എന്താണ് സി പി ഐ എമ്മിന് സംഭവിക്കുന്നത് ? ഒരു ഭാഗത്ത് അയ്യപ്പ വിശ്വാസികളുടേതായ യോഗം വിളിക്കുന്നു. ശബരിമലയിൽ വിശ്വാസികളുടെ സുഗമമായ വരവുപോക്കുകൾക്ക് സഹായകമായ രീതിയിൽ വിപുലമായ പദ്ധതികൾ ആവിഷ്കരിക്കുന്നു. വിശ്വാസികളുടെ താല്പര്യങ്ങളെ പരിഗണിക്കുന്നു. മറ്റൊരിടത്ത് ന്യൂനപക്ഷ വിശ്വാസികളുടെ യോഗങ്ങളും കൂട്ടായ്മകളും സൃഷ്ടിക്കുന്നു. അവരുടെ പ്രശ്നങ്ങളും പരാതികളും കേൾക്കാൻ സർക്കാർ തയ്യാറാകുന്നു. ആവശ്യമായ ഇടപെടലുകൾ നടത്താൻ പ്രത്യേക തലങ്ങൾ സജ്ജീകരിക്കപ്പെടുന്നു. ന്യൂനപക്ഷ ക്ഷേമത്തിന് ആക്കം കൂട്ടുന്ന തരത്തിലുള്ള തീരുമാനങ്ങൾ നടപ്പിലാക്കപ്പെടുന്നു. ഇനിയും ഒരിടത്ത് ഒരു കാലത്ത് ബി ജെ പിയുമായി ഒട്ടിച്ചേർന്നു നിന്നിരുന്ന എസ് എൻ ഡി പി യെപ്പോലെയുള്ള സംഘടനകളെ കൂടെക്കൂട്ടാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്നു. വർഗ്ഗീയ സ്പർശമുള്ള പ്രസ്താവനകൾ പലതും നടത്തിയിട്ടുള്ള വെള്ളാപ്പള്ളിയെ സാക്ഷാൽ മുഖ്യമന്ത്രി തന്നെ കാറിൽ കൂടെക്കൂട്ടുന്നു. സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറിയേറ്റംഗവും മന്ത്രിയുമായ സജി ചെറിയാനെപ്പോലെയുള്ളവർ അമൃതാനന്ദ മയിയെപ്പോലെയുള്ളവരോടൊപ്പം വേദി പങ്കിടുകയും അവരെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുകയും ചെയ്യുന്നു. അവർ ചെയ്ത പല ജനോപകാര പ്രവർത്തനങ്ങളേയും എടുത്തു പറഞ്ഞ് ശ്ലാഘിക്കുന്നു. ഇങ്ങനെ എല്ലാത്തരത്തിലുള്ള മതവാദി സ്വരൂപങ്ങളേയും കൂടെക്കൂട്ടിക്കൊണ്ട് ഈ സി പി ഐ എം എന്തു ചെയ്യാനാണ് പോകുന്നത് ? നാടിന് ഒരു മതേതരത്വ നവോത്ഥാന മൂല്യബോധമുണ്ട്. സി പി ഐ എം തന്നെ നാഴികയ്ക്ക് നാല്പതു വട്ടം വളരെ ആവേശത്തോടെ എടുത്തു പറയുന്ന ആ പൊതുബോധത്തിനെ തുരങ്കം വെയ്ക്കുന്ന , ഇല്ലാതാക്കുന്ന പരിപാടിയല്ലേ ഇപ്പോൾ സി പി ഐ എം ചെയ്തുകൊണ്ടിരിക്കുന്നത് ? സി പി ഐ എമ്മിന്റെ ഈ സമീപനം മതജാതി സംഘടനകൾക്ക് കൂടുതൽ സ്വീകാര്യതയുണ്ടാക്കുവാനല്ലേ സഹായിക്കൂ ? സത്യത്തിൽ ഇതാണോ സി പി ഐ എം സ്വീകരിക്കേണ്ട സമീപനം ?
കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തിൽ ഇപ്പോൾ മുഴങ്ങിക്കൊണ്ടിരിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളാണ് നാം മുകളിൽ കണ്ടത്. തീർച്ചയായും വളരെ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് അവ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. സി പി ഐ എമ്മിനെപ്പോലെ നവോത്ഥാന മുന്നേറ്റങ്ങളുടെ രാജവീഥികളിലൂടെ കടന്നു വന്ന ഒരു പ്രസ്ഥാനം ഈ ചോദ്യങ്ങളെ സഗൗരവം പരിഗണിക്കേണ്ടതുതന്നെയാണ്. എന്നുമാത്രവുമല്ല , എനിക്ക് മനസ്സിലായിടത്തോളം ഈ ചോദ്യങ്ങൾ ആ പ്രസ്ഥാനത്തിന് പുറത്തുള്ളവരെക്കാളും അകത്തുള്ള സാധാരണ അണികളേയും അനുഭാവികളേയുമാണ് കൂടുതൽ ആശങ്കാകുലരാക്കിയിരിക്കുന്നത് എന്നതാണ് വിചിത്രമായ മറ്റൊരു വസ്തുത. അവരിൽ ചിലരും പാർട്ടി അസ്വാഭാവികമായ രീതിയിൽ പെരുമാറുന്നോ എന്ന ആശങ്ക പേറുന്നവരാണ്. എന്നുമാത്രവുമല്ല , ഇലക്ഷൻ മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു രാഷ്ട്രീയ ഗിമ്മിക്കാണ് ഈ നിലപാടെന്ന സി പി എം വിരുദ്ധ പക്ഷത്തിന്റെ പ്രചാരണങ്ങൾക്ക് മൗനംകൊണ്ടെങ്കിലും പിന്തുണകൊടുക്കുന്ന ഒരു പ്രവണതയും അണികളിൽ കാണുന്നുണ്ട്.
സത്യത്തിൽ വളരെ ലളിതമായ ഒരു മുന്നേറ്റത്തെ അതിസങ്കീർണവും വിപത്കരവുമായ ഏതോ ഒരു സാമൂഹ്യമാറ്റമായി വ്യാഖ്യാനിക്കുമ്പോഴാണ് ഈ ചോദ്യങ്ങളെല്ലാം ഉടലെടുക്കുന്നത്. എന്താണ് ആ മുന്നേറ്റം ? ഉത്തരം ലളിതമാണ് , കൂടുതൽ ജനസഞ്ചയങ്ങിളിലേക്ക് പാർട്ടി ഇറങ്ങിച്ചെല്ലുക എന്നതാണ് ആ ഉത്തരം. എങ്ങനെയാണിത് സാധ്യമാകുന്നത് എന്ന ചോദ്യത്തിലാണ് സി പി ഐ എമ്മിന്റെ അണികളും അനുഭാവികളും സ്വീകരിക്കേണ്ടുന്ന പരമപ്രധാനമായ ഉത്തരം ഇരിക്കുന്നത്. നമ്മൾ അവരെ അകറ്റി നിറുത്തിയാൽ ആർക്കാണ് അതിന്റെ ഗുണം ലഭിക്കുക ? പ്രധാനമായും ആ കക്ഷികൾ കോൺഗ്രസ് എന്ന രാഷ്ട്രീയ കക്ഷിയെ വിശ്വാസത്തിലെടുക്കില്ല.എന്നുമാത്രവുമല്ല , ഇത്തരം സംഘടനകളേയും പ്രസ്ഥാനങ്ങളേയും കൂടെ നിറുത്തുന്ന തരത്തിൽ ഇടപെടാൻ ശേഷിയുള്ള ഒരു നേതൃനിരയും കോൺഗ്രസിനില്ല. എൻ എസ് എസിന്റെ ജനറൽ സെക്രട്ടറിയുടെ പ്രസ്ഥാവന ശ്രദ്ധിക്കുക. അപ്പോൾ ഇത്തരം സംഘടനകളെ അവഗണിക്കുന്നത് അവരെ ഹിന്ദുത്വ വർഗ്ഗീയതയുടെ കൂടാരങ്ങളിലേക്ക് തള്ളിവിടുന്നതിന് തുല്യമായിരിക്കും. അത് ലാഭമായി മാറുന്നത് ബി ജെ പി അടക്കമുള്ള സംഘടനകൾക്കാണ്. എന്നുമാത്രവുമല്ല, അവരുടെ കൂടെക്കൂടിയാൽ ഈ സംഘടനകൾക്കും തിവ്രനിലപാടുകൾ സ്വീകരിക്കേണ്ട അവസ്ഥ സ്വഭാവികമായും ഉണ്ടാകും. അത് സമൂഹത്തിന്റെ നിലനില്പിനെത്തെന്നെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് ഇത്തരം സംഘടനകളേയും വ്യക്തികളേയും കഴിയുന്നത്ര കൂടെത്തന്നെ നിറുത്താനും അവരുടെ നിലപാടുകൾ നവോത്ഥാനധാരയുടെ അരികു പറ്റി സഞ്ചരിക്കുന്നവയാക്കി മാറ്റുവാനും സി പി ഐ എമ്മിന്റെ ഈ നിലപാട് ഏറെ സഹായകമാകും. കൂടുതൽ അപടകത്തിലേക്ക് കൂപ്പുകുത്തുന്നതിൽ നിന്നും സമൂഹത്തെ പിൻവലിക്കാൻ കഴിയുന്ന സമർത്ഥവും ചരിത്രപരവുമായ ഒരു നിലപാടാണ് സി പി ഐ എം ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. അതൊടൊപ്പം ന്യൂനപക്ഷ ജനവിഭാഗങ്ങളേയും അക്കാരണംകൊണ്ടുതന്നെ കൂടെ നിറുത്തുക എന്ന സമീപനം ഉണ്ടാകുന്നതും സ്വഭാവികമാകുന്നു.
അകറ്റി നിറുത്തിക്കഴിഞ്ഞാൽ തിരുത്തലുകൾക്ക് സാംഗത്യമില്ല, സാധ്യതയുമില്ല. എന്നാൽ അടുപ്പിച്ചു നിറുത്തിയാൽ തിരുത്താനും കൂടുതൽ ഫലപ്രദമായി ഇടപെടുവാനും കഴിയും എന്ന കാര്യത്തിൽ തർക്കത്തിന് അവകാശമുണ്ടെന്ന് തോന്നുന്നില്ല. ഇവിടെ അണികളാണ് ഈ കാഴ്ചപ്പാടിനെ കൂടുതൽ നന്നായി മനസ്സിലാക്കേണ്ടത്. വൈരുദ്ധ്യാത്മകവും ചരിത്രപരവുമായ ഈ നിലപാടിന്റെ പ്രാധാന്യം മനസ്സിലാക്കുകയും അതിനനുസരിച്ച് സ്വന്തം ധാരണകളെ നവീകരിക്കുകയും ചെയ്യുക എന്നത് അണികളെ സംബന്ധിച്ച് ചെറിയൊരു വെല്ലുവിളിയല്ല. അതോടൊപ്പം മതേതരത്വവും ജനാധിപത്യവും ശാസ്ത്രാവബോധവും ഉയർത്തിപ്പിടിക്കാനും അവർക്കു കഴിയുകയും വേണം. ഒരേ സമയം ലളിതവും അതേ സമയം തന്നെ സങ്കീർണവുമായ ഒരു സോഷ്യൽ എൻജിനീയറിംഗിൽ പങ്കാളികളാകുകയാണ് തങ്ങളെന്ന ബോധ്യവും അവർക്ക് ഉണ്ടാകേണ്ടതുണ്ട്.
അതുകൊണ്ട് സി പി ഐ എമ്മിന്റെ ഈ നിലപാട് നവോത്ഥാന മൂല്യങ്ങളെ മുറുകെ പിടിക്കുന്ന ഒരു സമൂഹത്തെ നിലനിറുത്തുവാൻ തന്നെയാണ് എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഈ സമൂഹം ജനാധിപത്യപരമായും മതേതരത്വത്തിലൂന്നിയും നിലനില്ക്കണം എന്നാഗ്രഹിക്കുന്നവർ സി പി ഐ എംമ്മിന്റെ ഈ തീരുമാനത്തോടൊപ്പം അണിചേരും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.
|| #ദിനസരികള് – 158 - 2025 സെപ്റ്റംബര് 29 മനോജ് പട്ടേട്ട് ||
Comments