സി പി ഐ എം ഒരു പ്രതീക്ഷയാണ്.  എല്ലാ അര്‍ത്ഥത്തിലും മികച്ചതായതുകൊണ്ടല്ല അങ്ങനെ പറഞ്ഞത് , മറിച്ച് ലഭ്യമായതില്‍ ഏറ്റവും മികച്ചത് എന്നതുകൊണ്ടാണ്. അതോടൊപ്പം നിരന്തരം സ്വയം തിരുത്തുവാന്‍ മനസ്സിരുത്തുന്നുവെന്നത് ആ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട മഹത്വങ്ങളിലൊന്നാണ്. എടുത്തുപോയ ഒരു തീരുമാനം തെറ്റായിരുന്നുവെന്ന് പിന്നീട് ബോധ്യപ്പെട്ടാല്‍ അത് ഏറ്റുപറയുവാനും തിരുത്തിയും മാറ്റങ്ങള്‍ വരുത്തിയും മുന്നോട്ടു പോകുവാനും ആ പാര്‍ട്ടിയ്ക്ക് സങ്കോചമൊന്നുമില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോള്‍ നമ്മുടെ രാജ്യത്തുള്ള മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനത്തെക്കാളും സി പി ഐ എം ജൈവികമായിരിക്കുന്നത് , ചലനാത്മകമായിരിക്കുന്നത് എന്ന് നിസ്സംശയം പറയാം.

          രൂപീകരിക്കപ്പെട്ട കാലം മുതല്‍ ഒരുപാടു തിരിച്ചടികള്‍ സി പി ഐ എം നേരിട്ടിട്ടുണ്ട്. ജന്മിത്തമ്പുരാക്കന്മാരും അതാത് കാലത്തെ കമ്യൂണിസ്റ്റ് വിരുദ്ധ ഭരണാധികാരികളും മറ്റും മറ്റുമായി ഒട്ടധികം വര്‍ഗ്ഗശത്രുക്കളുടെ വെല്ലുവിളികളെ ഈ പ്രസ്ഥാനം അതിജീവിച്ചിട്ടുണ്ട്. പിളര്‍പ്പുകളടക്കം സംഘടനയുടെ ആഭ്യന്തരമായുണ്ടായ കുഴപ്പങ്ങള്‍ വേറെയുമുണ്ടായിട്ടുണ്ട്. ബംഗാളിലും ത്രിപുയിലുമടക്കം തങ്ങള്‍ ഏറെ വേരോട്ടമുണ്ടായിരുന്ന ഇടങ്ങളില്‍ ചില്ലുകൊട്ടാരം പോലെ പൊളിഞ്ഞടിയുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്.  അങ്ങനെ വെല്ലുവിളികളുടെ ഒരു വലിയ നിര തന്നെ സി പി ഐ എമ്മിന് ചുറ്റും എല്ലാക്കാലത്തും പതുങ്ങി നിന്നിരുന്നു.

          എന്നാലും അഭിപ്രായം പറയേണ്ടിടത്ത് തലയുയര്‍ത്തിപ്പിടിച്ചു തന്നെയാണ് നാളിതുവരെ ആ പ്രസ്ഥാനം തങ്ങളുടെ നിലപാട് രാജ്യത്തേയും ലോകത്തേയും അറിയച്ചിട്ടുള്ളത്. ആ അഭിപ്രായത്തിന് ശത്രുമിത്ര ഭേദമില്ലാതെ എല്ലാവരും ചെവി കൊടുത്തു. ഏതു വിഷയത്തിലാണെങ്കിലും  കമ്യൂണിസ്റ്റുകാര്‍ എന്തു പറഞ്ഞു എന്നു വ്യഗ്രതപ്പെടാത്ത ഒരു ഭരണാധികാരിയും ഈ നാട്ടിലുണ്ടായിട്ടില്ല. ആള്‍ബലത്തെക്കാള്‍ ഉള്‍ബലം കൊണ്ട് തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനസമൂഹത്തിന്റെ ശബ്ദമായി മാറുവാന്‍ സി പി ഐ എമ്മിന് കഴിഞ്ഞിട്ടുണ്ട് എന്നത് ചരിത്ര വസ്തുതയാണ്. തങ്ങളെ തകര്‍ക്കാന്‍ നടക്കുന്നവര്‍ പടച്ചു വിടുന്ന വമ്പന്‍ നുണകളെ ആ പ്രസ്ഥാനത്തിന് എക്കാലത്തും നേരിടേണ്ടി വന്നിട്ടുണ്ട്. വലതുപക്ഷ മാധ്യമങ്ങള്‍ നിരന്നു നിന്നുകൊണ്ട് നുണമഴകള്‍ പെയ്യിക്കുമ്പോഴും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് തങ്ങളില്‍ നിന്നും അകറ്റാന്‍ ശ്രമിക്കുമ്പോഴും ആവുമ്പോലെ പ്രതിരോധിച്ചുകൊണ്ട് പാര്‍ട്ടി ജനങ്ങളിലക്ക് കൂടുതല്‍ക്കൂടുതലായി ചേര്‍ന്നു നിന്നിട്ടുണ്ട്. കമ്യൂണിസ്റ്റുകള്‍ അധികാരത്തില്‍ വന്നാല്‍ പള്ളികളും അമ്പലങ്ങളുമൊക്കെ പിടിച്ചെടുക്കുമെന്നും മത വിശ്വാസങ്ങളെ നിരോധിക്കുമെന്നതടക്കം ഈയടുത്ത കാലത്തുണ്ടായ സ്വര്‍ണക്കടത്തു കേസുവരെ  എത്രയോ പച്ചനുണകള്‍ പ്രചരിപ്പിക്കപ്പെട്ടിരിക്കുന്നു !  ചുരുങ്ങിയൊരു സമൂഹത്തിനിടയില്‍ കുറച്ചു കാലത്തേക്ക് തെറ്റിദ്ധാരണയുണ്ടാക്കാന്‍ ആ പ്രചാരണങ്ങള്‍ക്ക് കഴിഞ്ഞുവെങ്കിലും പാര്‍ട്ടിയില്‍ ഒരു പോറലുമേല്പിക്കാന്‍ സാധിച്ചിട്ടില്ല എന്നതും ശ്രദ്ധിക്കേണ്ടതാണ്.

          എന്നാല്‍ ഹിന്ദുത്വവാദികള്‍ രാജ്യത്തിന്റെ വൈവിധ്യങ്ങളെ ഇല്ലാതാക്കിക്കൊണ്ട് ഒരു മതാധിഷ്ടിത രാഷ്ട്രം കെട്ടിപ്പടുക്കാനുള്ള അവസാന ഘട്ട ശ്രമങ്ങളില്‍ ഏര്‍‌പ്പെട്ടിരിക്കുന്ന ഇക്കാലത്ത് തികച്ചും മതേതര കക്ഷിയായ സി പി ഐ എമ്മിന്റെ പ്രസക്തി ഏറെ വര്‍ദ്ധിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യപൂര്‍വ്വ കാലഘട്ടം മുതല്‍ കമ്യൂണിസത്തെ അവസാനിപ്പിച്ചെടുക്കാന്‍ പാടുപെടുന്നവരാണ് ഹിന്ദുത്വവാദികള്‍ എന്ന് നമുക്കറിയാം. മത ന്യൂനപക്ഷങ്ങളെപ്പോലെ തന്നെ കമ്യൂണിസ്റ്റുകാരും തങ്ങളുടെ ശത്രുക്കളാണെന്ന് ഗോള്‍വള്‍ക്കറെപ്പോലെയുള്ള തീവ്ര ഹിന്ദുത്വവാദികള്‍ ആദ്യകാലം മുതലേ പ്രഖ്യാപിച്ചിട്ടുണ്ട്. അത് കമ്യൂണിസ്റ്റുകാരോടുള്ള ഭയത്തില്‍ നിന്നാണ് ഈ പ്രഖ്യാപനമുണ്ടായിരിക്കുന്നതെന്ന് ചരിത്രം പഠിക്കുന്നവര്‍ക്ക് അറിയാം. അതുകൊണ്ടുതന്നെ ഈ ജനാതിപത്യ രാജ്യത്തെ ഒരു ഹിന്ദു രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുന്നവരെ തുരത്തിയോടിക്കുവാന്‍ സി പി ഐ എമ്മിനുള്ള ശേഷി മറ്റൊരു കക്ഷിയ്ക്കും ഉണ്ടെന്ന് കരുതുക വയ്യ. ഇപ്പോഴത്തെ ഇന്ത്യയിലെ സാഹചര്യത്തില്‍ സംഘപരിവാരത്തെ എതിര്‍ത്തു തോല്പിക്കുക എന്നത് അത്ര എളുപ്പമായ ഒരു കാര്യമല്ല. എന്നാല്‍ കഴിഞ്ഞ ലോക സഭാ തിരഞ്ഞെടുപ്പുകളുടെ ഫലം ഹിന്ദുത്വവാദികളെ തോല്പിക്കുക അസാധ്യമാണ് എന്ന കാഴ്ചപ്പാടിനെ വകവെച്ചു കൊടുക്കുന്നില്ല.

 

ഈ സാഹചര്യത്തില്‍ നടക്കുന്ന സി പി ഐ എം പാര്‍ട്ടി കോണ്‍ഗ്രസിന് ഏറെ പ്രാധാന്യമുണ്ട്. രാജ്യത്തെ ജനാധിത്യപരമായും മതനിരപേക്ഷമായും നിലനിറുത്തുവാനുള്ള വഴികളെക്കുറിച്ച് വിളക്കു വെച്ച് ആലോചിക്കേണ്ട ഉത്തരവാദിത്തം ചരിത്രപരമായിത്തന്നെ സി പി ഐ എമ്മിനുണ്ട് എന്ന് എടുത്തുപറയേണ്ടതില്ല. സങ്കീര്‍ണമായ ഇന്ത്യന്‍ രാഷ്ട്രീയ പ്രതിസന്ധികളെ അതിജീവിച്ച് നമ്മുടെ ജനതയെ മുന്നോട്ടു നയിക്കാനുള്ള കരുത്ത് ഈ പാര്‍ട്ടി കോണ്‍ഗ്രസോടെ സി പി ഐ എമ്മിനുണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, ആഗ്രഹിക്കുന്നു.  

 

||ദിനസരികള്‍ - 2 -2025 ഏപ്രില്‍ 2, മനോജ് പട്ടേട്ട്||

 

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍