------------------------------------------------
|| ജീവിതം – ഒന്നാം
ക്ലാസ് സ്മരണകള്‍ - 2 ||
------------------------------------------------
ഒരു തരം ചുവന്ന മണ്ണായിരുന്നു ഒന്നാം
ക്ലാസിരിക്കുന്ന കെട്ടിടത്തിന്റെ തറയില്‍ ഇട്ടിരുന്നത്. തറയോടുകള്‍
ഉണ്ടായിരുന്നില്ല. വേനല്‍ക്കാലത്ത് മണ്ണ് ഉണങ്ങി നല്ല ഉറപ്പോടെ കിടക്കും.എന്നാല്‍
മഴക്കാലത്ത് ഒരല്പം നനഞ്ഞാല്‍ മതി ആ ഉറപ്പെല്ലാം ചളിപിളിയാകും. അതുമാത്രമല്ല
,മറ്റൊരപകടം കൂടിയുണ്ട്. ഇത്തിരി നനഞ്ഞു കഴിഞ്ഞാല്‍ ആ മണ്ണില്‍ ചവിട്ടിയാല്‍
ഉറയ്ക്കില്ല, തെന്നിപ്പോകും ! അങ്ങനെ ഒട്ടുമിക്ക
ദിവസങ്ങളിലും വീഴും. വീണു കഴിഞ്ഞാല്‍പ്പിന്നെ ആ മണ്ണ് പെയിന്റുപോലെ കുപ്പായത്തിലും
ദേഹത്തുമൊക്കെ ഒട്ടിപ്പിടിക്കും. ശരീരത്തുനിന്നും പോയാലും കുപ്പായത്തില്‍ നിന്നും
അതു പെട്ടെന്നൊന്നും പോകില്ല. ഈ മണ്ണും
വെള്ളവും ചെളിയും തോട്ടപ്പുഴുവും ഒക്കെ ആവശ്യത്തിലേറെ
കഴപ്പങ്ങളുണ്ടാക്കിയിരുന്നതിന്റെ ഇടയിലേക്കാണ് അവന്റെ വരവ് : ആയിരം കാലുകളുമായി സാക്ഷാല്‍ തേരട്ട !
എന്റെ
വീടിനു സമീപത്തൊന്നും ഇത്രമാത്രം അട്ടകളില്ല. എനിക്ക് അവയെ കാണുന്നതുതന്നെ അന്ന് പേടിയും അറപ്പുമൊക്കെയാണ്. സ്കൂളിലും
പരിസരത്തുമൊക്കെ ഇവറ്റയാണെങ്കില്‍ ധാരാളമായിട്ടുണ്ട് താനും ! ശ്രദ്ധിക്കാതെ കാലൊന്ന് താഴ്ത്തിയാല്‍ അട്ടയെ
ചവിട്ടിപ്പോകും ! അത് പൊട്ടിക്കഴിഞ്ഞാല്‍ ഒരു പ്രത്യേക
നാറ്റമാണ്. കൂടാതെ വെളുത്ത കുഴമ്പുരൂപത്തിലുള്ള എന്തോ ഒന്ന് പുറത്തേക്ക് വരും. അത്
അറപ്പ് വര്‍ദ്ധിപ്പിക്കുകയേയുള്ളു. തേരട്ട താഴെയുണ്ടെന്ന് ഞങ്ങള്‍ കാലെല്ലാം
ബെഞ്ചിന് മുകളിലേക്ക് പൊക്കിവെച്ചിട്ടാണ് ഇരിക്കുക. ഒന്നുകില്‍
ധൈര്യശാലികളാരെങ്കിലും തോണ്ടിക്കളയുന്നതുവരെ കാത്തിരിക്കും, അല്ലെങ്കില്‍ ഞങ്ങളോട്
സഹതാപം തോന്നി അട്ട തനിയെ പുറത്തുപോകണം. തോണ്ടിക്കളയുന്നത് ഒരു
പ്രത്യേകപരിപാടിയാണ്. എന്തെങ്കിലും വടികൊണ്ടുവന്ന് അട്ടയെ തൊടും. അപ്പോളത് നമ്മള്‍
വിഷുവിനും മറ്റും കത്തിക്കുന്ന നിലച്ചക്രത്തിന്റെ രൂപത്തിലേക്ക് മാറും! അങ്ങനെ ചുരുണ്ടുകഴിഞ്ഞാല്‍ അതിനെ വടി വീശി
ശക്തിയായി ദൂരേക്ക് തെറിപ്പിക്കും. പുറത്തേക്കാണ് പോകുന്നതെങ്കില്‍ അത്
രക്ഷപ്പെടും ! മിക്കവാറും ബെഞ്ചിന്റെയോ ഡെസ്കിന്റെയോ കാലിലോ
ഭിത്തികളിലോ ഇടിച്ച് ചിതറാനാണ് സാധ്യത. ഇടക്കിടയ്ക്ക് തേരട്ടെ തോണ്ടി പെണ്‍കുട്ടികളിരിക്കുന്ന
ഇടങ്ങളിലേക്ക് എറിയും. അത് വലിയ ബഹളത്തിന് കാരണമാകും ! ബഹളം കേട്ടുവരുന്ന അധ്യാപകര്‍ ആദ്യം
കാണുന്നവനിട്ടാണ് പൊട്ടിക്കുക ! അങ്ങനേയും തല്ല്
വാങ്ങിക്കൂട്ടിയിട്ടുണ്ട് എന്ന കാര്യം അഭിമാനത്തോടെ പങ്കുവെയ്ക്കട്ടെ ! പോകെപ്പോകെ തേരട്ടയോടുള്ള എന്റെ വെറുപ്പ്
കുറഞ്ഞു കുറഞ്ഞു വന്നു. എന്നല്ല , ഇത്തിരിയൊക്കെ ഇഷ്ടം തോന്നാനും തുടങ്ങി. തൊട്ടുചുരുട്ടി
കൈകളിലെടുത്ത് പുറത്തേക്ക് കൊണ്ടുപോയി പൊട്ടിക്കാതെ പതിയെ താഴെവെച്ചു കൊടുക്കുന്ന
തരത്തില്‍ ആ ബന്ധം വളര്‍ന്നു.
സോമന്‍
സാറിന്റെ ശിക്ഷണത്തിനു പുറമേ മുണ്ട്യാടി ദാമോദരന്‍ സാറും ഞങ്ങളെ പഠിപ്പിക്കാന്‍
എത്തുമായിരുന്നു. ഒരല്പം കൂര്‍ത്തമുഖവും കട്ടിയുള്ള ചില്ലുകളുള്ള കണ്ണടയും വെറുത്ത
ഷര്‍ട്ടും മുണ്ടും ഒരു തോര്‍ത്തുമായിരുന്നു അദ്ദേഹത്തിന്റെ വേഷം ! സോമന്‍ സാറിനെക്കാള്‍ പേടി ദാമോദരന്‍
സാറിനെയായിരുന്നു. സോമന്‍ സാറിനെപ്പോലെ ദാമോദരന്‍ സാറിന് സ്വന്തമായി ചൂരലുണ്ടായിരുന്നില്ലെങ്കിലും
അദ്ദേഹം നുള്ളിന്റെ ഉസ്താദായിരുന്നു. കക്ഷത്തിനോടടുത്ത സ്ഥലങ്ങളില്‍ തള്ളിവിരലും
ചുണ്ടുവിരലും കൂട്ടിയുള്ള ആ പിടുത്തം
പലരേയും മൂത്രമൊഴിപ്പിച്ചിട്ടുണ്ട്. സത്യത്തില്‍ മാഷിനെക്കുറിച്ച് ആലോചിക്കുമ്പോള്‍
ഇന്നും ആദ്യം ഓര്‍മ്മ വരുന്നത് ആ നുള്ളിന്റെ വേദനയാണ്. സോമന്‍ സര്‍ മരിച്ചിട്ട്
കൊല്ലങ്ങളായിട്ടുണ്ട്. മുണ്ട്യാടി മാഷ് മരിച്ചത് കുറച്ചു വര്‍ഷങ്ങള്‍ക്കു മാത്രം
മുന്നേയാണ്. ഈ രണ്ടുപേരുടെ കൂടെ ലീലടീച്ചറും ഞങ്ങളെ പഠിപ്പിക്കാന്‍ ഉണ്ടായിരുന്നു.
മൂന്നുപേരും തികച്ചും വ്യത്യസ്തമായ സ്വഭാവത്തിന് ഉടമകളാണ്. ടീച്ചര്‍ ഒരു ചൂരലുമായിട്ടാണ്
നടപ്പെങ്കിലും ആരേയും അടിച്ചതായിട്ട് ഓര്‍മ്മയിലില്ല. ഈ മൂന്ന് അധ്യാപകരും കൂടി നാലാംക്ലാസായപ്പോഴേക്കും
ഞങ്ങളെ വളരെ നന്നായി എഴുതാനും വായിക്കാനും പഠിപ്പിച്ചുവെന്ന കാര്യം നന്ദിയോടെ അനുസ്മരിക്കുന്നു.
------------------------------------------------
|| #ദിനസരികള്‍
- 95 -2025 ജൂലൈ 09 , മനോജ്
പട്ടേട്ട് ||
------------------------------------------------
Comments