എല്ലാം മായുന്നു
കടലിനും മലകള്‍ക്കും മീതെ
ഇരുള് പരക്കുന്നു
ഇരുള് പരക്കുന്നു
ഇരുള് പരക്കുന്നു
മണല്‍ നനവില്‍
ആരോ പതിച്ച കാല്പാദങ്ങള്
കടലെടുത്തിരിക്കുന്നു,
മണല്‍ ,
നിന്റെ മനസ്സു പോലെയാണല്ലോ !
ഞാന്‍ പതിപ്പിച്ച ഒരടയാളവും
ബാക്കിവെയ്ക്കാതെ
നീയും മായ്ചിരിക്കുന്നുവല്ലോ !
എല്ലാം മായുന്നു
എല്ലാം മായുന്നു
കടല്‍ മായുന്നു
കര മായുന്നു
ഞാനും നീയും മായുന്നു.
ഇനിയെന്തു നല്കുവാന് പ്രിയദേ നിനക്കു ഞാന്‍
!
രാഗങ്ങള്‍ പൂക്കുന്ന രാവില്‍ നിലാവിന്റെ
ചാരെ , നാം പങ്കിട്ട മായിക സ്വപ്നങ്ങള്‍
ഒറ്റക്കിളിപ്പാട്ടിനോരത്ത് സന്ധ്യതന്‍
തൃക്കരം പൂകി നുണഞ്ഞ സ്വകാര്യങ്ങള്‍ !
ഇത്തിരിപ്പാട്ടിന് വിഷാദതീരങ്ങളെ
കെട്ടിപ്പിടിച്ചു തുഴഞ്ഞ നിമിഷങ്ങള്‍ !
എല്ലാം നിനക്കു പകര്‍ന്നു കഴിഞ്ഞു ഞാന്‍.
ഇനി
ഒരു ചെറിയ
തൂശനിലയില്‍
ഒരു നിലവിളക്കിന്റെ
ഇത്തിരിവട്ടത്തില്‍
ഒരു ദര്‍ഭയുടെ മുനകളോട് ചേര്‍ന്ന്
ഞാനൊരു ഉരുളയായി കിടക്കാം.
എടുത്തുകൊള്ളുക
ഇരുള്പ്പരപ്പുകളിലെ യാത്രകളില്‍
മറ്റൊരടയാളം പതിക്കപ്പെടുന്നതുവരെ
നിനക്ക് വഴിച്ചോറാകട്ടെ
കടല്‍ മായുന്നു
കര മായുന്നു
ഞാനും നീയും മായുന്നു.
|| #ദിനസരികൾ – 159 - 2025 സെപ്റ്റംബർ 30 മനോജ് പട്ടേട്ട് ||
Comments