"അറിയുമോ ? "

            ഫേസ് ബുക്കിന്റെ അഗാധതലങ്ങളിലൂടെ വെറുതെ ഒഴുകി നടക്കുകയായിരുന്നു ഞാന്‍ ! അപ്പോഴാണ് പെട്ടെന്ന് ചാറ്റിലൊരു ചോദ്യം വന്നു വീണത്. ആരാണെന്ന് നോക്കി. പേരു കണ്ടപ്പോള്‍ ഞാന്‍ ജാഗരൂകനായി. ഒരു ലലനാമണിയാണ്. ചാറ്റ് ഹിസ്റ്ററി സ്വഭാവികമായും ശൂന്യം ! പ്രൊഫൈല്‍ നോക്കാമെന്ന് വെച്ചു. ലോക്ക്ഡ് ! കൊള്ളാം. ലോക്കു ചെയ്തുവെച്ച പ്രൊഫൈലുമായിട്ടാണ് കുശലാന്വേഷണം!  അപകടം ! ബുദ്ധി വികാരത്തിന് മുന്നറിയിപ്പുകൊടുത്തു. ജാഗ്രതൈ !  ചാറ്റിലേക്ക് ഒന്നുകൂടി നോക്കി. പച്ച കത്തി നില്പ്പുണ്ട്. പക്ഷേ നമുക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടില്ല. അതുകൊണ്ട് ഒന്നും മിണ്ടിയില്ല. ഇത്തിരി കഴിഞ്ഞപ്പോള്‍ വീണ്ടും ചോദ്യം വന്നു.

"മനസ്സിലായില്ലേ ?"

ഇനിയും മിണ്ടാതിരുന്നാല്‍ ഞാന്‍ ഭീരുവാണെന്ന് കരുതിയാലോ ? മിണ്ടി

"ഇല്ല , മനസ്സിലായില്ല…….."

"മനോജല്ലേ ? മനോജ് പട്ടേട്ട് ? ……….."

മനോജിന്റെ ചാറ്റില് വന്നിട്ട് മനോജല്ലേന്ന്! ഇതൊക്കെ എവിടുന്ന് വരുന്നെഡേയ് എന്നോര്‍ത്തുകൊണ്ട് സംയമനം പാലിച്ചു. ചിലപ്പോള്‍ ബിരിയാണി കിട്ടിയാലോ എന്നോര്‍ത്ത് "അതേലോ" എന്ന് സൌമ്യമായി  കീബോര്‍ഡിന് നോവാതെ ടൈപ്പു ചെയ്തു.

"നിനക്കെന്നെ മനസ്സിലായോ ? "

ഔപചാരികതയുടെ കനം ഒഴിയുന്നു. ആള്‍ നേരെ നേരെ നില്ക്കാന്‍ തീരുമാനിച്ചു എന്ന് മനസ്സിലായി. അപ്പോഴും ഞാന്‍ വഴങ്ങിയില്ല. നീ എന്നു വിളിച്ചതുകൊണ്ട് മനസ്സില്‍ വീര്‍പ്പിച്ചു വെച്ച പ്രതീക്ഷയുടെ രസമുകുളങ്ങള്‍ പൊട്ടി. എന്തായാലും എന്നെ അറിയുന്ന ആരോ ആണ് എന്നുറപ്പിച്ചു. അപ്പോള്‍ പിന്നെ ഒന്നും പ്രതീക്ഷിക്കാനില്ല . ആരാധികയല്ല . മനസ്സിന്റെ ആകാശത്തില്‍ പീലി വിരിക്കാന്‍ തുടങ്ങിയ മയിലന്റെ തലക്കൊരു കൊട്ടുകൊടുത്ത് ഓടിച്ചു വിട്ടു.

"ഇല്ല……… ആരാണെന്ന് പറയാതെ എങ്ങനെ മനസ്സിലാകാനാ……" എന്റെ കീബോര്‍ഡ് മുരണ്ടു

"ഡാ ഞാനാഡാ .............. "

അപ്പോഴും എനിക്ക് മനസ്സിലായില്ല. ഞാനൊന്നും മിണ്ടാന്‍ പോയില്ല. തുരുപ്പ് മേശപ്പുറത്ത് മലര്‍ത്തിയിടട്ടെ. വെറുതെ ഊഹിക്കേണ്ടല്ലോ എന്നു കരുതി.

"ഡാ നമ്മളൊന്നിച്ച് ----  പ്രിഡിഗ്രിയ്ക്ക് പഠിച്ചിട്ടുണ്ട്... "

" ഫ്... ഏതോ തള്ളച്ചിയാണ്. പട്ടുപോയ ഏതോ ഒരു നൂറ്റാണ്ടില്‍ നിന്നും കയറി വന്നിരിക്കുന്നു . ശല്യം എന്നോര്‍ത്തുകൊണ്ട് ഒന്നുകൂടി പ്രൊഫൈലിലേക്ക് പോയി. ഫോട്ടോ ഒന്നുകൂടി പരിശോധിച്ചു. ആളെ കിട്ടിയില്ല. വലിയ ഉന്മേഷം കാണിക്കാതെ മറുപടി കൊടുത്തു.. "ഒരുപാടായില്ലേ ... ഓര്‍മ്മ വന്നില്ല.. "

പിന്നെ ചോദ്യങ്ങളുടെ ഒരു പ്രവാഹമായിരുന്നു. കല്യാണം , കുടുംബം , കുട്ടികള്‍ , ജീവിതം , വീട് തുടങ്ങി പല അന്വേഷണങ്ങളും ചാറ്റില്‍ നിറഞ്ഞു.സമയമെടുത്ത് അധികം പ്രോത്സാഹിപ്പിക്കാതെ ഓരോന്നിനും മറുപടി കൊടുത്തു. സഹപാഠിയായിരുന്നു എന്നല്ലേ പറഞ്ഞത് ? മുഷിയ്ക്കണ്ട എന്നു കരുതി. സംസാരത്തിനിടയില്‍ സ്വന്തം സ്ഥലം പറഞ്ഞപ്പോഴാണ് എനിക്ക് ശരിക്കും ആളെ കിട്ടിയത്.  ഇത്... ഇത് അവളല്ലേ ?

            പിന്നെ അത്ഭുതം എനിക്കായിരുന്നു. "ഡീീീീീീീീീ... നീയായിരുന്നോ ... " എന്നൊരു ചോദ്യം ഞാനറിയാതെ എന്റെ വിരലുകളില്‍ പൊട്ടിപ്പുറപ്പെട്ടു. "അതുശരി അപ്പോള്‍ ഇത്ര നേരം നിനക്ക് മനസ്സിലായില്ല അല്ലേഡാ... ^%$%^$^%$^&%$^%#$@#$ " എന്നായിരുന്നു അവളുടെ മറുപടി. ആ തെറി ഞാന്‍ ചോദിച്ചു വാങ്ങിയതാണ്. രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുകയേ വഴിയുള്ളു. മറുപടികള്‍ സ്മൈലികളാല്‍ സമ്പന്നമാക്കി ചമ്മല് പുറത്തുകാണിക്കാതെ  ഞാന്‍ തിരിച്ചടിച്ചു. ആവേശം തണുത്തപ്പോള്‍ ഞാന്‍ ചോദിച്ചു

"ഡീ ഇത്ര കാലത്തിന് ശേഷം എന്നെ കണ്ടപ്പോള്‍ നിനക്ക് മനസ്സിലായോ ? "

" മനസിലാകുമായിരുന്നില്ലെഡാ... പക്ഷേ വെറുതെയിരുന്നപ്പോള്‍ ഞാന്‍ നിന്റെ പേരു വെച്ച് ഒന്നു സെര്‍ച്ചു ചെയ്ത് നോക്കിയത്. അവിചാരിതമായി കണ്ടാല്‍ മനസ്സിലാകില്ലായിരിക്കാം........ "

"ഉം... എന്നാലും എന്നെ നീ മറന്നില്ല അല്ലേ....... "

"നിന്നെ മറക്കാനോ ? നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും എന്റെ ജീവിതത്തിലില്ല. അത്ര വലിയ ചതിയല്ലേ നീ ചെയ്തത്. ? "

"ഞാനോ ? ചതിയോ ? നിന്നെയോ ? എന്താടി പറയുന്നത് ?....... " ഞാന്‍ അന്ധാളിപ്പ് മറച്ചു വെച്ചില്ല.

"ശരി നീ നമ്പര്‍ താ.... ഞാന്‍ വിളിക്കാം. " ഞാന്‍ നമ്പര്‍ കൊടുത്തു. അവള്‍ വിളിച്ചു. പിന്നെ പറഞ്ഞ കഥ അമ്പരപ്പോടെയാണ് ഞാന്‍ കേട്ടിരുന്നത്

           

            ഞങ്ങള്‍ ഒന്നിച്ചാണ് ഒന്നാം വര്‍ഷ പ്രിഡിഗ്രിക്ക് പഠനം തുടങ്ങിയത്. ക്ലാസില്‍ ഏകദേശം പത്തുനാല്പത്തഞ്ചുകുട്ടികളുണ്ടായിരുന്നു. ഒരു മൂന്നാലു മാസം കഴിഞ്ഞപ്പോഴേക്കും എന്റെ സുഹൃത്ത് - സുദീപ്  എന്നു വിളിക്കുക - സുദീപിന് ഇവളോട്  വലിയ പ്രേമം. അവള്‍ അത്യാവശ്യം വായിക്കും. കവിത ചൊല്ലും ! കാണാനും നല്ല ഭംഗിയുണ്ട്. അവന്‍ അവളെ പിടികൂടാന്‍ തന്നെ തീരുമാനിച്ചു.  എനിക്കാണെങ്കില്‍ കവിതയുടെ ബാധ കേറി നടക്കുന്ന കാലം. കേള്‍ക്കാനൊട്ടും ഇമ്പമില്ലെങ്കിലും മൂത്രമൊഴിക്കാന്‍ പോകുമ്പോള്‍ പോലും ഞാന്‍ വെറുതെ കവിത അലറും ! കൂട്ടുകാരുടെ പുസ്തകങ്ങളുടെ വശങ്ങളിലും നോട്ടുബുക്കുകളിലുമൊക്കെ ആരുടെയെങ്കിലും വരികള്‍ എന്റേതാണെന്ന നാട്യത്തില്‍ എഴുതി വെയ്ക്കും. കവിത തൊട്ടുതെറിച്ചിട്ടില്ലാത്ത അക്കൂട്ടം അത് എന്റെ സൃഷ്ടിയാണെന്ന് കരുതുകയും ചെയ്യും. അങ്ങനെ കവിതയൊക്കെ അറിയുന്ന അത്യാവശ്യം വായിക്കുന്ന ഒരാളെന്ന നിലയില്‍ സുജീഷിന്റെ ആദ്യ പ്രേമലേഖനം എഴുതിക്കൊടുക്കേണ്ട ബാധ്യത എനിക്കായിരുന്നു. ആ വെല്ലുവിളി ഞാനേറ്റെടുത്തു. അന്നത്തെ പ്രധാന ബാധയായിരുന്ന ചുള്ളിക്കാടിനെയൊക്കെ തിരുകിക്കേറ്റി ഞാനൊരു ഉഗ്രന്‍ സാധനം പടച്ചുണ്ടാക്കി.

           

            ദിവസങ്ങള്‍ കടന്നുപോകെ അവര്‍ തമ്മില്‍ കൂടുതല്‍ അടുത്തു. പ്രണയമായി. ആകെ കളറായി. അവള്‍ തിരിച്ചു കൊടുക്കുന്ന കത്തും കവിതാമയമായിരുന്നു. അവന് ആ കത്തുകളെ നേരിടാനുള്ള ശേഷിയില്ലാതിരുന്നതിനാല്‍ മറുപടി എഴുതേണ്ട ബാധ്യതയും എന്നിലായി. അങ്ങനെയങ്ങനെയങ്ങനെ ആ പ്രണയം തളിര്‍ത്തു , പൂത്തു പൂവിട്ടു. കത്തെഴുതേണ്ടി വന്നപ്പോഴൊക്കെ ആ ഉത്തരവാദിത്തം എല്ലാക്കാലത്തും എനിക്കായിരുന്നു. എന്റെ ഭാഷയെക്കുറിച്ച് അന്നും ഇന്നും എനിക്കൊരു മതിപ്പുണ്ടെന്ന കാര്യം മറച്ചു വെയ്ക്കുന്നില്ല. അതുകൊണ്ടുതന്നെ ആ കത്തുകള്‍ ഒട്ടും മോശമല്ലായിരുന്നുവെന്ന കാര്യം ഞാനിവിടെ സാക്ഷ്യപ്പെടുത്തട്ടെ ! അവളുടെ വീട്ടുകാര്‍ക്ക് കഠിനമായ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നെങ്കിലും അവസാനം അവളുടെ വാശിക്കു മുന്നി്ല്‍  മുട്ടുമടക്കി. കുറച്ചു കാലം അങ്ങനെ ചുറ്റിക്കളിച്ചു നടന്നതിനുശേഷം അവര്‍ വിവാഹിതരായി.  പിന്നെപ്പിന്നെ ഞങ്ങള്‍ തമ്മില്‍ കാണാതായി. വിവരങ്ങള്‍ അറിയാതെയായി ! കണ്ണകന്നാല്‍ മനസ്സകന്നു എന്നു പറയുന്നതുപോലെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ അവര്‍ ഓര്‍മ്മകളുടെ അടിത്തട്ടിലുള്ള ഏതോ വിതാനത്തിലേക്ക് സ്വഭാവികമായും തള്ളിമാറ്റപ്പെട്ടു.

           

            കഥ അവിടെ അവസാനിച്ചില്ല, അവള്‍ തുടര്‍ന്നു. കല്യാണം കഴിഞ്ഞതോടെ അവന്റെ സ്വഭാവമാകെ മാറിത്തുടങ്ങി. അവളുടെ വീട്ടുകാരോട് അവന് വെറുപ്പ് കൂടിക്കൂടി വന്നു. ഒരു കുഞ്ഞായതോടെ ആ വെറുപ്പ് അവളുടെ നേരെയും കാണിക്കാന്‍ തുടങ്ങി. കൊണ്ടുപിടിച്ച കള്ളുകുടി തുടങ്ങി. അവളുമായി നിത്യവും കലാപമായി. ജീവിതം ആകെ താറുമാറായി. അങ്ങനെ ഒരു വഴക്കിന്റെ ഇടയില്‍ അവള്‍ക്ക് ആ പ്രേമലേഖനങ്ങള്‍ മുഴുവനും എഴുതിയത് ഞാനാണെന്നും വെളിപ്പെടുത്തപ്പെട്ടു.  പഞ്ചാരയില്‍ പൊതിഞ്ഞ് എഴുതിക്കൂട്ടിയ മധുരവാക്കുകളൊന്നും കല്യാണത്തിനു ശേഷം കാണാനില്ലല്ലോ എന്നോ മറ്റോ അവള്‍ പറഞ്ഞപ്പോഴാണത്രേ അതൊന്നും അവനെഴുതിയതല്ല എന്ന കാര്യം അവളോട് വെളിപ്പെടുത്തുന്നത്. എല്ലാംകൊണ്ടും യുദ്ധസമാനമായ ജീവിതം അസഹനീയമായപ്പോള്‍ അവള്‍ കുട്ടികളേയും കൂട്ടി സ്വന്തം വീട്ടിലേക്ക് പോന്നു. പിന്നീട് ഗള്‍ഫിലേക്ക് പറന്നു. ഇപ്പോള്‍ അവനുമായി ഒരു തരത്തിലും കണ്ടുമുട്ടാനിടയില്ലാത്ത ദൂരത്ത് മക്കളുമായി താമസിക്കുന്നു.

 

            എല്ലാം പറഞ്ഞ് അവള്‍ ഒന്നു നിറുത്തി, പിന്നെ തുടര്‍ന്നു

"എടാ നീ എഴുതിയ ആ കത്തുകള്‍ ഇല്ലായിരുന്നുവെങ്കില്‍ ഞാന്‍ ഈ കുഴിയില്‍ ചാടുകയില്ലായിരുന്നു. ആ കത്താണ് എന്നെ വല്ലാതെ കുഴപ്പത്തിലാക്കിയത്. ആ കത്ത് വായിച്ചപ്പോള്‍ അവന് ഇത്തിരി ബോധമുണ്ടെന്ന് കരുതിപ്പോയി... ഇപ്പോഴും അവയില്‍ ചിലത് എന്റെ കൈയ്യിലുണ്ട്. നിനക്ക് കാണണോ ?"

"വേണ്ട.. " എന്തോ ചിന്തിച്ചു കൊണ്ട് ഞാന്‍ പറഞ്ഞു

"നീ ചെയ്തത് വലിയ ചതിയാ... നീ കാരണം തകര്‍ന്നത് ഞാനാ... നിന്നെ ഓര്‍മ്മിക്കാത്ത ദിവസങ്ങളില്ല.."

 

"അല്ലെഡീ.. ഇതൊക്കെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.."

"നീ കൂട്ടു നിന്നത് കള്ളത്തരത്തിനല്ലേ.. ഇല്ലാത്ത ഒരുകാര്യം ഉണ്ടാക്കാനല്ലേ നീ ശ്രമിച്ചത്.. അത് വളരെ മോശമായിപ്പോയി എന്നാണ് എന്റെ അഭിപ്രായം..."

 

ഞാനൊന്നും മിണ്ടിയില്ല. അല്ലെങ്കില്‍ സത്യത്തില്‍ ഞാന്‍ എന്തു മിണ്ടാനാണ് ? ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് നമുക്ക് അറിയില്ലല്ലോ. എന്നോ ചെയ്തുപോയ ഒരു കുറ്റത്തിലെ കൂട്ടുപ്രതിയെപ്പോലെ അവനോടൊപ്പം ഞാനും മഴയത്തു നില്ക്കുകയാണ്, ഒരു ചേമ്പിലത്തണ്ടിന്റെ തണലുപോലുമില്ലാതെ !

 

 

|| #ദിനസരികള് – 155 - 2025 സെപ്റ്റംബര് 23 മനോജ് പട്ടേട്ട് ||


Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്