ഇന്ന് എനിക്കേറെ പ്രിയപ്പെട്ട
എഴുത്തുകാരന്‍ ഒ വി വിജയന്‍റെ ജന്മദിനമാണ്. അതോര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ഏതു
പുസ്തകമാണ് ഞാന്‍ ആദ്യമായി വായിച്ചത് എന്ന് വെറുതെ ആലോചിച്ചുനോക്കി. കാലപ്പഴക്കണം
പരിഗണിക്കുകയാണെങ്കില്‍ തീര്‍ച്ചയായും ഖസാക്കിന്റെ ഇതിഹാസം എന്നാകണം ഉത്തരം കാരണം
ഇതിഹാസം വരുന്നത് 1969 ലാണ്. അതും കഴിഞ്ഞ് പതിനാറു കൊല്ലത്തിനു ശേഷമാണ്
അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവല്‍ ധര്‍മ്മപുരാണം പുറത്തുവരുന്നത്. 1985 ല്‍ ഒരു
പക്ഷേ ഞാന്‍ മലയാളം കൂട്ടിവായിക്കാന്‍ പഠിച്ചിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ 1969
1985 എന്നൊക്കെ പറയുന്നത് എന്നെ സംബന്ധിച്ച് വായനയുടെ ദിശാസൂചിയൊന്നുമല്ല. കാരണം
വായിക്കാന്‍ പഠിച്ചതിനുശേഷം വേണമല്ലോ പുസ്തകം കൈയ്യിലെടുക്കാന്‍. നന്നായി കൂട്ടി
വായിക്കാന്‍ തുടങ്ങിയപ്പോള്‍ ഖസാക്കും ധര്‍മ്മപുരാണവുമൊന്നുമല്ല കൈയ്യില്‍
കിട്ടിയത്. മനോരമയും മംഗളവും മറ്റും മറ്റുമാണ്. അത് കിട്ടിയിത് നന്നായി. മാത്യുമറ്റത്തിന്റേയും ബാറ്റണ്‍ബോസിന്റേയും
കോട്ടയം പുഷ്പനാഥിന്റേയും ജോസി വാഗമറ്റത്തിന്റേയും മറ്റും നോവലുകള്‍ തുടര്‍ച്ചയായ
വായനക്ക് പ്രേരിപ്പിച്ചു. അവര്‍ക്ക് നന്ദി.
വായന
നന്നായി തുടങ്ങിയപ്പോള്‍ ആദ്യമായി കേട്ട വിജയന്റെ പുസ്തകം ധര്‍മ്മപുരാണമാണ്. അതില്‍
വായനയെ സഹായിക്കുന്ന ഘടകങ്ങള്‍ ഉണ്ട് എന്ന് എവിടെ നിന്നോ കിട്ടിയ വിവരമാണ് ആ
പുസ്തകത്തിലേക്ക് എന്നെ എത്തിച്ചത്. അത് മിക്കവാറും എട്ടിലോ ഒമ്പതിലോ വെച്ച്
ആയിരിക്കണമെന്ന് തോന്നുന്നു. സ്കൂള്‍ ലൈബ്രറിയില്‍
പുസ്തകമുണ്ടായിരിക്കാനിടയുണ്ടെങ്കിലും ‘അത്തര’മൊരു പുസ്തകം ലൈബ്രേറിയന്‍ മാഷിന്റെ മുന്നിലൂടെ
എടുത്തുകൊണ്ടുപോരുന്നതിന് മടി തോന്നി. അങ്ങനെ പുസ്തകം കിട്ടാതെ
വിഷമിച്ചിരിക്കുമ്പോഴാണ് എന്റെയൊരു സുഹൃത്തിന്റെ വീട്ടില്‍ പുസ്തകമുണ്ടെന്ന വിവരം
കിട്ടുന്നത്. അവന്റെ അച്ഛന്‍ എന്തോ ഉദ്യോഗസ്ഥനാണ്. അദ്ദേഹത്തിന്റെ കൈവശം
പുസ്തകമുണ്ട്. പക്ഷേ കൂട്ടുകാരന് എടുക്കാന്‍ ഭയം. അവസാനം രണ്ടുബാലരമയും ഒരു
പൂമ്പാറ്റയും ഫ്രീയായി കൊടുത്തിട്ടാണ് അവന്‍ ആ പുസ്തകം എടുത്തുകൊണ്ടുതന്നത്.
സ്ഥലരാശിയുടെ
ഇരുള്‍പ്പരപ്പിലെവിടെയോ അസാധാരണമായ നക്ഷത്രങ്ങളുദിച്ചു എന്നു തുടങ്ങുന്ന
നക്ഷത്രങ്ങള്‍ എന്ന ആമുഖ അധ്യായമൊക്കെ ഒട്ടും തന്നെ രസനീയമായി തോന്നിയില്ല. ഓ
ഇതിലത്രയ്ക്ക് രസമില്ലല്ലോ എന്ന നിരാശയിലാണ് അധ്യായം രണ്ടിലേക്ക്
എത്തുന്നത്.തുടക്കം തന്നെ രസദ്യോതകമാണ്. “ പ്രജാപതിയ്ക്ക്
തൂറാന്‍ മുട്ടി” ആ പ്രയോഗം ഒരുപാട് പ്രതീക്ഷകളെയാണ്
ഒറ്റയടിക്ക് തട്ടിയുണര്‍ത്തിയത്. വായന വേഗത്തിലായി. പക്ഷേ സിദ്ധാര്‍ത്ഥന്‍ എന്ന
അടുത്ത അധ്യായം നിരാശ നിറഞ്ഞതായിരുന്നു. ആ പേജുകള്‍ മറിച്ചുകളഞ്ഞ് അടുത്ത
അധ്യാത്തിലേക്ക് ഊളിയിട്ടു. അങ്ങനെ വായിക്കാതെ വിട്ടും പല വട്ടം വായിച്ചും പുസ്തകം
പൂര്‍ത്തിയാക്കി. രസനിഷ്യന്ദികളായ ചില അധ്യായങ്ങള്‍ വീണ്ടും വീണ്ടും
വായിച്ചു. പൊന്‍പ്രതിമയായ ലാവണ്യ
ഉടുപുടവയുരിഞ്ഞ് നിറഞ്ഞു നില്ക്കുന്നതും പോരാ പോരാ നാളില്‍ നാളില്‍
ദൂരെദൂരമുയരട്ടെ എന്ന പാട്ടും തുടകള്‍ കൂട്ടിയുരിഞ്ഞ് തീപിടിക്കുന്ന
അപ്സരസ്സുകളുമൊക്കെ അങ്ങനെ വായനയുടെ നിത്യസ്രവന്തികളായ ഊര്‍ജ്ജപ്രവാഹിനിമാരായി.
പിന്നീട്
ഏറെക്കാലത്തിനുശേഷം ആ പുസ്തകം വായിച്ചപ്പോള്‍ ചെറുപ്പത്തില്‍ വായിച്ച രസങ്ങളെ കണ്ടെത്താനായില്ല.
പകരം കണ്ടതാകട്ടെ , ആഭാസ രാഷ്ട്രീയങ്ങളെ , അധികാര സ്ഥാനങ്ങളെ കടുത്ത ഭാഷയില്‍ നേരിട്ടെതിര്‍ക്കുന്ന
മഹത്തായ സമരസന്നാഹത്തെയാണ്. എഴുത്തിനെ ഭാഷയെ ചിന്തകളെ എക്കാലത്തും ജ്വലിപ്പിച്ചു നിറുത്തിയ
, നിറുത്തിയ ആ മഹാമനുഷ്യന് സ്മരണാഞ്ജലികള്‍ !
||ദിനസരികള് - 88 -2025 ജൂലൈ 02 , മനോജ്
പട്ടേട്ട് ||
Comments