-----------------------------------------------------
||വൈക്കം മുഹമ്മദ് ബഷീര്‍ : അവിശ്വാസിയുടെ അവകാശങ്ങള്‍||
-----------------------------------------------------
** ഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയെ മുന്‍നിറുത്തി നാം , മനുഷ്യര്‍ , എന്തുകൊണ്ടാണ് സഹജീവികളോട് കരുണയുള്ളവരായിരിക്കേണ്ടതെന്ന് ആലോചിക്കുന്ന ഒരു കുറിപ്പ് രണ്ടായിരത്തിപ്പത്തൊന്‍പതില്‍ ഞാന്‍ എഴുതിയിട്ടുണ്ട്. വൈക്കം മുഹമ്മദ് ബഷീറിന്റെ ഭൂമിയുടെ അവകാശികള്‍ എന്ന കഥയില്‍ നാം അതുവരെ പരിചയപ്പെടാതിരുന്ന ഒരു പുതിയ പാരിസ്ഥിതികാവബോധത്തെ സൃഷ്ടിച്ചെടുക്കാനുള്ള വ്യഗ്രത കാണാം. പ്രപഞ്ചത്തിലെ സര്‍വ്വ ജീവജാലങ്ങളും സൃഷ്ടിക്കപ്പെട്ടത് സ്രഷ്ടാവായ പടച്ചോന്റെ കൈകള്‍ കൊണ്ടാണെന്നും അതുകൊണ്ടു അവയെല്ലാംതന്നെ ഇവിടെ ജീവിക്കുവാന്‍ അര്‍ഹതയുള്ളവരാണെന്നും ആരെങ്കിലും സ്വന്തം താല്പര്യങ്ങള്‍‍‌ക്കോ സുഖസൌകര്യങ്ങള്‍‌ക്കോ വേണ്ടി ഇതരപ്രാണികളെ കൊന്നൊടുക്കിയാല്‍ അത് ദൈവനിന്ദയും അക്ഷന്തവ്യമായ അപരാധവുമായിരിക്കുമെന്നുമുള്ള ദര്‍ശനത്തെയാണ് ഈ കഥ അടിവരയിട്ട് അവതരിപ്പിച്ചെടുക്കുന്നത്. കരിക്കു തുരന്നു തിന്നുന്ന ശല്യക്കാരായ കടവാവലുകളെ വെടിവെക്കാന്‍ പോയവരെ, വാവലുകള്‍ തങ്ങളുടെ ആത്മാക്കളാണെന്നു പറഞ്ഞു തടഞ്ഞവരെ മുന്‍നിറുത്തി കഥ ബഷീര്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്. –“മറക്കരുത്. വാവലുകള്‍ ആരുടേയും പൂര്‍വ്വികന്മാരുടെ ആത്മാക്കളല്ല. അന്ധവിശ്വാസം ഭ്രാന്തു പോലെയാക്കി മനുഷ്യരെ കൊല്ലാതിരിക്കുക. കടവാതിലുകളെന്ന വാവലുകള്‍ ദൈവം തമ്പുരാന്റെ കോടാനുകോടി സൃഷ്ടികളില്‍ പറക്കുന്ന ജീവികളാണ്. കരിക്കു നശിക്കട്ടെ, തേങ്ങ നശിക്കട്ടെ, സാരമില്ല ബാക്കി കിട്ടുന്നതു മതി. ദൈവസൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളില്‍ വാവലുകള്‍ക്കും അവകാശമുണ്ട്. ദൈവം തമ്പുരാന്‍ സൃഷ്ടിയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ കല്പിച്ചുകൊടുത്ത പുരാതനപുരാതനമായ അവകാശം. ഓര്‍ക്കുക, ജീവികളായ സര്‍വ്വ ജീവികളും ഭൂമിയുടെ അവകാശികള്‍. മംഗളം.


ഇവിടെ നമുക്ക് മനസിലാകുന്നത് , പ്രപഞ്ചത്തിലെ കതിരും പതിരും ദൈവസൃഷ്ടികള്‍ തന്നെയാകയാല്‍ അവരെ നാം കരുണയോടെ ജീവിക്കുവാനും പെറ്റുപുലരുവാനും അനുവദിക്കണം എന്നാണ്. ഇവിടംമുതലാണ് ബഷീറിന്റെ നിലപാടിനെ പ്രശ്നവത്കരിക്കുവാനുള്ള ശ്രമം ഞാന്‍ നടത്തിയത്. അതായത് , ദൈവത്തിന്റെ സൃഷ്ടിയായതുകൊണ്ടുമാത്രം നാം സഹജീവികളെ പുലരാന്‍ അനുവദിച്ചാല്‍ മതിയോ ? അന്ന് ഞാനെഴുതി :- ബഷീറിന്റെ പ്രകൃതി സ്നേഹം പ്രകൃതിയോടുള്ള ശുദ്ധമായ സ്നേഹത്തിന്റെ ബഹിര്‍സ്ഫുരണമല്ല, മറിച്ച് സര്‍വ്വതിനേയും പടച്ചവനോടുള്ള പ്രതിബദ്ധതയുടെ പ്രതികരണമാണ്. ഇത് കേവലം യാന്ത്രികവും പ്രകൃതിയോടുള്ള യഥാര്‍ത്ഥ സ്നേഹത്തിന്റെ വിപരീതവുമാണ്. ദൈവമുള്ളതുകൊണ്ടും അദ്ദേഹത്തിന്റെ സൃഷ്ടിയാണ് ഇവിടുത്തെ ജീവസഹസ്രങ്ങളെന്നതുകൊണ്ടും ആ ദൈവത്തോടുള്ള സ്നേഹവും വിധേയത്വവും പ്രകടിപ്പിക്കാന്‍ സൃഷ്ടികളേയും സ്നേഹിക്കുക എന്നതാണ് ബഷീര്‍ മുന്നോട്ടു വെയ്ക്കുന്ന കാഴ്ചപ്പാട്. ഇത് കൃത്രിമമാണ്.ബഷീറിനെപ്പോലെയൊരു മഹാനായ മനുഷ്യസ്നേഹിയെ , സാഹിത്യകാരനെ വിമര്‍ശിക്കുവാന്‍ എനിക്കെന്ത് യോഗ്യത എന്നൊരു ചിന്ത ഇപ്പോഴും അപ്പോഴും എറ്റി നില്ക്കുന്നുണ്ടായിരുന്നെങ്കിലും അവിശ്വാസികള്‍ക്കും ഈ ലോകത്തില്‍ ജീവിക്കുവാന്‍ അവകാശമുണ്ടല്ലോ എന്ന ചിന്തയ്ക്ക് എന്നില്‍ പ്രാമുഖ്യം ലഭിച്ചു. അവര്‍ക്ക് സഹജീവികളെ സ്നേഹിക്കുവാന്‍ ദൈവം ഒരു കാരണമല്ല എന്നുള്ളത് ബഷീര്‍ പറഞ്ഞില്ലെങ്കില്‍ മറ്റൊരാള്‍ പറയുക തന്നെ വേണമായിരുന്നു.


ചരാചരങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് അഭൌതികമായ കാരണങ്ങള്‍ കൊണ്ടല്ല, മറിച്ച് ഭൌതികമായ കാരണങ്ങള്‍‌കൊണ്ടു തന്നെയാകണമെന്നാണ് ഇവിടെ ഞാന്‍ വ്യക്തമാക്കുവാന്‍ ശ്രമിച്ചത്. അതല്ലെങ്കില്‍ നാം ചെയ്തുകൂട്ടുന്ന ഓരോന്നിനേയും അത് ഗുണമായാലും ദോഷമായാലും ദൈവത്തിന്റെ പേരില്‍ ന്യായീകരിക്കുവാന്‍ കഴിയും. അതുകൊണ്ട് ദൈവസൃഷ്ടികളെ അക്കാരണംകൊണ്ടുതന്നെ സ്നേഹിക്കുക എന്ന ബഷീറിന്റെ പ്രകൃതി ദര്‍ശനത്തിന്റെ കൃത്രിമവും പരിമിതവുമായ വലയത്തിനുള്ളില്‍ നിന്നുകൊണ്ടല്ല, പ്രകൃതിയും അതില്‍ നിലനിന്നു പോരുന്ന എണ്ണമറ്റ ജീവജാലങ്ങളും മനുഷ്യന്റെ സഹജീവികളാണെന്നും അവയ്ക്കും ഇവിടെ ജീവിക്കാനുള്ള അവകാശമുണ്ടെന്നും പരസ്പരം കൊണ്ടും കൊടുത്തും പുലര്‍ന്നില്ലെങ്കില്‍ ഒന്നും അവശേഷിക്കയില്ലെന്നുമുള്ള ചിന്തയിലായിരുന്നു ഭൂമിയുടെ അവകാശികള്‍ എഴുതപ്പെടേണ്ടിയിരുന്നത്.


|| #ദിനസരികള്‍ - 91 -2025 ജൂലൈ 05 , മനോജ് പട്ടേട്ട് ||

ചിത്രത്തിന് കടപ്പാട്

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍