ദേവസ്വം ബോര്ഡ് സംഘടിപ്പിച്ച അയ്യപ്പ സംഗമത്തിനെതിരെ പ്രതിപക്ഷ കക്ഷികളുടെ പ്രതിഷേധമുണ്ടാകുക സ്വഭാവികമാണ്. ജനങ്ങളില് സ്വാധീനമുണ്ടാക്കാനിടയുണ്ടെന്ന് കരുതുന്ന ഏതൊരു നീക്കത്തേയും തുരങ്കം വെയ്ക്കുക എന്നതാണല്ലോ കേരളത്തിലെ ഇപ്പോഴത്തെ പ്രതിപക്ഷ ചാത്തന്മാരുടെ ഒരു പ്രധാന ഹോബി . അയ്യപ്പ സംഗമത്തേയും അതുകൊണ്ടുതന്നെ അവര് വെറുതെ വിടുകയില്ല എന്ന കാര്യം ഉറപ്പാണല്ലോ. എന്നാല് അത്തരത്തിലുള്ള എല്ലാ നെറികെട്ട പ്രതിഷേധ സ്വരങ്ങളേയും തൃണവത്ഗണിച്ചുകൊണ്ട് ഇടതുപക്ഷ സര്ക്കാറും ദേവസ്വംബോര്ഡും ശബരിമലയുടെ ഭൌതിക സാഹചര്യങ്ങളെ കൂടുതല് വികസിപ്പിക്കുന്നതിനുള്ള മാര്ഗ്ഗ രേഖകള് ആരായുന്നതിന്റെ ഭാഗമായി നടത്തിയ അയ്യപ്പ സംഗമം സത്യത്തില് കേരളം ഓര്ത്തിരിക്കേണ്ട ഒരു ചരിത്രപരമായ ഇടപെടലായി മാറി.
വിശ്വാസികള് വ്യക്തിപരമായ താല്പര്യത്തിന്റെ അടിസ്ഥാനത്തില് മാത്രം വന്നുപോകുന്ന ഒരു തീര്ത്ഥാടന കേന്ദ്രത്തിന് കൂടുതല് ശ്രദ്ധയും പരിരക്ഷയും ലഭിക്കുവാന് സര്ക്കാറിന്റെ ഈ ഇടപെടലിന് കഴിഞ്ഞിട്ടുണ്ട്. അതൊടൊപ്പം വിശ്വാസികളുടെ ആവശ്യങ്ങളെ കൂടുതല് ആഴത്തില് മനസ്സിലാക്കുവാനും അതനുസരിച്ച് അധികാരികള്ക്ക് ആവശ്യമായ തീരുമാനങ്ങളെടുത്തുകൊണ്ട് കാനനവാസനെ കാണാനെത്തുന്ന പതിനായിരങ്ങള്ക്ക് ഗുണകരമായ നടപടികള് സ്വീകരിക്കാനും കഴിയും. ഇത് നടത്തുന്നത് ഒരിടതുപക്ഷ സര്ക്കാരും സര്ക്കാറിന്റെ ഉപവിഭാഗങ്ങളുമാണ് എന്നത് പ്രതിപക്ഷത്തിന് എതിര്ക്കുവാനുള്ള കാരണങ്ങളാണല്ലോ. അവര് ചിന്തിക്കുന്നത് അയ്യപ്പസംഗമം ഒരു വോട്ടന്വേഷണ പ്രക്രിയയാണ് എന്നാണ്. ഭക്തരെ സ്വാധീനിച്ച് ഇനി വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില് തങ്ങളുടെ കൂടെ നിറുത്തുവാനുള്ള തന്ത്രമാണ് എന്ന അവരുടെ ആക്ഷേപത്തെ അയ്യപ്പ സംഗമത്തിന്റെ ഉദ്ദേശശുദ്ധിയെ മനസ്സിലാക്കിയാല് കണക്കിലെടുക്കുകയില്ല. എന്നാല് പ്രതിപക്ഷത്തിന് രാഷ്ട്രീയ ലാക്കോടെയല്ലാതെ ഒന്നിനേയും നോക്കിക്കാണാന് കഴിയാത്തത്ര ഇടുങ്ങിയ മനസ്ഥിതിയാണുള്ളതെന്ന് ഗെയില് പൈപ്പു ലൈന് മുതല് വയനാട് തുരങ്കം വരെയുള്ള നിരവധി വിഷയങ്ങളില് നാം അനുഭവിച്ച് അറിഞ്ഞതാണ്. ജനങ്ങള്ക്ക് ഇത്രയും വിശ്വാസമില്ലാത്ത ഒരു പ്രതിപക്ഷത്തെ കേരളത്തിന്റെ ചരിത്രത്തില് നാം ഇതുവരെ കണ്ടിട്ടില്ല എന്നുതന്നെ പറയാം. സാധാരണ നിലയില് ഒരു സര്ക്കാര് അഞ്ചുകൊല്ലം പൂര്ത്തിയാക്കാനാകുമ്പോഴേക്കും കേരളത്തില് ഒരു ഭരണപക്ഷ വികാരം ഉണ്ടാകാറുണ്ട്. അതിന്റെ അടിസ്ഥാനത്തില് നിയമസഭയിലും രാഷ്ട്രീയ മാറ്റങ്ങള് വരാറുമുണ്ട്. എന്നാല് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സര്ക്കാര് രണ്ടാം തവണയും അധികാരത്തില് വന്ന് കാലാവധി പൂര്ത്തിയാക്കുവാന് പോകുന്ന ഈ ഘട്ടത്തിലും ഏതെങ്കിലും തരത്തിലുള്ള ഒരാരോപണം സത്യസന്ധമായി ഉന്നയിക്കുവാനും ജനങ്ങളുടെ മുന്നില് ചര്ച്ചയ്ക്ക് വെയ്ക്കുവാനും പ്രതിപക്ഷത്തിന് കഴിഞ്ഞിട്ടില്ല എന്നത് അവരുടെ കോട്ടമായിട്ടല്ല, മറിച്ച് ഇടതുപക്ഷ സര്ക്കാറിന്റെ അഴിമതി വിരുദ്ധ വികസന സമീപനത്തിനുള്ള അംഗീകാരമായിട്ടാണ് കാണേണ്ടത്. എന്നാല് പ്രതിപക്ഷം ക്രിയാത്മകമായ പ്രതിപക്ഷമാകേണ്ടതിന് പകരം എന്തിനേയും എതിര്ക്കുകയും സ്വന്തം വിശ്വാസ്യത തകര്ക്കുകയും ചെയ്തുകൊണ്ട് കേരളത്തിന്റെ മുന്നില് അപഹാസ്യരാകുന്ന കാഴ്ചയും നാം കാണുന്നു.
ഏതായാലും അയ്യപ്പ സംഗമം അതിബൃഹത്തായ ഒരു സാമൂഹിക പുനസംഘടനയ്ക്ക് നാന്ദി കുറിക്കുന്ന പ്രക്രിയയാണ്. സവര്ണ മാടമ്പിത്തരത്തിന്റെ വിലക്കുകളോട് ഏറ്റു മുട്ടി എല്ലാത്തരം ഹിന്ദുക്കള്ക്കും ക്ഷേത്രങ്ങളില് പ്രവേശനം നേടിക്കൊടുത്ത ഒരു മുന്നേറ്റത്തിന്റെ ഭാഗമായി കൂടുതല് സഹവര്ത്തിത്ത്വത്തോടെ പുലരുന്ന ഒരു സാമൂഹികാന്തരീക്ഷം സൃഷ്ടിക്കുവാന് ഈ സംഗമത്തിന് കഴിയും.
|| #ദിനസരികള് – 154 - 2025 സെപ്റ്റംബര് 22 മനോജ് പട്ടേട്ട് ||
Comments