#ദിനസരികള്‍ 427
“ആരവിടെ! കുംഭങ്ങളില്‍ പുണ്യതീര്‍ത്ഥങ്ങള്‍ കൊണ്ടുവരട്ടെ ! പുരോഹിതന്മാരുടെ വേദഗാനങ്ങളാല്‍ സഭാമണ്ഡലം മുഖരിതമാകട്ടെ ! ഇതാ ഇവിടെ വെച്ച് നാം ഈ കര്‍ണനെ അംഗരാജ്യത്തിന്റെ അധിപനായി അഭിഷേകം ചെയ്യുന്നു.ഇനിമുതല്‍ അംഗാധിപന്‍ കര്‍ണന്‍ എന്ന് അദ്ദേഹം ഘോഷിക്കപ്പെടട്ടെ ! “ രംഗം ഓര്‍മയില്ലേ നിങ്ങള്‍ക്ക് ? മഹാഭാരതം നമുക്കു പറഞ്ഞു തന്ന കഥകളില്‍ സര്‍വ്വകാലത്തും വെട്ടിത്തിളങ്ങുന്ന പ്രൌഡോജ്ജ്വലമായ സുമൂഹൂര്‍ത്തം.അധിക്ഷേപിക്കപ്പെട്ട് തല കുനിച്ച് നിന്നിരുന്ന കര്‍ണന്‍ എന്ന വീരപുരുഷനെ ഒരു നിമിഷംകൊണ്ട് ഛത്രാധിപതിയാക്കിയ ദുര്യോധനന്‍ എന്റെ ആരാധനാപുരുഷനായത് ഈയൊരൊറ്റ സംഭവം കൊണ്ടുമാത്രമാണ്.പിന്നീട് ഒരു സമയത്തും ആ വീരനായകന്‍ എന്റെ മനസ്സില്‍ നിന്നും ഇറങ്ങിപ്പോയിട്ടില്ല. അതുകൊണ്ടുതന്നെയാണ് മഹാഭാരതത്തിലെ ഏറ്റവും പ്രിയപ്പെട്ട കഥാപാത്രമേത് എന്ന ചോദ്യത്തിന് ഒട്ടും മടിക്കാതെ ദുര്യോധനന്‍ എന്ന ഉത്തരം എനിക്കു പറയാന്‍ കഴിയുന്നത്. ദ്രൌപതിയുടെ വസ്ത്രാക്ഷേപസമയത്തു ആ മുഖത്ത് ഒരല്പം കാളിമ പരന്നിട്ടുണ്ടാകാം. പക്ഷേ അവിടേയും സ്ത്രീയെ എന്നതിനെക്കാള്‍ ശത്രുവിനെ പരമാവധി വേദനിപ്പിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുക എന്ന...