കേരളത്തിലെ ഇടതുയുവത അഭിമാനമാകുകയാണ്. ചരിത്രപ്രാധാന്യമുള്ള മുദ്രാവാക്യവുമായി ആര്‍ജ്ജവമുള്ള ഒരു പ്രതിരോധസമരത്തിന്റെ മുന്നണിപ്പോരാളികളായി മാറിക്കൊണ്ട് ഇന്ത്യയൊട്ടാകെ കാവിവത്കരിക്കുവാന്‍ ശ്രമിക്കുന്ന ആര്‍ എസ് എസിന്റെ , സംഘപരിവാരത്തിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് എതിരെ കനത്ത പ്രഹരമേല്പിച്ചുകൊണ്ട് , ഈ സമരം മനുഷ്യനെ മനുഷ്യനായി കാണാതെ ജാതിയുടേയും മതത്തിന്റേയും പേരില്‍ വിഭജിച്ച് അകറ്റി നിറുത്തുന്ന എല്ലാ മനുഷ്യവിരുദ്ധ പ്രവണതകളേയും റദ്ദുചെയ്യുകയാണ്. അതെ , ഈ യുവത ഇന്ത്യയുടെ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടത്തിന്റെ മുന്നണിപ്പോരാളികളാകുകയാണ്.
ആര്‍ എസ് എസ് പ്രവര്‍ത്തിക്കുന്നത് , അല്ലെങ്കില്‍ ഏതൊരു ഫാസിസ്റ്റ് ശക്തികളും പ്രവര്‍ത്തിക്കുന്നത് , അസാമാന്യമായ മെയ് വഴക്കത്തോടെയാണ്. ജനങ്ങളുടെയിടയിലേക്ക് എങ്ങനെയാണ് അവര്‍ കടന്നു വരുന്നതെന്നും തങ്ങളുടെ കൌടില്യങ്ങളെ നടപ്പാക്കിയെടുക്കുന്നതെന്നും മനസ്സിലാക്കണമെങ്കില്‍ അതിസൂക്ഷ്മമായ സാമൂഹ്യനിരീക്ഷണ പാടവം വേണം. നമ്മുടെ വലതുപക്ഷ രാഷ്ട്രീയ ഭാവനകളുടെ ഓരം ചേര്‍ന്ന് , ചിലപ്പോഴെങ്കിലും ഇടതുപക്ഷത്തിലെ ചിലരെയെങ്കിലും ഒന്ന് തഴുകിത്തലോടിയൊക്കെയാണ് അത് നമ്മുടെ സമൂഹത്തില്‍ വേരുറപ്പിക്കുക. ഇന്ത്യയില്‍ ഇത്തരത്തിലുള്ള മനുഷ്യവിരുദ്ധമായ ആശയങ്ങളെ എക്കാലത്തും പല്ലും നഖവും ഉപയോഗിച്ച് എതിര്‍ത്തു പോന്നത് കേരളത്തിലെ മതേതര മനസ്സു തന്നെയായിരുന്നു. വരാനിരിക്കുന്ന അപകടങ്ങളെ മുന്‍കൂട്ടി തിരിച്ചറിഞ്ഞ് അവര്‍ ആവശ്യമായ പ്രതിരോധങ്ങള്‍ തീര്‍ത്തു. എന്നിട്ടും ചില വിള്ളലുകളിലൂടെ , ഞാന്‍ നേരത്തെ സൂചിപ്പിച്ച വലതുരാഷ്ട്രീയ ഭാവനകളിലൂടെ അവര്‍ നമ്മുടെ നാട്ടിലും ഒട്ടധികം മനസ്സികളിലേക്ക് കടന്നു കയറി.
മതന്യൂനപക്ഷങ്ങളുടെ
ഇടതുവിരോധത്തിന്റെ പടുതകളൂടെ അടിയിലൂടെ അവര്‍ രക്ഷകരായി കടന്നുവന്നു. ഇടതുവിരോധത്തിന്റെ വലതുരാഷ്ട്രീയ
പ്രത്യയശാസ്ത്രങ്ങളുടെ പങ്കുപറ്റിയും അവര്‍ നമ്മുടെ മണ്ണിലേക്ക് വന്നു. ഈ
രണ്ടുകൂട്ടരും ഫാസിസം എന്ന മനുഷ്യത്വവിരുദ്ധമായ ശക്തിയെക്കാള്‍ ഇടതിനെ തകര്‍ക്കാന്‍
വെമ്പല്‍ കൊള്ളുന്നവരായിരുന്നു. അവര്‍ രാജ്യം വീണുപോകാന്‍ തുടങ്ങുന്ന പടുകുഴി
കാണാന്‍ കഴിവുള്ളവരായിരുന്നില്ല. താല്കാലികമായ വിജയത്തിന്റെ നനുത്ത
മധുരക്കഷണങ്ങളുടെ അരികു പറ്റി അക്കൂട്ടര്‍ മണപ്പിച്ചു നടന്നു. വരാനിരിക്കുന്ന
തലമുറയോ രാജ്യത്തിന്റെ ഭരണഘടനയോ അവര്‍ക്ക് മുഖ്യമായിരുന്നില്ല. അതുകൊണ്ടാണ്
ഫാസിസത്തിനെതിരെ , ഹിന്ദുത്വയ്ക്ക് എതിരെ അവസാനത്തെ കാഹളം മുഴങ്ങിയിരിക്കുന്ന ഈ
വേളയിലും അക്കൂട്ടര്‍ക്ക് ആര്‍ എസ് എസിനെക്കാള്‍ ഇടതുപക്ഷം ശത്രുക്കളായി
തുടരുന്നത്. ആര്‍ എസ് എസിനെക്കാള്‍ , ബി ജെ പിയെക്കാള്‍ സംഘപരിവാരശക്തികളെക്കാള്‍
പ്രതിപക്ഷ നേതാവിന് ഇടതുപക്ഷം ശത്രുക്കളായി തുടരുന്നത്.
ഇവിടെയാണ് എസ് എഫ് ഐ , ഡി വൈ എഫ് ഐ പോലെയുള്ള സംഘടനകള്‍ പ്രതിരോധം തീര്‍ത്തുകൊണ്ട് ഒരു ജനതയെ ഫാസിസത്തിന്റെ പിടിയില്‍ നിന്നും മുക്തമാക്കുവാനുള്ള ജീവന്മരണ പോരാട്ടത്തിന് നേതൃത്വം നല്കുന്നത്. ആ പോരാട്ടമാകട്ടെ , കേരളം നാളിതുവരെ പിന്തുടര്‍ന്നുപോന്നിട്ടുള്ള മാനവിക ബോധ്യങ്ങളെ വീണ്ടെടുക്കുവാനുള്ളതുമാണ്. ഈ സമരത്തെ ഏതെങ്കിലും തരത്തില്‍ ഒറ്റിക്കൊടുക്കുന്നവര്‍ ആരായാലും അവരുടെ സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകുട്ടകളില്‍ മാത്രമായിരിക്കും !
|| #ദിനസരികള് - 96 -2025 ജൂലൈ 10 , മനോജ്
പട്ടേട്ട് ||
Comments