ആര്‍ എസ് എസിന്റെ ഹിന്ദുത്വ പ്രത്യയ ശാസ്ത്രത്തില്‍ മനുസ്മൃതിക്കുള്ള പങ്ക് വളരെയേറെ പ്രധാനപ്പെട്ടതാണ്.  മനുസ്മൃതിയെ ആധാരമാക്കിയുള്ള നിയമസംഹിതയാണ് ഹിന്ദുത്വ രാജ്യത്തില്‍ നിലവില്‍ വരേണ്ടതെന്നും ഇന്ത്യന്‍ ഭരണഘടനയെ അതുകൊണ്ടുതന്നെ തള്ളിക്കളയേണ്ടതാണെന്നുമാണ് ആര്‍ എസ് എസിന്റെ പ്രഖ്യാപിത നിലപാട്. അതായത് , സംഘപരിവാരത്തിന്റെ ആശയപ്രകാരം ഒരു ഹിന്ദു രാജ്യം നിലവില്‍ വന്നാല്‍ ഇന്ന് നാം അഭിമാനപുരസ്സരം നെഞ്ചേറ്റുന്ന മൂവര്‍ണക്കൊടിയും ഭരണഘടനയുമൊക്കെ അസാധുവാക്കപ്പെടും എന്നര്‍ത്ഥം. ആര്‍ എസ് എസ് അത്ര പ്രാധാന്യത്തോടെ കാണുന്ന മനുസ്മൃതിയില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഭാഗമുണ്ട്. ആര്‍ എസ് എസ് വിഭാവനം ചെയ്യുന്ന ഹിന്ദു രാജ്യം നടപ്പിലാക്കപ്പെട്ടാല്‍ ഇതര മതവിശ്വാസികളോടുള്ള സമീപനം എന്തായിരിക്കുമെന്ന് നമുക്ക് ധാരണയുണ്ട്. എന്നാല്‍ സ്തീകളുടെ അവസ്ഥ എന്തായിരിക്കും എന്നറിയണമെങ്കില്‍ സ്ത്രീധര്‍മ്മത്തെക്കുറിച്ച് പറയുന്ന ഭാഗം ഒന്ന് വായിച്ചു നോക്കണം.

 

            മനുസ്മൃതി അഞ്ചാം അധ്യായത്തിലെ 147 മുതല്‍ 169 വരെയുള്ള ശ്ലോകങ്ങളാണ് സ്ത്രീകളുടെ ഭാഗധേയം നിര്‍ണയിക്കുന്നതിനായി മനു എഴുതി വെച്ചിരിക്കുന്നത്. ഇന്ന് നാം അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭരണത്തില്‍ കാണുന്ന ക്രമത്തിലെ പ്രാധാന്യം പോലും മനു സ്ത്രീകള്‍ക്ക് അനുവദിക്കുന്നില്ല എന്ന് ഈ ശ്ലോകങ്ങള്‍ വ്യക്തമാക്കുന്നു.

 

യത്ര നാര്യസ്തു പൂജ്യന്തേ

രമന്തേ തത്ര ദേവതാഃ

യത്രൈതാസ്തു ന പൂജ്യന്തേ

സര്വ്വാസ്തത്രാഫലാഃ ക്രിയാഃ

 

എന്നൊക്കെയുള്ള വിശാല കാഴ്ചപ്പാടുകളെ പ്രഖ്യാപിക്കുന്ന ശ്ലോകങ്ങളും മനുസ്മൃതിയിലുണ്ട് എന്ന വാദം ഉന്നയിക്കപ്പെട്ടേക്കാമെങ്കിലും അവയൊക്കെത്തന്നെയും മനു സ്ത്രീകളെ സംബന്ധിച്ച് നിര്‍‌ദ്ദേശിക്കുന്ന നിയമവ്യവസ്ഥകള്‍ക്ക് ഇളവനുവിദിക്കുന്നില്ലതന്നെ !  മാത്രവുമല്ല മുകളിലുദ്ധരിച്ചതുപോലെയുള്ള ഭംഗിവാക്കുകള്‍ക്ക് മനുവിന്റെ സ്ത്രീധര്‍മ്മത്തില്‍ ഒരു സ്ഥാനവുമില്ല. എന്നുമാത്രവുമല്ല ഒരു തരത്തിലും സ്ത്രീ സ്വതന്ത്രയല്ലെന്നും സ്വാതന്ത്ര്യമനുവദിച്ചുകൂടെന്നുമുള്ള തിട്ടൂരങ്ങള്‍ ധാരാളമായിട്ടുണ്ട് താനും. നോക്കുക

 

ബാലയാവായുവത്യാവാ

വൃദ്ധയാവാപിയോഷിതാ

ന സ്വാതന്ത്ര്യേണ കര്‍ത്തവ്യം

കിഞ്ചില്‍ക്കാര്യം ഗൃഹേഷ്വപി

 

- ( ബാല്യമായിരുന്നാലും യൌവനമായിരുന്നാലും വാര്‍ദ്ധക്യമായിരുന്നാലും സ്ത്രീകള്‍ തങ്ങളുടെ വീടുകളില്‍‌പ്പോലും തങ്ങളുടെ മനോഗതം അനുസരിച്ച് ഒരു കാര്യവും ചെയ്യരുത്. ) സ്ത്രീകളെ പൂജിക്കണമെന്ന് ആണയിടുന്നവരാണ് സ്വന്തം വീട്ടില്‍‌പ്പോലും അവരുടെ ഒരഭിപ്രായവും ഉന്നയിക്കപ്പെടരുത് എന്ന ഉഗ്രശാസനം പുറപ്പെടുവിക്കുന്നതെന്ന തമാശ പ്രത്യേകം ശ്രദ്ധിക്കുമല്ലോ !

            സ്ത്രീകളുടെ സാമൂഹ്യജീവിതം തങ്ങളുടെ ഭര്‍ത്താവിന്റെ കണ്‍മുമ്പില്‍ മാത്രമായി ഒതുക്കിയിടുന്ന മനു, ഭര്‍ത്താവ് മരിച്ചാലും പുനര്‍വ്വിവാഹമോ മറ്റേതെങ്കിലും തരത്തിലുള്ള സ്വതന്ത്ര നീക്കമോ അംഗീകരിക്കുന്നില്ല. ഭര്‍ത്താവിന്റെ മരണശേഷവും "പതിവ്രത"യായ ഭാര്യയായി തുടരുകയും അദ്ദേഹത്തിന്റെ പരലോകപ്രാപ്തിക്കുവേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് സ്ത്രീയുടെ ഏറ്റവും പ്രധാനപ്പെട്ട കടമ. എന്നാല്‍ ഭാര്യ മരിച്ചുപോയാല്‍ ഭര്‍ത്താവിന് ഉടനടി പുനര്‍വ്വിവാഹം ചെയ്യാനുള്ള അധികാരവും മനു അനുവദിച്ചിട്ടുണ്ട്. ഏത് പ്രാകൃത സമൂഹവും കരുതിയിരുന്ന പോലെ സ്ത്രീ കേവലം ഉപഭോഗവസ്തു മാത്രമാണെന്നും പുരുഷന്റെ കീഴെ മാത്രം കിടക്കാനുള്ളവളാണെന്നുമുള്ള സങ്കല്പം തന്നെയാണ് മനുവും തന്റെ ശാസനത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നത്. ഗോളാന്തരങ്ങളിലേക്ക് സ്ത്രീകള്‍ സഞ്ചരിച്ചെത്തിയിരിക്കുന്ന ഈ ആധുനിക യുഗത്തിലും പ്രാകൃതമായ ആചാരാനുഷ്ഠാനങ്ങളുമായി ജീവിക്കേണ്ടി വരുന്ന സ്ത്രീകളുടെ അവസ്ഥ എന്തായിരിക്കും?  നമ്മുടെ രാജ്യത്ത് അത്തരമൊരവസ്ഥ സംജാതമാകേണ്ടതുണ്ടോ എന്ന ചോദ്യത്തെ നമ്മുടെ സ്ത്രീകള്‍ തന്നെ ചര്‍ച്ചക്കെടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

 

 

 

||ദിനസരികള് - 3 -2025 ഏപ്രില് 3, മനോജ് പട്ടേട്ട്||

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍