പുതിയൊരു സൂക്കേട് തുടങ്ങിയിട്ടുണ്ട്. ഒരു തരം മറവി. മോള്‍ പഠിക്കുന്നത് ഏതു ക്ലാസിലാണെന്ന് എന്നോടൊരാള്‍ ചോദിച്ചതോടെയാണ് അതിന്റെ ഭീകരാവസ്ഥ ഞാന്‍ ശരിക്കും അനുഭവിച്ചത്. ഉത്തരം പറയാന്‍ ഇത്തിരി നേരം ആലോചിച്ചു. ആ സമയം കൊണ്ട് ചോദിച്ചവന്റെ വക അടുത്ത ഡയലോഗ് വന്നു. സ്വന്തം കുഞ്ഞ് ഏതു ക്ലാസിലാണ് പഠിക്കുന്നതെന്ന് അറിയാത്ത താനൊക്കെ എന്തു തന്തയാടോ തന്തേ എന്ന അവന്റെ ചോദ്യത്തിനു മുന്നില്‍ ഒരു ഇളിഭ്യച്ചിരിയും ചിരിച്ച് ഞാനങ്ങനെ നിന്നു. ആ നിമിഷം ശെടാ ഇതെന്താ ഇങ്ങനെ എന്നൊരാശങ്ക എന്നെ പിടികൂടി. പിന്നെ ആലോചിച്ചപ്പോള്‍ അത്തരം പല സംഭവങ്ങളും എനിക്കോര്‍മ്മ വന്നു. കൂടെ ബാഡ്മിന്‍റണ്‍ കളിക്കുന്ന ആളുകളുടെ പേരു മറന്നുപോകുക, അടുത്തിരുന്ന് ഒരാള്‍ ഒരു കാര്യം പറയുമ്പോള്‍ ശ്രദ്ധാപൂര്‍വ്വം മുഖത്തു നോക്കിയിരിക്കുമെങ്കിലും പറഞ്ഞു കഴിയുമ്പോള്‍ തന്നെ അത് മറന്നുപോകുക തുടങ്ങി പല രസകരമായ സംഭവങ്ങളും അക്കൂട്ടത്തിലുണ്ട്.
ശ്രദ്ധിച്ചപ്പോള്‍ മനസ്സിലായ ഒരു കാര്യം സംഭവങ്ങളെക്കാള്‍ ചെറിയ ചെറിയ കാര്യങ്ങളാണ് കൂടുതലും മറക്കുന്നത് എന്നതാണ്. ഏതോ നൂറ്റാണ്ടില്‍ വായിച്ച ഏതെങ്കിലും പ്രാകൃതമായ ഗ്രന്ഥങ്ങളെക്കുറിച്ചോ സോക്രട്ടീസും സാന്തിപ്പെയും തമ്മിലുള്ള രൂക്ഷമായ പ്രണയത്തെക്കുറിച്ചോ ഐസക് ന്യൂട്ടണ്‍ ഈഥറുമായി വന്ന് ഈ പാവം ലോകത്തെ പറ്റിച്ചതിനെക്കുറിച്ചോ കണാദന്റെ കണങ്ങളും ഗ്രീക്കുകാരുടെ മൊണാഡുകളും തമ്മിലുള്ള സദൃശ്യ - വൈചാത്യങ്ങളെക്കുറിച്ചോ ഒക്കെ വേണമെങ്കില്‍ ഒന്നോ രണ്ടോ മണിക്കൂര്‍ കണ്ഠവിക്ഷോഭം നടത്താന്‍ എനിക്കൊരു കുഴപ്പവുമില്ല. കുഞ്ഞുക്ലാസില്‍ പഠിച്ച ഉണരുവിന്‍ വേഗമുണരുവിന്‍ സ്വരഗുണമോലും ചെറു കിളിക്കിടാങ്ങളെ എന്ന പദ്യം , മുഴുവനായും വേണമെങ്കില്‍ ഞാന്‍ ചൊല്ലിക്കേള്‍പ്പിക്കാം. അഷ്ഫക്കുള്ള ഖാന്‍ ജനിച്ചതെപ്പോഴാണെന്നും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടി തൂക്കിലേറ്റപ്പെട്ടത് എപ്പോഴാണെന്നും എനിക്ക് പറയാന്‍ കഴിയും . അമ്പമ്പട ഞാനേ. എന്നാല്‍ പെട്ടെന്ന് മുകളില്‍ ചോദിച്ച പോലെയുള്ള ഒരു ചോദ്യം , അല്ലെങ്കില്‍ കൂടെ നടക്കുന്ന ഒരാളുടെ പേര് , ആരെങ്കിലും ചോദിച്ചാല്‍ കാര്യം വിഷമമാകും. ഫോണെടുത്തിട്ട് ആരെ വിളിക്കാനാണ് എടുത്തത് എന്നാലോചിച്ച് പണ്ടാറടങ്ങി വിജൃംഭിച്ച് നില്ക്കുന്നത് ഏറെ രസകരമായ ഒരു സാധാരണ കാര്യമാണ്. മണിച്ചിത്രത്താഴില് - ദേ ഇതെഴുതുമ്പോഴും ആ പേരു മറന്നു. ഇത്തിരി നേരം ആലോചിച്ചിട്ടാ കുതിര വട്ടം പപ്പു എന്ന പേര് എനിക്ക് ഓര്‍മ്മ വന്നത് - പപ്പുവിനോട് തനിക്ക് വലുതെന്തോ വരാനിരിക്കുന്നുണ്ട് വേഗം പോയി ഏതെങ്കിലും പണിക്കരെ കണ്ടോളു എന്ന് നെടുമുടി വേണു പറഞ്ഞതുപോലെ ഞാന്‍ എന്നോടുതന്നെ പറയാന്‍ തുടങ്ങിയിരിക്കുന്നു, എന്തോ ഒന്ന് വരാനിരിക്കുന്നുവെന്ന് !
മറവിരോഗത്തിന്റെ ( Memory Loss ) പിന്നാലെ ഒന്നു പോയി വന്നു. അല്‍ഷിമേഴ്സും ഡിമെന്‍ഷിയയും ഡിപ്രഷനും തുടങ്ങി ഒട്ടധികം അവസ്ഥകളുടെ ഒരു പട്ടിക അവിടെ കിടക്കുന്നുണ്ട്. ഒലക്ക ! ആ പട്ടികയിലൊന്നും നമ്മള്‍ പെടില്ലെന്ന ഉത്തമവിശ്വാസത്തോടെ ഞാനവിടെ നിന്നും ഇറങ്ങിപ്പോന്നു. ഇറങ്ങിക്കഴിഞ്ഞപ്പോഴാണ് , പണ്ടാറടങ്ങാന്‍ ഇനി ഏതെങ്കിലും പട്ടികയില്‍ പെട്ടേക്കുമോ എന്ന നാശം പിടിച്ച ചിന്ത എന്നില്‍ പൊട്ടിമുളയ്ക്കാന്‍ തുടങ്ങിയത് .
അപ്പോള്‍ പറഞ്ഞു വന്നത്..... ആ അതു മറന്നു. വേറൊരു കാര്യം പറയാം. വയസ്സാംകാലത്ത് സുഖായി മരിക്കണം എന്നല്ലേ എല്ലാവരും ആഗ്രഹിക്കുക. ഇതിപ്പോള്‍ ജീവിതത്തിന്റെ വസന്തം ഇനിയും ബാക്കിയുള്ള എനിക്ക് മരണത്തെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്ന പ്രായമായിട്ടില്ലെങ്കിലും ഒരു കുഞ്ഞു ഭയം മുളച്ചു വന്നുതുടങ്ങിയിരിക്കുന്നു. ഇത്തിരി പൊട്ടാസ്യം സയനേഡ് സംഘടിപ്പിച്ചു വെയ്ക്കണം. ജീവിതം മറ്റുള്ളവര്‍ക്ക് ഒരു ഭാരമാകരുതല്ലോ. എന്നാല്‍ സയനേഡ് എവിടെയാണ് വെച്ചത് എന്ന് ഓര്‍മ്മിക്കുമോ എന്ന ഭയം ഖസാക്കിലെ രവിയെ കടിച്ച വികൃതിയായ ഉണ്ണിക്കുട്ടനെപ്പോലെ എന്റെ മനസ്സിലിരുന്ന് പല്ലുകാട്ടി ചിരിക്കുകയാണ്.
|| #ദിനസരികള് – 152 - 2025 സെപ്റ്റംബര് 18 മനോജ് പട്ടേട്ട് ||
Comments