ജമാ അത്തെ ഇസ്ലാമി വര്‍ഗ്ഗീയ സംഘടനയാണോ എന്ന് ഇ എം എസിനോട് ചിന്ത വാരികയിലെ ചോദ്യോത്തര പംക്തിയിലൂടെ സി കെ അബ്ദുല്‍ അസീസ് ചോദിക്കുന്നത് 1984 ല്‍ ആണ്.ആ ചോദ്യം ഒരു പക്ഷേ ഉത്തരത്തിനോളം തന്നെ പ്രധാനപ്പെട്ടതായതുകൊണ്ട് പകര്‍ത്തട്ടെ :- " മനുഷ്യന്‍ മനുഷ്യന് അടിമപ്പെടേണ്ടവനല്ലെന്നും മനുഷ്യരെല്ലാം തുല്യരാണെന്നും ഇസ്ലാം പഠിപ്പിക്കുന്നുണ്ടെന്നും ബുദ്ധിപൂര്‍വ്വമായ സത്യാന്വേഷണത്തിലൂടെയുള്ള സ്വതന്ത്രചിന്തയും ജനാധിപത്യബോധവും ഇസ്ലാമിന്റെ ലക്ഷ്യമാണെന്നും ജമായത്തെ ഇസ്ലാമി പറയുന്നു.സാഹചര്യമനുസരിച്ച് മാററാവുന്നതല്ല മാനുഷിക മൂല്യങ്ങളെന്നാണ് ജമായത്ത് വിശ്വസിക്കുന്നതെന്നും ജനാധിപത്യത്തിന്റെ കാര്യത്തില്‍ ജമായത്തിന്റെ അടുത്തു നില്ക്കാന്‍ സെക്യുലര്‍ പാര്‍ട്ടികളൊന്നും ഇനിയും വളര്‍ന്നിട്ടില്ലെന്നുമാണ് അവരുടെ അഭിപ്രായം.ഇത്തരം പുരോഗമനപരമായ നിലപാടുകളാണ് ജമായത്തെ ഇസ്ലാമിയ്ക്ക് ഉള്ളതെങ്കില്‍ അവരെ വര്‍ഗ്ഗീയ സംഘടനകളായി മുദ്രയടിക്കാമോ ?"
വര്‍ഗ്ഗീയ സംഘടന എന്നാല്‍ എന്താണ് എന്ന് നിര്‍വചിച്ചുകൊണ്ടും അതെങ്ങനെ ജമായത്തിന് ഇണങ്ങുന്നുവെന്ന് വിശദമാക്കിയുമാണ് ഇ എം എസ് ഉത്തരം പറയുന്നത്. ജാതിമത പരിഗണനകള്‍ക്ക് അതീതമായി ജനങ്ങളെ പൊതുവില്‍ സ്വാതന്ത്ര്യം ജനാധിപത്യം സോഷ്യലിസം എന്നീ ലക്ഷ്യങ്ങളെ മുന്‍നിറുത്തി സംഘടിപ്പിക്കാനാണ് മതേതര പാര്‍ട്ടികള്‍ ശ്രമിക്കുന്നതെങ്കില്‍ ഓരോ ജാതിയില്‍ അല്ലെങ്കില്‍ മതവിഭാഗങ്ങളില്‍ പെട്ടവരെ മറ്റുള്ളവരില്‍ നിന്നും അകറ്റി നിറുത്തി അവരെ മാത്രം സംഘടിപ്പിക്കുന്നതിനെയാണ് ജാതി മത രാഷ്ട്രീയം അല്ലെങ്കില്‍ വര്‍ഗീയത എന്ന് പറയുന്നത്. ഈ അര്‍ത്ഥത്തില്‍ ജമായത്തെ ഇസ്ലാമി ഒരു വര്‍ഗ്ഗീയ പാര്‍ട്ടി തന്നെയാണ്.
ലോകത്തുള്ള മറ്റെല്ലാ മതങ്ങളെക്കാളും വിശ്വാസങ്ങളെക്കാളും ശ്രേഷ്ഠമാണ് ഇസ്ലാമെന്നും അത് ലോകത്താകമാനം പരത്തുകയാണ് സാമൂഹിക നന്മയ്ക്ക് ആവശ്യം എന്നുമാണ് ജമായത്തെ ഇസ്ലാമി ചിന്തിക്കുന്നത്. ആ ചിന്ത അംഗീകരിക്കാത്തവര്‍ നികൃഷ്ടരാണ്, കാഫിറുകളാണ്. ഒരു ജനാധിപത്യ സമൂഹത്തില്‍ , ഒട്ടധികം മതജാതി വിശ്വാസങ്ങള്‍ ഇടകലര്‍ന്ന് പെരുമാറുന്ന ഒരിടത്ത് , ഒരു വിശ്വാസം മാത്രമാണ് ശരി എന്ന് ആരു പറഞ്ഞാലും അത് വര്‍ഗ്ഗീയതയാണ്. ഇന്ത്യയില്‍ പൊതുവേ ഹിന്ദുത്വവാദികളും അവരുടെ ബി ടീമായി പ്രവര്‍ത്തിക്കുന്ന ഇസ്ലാം മതതീവ്രവാദികളും വര്‍ഗ്ഗീയ കക്ഷികള്‍ തന്നെയാണ് എന്ന കാര്യത്തില്‍ ഇനിയും സംശയിക്കേണ്ടതില്ലല്ലോ. മനുഷ്യര്‍ക്കിടയിലുള്ള തുല്യതയാണ് ഇസ്ലാമിന്റെ വിശ്വാസപ്രമാണങ്ങള്‍ക്ക് കേന്ദ്രമായി നില്ക്കുന്നതെന്ന് പറയുന്നണ്ടല്ലോ ? "ഈ തുല്യത എത്ര വലിയ ഭോഷ്കാണെന്ന് ഇസ്ലാം മതവിശ്വാസികള്‍ക്ക് ഭുരിപക്ഷമുളളതും ഇസ്ലാമിക വിശ്വാസമനുസരിച്ച് ഭരണം നടത്തുന്നുവെന്ന് അവകാശപ്പെടുന്നതുമായ രാജ്യങ്ങളില്‍ നടക്കുന്നത് എന്താണെന്ന് പരിശോധിച്ചാല്‍ വ്യക്ത"മാകുമെന്ന് ഇ എം എസ് ചൂണ്ടിക്കാട്ടുന്നു. കൂടാതെ ഇസ്ലാമിക രാജ്യങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായ പാകിസ്താനിലെ ഇസ്ലാമിക സമത്വത്തേയും മാനുഷിക മൂല്യങ്ങളേയും ഇ എം എസ് ചര്‍ച്ചയ്ക്കെടുക്കുന്നുണ്ട്. തങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള പ്രദേശങ്ങളില്‍പ്പോലും സമത്വവും സാഹോദര്യവും നടപ്പിലാക്കാന്‍ കഴിയാത്തവര്‍ എങ്ങനെയാണ് ഒരു ബഹുമത ബഹുസ്വര സമൂഹത്തില്‍ പ്രവര്‍ത്തിക്കുക ?
ഇ എം എസിന്റെ മറുപടി വായിച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് തോന്നിയത് ഏറ്റവും മോശം ജനാധിപത്യ മതേതര പാര്‍ട്ടിയെക്കാള്‍ മോശമായിരിക്കും ഏറ്റവും ഉയര്‍ന്നതെന്ന് അവര്‍ കരുതുന്ന ജമായത്തെ ഇസ്ലാമി എന്നാണ്.
||ദിനസരികള് - 87 -2025 ജൂലൈ 01 , മനോജ് പട്ടേട്ട് ||
Comments