ഇടപ്പള്ളി രാഘവന്‍ പിള്ളയുടെ മണിമുഴക്കം എന്ന കവിതയോളം സര്‍‍ഗ്ഗോന്മാദം മുറ്റി നില്ക്കുന്ന മറ്റൊരു രചന നമുക്കുണ്ടോ എന്ന് വെറുതെ ഒന്നാലോചിക്കുകയായിരുന്നു. ഉണ്ട്, ഇല്ല എന്നല്ല. പക്ഷേ മണിമുഴക്കത്തെ വേറിട്ടതാക്കുന്നത് അതൊരു മരണമൊഴികൂടിയാണ് എന്നുള്ളതുകൊണ്ടാണ്. ഇതാണ് ജീവിതത്തിന്റെ അവസാന നിമിഷം എന്ന് തീരുമാനിച്ചുറപ്പിച്ച ഒരാള്‍ , ജീവിതത്തോട് വിടപറയുന്നതിന്റെ ചൂരും ചൂടും ആ കവിത നമ്മെ അനുഭവിപ്പിക്കുന്നു. നിരാശ ബാധിച്ച് എല്ലാത്തിനോടും വിരക്തി തോന്നി വെറുതെ ഒരു കയര്‍ക്കഷണമെടുത്ത് തൂങ്ങിമരിക്കുകയായിരുന്നില്ല ഇടപ്പള്ളി. മറിച്ച് അദ്ദേഹത്തിന് ജീവിതത്തോട് , അതിന്റെ ആകസ്മിക സൌന്ദര്യങ്ങളോട് , വിഭ്രമാത്മകമായ അനുഭൂതികളോട് ഒടുങ്ങാത്ത ആസക്തിയുണ്ടായിരുന്നു എന്നതാണ് വസ്തുത. അതിലൊരല്പം വ്യത്യാസമുണ്ടായിരുന്നത് മനുഷ്യര്‍ ഇടപെടുന്ന ഇടങ്ങളോടായിരുന്നു. മറവിതന്നിൽ മറഞ്ഞു മനസ്സാലെ മരണഭേരിയടിക്കും സഖാക്കളേ! സഹതപിക്കാത്ത ലോകമേ! എന്നീ രണ്ടു സംബോധനകളും മനുഷ്യരുമായി ബന്ധപ്പെട്ട ലോകങ്ങളെ അനുസ്മരിപ്പിക്കുന്നു. അവ രണ്ടും അദ്ദേഹത്തെ സംബന്ധിച്ചാകട്ടെ , വെറുപ്പിന്റെ ഉറവിടങ്ങളുമായിരുന്നു

എന്നാല്‍
................
എന്തിലും സഹകരിക്കുന്ന ശാരദാകാശമേ!
കവനലീലയിലെന്നുറ്റതോഴരാം
കനകതൂലികേ! കാനനപ്രാന്തമേ!
മധുരമല്ലാത്തൊരെൻ മൗനഗാനത്തി
മദതരളമാം മാമരക്കൂട്ടമേ!
പിരിയുകയാണിതാ, ഞാനൊരധഃകൃതൻ
കരയുവാനായ്പിറന്നൊരു കാമുകൻ! എന്ന വരികള്‍ ഇവിടെ ജീവിച്ച് മതിവരാത്ത ഒരു മനസ്സിനെ പ്രതിഫലിപ്പിക്കുന്നു. ഒരു ഭാഗത്ത് തന്റെ ജീവിതത്തിന്റെ സൌഗ്ധികങ്ങളെ കാര്‍‌ന്നെടുക്കുന്നവര്‍ , മറുഭാഗത്ത് മധുരമൂറുന്ന രസമുകുളങ്ങളുമായി അനിതര സൌഭഗങ്ങളെ വെച്ചു നീട്ടുന്ന മോഹനങ്ങള്‍ ! അവയോടുള്ള സ്നേഹം അവസാനിച്ചുപോയിട്ടല്ല തനിക്ക് വിടപറയേണ്ടി വരുന്നത്. മറിച്ച് , മെഴുകി മോടി കലര്‍ത്തുന്ന മേടകളെ കണ്ട് വിസ്മയിച്ച് കഴലൂന്നുന്നതില്‍ ഒരല്പം പിഴവു സംഭവിച്ചു പോയിരിക്കുന്നതുകൊണ്ടാണ് പ്രണയനാടകം സ്വഭാവികമായും കവിയുടെ അഭിപ്രായത്തില്‍ - നിണമണിച്ചിലിലേക്ക് ചെന്നെത്തുന്നത്. ശ്രദ്ധിച്ച് കാലുകുത്താത്തതുകൊണ്ട് ജീവിതം വഴുതിപ്പോയിരിക്കുന്നു. അത് തന്റെ തെറ്റാണ്. ആ തെറ്റിന്റെ ശിക്ഷയാണ് ഈ ഒരു മുഴം കയര്‍ !

മലമുകളിലിഴഞ്ഞിഴഞ്ഞേറിടും
മഴമുകിലെന്നപോലെ ഞനിത്ര നാൾ
സുഖദസുന്ദര സ്വപ്നശതങ്ങൾൻ-
സുലളിതാനന്ദഗാനനിമഗ്നനായ്
പ്രതിനിമിഷം നിറഞ്ഞുതുളുമ്പിടും
പ്രണയമാധ്വീലഹരിയിൽ ലീനനായ
സ്വജനവേഷം ചമഞ്ഞവരേകിടും
സുമമനോഹരസുസ്മിതാകൃഷ്ടനായ്
അടിയുറയ്ക്കാതെ മേല്പോട്ടുയർന്നുപോ-
യലകടലിന്റെയാഴമളക്കുവാൻ! എന്ന കണ്ടെത്തല്‍ ഒരു സ്വപ്നത്തിനു പിന്നാലെ അന്ധനായി പാഞ്ഞവന്റെ സ്വഭാവികമായ പരിണതിയാണെന്ന് കവി വിശ്വസിക്കുന്നു.

ശ്രദ്ധിക്കേണ്ടത് , ആ അവസാന നിമിഷത്തിലും മറ്റൊരാള്‍ക്കുനേരെ , അഥവാ തന്നെ ത്യജിച്ചു കളഞ്ഞയാളെ പ്രതിക്കൂട്ടിലേക്ക് കയറ്റി നിറുത്തുവാന്‍ കവി തയ്യാറാകുന്നില്ലെന്നതാണ്. പക്ഷേ അങ്ങനെയാണെങ്കിലും തന്റെ പ്രണയിനിയുടെ ഭാഗം അഭിനയിച്ച നായികയുടെ മനോവിലാസം എന്തെന്ന് അദ്ദേഹം വെളിപ്പെടുത്താതിരിക്കുന്നുമില്ല.

വിവിധരീതിയിലൊറ്റനിമിഷത്തിൽ
വിഷമമാണെനിക്കാടുവാൻ, പാടുവാൻ;
നവരസങ്ങൾ്ഫുരിക്കണമൊക്കെയു-
മവരർക്കിഷ്ടമായിട്ടിരിക്കണം! ഒരു നിമിഷം നിരവധി മുഖങ്ങളാടി രസിക്കുന്ന ഒരു ജീവിതമില്ലാത്തതിന്റെ ഫലമാണ് തന്റെ പരാജയം എന്ന് കവി പറയുന്നത് , സത്യത്തില്‍ നായികയ്ക്കുള്ള കുറ്റപത്രമാണ്. എന്നാലോ അതൊരു ആക്ഷേപമായി ഉന്നയിക്കുവാന്‍ അദ്ദേഹം തയ്യാറാകുന്നില്ല എന്നത് പ്രേയസ്സിയോടുള്ള അദമ്യമായ പ്രണയത്തിന്റെ നിദര്‍ശനമാകുന്നു. ഇടപ്പള്ളിയുടെ മരണം വേദനാഭരിതമാണെങ്കിലും മലയാളത്തിന് അദ്ദേഹം സമ്മാനിച്ച ഈ കവിതയിലൂടെ കല്പാന്തകാലത്തോളം കവി ജീവിക്കുക തന്നെ ചെയ്യും.

കളരി മാറി ഞാൻ കച്ചകെട്ടാമിനി;
കളിയരങ്ങൊന്നു മാറിനോക്കാമിനി.
പ്രണയനാടകമെന്നുമിതുവിധം
നിണമണിച്ചിലിതെത്താതിരുന്നിടാ!
ഉദയമുണ്ടിനിമേലിലതെങ്കിലെ-
ന്നുദകകൃത്യങ്ങൾ ചെയ്യുവാനെത്തിടും.
സ്ഥിരതയില്ലാത്ത ലോകത്തിലെന്തിനായ്
ചിരവിഹരി ഞാൻ മേലിലും കേഴണം?
മധുരചിന്തകൾ മാഞ്ഞുപോയീടവേ,
മരണമാണിനിജ്ജീവിച്ചിരിക്കുവാൻ;
ഇരുളിലാരുമറിയാതെയെത്രനാൾ
കരളുനൊന്തു ഞാൻ കേഴുമനഗളം?
ഹൃദയമില്ലാത്ത ലോകമേ, യെന്തിനാ-
യതിനു കാരണം ചോദിപ്പൂ നീ സദാ?
പരസഹസ്രം രഹസ്യമുണ്ടെന്നുമെൻ-
പുറകിൽനിന്നിദം വിങ്ങിക്കരയുവാ
- സ്മരണയായിപ്പറന്നുവെന്നെന്നുമെൻ-
മരണശയ്യയിൽ മാന്തളി ചാത്തുവാൻ-
സമയമായി, ഞാൻ - നീളും നിഴലുകൾ
ക്ഷമയളന്നതാ നില്ക്കുന്നു നീളവേ

എന്ന് കവി പങ്കുവെയ്ക്കുന്ന സ്വപ്നത്തോടൊപ്പം ഞാനും വിരമിക്കട്ടെ !

|| #ദിനസരികള് – 157- 2025 സെപ്റ്റംബര് 25 മനോജ് പട്ടേട്ട് ||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്