#ദിനസരികള് 430
നൂറു ദിവസം നൂറു പുസ്തകം – മൂന്നാം ദിവസം. ||റെഡ് ഇന്ത്യന്‍സ് അമേരിക്കന്‍ ആദിവാസികളുടെ ദുരിതകാലങ്ങള്‍ - സി വി ഗംഗാധരന്‍|| “ആകാശത്തെ വാങ്ങുകയും വില്ക്കുകയും ചെയ്യുന്നതെങ്ങനെ? അല്ലെങ്കില്‍ മണ്ണിന്റെ ചൂടിനെ ? ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്.അന്തരീക്ഷത്തിന്റെ നവനൈര്‍മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കെ നിങ്ങള്‍ക്ക് അവ എങ്ങനെ വില്ക്കാന്‍ കഴിയും ?” തങ്ങളുടെ ഭൂമി വാങ്ങിക്കാന്‍ താല്പര്യമുണ്ട് എന്ന അധികാരികളുടെ അറിയിപ്പിനോട് അമേരിക്കയിലെ ആദിവാസികളുടെ പ്രതിനിധിയായ സിയാറ്റില്‍ മൂപ്പനാണ് ഇങ്ങനെ പ്രതികരിച്ചത്. ഈ ചോദ്യത്തിലെ നിഷ്കളങ്കമായ ഭൌമികതയെ , മാനവികതയെ, തൊട്ടറിയാനുള്ള പാടവം ആധുനികരെന്ന് അഭിമാനിക്കുന്നവര്‍ക്ക് ഇല്ലാതെ പോയി. വില്ക്കുകയും വാങ്ങുകയും വീണ്ടും വില്ക്കുകയും ചെയ്തുകൊണ്ട് ലാഭത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം മൂല്യങ്ങളെ നിശ്ചയിക്കുന്നവര്‍ക്ക് ഈ ചോദ്യമുന്നയിക്കുന്ന ഭാവങ്ങളെ മനസ്സിലാക്കാനുള്ള ശേഷിയുണ്ടാകുമോ?എന്നിട്ടും അവര്‍ പറയുന്നു, അവരാണ് പരിഷ്കൃതരെന്ന്, വിദ്യാസമ്പന്നരെന്ന് , ലോകത്തെ മുന്നോട്ടു നയിക്കാനുള്ള അവസാനത്തെ കണ്ണികളെന്ന്. ആ മിഥ്യാഭിമാനത...