------------------------------------------------
|| ജീവിതം – ഒന്നാം ക്ലാസ്
സ്മരണകള്‍ ||
------------------------------------------------
|| #ദിനസരികള്‍
- 94 -2025 ജൂലൈ 08 , മനോജ്
പട്ടേട്ട് ||
------------------------------------------------
വാളാട് ഗവണ്‍മെന്റ് ഹൈസ്കൂളിലാണ്
ഞാന്‍ ഒന്നാം ക്ലാസുമുതല്‍ പത്താംക്ലാസുവരെ പഠിച്ചത്. എന്നാല്‍ അതിനിടയില്‍ ഒരു
കൊല്ലം - ആറാംക്ലാസില്‍ മാത്രം - ഏച്ചോം സര്‍വ്വോദയ ഹൈസ്കൂളിലേക്ക് പോകേണ്ടിവന്നു.
ഒന്നാം ക്ലാസില്‍ ചേര്‍ന്ന ദിവസം എനിക്ക് ഇന്നും വ്യക്തമാണ്. സ്വഭാവികമായും
മഴക്കാലമാണ്. യു പി – എച്ച് എസ് ക്ലാസുകള്‍ കുറച്ചു ദൂരെയാണ്. എല്‍ പി മാത്രം
ഒറ്റക്കൊരു കെട്ടിടത്തില്‍ ഇരുമനത്തൂര്‍ - വാളാട് റോഡിന്റെ വശങ്ങളോട് ചേര്‍ന്ന്
ഓടിട്ട നാലുമുറികളിലായിരുന്നു. തൊട്ടുമുന്നില്‍ ഒരു ചെറിയ ഗ്രൌണ്ട്
അന്നുണ്ടായിരുന്നു. ഇന്നുണ്ടോ എന്നറിയില്ല. ഞാന്‍ ആ വഴിക്ക് പോയിട്ട്
ഏറെക്കാലമായി. ഇതെഴുതുമ്പോള്‍ എന്റെ സ്കൂളിലേക്ക് ഒന്ന് പോയി വരണമെന്ന് മനസ്സ്
കൊടുമ്പിരിക്കൊള്ളുന്നു. പോകണം, പോകും !
ഈ
കെട്ടിടത്തിന്റെ തൊട്ടുപന്നിലായി ഒരു കുഴി കക്കൂസ് ഉണ്ടായിരുന്നു. തൊട്ടടുത്ത
കൊല്ലമോ മറ്റോ അത് മാറ്റി എന്നാണോര്‍മ്മ. നല്ല മഴക്കാലമാകുമ്പോള്‍ ആ കക്കൂസില്‍
നിന്നും മാലിന്യം മുറ്റത്തേക്ക് ഒഴുകും ! അതിനോടൊപ്പം
വെളുത്ത നിറമുള്ള ഒരു തരം പുഴുക്കളും കാണും! രണ്ടറ്റവും
കൂര്‍ത്ത് കറുത്ത പൊട്ടുമായി ഒരു ചോറുവറ്റിനെക്കാള്‍ രണ്ടോ മൂന്നോ ഇരട്ടി
വലുപ്പത്തിലുള്ള അവറ്റയെ കാണുന്നതുതന്നെ അറപ്പായിരുന്നു. ചിലപ്പോഴെങ്കിലും പിടച്ച്
പിടച്ച് അവ ക്സാസു മുറികളിലേക്കും എത്തും. ക്ലാസുമുറികളില്‍ സ്ഥിരം അതിഥികളായി
രണ്ടു വിദ്വാന്‍മാര്‍ വേറെയുണ്ടായിരുന്നു. ഒന്ന് തോട്ടപ്പുഴു എന്ന അട്ട, മറ്റൊന്ന്
തീവണ്ടിത്തേരട്ട ! ഒട്ടുമിക്ക ദിവസങ്ങളിലും രണ്ടോ മൂന്നോ
കുട്ടികളെ അട്ട കടിക്കും. ക്ലാസില്‍ ചോര അങ്ങനെ ഒഴുകിപ്പരന്നു കിടക്കും. കാലില്‍
കയറുന്നതോ കടിക്കുന്നതോ ഒന്നും മനസ്സിലാകില്ല. എന്നാല്‍ കടി വിട്ടതിനുശേഷം ചോര
ഒഴുകുമ്പോഴാണ് അട്ട കടിച്ച കാര്യം അറിയുന്നതുതന്നെ ! അഥവാ
അവ കടിച്ചിരിക്കുന്നതു കണ്ടാല്‍ വലിച്ചു പറിച്ചെടുക്കാന്‍ പാടില്ല. പല്ല് നമ്മുടെ
ശരീരത്തില്‍ പൊട്ടിയിരിക്കും! അങ്ങനെ വന്നാല്‍പ്പിന്നെ
അസഹ്യമായ ചൊറിച്ചിലാണ്. ഒന്നുകില്‍ തീവെച്ച് പൊള്ളിക്കണം. അല്ലെങ്കില്‍
ഉപ്പുവെള്ളം ഒഴിക്കണം. തീയ്ക്കു വേണ്ടി തീപ്പെട്ടിക്കൊള്ളിയുരച്ച് അട്ടയുടെ
അടിയില്‍ കാണിക്കുകയാണ് പതിവ്. ചൂടുതട്ടി കടിവിട്ട് അവ താഴെ വീഴും. അല്ലെങ്കില്‍
മൂത്രം ഒഴിക്കും. ചിലപ്പോള്‍ എല്ലാവരുംകൂടി ഒന്നിച്ച് ഒരുത്തന്റെ കാലിലേക്ക്
അട്ടയെക്കൊല്ലാന്‍ മൂത്രം ഒഴിച്ച സന്ദര്‍ഭങ്ങളുമുണ്ടായിട്ടുണ്ട്. ചില കുട്ടികള്‍
അട്ട ധാരാളമുള്ള വഴിക്കാണ് സ്കൂളിലേക്ക് വരുന്നത്. അവര്‍ പുകയില നീരും
ഉപ്പുവെള്ളവുമൊക്കെ പുരട്ടിയിട്ടിയിട്ടായിരിക്കും വരിക. അവരെ അട്ട തൊടുകയുമില്ല.
ഒരിക്കല്‍ എന്നെ അട്ട കടിച്ചത് എന്റെ കാലുകള്‍ക്ക് ഇടയിലായിരുന്നു. മൂത്രമൊഴിക്കാന്‍
പോയപ്പോഴാണെന്ന് തോന്നുന്നു അട്ടയുടെ സാന്നിധ്യം ഞാന്‍ തിരിച്ചറിഞ്ഞത്. അട്ടയേതാ കിടുങ്ങാമണിയേതാ എന്ന്
തിരിച്ചറിയാനാവാത്ത അവസ്ഥയില്‍ ഞാന്‍ ഉച്ചത്തില്‍ കരഞ്ഞു. അന്ന് സോമന്‍ സാര്‍ വളരെ
വിഷമിച്ചാണ് അട്ടയുടെ കടി വിടുവിച്ച് എന്നെ രക്ഷപ്പെടുത്തിയത്. അഭ്യുദയാകാംക്ഷികളുടെ
പ്രത്യേകശ്രദ്ധയ്ക്ക് : അന്ന് സോമന്‍ സാര്‍ പറിച്ചു കളഞ്ഞത് അട്ടയെ തന്നെയായിരുന്നു
എന്ന് ആണയിട്ട് അറിയിച്ചുകൊള്ളുന്നു.
ഒന്നാം ക്ലാസിലെ അധ്യാപകന്‍ ഈ സോമന്‍
സാറായിരുന്നു. ഇടതുകൈയ്യില്‍ ഒരു പുസ്തകവും മുണ്ടിന്റെ ഒരു കോന്തലയുമുണ്ടാകും.
വലതുകൈയ്യില്‍ മാഷിനെപ്പോലെതന്നെ കുഞ്ഞൊരു ചൂരലും കാണും. അദ്ദേഹം സംസാരിക്കുന്നത് ചുണ്ടുകള്‍
കൊണ്ടായിരുന്നു. അതായത് മലയാളത്തിലെ മുക്കാലേ മുണ്ടാണി അക്ഷരങ്ങളും അദ്ദേഹം രണ്ടു ചുണ്ടുകള്‍
കൊണ്ട് ഉച്ചരിച്ചു. ആ ഉച്ചാരണ രീതി നിങ്ങള്‍ക്ക് മനസ്സിലാകണമെങ്കില്‍ “ഉണരുവില്‍ വേഗമുണരുവിന്‍ സ്വരഗുണമേലും ചെറു കിളിക്കിടാങ്ങളെ
“ എന്ന പദ്യം ചുണ്ടുകള്‍ മാത്രം ഉപയോഗിച്ച് പാടി
നോക്കിയാല്‍ മതി.
(ബാക്കി പിന്നീട് എപ്പോഴെങ്കിലും തുടരും )
------------------------------------------------
|| #ദിനസരികള്‍
- 94 -2025 ജൂലൈ 08 , മനോജ്
പട്ടേട്ട് ||
------------------------------------------------
Comments