1934 ഏപ്രില്‍ ഒന്നാം തിയതിയിലെ
മാതൃഭൂമി ദിനപത്രത്തില്‍ “മതത്തിനല്ല , ചോറിനാണ്
പൊരുതേണ്ടത് “ എന്ന തലക്കെട്ടില്‍ പി കൃഷ്ണപിള്ള ഒരു കുറിപ്പ് എഴുതി.
അന്ന് അദ്ദേഹത്തിന് കേവലം ഇരുപത്തിയെട്ടു വയസ്സുമാത്രമായിരുന്നു പ്രായം. അദ്ദേഹം കുറിപ്പ് തുടങ്ങുന്നത് ഇങ്ങനെയാണ് :- “ മതം മനുഷ്യനെ മയക്കുന്ന കറുപ്പാകുന്നു എന്നു
പറഞ്ഞാല്‍ മതംകൊണ്ട് കച്ചവടം നടത്തി ഉപജീവനം കഴിക്കുന്ന മതപുരോഹിതന്മാര്‍ കോപിച്ചു
വശാകും.അവര്‍ കോപിക്കുന്നതില്‍ എനിക്ക് എനിക്ക് ഭയമില്ല. ഇന്ന് കാണുന്ന ഈ മതങ്ങള്‍
പുരോഹിതന്മാരുടേയും മുല്ലമാരുടേയും പാതിരിമാരുടേയും പൂജാരിപ്പരിഷകളുടേയും സ്വാര്‍ത്ഥപൂരണത്തിനുവേണ്ടി
സാമാന്യജനങ്ങളെ കൊള്ള ചെയ്യുവാനുള്ളതാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല” പത്തുകൊല്ലംകൂടി കഴിഞ്ഞാല്‍ ഈ കുറിപ്പിന്
ഒരു നൂറ്റാണ്ടു പൂര്‍ത്തിയാകുകയാണ്. ഇത്
എഴുതുന്ന കാലത്ത് ആ സമൂഹത്തില്‍ നിലനിന്നിരുന്ന വ്യവസ്ഥ എന്തായിരുന്നുവെന്ന്
നമുക്ക് ഊഹിക്കാം. എന്നിരുന്നാലും ഭയലേശമെന്യേ മതാധിപത്യത്തിന്റെ നെഗളിപ്പുകളോട് ,
നെറികേടുകളോട് കലഹിക്കുന്ന കൃഷ്ണപിള്ള , ഉയര്‍ത്തിപ്പിടിക്കുന്നത് തികഞ്ഞ
മനുഷ്യസ്നേഹംമാത്രമാണ്.
പണിയില്ലാതെ
നിരന്തരം പട്ടിണികിടക്കേണ്ടി വരുന്ന ഒരു ജനതയുടെ വായില്‍ ഭക്തി
കുത്തിനിറച്ചുവെച്ചുകൊടുക്കുന്ന മതപൌരോഹിത്യത്തിനോട് അദ്ദേഹത്തിന് ഒരു
മമതയുമുണ്ടായിരുന്നില്ല. പട്ടിണിപ്പാവങ്ങള്‍ക്ക് വല്ലതും വല്ലയിടത്തു നിന്നും
ചുരുങ്ങിയ തോതില്‍ ലഭിച്ചാല്‍ അതില്‍ കൈയ്യിട്ടുവാരാന്‍ ധൃതികാണിക്കുകയാണ്
മതനേതൃത്വങ്ങള്‍ ചെയ്യുന്നതെന്ന് അദ്ദേഹം തുറന്നുപറയുന്നുമുണ്ട്.” അമ്പലത്തില്‍ വെച്ച് നേര്‍ച്ച കിട്ടിയാല്‍
പുരോഹിതന്മാര്‍ക്കും ഉടമസ്ഥന്മാരുമായ സമുദായ നേതാക്കന്മാര്‍ക്കും സ്വാര്‍ത്ഥപൂരണത്തിന്
വകയായി. അങ്ങനെ അല്ല വഴിക്കുവെച്ചുതന്നെ അടികൂടിയാല്‍ മതത്തിന്റെ പേരില്‍
സംഘടനയുണ്ടാക്കി നേതൃത്വം വഹിച്ച് അതുമൂലം പോറ്റ് നിറയ്ക്കാം. അവര്‍ സാധുക്കളായ
ജനങ്ങളോട് കണ്ടില്ലേ നമ്മുടെ അമ്പലത്തിലേക്ക് കൊണ്ടുവന്നത് തല്ലിത്തകര്‍ത്തത് ? നമുക്കും സംഘടനയോടുകൂടിച്ചെന്ന് അവരുടേത്
തല്ലിത്തകര്‍ക്കണം ‘ എന്നെല്ലാം പറയാം. മതക്കറുപ്പു നീറ്റി
സാധുക്കളെ തങ്ങളുടെ അടിമകളാക്കി മയക്കാം. വയറുനിറയെ
ചോറു കിട്ടാതെ കഷ്ടപ്പെട്ടും അഥവാ പണിയില്ലാതെ ഉഴന്നും നടക്കുന്ന സാധു തൊഴിലാളികളെ
അവരെപ്പോലെതന്നെ കഷ്ടപ്പെടുന്ന മറ്റു സാധുക്കളുടെ നേരെ വിടാം. “
മതത്തിന്റെ പേരില്‍ ജനതയെ തമ്മില്‍
തല്ലിക്കുന്ന പ്രവണതകളുടെ വേരിലാണ് കൃഷ്ണപിള്ള നമ്മെ കൊണ്ടുപോയി
തൊട്ടുനിറുത്തുന്നത്. വിശപ്പുകൊണ്ടു വലയുകയാണെങ്കിലും അവനവന്റെ മതത്തിനുവേണ്ടി
വാളെടുക്കാനും വെട്ടിച്ചാകാനും മടിയില്ലാത്ത ഒരു കൂട്ടത്തെ ഒരുക്കി നിറുത്തുക
എന്നതാണ് ഇവിടെ എക്കാലത്തും മതം ചെയ്തുപോന്നിരുന്നത്. നൂറുകൊല്ലത്തിനു ശേഷവും
അദ്ദേഹം ചൂണ്ടിക്കാണിക്കുന്ന സാമൂഹിക പരിസരത്തുതന്നെയാണ് നാം ഇപ്പോഴും
നിലനിന്നുപോകുന്നത്. ഒരുപക്ഷേ ഒരിടക്കാലം കൊണ്ട് ഒരല്പം പ്രസക്തി
നഷ്ടപ്പെട്ടിരുന്നെങ്കിലും മതം, സര്‍വ്വശക്തിയുമെടുത്ത് തിരിച്ചു വന്നിരിക്കുന്ന
ഒരു സന്ദര്‍ഭമാണിതെന്ന് പറഞ്ഞാലും അതിശയോക്തിയല്ല. ഇനിയങ്ങോട്ട് കുറച്ചുകാലത്തേക്കുകൂടി
മതവും അതിന്റെ പുരോഹിതന്മാരും മഹാപ്രതാപികളായി നമുക്കിടയില്‍ വിരാജിച്ചുവെന്ന് വരാം.
എന്നാല്‍ വേരുകള്‍ ചീഞ്ഞുകൊണ്ടിരിക്കുന്ന ഒരു വന്‍മരമാണ് മതമെന്നും തന്റെ തന്നെ എല്ലാ
ഘനമാനങ്ങളോടെയും അതൊരിക്കല്‍ സ്വന്തം ജനതയുടെ മുകളിലേക്ക് അടിയിളകി വീഴും എന്നതും വെറും
പ്രതീക്ഷയല്ല, അനിവാര്യമായ ദുരന്തമാണ്.
അതുവരെ കൃഷ്ണപിള്ള പറയുന്നതുപോലെ , മതത്തിനു വേണ്ടി
പുരോഹിതന്മാരും ചോറിനുവേണ്ടി തൊഴിലാളികളും പൊരുതട്ടെ എന്നല്ലാതെ വേറെന്തു പറയാന്‍ !
||ദിനസരികള് - 89 -2025 ജൂലൈ 03 , മനോജ്
പട്ടേട്ട് ||
Comments