ക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തിയ ഗാനമേളയില്‍ വിപ്ലവഗാനം പാടി എന്നാരോപിച്ച് കോണ്‍ഗ്രസിന്റെ ഒരു നേതാവ് നല്കിയ പരാതിയില്‍ എന്തു നടപടിയെടുത്തു എന്ന് കോടതി ചോദിച്ച പാടെ ഗായകന്‍ അലോഷിയേയും ഉത്സവ കമ്മറ്റി ഭാരവാഹികളേയും പ്രതി ചേര്‍ത്ത് കേസെടുത്ത കേരള പോലീസിന്റെ തല പരിശോധിക്കുക തന്നെ വേണം. കോടതി ചോദിച്ചു എന്നൊരൊറ്റക്കാരണത്താല്‍ ഒരന്തവും കുന്തവുമില്ലാതെ കേസെടുത്ത പോലീസിന്റെ നടപടി തികച്ചും അപലപനീയമാണ്.

 

          ക്ഷേത്രങ്ങളിലെ ഉത്സവവുമായി ബന്ധപ്പെട്ട് ധാരാളം പരിപാടികള്‍ പൊതുജനങ്ങള്‍ക്കായി നമ്മുടെ നാട്ടില്‍ നടത്തി വരാറുണ്ട്. അത് നടത്തുന്നതാകട്ടെ ക്ഷേത്രത്തിലെ ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും യാതൊരു വിധത്തിലുള്ള തടസ്സങ്ങളും ഉണ്ടാക്കാതെയാണ്. ക്ഷേത്രങ്ങളില്‍ ഉത്സവാഘോഷ കമ്മറ്റികള്‍ രൂപീകരിച്ചു കൊണ്ടാണ് ഇത്തരത്തില്‍ അനുബന്ധപരിപാടികള്‍ നടത്താറുള്ളത്. പൊതുപ്രസക്തിയുള്ള നാടകങ്ങള്‍ , ഭക്തി  ഭക്ത്യേതര ഗാനമേളകള്‍ , മതേതര പരിപാടികള്‍ തുടങ്ങി തികച്ചും സാമൂഹ്യ പ്രസക്തിയുള്ള വ്യത്യസ്തമായ പരിപാടികളാണ് ഇത്തരം കമ്മറ്റികള്‍ സംഘടിപ്പിക്കാറുള്ളത്. അങ്ങനെ സംഘടിപ്പിക്കപ്പെടുന്ന പൊതുപരിപാടികളിലൊന്നായ ഗാനമേളയില്‍ ഇതരമത വിശ്വാസികളുടെ ഭക്തിഗാനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടേതായി കരുതപ്പെടുന്ന ഗാനങ്ങളുമൊക്കെ അവതരിപ്പിക്കപ്പെടാറുണ്ട്. ആര്‍ എസ് എസിന്റെ ഗണഗീതമായ പരമപവിത്രമതാമീ മണ്ണില്‍ ഭാരതാംബയെ പൂജിപ്പാന്‍ എന്ന പാട്ട് അത്തരത്തില്‍ ധാരാളമായി പാടിക്കേള്‍ക്കാറുള്ള ഒന്നാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു പാട്ട് ഇത്തരത്തിലുള്ള പൊതുപരിപാടികളില്‍ പാടിപ്പോയി എന്നതുകൊണ്ട് കേസെടുക്കുന്നുവെങ്കില്‍ അത് അസംബന്ധമാണ് എന്നേ പറയാനാകൂ. ( ഗണഗീതം പാടിയാല്‍ ഇവിടെ ഒരു കോണ്‍ഗ്രസുകാരനും പൊള്ളില്ല എന്നതുകൂടി ചേര്‍ത്തുവായിക്കുക ) കോടതി ചോദിച്ചിട്ടാണ് കേസെടുത്തത് എന്ന ന്യായം പോലീസിന് പറയാമെങ്കിലും പ്രാഥമികമായി പോലീസ് കൊടുക്കേണ്ടിയിരുന്ന മറുപടി നമ്മുടെ സാംസ്കാരിക ചരിത്രത്തില്‍ ഊന്നി നിന്നു കൊണ്ടുള്ള ഒന്നായിരിക്കണമായിരുന്നു. അതായത് ഇത്തരത്തിലുള്ള പരിപാടികളില്‍ ഇങ്ങനെ പാട്ടുകള്‍ പാടാറുണ്ടെന്നും അതില്‍ കേസെടുക്കാന്‍ മാത്രമൊന്നുമില്ലെന്നുമുള്ള മറുപടി കോടതിയ്ക്ക് ബോധ്യമായില്ലെങ്കില്‍ മാത്രം അടുത്ത നടപടിയിലേക്ക് നീങ്ങണമായിരുന്നു. അതല്ലാതെ ചാടിക്കയറി കേസെടുത്ത് കോടതിയുടെ മുമ്പില്‍ നല്ല പിള്ള ചമഞ്ഞ പോലീസിന്റെ നടപടി അശ്ലീലമായിപ്പോയി എന്ന് പറയാതെ വയ്യ.

 

          പിന്നെ നമ്മുടെ കോടതികളുടെ സാംസ്കാരിക ബോധവും പരിതാപകരമായ നിലയിലാണ് എന്ന കാര്യം പറയാതെ വയ്യ. ഈ നാടിനെ ഇത്തരത്തില്‍ മതേതര ജനാധിപത്യപരമായി നിലനിറുത്തിക്കൊണ്ടുപോകാനും ആര്‍ എസ് എസിനെപ്പോലെ ജനതയെ രണ്ടായി വിഭജിക്കുന്ന ക്ഷുദ്രശക്തികളെ തടഞ്ഞു നിറുത്താനും അമ്പലപ്പറമ്പുകളിലടക്കം അവതരിപ്പിക്കപ്പെട്ടു പോന്ന നാടകങ്ങളും ഗാനമേളകളും മറ്റും മറ്റും ഏറെ സഹായിച്ചിട്ടുണ്ട്. ഒരു പക്ഷേ ആ പ്രതിരോധ ശേഷിയെക്കൂടി തിരിച്ചറിഞ്ഞു കൊണ്ടാകണം ആര്‍ എസ് എസിന് വിടുപണിയെടുക്കുന്ന തരത്തിലുള്ള ഇടപടലുകള്‍ ഉണ്ടാകുന്നത് എന്നതുകൂടി നാം കാണാതിരുന്നു കൂട. ക്ഷേത്ര മുറ്റത്ത് ആര്‍ എസ്  എസിന് ശാഖ നടത്തുവാന്‍ തടസ്സങ്ങളില്ലാതിരിക്കുകയും ഒരു പൊതുപാരിപാടിയില്‍ ഒരു പാട്ടുപാടാന്‍ അവകാശമില്ലാതിരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പിന് നമ്മുടെ കോടതികള്‍ വഴങ്ങിക്കൊടുക്കാതിരിക്കുകയാണ് നല്ലത്.

 

          മറ്റൊരു പ്രധാനപ്പെട്ട കാര്യം , ഇന്ന് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഒരു ഗാനത്തിനാണ് തടസമുണ്ടാക്കുവാന്‍ ശ്രമിക്കുന്നതെങ്കില്‍ നാളെ അത് ഉത്സവങ്ങളുടെ മതേതര മുഖത്തിനെതിരെ തിരിയും എന്ന കാര്യം സുവ്യക്തമാണ്. അതായത് ഹൈന്ദവേതരമായ ഒന്നുംതന്നെ അവതരിപ്പിക്കപ്പെടാന്‍ അനുവദിക്കാതിരിക്കുക എന്ന തലത്തിലേക്ക് അത് വളരും. ഹിന്ദുക്കളുടെ ഉത്സവവുമായി ബന്ധപ്പെട്ട് എന്തിനാണ് കൃസ്ത്യന്‍ അഥവാ മുസ്ലിം ഭക്തിഗാനം പാടുന്നത് എന്ന ലളിതയുക്തി ഇപ്പോള്‍ തന്നെ നിലവിലുണ്ട്. അമ്പലപ്പറമ്പുകളിലെ ഭക്ഷണ കാര്യങ്ങളിലും സംഘി അനുകൂല മനസ്സുമായി ഇടപെടലുകളുണ്ടാകുന്നു. അന്യമതക്കാരായിരിക്കുന്നവരെ അകറ്റി നിറുത്തുവാനും ജനതയെ വീണ്ടും ഭിന്നിപ്പിക്കുവാനും സഹായിക്കുന്ന ഒന്നായി ഇതിന് മാറ്റിയെടുക്കാന്‍ വളരെ എളുപ്പമാണ്. അമ്പലപ്പറമ്പുകള്‍ എല്ലാ തരത്തിലുള്ള വിശ്വാസികള്‍ക്കും അവിശ്വാസികള്‍ക്കും ഒരേപോലെ തന്നെ ആസ്വാദ്യകരമായിരിക്കുന്ന സാഹചര്യത്തില്‍ നിന്നും അത് ഹിന്ദു എന്ന ഒരൊറ്റ താല്പര്യത്തിലേക്ക് കുറുക്കിയെടുക്കുവാനുള്ള സംഘപരിവാരത്തിന്റെ ശ്രമങ്ങളെ പൊതുസമൂഹം എതിര്‍ത്തു തോല്പ്പിക്കുക തന്നെ വേണം. ഒരു കമ്യൂണിസ്റ്റുകാരന്‍ "അതിക്രമിച്ച്" കടന്ന് മണിയടിച്ചതിന്റെ ഫലമായിട്ടാണ് ദളിത് ജനവിഭാഗങ്ങള്‍ക്ക് ക്ഷേത്ര പ്രവേശനം സാധ്യമായിട്ടുള്ളത് എന്നതൊരു ചരിത്ര വസ്തുതയാണ്. അതുകൊണ്ട് ഉത്സവപ്പറമ്പുകളെ മതേതരമായി , ജനാധിപത്യപരമായി നിലനിറുത്തിക്കൊണ്ടുപോകേണ്ടത് ഈ നാടിന്റെ ഒരുമ നിലനിറുത്തുവാന്‍ അനുപേക്ഷണീയമാണ്. അതുകൊണ്ട് സങ്കുചിതമായ താല്പര്യങ്ങള്‍ക്ക് ഒരധികാര സ്ഥാപനവും - അത് കോടതിയാണെങ്കിലും പോലീസാണെങ്കിലും - വഴങ്ങിക്കൊടുക്കാതിരിക്കുക എന്നതാണ് ഇക്കാലത്ത് ജനങ്ങളോട് ചെയ്യുവാനുള്ള ഒരേയൊരു കടമ. 

 

||ദിനസരികള് - 4 -2025 ഏപ്രില് 4മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍