പ്രിയപ്പെട്ട പത്രാധിപര്‍ക്ക്

ഞാനൊരു നോവലെഴുതി

അമ്പലക്കമ്മറ്റി പ്രസിഡന്റിനും

പൂജാരിക്കും കാണിച്ചു

കുഴപ്പമില്ലെന്ന് പറഞ്ഞു

പള്ളിക്കമ്മിറ്റി പ്രസിഡന്റിനും

ഇമാമിനും കാണിച്ചു

കുഴപ്പമില്ലെന്ന് പറഞ്ഞു

ഇടവകയിലെ വികാരിയച്ചനും

കാണിച്ചു

കുഴപ്പമില്ലെന്ന് പറഞ്ഞു

ഇനി അത് ഖണ്ഡശ്ശ : പ്രസിദ്ധീകരിക്കുമല്ലോ

ഒരു പാവം എഴുത്തുകാരന്‍ -  വര്‍ത്തമാന കേരളം എത്രമാത്രം ദയനീയമായ ഒരു ദുരവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് പി കെ പാറക്കടവിന്റെ ഈ കവിത വ്യക്തമാക്കുന്നുണ്ട്. ഇടം വലം തിരിയാന്‍ കഴിയാത്ത വിധത്തില്‍ മതാത്മക സംഘടനങ്ങള്‍ സാമൂഹിക ബോധത്തിനു മുകളില്‍ വെന്നിക്കൊടി നാട്ടിയിരിക്കുന്നതിനെ കവിയ്ക്ക് ശ്രദ്ധേയമായി അവതരിപ്പിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന് നന്ദി പറയുക

 

          അക്ഷരം പഠിക്കുന്നതിനും എഴുതുന്നതിനും അനുവാദമില്ലാതിരുന്ന ഒരു കാലത്തു നിന്നും ഇന്ന് രാജ്യത്ത് ഏറ്റവുമധികം സാക്ഷരത സമ്പാദിച്ച ഒരു സംസ്ഥാനമായി കേരളം മാറിയതിനു പിന്നില്‍ ഒരു രണ്ടു നൂറ്റാണ്ടുകാലത്തെ പ്രയത്നമുണ്ട്. നമ്മുടെ നവോത്ഥാന മുന്നേറ്റങ്ങളുടെ  പിതാവായ അയ്യാ വൈകുണ്ഠസ്വാമികള്‍ മുതല്‍ ഇന്ന് വേടന്‍ എന്ന റാപ്പര്‍ വരെയെത്തി നില്ക്കുന്ന മഹാരഥ്യകളെ അണിയിച്ചൊരുക്കുവാന്‍ ഒരുപാടാളുകളുടെ അക്ഷീണമായ പ്രയത്നസന്നാഹങ്ങളുണ്ട്. ഊരൂട്ടമ്പലം സ്കൂളില്‍ പഠിക്കാന്‍ പഞ്ചമിയെന്ന പറയി പെണ്‍കുട്ടിയെ അനുവദിക്കാതിരുന്ന സവര്‍ണമാടമ്പികളോട് മുഖാമുഖം എതിര്‍ത്തു നിന്നുകൊണ്ട് പഠിപ്പിക്കുന്നില്ലെങ്കില്‍ പാടത്ത് പണിയുമില്ല എന്ന് പ്രഖ്യാപിച്ച അയ്യങ്കാളിയുടെ ഉജ്ജ്വലമായ ഇടപെടലുകളുണ്ട്. ചാത്തനെക്കൊണ്ട് സാവിത്രിയെന്ന നമ്പൂരി സ്ത്രീയുടെ കഴുത്തില്‍ മിന്നുകെട്ടിച്ചു കൊണ്ട് ഒരു വിപ്ലവത്തിന് തിരികൊളുത്തിയ കുമാരനാശാനുണ്ട്. തീണ്ടല്‍പ്പലകകള്‍ സ്ഥാപിച്ചുകൊണ്ട് വഴി നടക്കാന്‍ പോലുമുള്ള അവകാശങ്ങളെ ലംഘിച്ചുകളഞ്ഞിരുന്ന കീഴാള ജനതയ്ക്കുവേണ്ടി കാണുന്നില്ലെന്‍ വംശത്തിന്‍ ചരിത്രം മാത്രം എന്ന് വിലപിച്ച പൊയ്കയില്‍ ഗുരുദേവനുണ്ട്. മുലക്കരത്തിനുവേണ്ടി തമ്പ്രാക്കന്മാരുടെ ഗൂണ്ടകള്‍ സമീപിച്ചപ്പോള്‍ സ്വന്തം മുലതന്നെ അറുത്തെടുത്ത് ഒരു തുശനിലയില്‍ സമ്മാനിച്ച ചണ്ഡാളബാലികയുണ്ട് !     മലയപ്പുലയന്‍ വെച്ച വാഴ പാകമായപ്പോള്‍ കുലവെട്ടിയെടുത്തവരോട് ഇതിനെല്ലാം പ്രതികാരം ചെയ്യാതങ്ങുമോ പതിതരേ നിങ്ങളുടെ പിന്‍മുറക്കാര്‍ എന്ന് തട്ടിയുണര്‍ത്തിയ ചങ്ങമ്പുഴയുണ്ട്. ബിഷപ്പ് കുണ്ടുകളവും കൂട്ടരും ഉയര്‍ത്തിയ പ്രതിരോധങ്ങളെത്തുടര്‍ന്ന് നിരോധിക്കപ്പെട്ടുവെങ്കിലും സഭയ്ക്ക് ആറാം തിരുമുറിവ് സമ്മാനിച്ച പി ജെ ആന്റണിയുണ്ട്. നിങ്ങളുടെ തിട്ടൂരങ്ങള്‍ക്കു മുന്നില്‍ തലകുന്നിക്കുന്നതിനെക്കാളും ചത്തുകിടക്കാന്‍ തെമ്മാടിക്കുഴിയാണ് നല്ലതെന്ന് ഉറപ്പിച്ചു പറഞ്ഞ പൊന്‍കുന്നം വര്‍ക്കിയുണ്ട്. നാളതുവരെ പ്രാര്‍ത്ഥിച്ചിട്ടും കനിയാതിരുന്ന ഭഗവതിയുടെ മുഖത്തേക്ക് കാറിത്തുപ്പിക്കൊണ്ട് കലി പ്രകടിപ്പിച്ച എം ടിയുടെ വെളിച്ചപ്പാടുണ്ട്. ഖുറാന്‍ മലയാളീകരിച്ചുവെന്ന കുറ്റത്തിനെത്തുടര്‍ന്ന് ഒരിക്കലും കണ്ടെടുക്കാനാകാത്ത മതമൌലികവാദികള്‍ ഒടുക്കിക്കളഞ്ഞ ചേകന്നൂര്‍ മൌലവിയുണ്ട് ! അങ്ങനെ എത്രയെത്രെയാളുകള്‍ , പ്രതിഭാധനര്‍ !

           

തങ്ങളുടെ ജീവിതം തൃണവല്‍ഗണിച്ചുകൊണ്ട് ഇനി വരാനിരിക്കുന്ന ജനതയെങ്കിലും ആത്മാഭിമാനത്തോടെ ജീവിക്കട്ടെ എന്നു ചിന്തിച്ച പൂര്‍വ്വികരുടെ ഐതിഹാസികമായ ത്യാഗങ്ങളുടേയും ഇടപെടലുകളുടേയും ആകെത്തുകയാണ് നാം ഇപ്പോള്‍ അനുഭവിക്കുന്ന ഈ സ്വാതന്ത്ര്യമെന്ന് മറന്നുകൂടാത്തതാണ്. ആ സ്വാതന്ത്ര്യത്തിന് മുകളിലാണ് മുമ്പെങ്ങുമില്ലാത്ത വിധത്തില്‍ മതവെറിയന്മാര്‍ തങ്ങളുടെ കാളകൂട ചിന്തകളെക്കൊണ്ട് ചങ്ങലപ്പൂട്ടുകളുണ്ടാക്കുവാന്‍ ശ്രമിക്കുന്നത്. എഴുത്തിനെ നിരോധിച്ചും നിയന്ത്രിച്ചും കൊണ്ട് ഒരിക്കല്‍ നമ്മുടെ പിതാക്കന്മാര്‍ കുടഞ്ഞെറിഞ്ഞുകളഞ്ഞ ഇരുണ്ടകാലത്തിലേക്ക് നമ്മെ വീണ്ടും ആനയിക്കാനുള്ള ശ്രമങ്ങളെ നിസംഗതയോടെ നോക്കിയിരിക്കരുത്.

 

എഴുത്താണോ കഴുത്താണോ വേണ്ടത് എന്ന ചോദ്യത്തിനു മുന്നില്‍ എഴുത്ത് എഴുത്ത് എന്ന് പ്രതികരിക്കാനുള്ള പ്രഭാവം നാം പ്രകടിപ്പിക്കുക തന്നെ വേണം.         

 

 

|| #ദിനസരികള്‍ - 90 -2025 ജൂലൈ 04 , മനോജ് പട്ടേട്ട് ||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍