#ദിനസരികള് 1118 എന്റെ പ്രിയപ്പെട്ട വയലാര്‍ കവിതകളിലൂടെ
വയലാറിന്റെ ഏറ്റവും പ്രിയപ്പെട്ട കവിതകളേതൊക്കെയാണ് ? ചോദ്യം എന്നിലും കൌതുകമുണര്‍ത്തി. കടലില്‍ നിന്നും ഒരു കുമ്പിള്‍ ജലമെടുത്ത് മാറ്റി നിറുത്തി ഇതാണ് എനിക്ക് പ്രിയപ്പെട്ട കടല്‍ജലം എന്ന് ആര്‍ക്കെങ്കിലും നിര്‍ണയിക്കാനാകുമോ എന്നൊരു മറുചോദ്യമാണ് നാവില്‍ തൊടുത്തത്. അതുപക്ഷേ പുറത്തേക്കു തുപ്പുന്നതിനുമുമ്പേ തന്നെ അതിലെ യുക്തിയില്ലായ്മയില്‍ മനസ്സുടക്കി. കടല്‍ ജലം, അതിന്റെ ജൈവഘടകങ്ങളില്‍ ചിലപ്പോള്‍ വ്യത്യാസമുണ്ടാകാമെങ്കിലും ഏതര്‍ത്ഥത്തിലും അതു പരന്നിരിക്കുന്ന ഇടങ്ങളിലെല്ലാം ഒന്നുതന്നെയാണ്. അതുപോലെ ഒരു കവിയുടെ എക്കാലത്തേയും രചനകള്‍ക്ക് ഒരേ രുചിയും മണവുമായിരിക്കുമോ ? വീഴാത്ത ഒരു വില്ലാളിയുമില്ല എന്നു പറയുന്നതുപോലെ ചില്പപ്പോഴെങ്കിലും താനിരിക്കുന്ന ഉദാത്ത സിംഹാസനങ്ങളെ വിട്ട് കവിയ്ക്കും താഴെയിറങ്ങേണ്ടി വന്നിട്ടുണ്ടാവില്ലേ ? ഉണ്ടാവും. തീര്‍ച്ചയായുമുണ്ടാകും.അങ്ങനെയെങ്കില്‍ പ്രിയാപ്രിയങ്ങളെ നിശ്ചയിക്കുക എന്ന വലിയൊരു കടമ്പയെ മറികടക്കുകതന്നെ എന്ന് ഞാനും നിശ്ചയിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് എന്റെ പ്രിയപ്പെട്ട വയലാര്‍ കവിതകളെക്കുറിച്ചുള്...