനിക്ക് ബോധ്യപ്പെട്ടതുകൊണ്ട് അവനെ ഒറ്റയ്ക്കു വിട്ടുപോകാന്‍ മനസ്സു സമ്മതിച്ചുമില്ല. അങ്ങനെ എന്റെ ബൈക്കില്‍ കയറി ഞങ്ങള്‍ മാനന്തവാടിക്കാരുടെ ആസ്ഥാന കാപ്പിക്കടയായ ഇന്ത്യന്‍ കോഫീ ഹൌസിലേക്ക് എത്തി.

കാപ്പി കുടിച്ചുകൊണ്ടിരുന്നപ്പോള്‍ ഞാന്‍ അവനോട് കുറച്ചു സംസാരിച്ചു. പ്രതിസന്ധികളെ നേരിടാത്ത ജീവിതമില്ല. നമ്മള്‍ അതിനുമുന്നില്‍ നിവര്‍ന്നു നില്ക്കണം. നിന്നെ തോല്പിക്കാന്‍ ശ്രമിച്ചവരുടെ മുന്നില്‍ തല ഉയര്‍ത്തിപ്പിടിച്ചു ജീവിക്കണം എന്നെല്ലാം ഞാനവനെ ഉപദേശിച്ചു. കുറേ നേരം സംസാരിച്ച് അവനെ ഒട്ടൊന്ന് ശാന്തനാക്കിയാണ് – ശാന്തനായി എന്നെനിക്ക് തോന്നി അവനെ ഞാന്‍ പോകാന്‍ അനുവദിച്ചത്.

പിന്നീട് ഏറെക്കാലത്തിന് ശേഷം ഞാനവനെ വീണ്ടും കണ്ടു. ഒറ്റനോട്ടത്തില്‍ എനിക്ക് ആളെ മനസ്സിലായില്ലെങ്കിലും ഒരു സംശയം തോന്നി വീണ്ടും നോക്കി. മുറുക്കാന്‍ കറ പിടിച്ച് കറുത്തുപോയ പല്ലുകളും ജട പിടിച്ച് കുരുങ്ങിക്കിടക്കുന്ന മുടിയും കീറി മുഷിഞ്ഞുപോയ കുപ്പായവുമായി അവന്‍ ! വലതു കാതില്‍ കടുക്കന്‍ ഇപ്പോഴുമുണ്ട്. അതെ അവന്‍ തന്നെ ! ഒരു മനുഷ്യനെ കണ്ട വേദനയില്‍ ഞാനവനെ കുറച്ചു നേരം നോക്കി നിന്നു. പിന്നെ അവന്‍ എന്നെ കാണാതിരിക്കുവാനായി തിരിഞ്ഞു നടന്നു.

|| #ദിനസരികള് – 157 - 2025 സെപ്റ്റംബര് 27 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്