എന്റെ അമ്മയുടെ അമ്മ - ഞങ്ങള്‍ അവരെ അമ്മച്ചി എന്നാണ് വിളിച്ചിരുന്നത് - മരിക്കുമ്പോള്‍ എനിക്ക് പതിനൊന്നു വയസ്സായിരുന്നു. ഏച്ചോത്തായിരുന്നു അച്ഛന്റെ തറവാട്. പത്താംക്ലാസുവരെയുള്ള സ്കൂള്‍ പഠന കാലത്ത് ഒരു വര്‍ഷം മാത്രം ചില കാരണങ്ങളാല്‍ എനിക്ക് തറവാട്ടില്‍ നിന്നു പഠിക്കേണ്ട ഒരു സാഹചര്യമുണ്ടായി. അമ്മച്ചിയുടെ മരണം നടക്കുന്ന ആ കാലത്താണ്. ആ ദിവസം പക്ഷേ ഇന്നും എനിക്ക് വിശദീകരിക്കാനാകാത്ത ചില കാരണങ്ങളാല്‍ മറക്കാനാകാത്ത ഒരു ദിവസമാണ്. ഒരു പക്ഷേ മനസ്സ് എന്ന പിടികിട്ടാപ്പുള്ളിയുടെ മാന്ത്രികതയെ ഞാന്‍ നേരിട്ട് അനുഭവിച്ച ഒരു ദിവസം കൂടിയാണ് അന്ന് എന്ന കാര്യം പ്രത്യേകം സൂചിപ്പിക്കട്ടെ! ഇതു വായിച്ചിട്ട് ഏതെങ്കിലും തരത്തിലുള്ള അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുവാന്‍ സഹായിക്കുന്നതാണ് ഈ എഴുത്ത് എന്ന വിമര്‍‌ശനം ഞാന്‍‌ മുന്‍ കൂട്ടി കാണുന്നു. എന്നാല്‍ അത്തരത്തിലുള്ള ഒരു ദുരുദ്ദേശവും എനിക്കില്ല എന്ന് ആദ്യം തന്നെ സൂചിപ്പിക്കട്ടെ !

           

            അന്ന് നല്ല മഴയുള്ള ഒരു രാത്രിയായിരുന്നു. എട്ടുമണിയാകുമ്പോഴേ പൊതുവേ കിടക്കുന്ന ഒരു ശീലമായിരുന്നു അവിടെ എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.അന്നും പതിവുപോലെ എല്ലാവരും നേരത്തെ കിടന്നു. ഞാന്‍ ചിറ്റയുടെ കട്ടിലിനു താഴെ ഒരു പായ വിരിച്ചാണ് കിടക്കാറുള്ളത്. കിടക്കുന്നപാടെ ഉറങ്ങുന്ന ശീലമായിരുന്നു എനിക്കുണ്ടായിരുന്നത്. പകല്‍ മുഴുവന്‍ നീണ്ടു നില്ക്കുന്ന കളികള്‍ ഏല്പിക്കുന്ന ക്ഷീണം അത്തരത്തിലൊരു ഉറക്കത്തിന് എനിക്ക് ഏറെ സഹായകമായിരുന്നു. എന്നാല്‍ അന്ന് ആ പതിവുതെറ്റി. കിടന്നിട്ട് ഏറെ നേരം കഴിഞ്ഞിട്ടും എനിക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. പൊതുവേ തറവാടിനെ ചുറ്റിപ്പറ്റി ധാരാളം പ്രേതകഥകള്‍ പ്രചാരണത്തിലുണ്ടായിരുന്നു. രാത്രി പതിനൊന്നു മണി കഴിഞ്ഞാല്‍ സ്ത്രീകള്‍ കുളിക്കുന്നതിന്റേയും അലക്കുന്നതിന്റേയുമൊക്കെ ശബ്ദം കേള്‍ക്കാം എന്നും വാതിലില്‍ വന്നു മുട്ടി നോക്കുമെന്നുമൊക്കെയുള്ള കഥകള്‍ അക്കൂട്ടത്തില്‍ ധാരാളമുണ്ടായിരുന്നു. മുട്ടു കേള്‍ക്കുമ്പോള്‍ നാം അറിയാതെ ചെന്ന് വാതില്‍ തുറക്കുമത്രേ അങ്ങനെ തുറക്കുന്ന സമയത്ത് അവര്‍ നമ്മളെ കുളക്കടവിലേക്ക് കൂട്ടിക്കൊണ്ടുപോകുമെന്നും അവിടെ വെച്ച് അവര്‍ നമ്മളെ കൊന്ന് ചോര കുടിക്കുമെന്നുമൊക്കെയുള്ള കഥകള്‍ കേട്ടിട്ടുള്ളത് എനിക്ക് ഓര്‍മ്മ വന്നു. തറവാട്ടിലെ ഒരമ്മാവനെ അത്തരത്തില്‍ കൊന്ന കഥയും അക്കാലത്ത്  പ്രചാരത്തിലുണ്ടായിരുന്നു.

           

            അങ്ങനെ ഉറക്കം വരാതെ കേട്ട കഥകളൊക്കെയോര്‍ത്ത് ഒരു പാടു നേരം ഞാന്‍ ഉണര്‍ന്നു കിടന്നു. പുറത്ത് മഴ നല്ല ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും കിടന്ന ഞാന്‍ അവസാനം പേടിച്ച് കരയാന്‍ തുടങ്ങി. അങ്ങനെ  എത്ര നേരം കഴിച്ചു കൂട്ടി എന്നറിയില്ല , എപ്പോഴോ ഉറങ്ങി എന്നുമാത്രം അറിയാം. ഉണരുന്നത് പുറത്തു നിന്നുള്ള സംസാരം കേട്ടാണ്. രാത്രി പുലര്‍ന്നിട്ടില്ല. എന്നാല്‍ പുറത്ത് ആരൊക്കെയോ വന്നിട്ടുണ്ട്. ഞാന്‍ തല പൊന്തിച്ചു നോക്കുന്നത് കണ്ട ചിറ്റ എന്നെ സ്നേഹത്തോടെ വിളിച്ചു

"മനൂ... (അങ്ങനെയാണ് എന്നെ വീട്ടില്‍ വിളിക്കുക ) എഴുന്നേല്ക്ക് .. "

ഞാന്‍ ഉറക്കച്ചടവോടെ ചിറ്റയെ നോക്കി

ഇവിടുന്ന് ഈ ചേട്ടന്മാര് വീട്ടിലേക്ക് പോകുന്നുണ്ട്... നീയും കൂടെ പൊയ്ക്കോ...  വീട്ടിലേയ്ക്ക് എന്നു കേട്ടതുകൊണ്ട് ഞാന്‍ കൂടുതലൊന്നും ചോദിച്ചില്ല. ചാടിയെഴുന്നേറ്റു. ചിറ്റ അപ്പോഴേക്കും കാപ്പിയും ചൂടു പുട്ടും ഉണ്ടാക്കിയിട്ടുണ്ടായിരുന്നു. പുറത്തു വന്നവര്‍ക്കും എനിക്കും അവര്‍ അതു പങ്കിട്ടു. ഒരല്പ നേരത്തിനുള്ളില്‍ ഒരു ജീപ്പില്‍ ഞങ്ങള്‍ എന്റെ വീട്ടിലേക്ക് പുറപ്പെട്ടു. അന്ന് ഏറ്റവും സാധാരണയായ വാഹനം ജീപ്പായിരുന്നു.  മഴയത്തുകൂടിയുള്ള ആ യാത്ര സത്യത്തില്‍ എനിക്കത്ര രസകരമായി തോന്നിയില്ല. കൂടെ വന്ന ആരുടെയോ മടിയില്‍ കിടന്ന് ഞാന്‍ സുഖമായി ഉറങ്ങി എന്നതാണ് വാസ്തവം.

            എത്രയോ നേരം കഴിഞ്ഞാണ് കണ്ണു തുറന്നത്. അപ്പോഴേക്കും എന്റെ സ്വന്തം വീടിന്റെ സമീപത്തേക്ക് വണ്ടി എത്തിയിട്ടുണ്ടായിരുന്നു. കൂടെ വന്നവര്‍ എന്നെ സ്നേഹത്തോടെ പിടിച്ചിറക്കി. അവരിലൊരാള്‍ എന്നെ ഒരു കുടക്കീഴിലേക്ക് നീക്കി നിറുത്തി. ഞാന്‍ എന്റെ വീട്ടിലേക്ക് നോക്കി. വീടിനു ചുറ്റും നല്ല വെളിച്ചം. രണ്ടോ അതിലധികമോ പെട്രോള്‍ മാക്സുകള്‍ കത്തുന്നുണ്ട്. ചുറ്റും ഒരുപാടാളുകളുണ്ട്. കൂടെ വന്നവര്‍  എന്നെ വീട്ടിലേക്ക് നടത്തി.

         

          നാടകീയത മാറ്റി വെയ്ക്കട്ടെ. വീടിനുള്ളിലേക്ക് കടന്ന ഞാന്‍ കണ്ടത് കത്തി നില്ക്കുന്ന ഒരു നിലവിളക്കാണ്. മുറിയിലെ ഇരുട്ടുമായി ഒരല്പം പഴകിയപ്പോള്‍ വെള്ള പുതച്ചു കിടക്കുന്ന അമ്മച്ചിയെ കണ്ടു. ഞാന്‍ ചുറ്റിനും നോക്കി. ഞാന്‍ അമ്മയെ കണ്ടു. അമ്മ എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്നു. ഞാന്‍ അമ്മയുടെ അടുത്തു ചെന്നു. അമ്മ എന്നെപ്പിടിച്ച് അരികിലേക്ക് ഇരുത്തി.

                  

ആ സമയത്താണ് എന്റെ ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒരു ഗന്ധം എന്നെ പൊതിയുന്നതായി തോന്നിയത്.  മുറുക്കുന്നവര്‍ അടുത്തു വരുമ്പോള്‍ വെറ്റിലയും പുകയിലയും ഒക്കെച്ചേര്‍ന്ന് ഒരു രസകരമായ ഗന്ധമുണ്ടാകില്ലേ ? എന്റെ അമ്മച്ചി അടുത്തു വരുമ്പോള്‍ അത്തരമൊരു ഗന്ധം ചുറ്റിലും പരക്കുമായിരുന്നു. പല്ലില്ലാത്തതുകൊണ്ട് അവര്‍ക്ക് ചവയ്ക്കാനാവില്ല. എന്റെ ഓര്‍മ്മയില്‍ അമ്മച്ചിക്ക് ഒരൊറ്റ പല്ലേ ഉണ്ടായിരുന്നുള്ളു. അത് മേലെ മോണയില്‍ നിന്നു തുടങ്ങി താഴെ ചുണ്ടിന്റെ പകുതി കടന്നു നില്ക്കുന്ന ഒരു നീളന്‍ പല്ലായിരുന്നു. വേറെ പല്ലുകളൊന്നുമില്ലാത്തതുകൊണ്ട് അമ്മച്ചി മുറുക്കുന്നത് ഇടിച്ചു കൂട്ടിയാണ്. മരത്തിന്റെ ഒരു ചതുരക്കഷണത്തില്‍ ആശാരിയെക്കൊണ്ട് ഒരു രണ്ടിഞ്ച് വലുപ്പത്തില്‍ ഒരു കുഴിയുണ്ടാക്കിയ്ക്കും. വെറ്റിലയും അടയ്ക്കയും ചുണ്ണാമ്പുമൊക്കെ ചേര്‍ത്ത് അതിലിട്ട് എന്തെങ്കിലും ഇരുമ്പുകൊണ്ട് നന്നായി ഇടിച്ചാണ് അമ്മച്ചി മുറുക്കാന്‍ തയ്യാറാക്കിയിരുന്നത്.  ചിലപ്പോഴെല്ലാം അടുത്തു നില്ക്കുന്ന എന്റെ വായിലേക്കും ഇത്തിരി മുറുക്കാന്‍ വെച്ചു തരുമായിരുന്നു. അതുകൊണ്ട് അമ്മച്ചി വരുമ്പോള്‍ മുറുക്കാന്റെ ഒരു പ്രത്യേക ഗന്ധം ചുറ്റും പരക്കും. എന്നാല്‍  ആ സമയത്ത് അതെങ്ങനെ അവിടെ വന്നുവെന്ന് എനിക്കറിയില്ല. പക്ഷേ എനിക്കത് ശരിക്കും അനുഭവപ്പെട്ടു. അമ്മച്ചി അടുത്തു വന്നിരിക്കുന്ന പോലൊരു തോന്നല്‍.

 

പിറ്റേന്ന് ഉച്ചയോടെ അമ്മച്ചിയെ ചിതയിലേക്ക് എടുത്തു. വീടിന്റെ തെക്കുവശത്തായിരുന്നു ചിത ഒരുക്കിയിരുന്നത്. മുറ്റത്തിന്റെ അടുത്തു നിന്ന സാമാന്യം വലിയൊരു മാവു വെട്ടിയായിരുന്നു അമ്മച്ചിയെ ദഹിപ്പിച്ചത്. ചുവന്ന പട്ടില്‍ മൂടിയ അവരുടെ ശരീരത്തിനു മുകളിലേക്ക് മാവിന്റെ വലിയ കഷണങ്ങള്‍ പെറുക്കി വെയ്ക്കുന്നത് നോക്കി ഞാന്‍ ഈറന്‍ തോര്‍ത്തുമുടുത്ത് അടുത്തു നില്ക്കുന്നുണ്ടായിരുന്നു. എല്ലാം കഴിഞ്ഞ് അവരുടെ ചിതയ്ക്ക് തീകൊളുത്തി ശേഷം നാട്ടുകാരെ ഏല്പിച്ച് ഞങ്ങള്‍ വീട്ടിലേക്ക് മടങ്ങി. അവരുടെ ചിത വേഗം കത്തിത്തീര്‍‌ന്നെന്ന് പിന്നീട് ആരൊക്കെയോ പറയുന്നതുകേട്ടു.  ജീവിതത്തിന്റെ വേനലില്‍ ഒരുപാട് ഉണങ്ങി പച്ച ഒട്ടും തന്നെയില്ലാത്തതുകൊണ്ടാകണം അത്രവേഗം കത്തിയമര്‍ന്നത് എന്നാണ് പിന്നീട് ഞാന്‍ അതേക്കുറിച്ച് ആലോചിച്ചത്.

 

അന്നുമുതല്‍ ഇടക്കിടയ്ക്ക് കുറേ കാലത്തേക്ക് അമ്മച്ചിയുടെ ഗന്ധം പലപ്പോഴും എനിക്കു ചുറ്റും പടരുന്നതായി അനുഭവപ്പെട്ടിരുന്നു. അത്രമേല്‍ സ്നേഹിക്കയാല്‍ എന്നല്ലാതെ മറ്റെന്തു പറയാന്‍ ?

 

|| #ദിനസരികള് 156 - 2025 സെപ്റ്റംബര് 24 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്