#ദിനസരികള്‍ 330

(കേരളത്തിന്റെ പ്രിയപ്പെട്ട മുഖ്യമന്ത്രിക്ക് ഒരു തുറന്ന കത്ത് )
സര്‍,
കേരളത്തിലെ പോലീസ് സേനയുടെ ആത്മവീര്യം വര്‍ദ്ധിപ്പിക്കാനും , നിഷ്പക്ഷത ഉറപ്പാക്കാനും മുഖ്യമന്ത്രി എന്ന നിലയില്‍ താങ്കള്‍ നല്കുന്ന പിന്തുണക്ക് ഞാന്‍ ആദ്യമായി അഭിനന്ദനങ്ങള്‍ അറിയിക്കട്ടെ.പുറത്തുനിന്ന് യാതൊരു വിധത്തിലുള്ള ഇടപെടലുകളും കൂടാതെ പോലീസ് ജനാധിപത്യപരമായും നീതിയുക്തമായും പ്രവര്‍ത്തിച്ചുകൊള്ളണമെന്ന സങ്കല്പത്തെ ഏതൊരു പൌരനും സഹര്‍ഷം സ്വാഗതം ചെയ്യും.എന്നാല്‍ അങ്ങയുടെ സങ്കല്പത്തിനും നിര്‍‌ദ്ദേശങ്ങള്‍ക്കും വിരുദ്ധമായ രീതിയിലാണ് നമ്മുടെ പോലീസ് സേന പ്രവര്‍ത്തിച്ചു വരുന്നതെന്ന വേദനാജനകമായ വസ്തുത അങ്ങയെ അറിയിക്കാന്‍ എനിക്ക് വിഷമമുണ്ടെങ്കിലും , സര്‍ക്കാറിനോട് ഉത്തരവാദിത്തമുള്ള ഒരുവന്‍ എന്ന നിലയില്‍ അതെന്റെ കടമയാണെന്ന തിരച്ചറിവിലാണ് ഈ തുറന്ന കത്തെഴുതാന്‍ ഞാന്‍ തയ്യാറാകുന്നത്.
പോലീസിന്റെ ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഉദാഹരണങ്ങള്‍ എത്ര വേണമെങ്കിലും ചൂണ്ടിക്കാണിക്കാവുന്നതാണ്.ചിലതു സൂചിപ്പിക്കട്ടെ. ഞാന്‍ താമസിക്കുന്നത് മാനന്തവാടി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ്. ഇക്കഴിഞ്ഞ ദിവസം മാനന്തവാടി പോലീസ് ഒരു ചെറുപ്പക്കാരനെ അറസ്റ്റു ചെയ്തു.പോലീസ് ഇന്‍‌സ്‌പെക്ടറെ വണ്ടിയിടിച്ച് കൊല്ലാന്‍ ശ്രമിച്ചു എന്ന പേരിലാണ് അയാളെ അറസ്റ്റു ചെയ്തത്. ഐ പി സി 308 ല്‍ കേസെടുത്ത് കോടതിയില്‍ ഹാജരാക്കിയ ആ ചെറുപ്പക്കാരനെ റിമാന്റ് ചെയ്തിരിക്കുന്നു. ആ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ മനസ്സിലാക്കാന്‍ കഴിഞ്ഞത് , പോലീസ് കൈകാണിച്ചപ്പോള്‍ കുറച്ചുമാറ്റി വണ്ടി നിറുത്തിയതിന്റെ പേരില്‍ പ്രകോപിതരായ പോലീസ് ആ ചെറുപ്പക്കാരനെ ബോധപൂര്‍വ്വം ജയിലിലടച്ചുവെന്നാണ്.എന്നാല്‍ പോലീസ് കസ്റ്റഡിയിലെടുക്കുന്ന സമയത്ത് ബന്ധുക്കളോടും നാട്ടുകാരോടും പറഞ്ഞത് ആ യുവാവ് മദ്യപിച്ചിട്ടുണ്ട് എന്നായിരുന്നു. പക്ഷേ എഫ് ഐ ആറിലാകട്ടെ മദ്യപാനത്തെക്കുറിച്ച് ഒന്നും പറയുന്നില്ല.ഈ കേസ് കോടതിയില്‍ നിലനില്ക്കില്ല എന്ന എ പി പി പോലും പറഞ്ഞതായി അറിയുന്നു.
മറ്റൊന്ന് തലപ്പുഴ എന്‍ജിനീയറിംഗ് കോളേജില്‍ കുറച്ചു കുട്ടികള്‍ തമ്മില്‍ നടന്ന ഉന്തിലും തള്ളിലും പെട്ട് ഒരു കുട്ടി ഓടയിലേക്ക് വീഴുകയും തലയില്‍ മുറിവുണ്ടാകുകയും ചെയ്ത സംഭവത്തില്‍ പോലീസ് കേസെടുത്ത രീതിയാണ്. അന്നേ ദിവസം സംഭവസ്ഥലത്തില്ലാതിരുന്ന കുട്ടികളെപ്പോലും കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നു.ആ പ്രതികളില്‍ ഒരാള്‍ അവന്റെ അച്ഛനെ എയ‌ര്‍‌പോര്‍ട്ടില്‍ കൊണ്ടുവിടാന്‍ പോയതാണ്. ആയതിന്റെ തെളിവുകളും ലഭ്യമാണ്.എന്നാല്‍ പോലീസാകട്ടെ കൃത്രിമമായി തെളിവുകള്‍ ശേഖരിക്കുകയും 307 വകുപ്പനുസരിച്ച് കൊലക്കുറ്റത്തിന് കേസടുത്ത് പ്രതികളെ ജയിലലടക്കുയും ചെയ്തിരിക്കുന്നു.തലക്കടിച്ചുവെന്ന് പറയുന്ന കല്ല് ഉറച്ച സ്ഥലത്തുനിന്നും പോലീസുതന്നെ ഇളക്കിയെടുത്തതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതുപോലെ കമ്മനയില്‍ കഴിഞ്ഞദിവസം 308 വകുപ്പിട്ട് കമിതാക്കളിലൊരാളെ പോലീസ് ജയിലലടച്ചു.ഈ വകുപ്പു ചേര്‍ത്തതില്‍ നാട്ടുകാര്‍ക്കും കടുത്ത അമര്‍ഷമുണ്ട്. അതുപോലെ മദ്യപിക്കുന്നവരോട് പോലീസ് പെരുമാറുന്ന രീതികള്‍ എത്രയോ തവണ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. മദ്യം കേരളത്തില്‍ നിരോധിക്കപ്പെട്ടിട്ടില്ല എന്ന വസ്തുത പോലീസ് മറക്കുകയും മദ്യപിച്ചു എന്ന ഒരൊറ്റക്കാരണം കൊണ്ട് എന്തുകുറ്റവും അവര്‍ ചെയ്യും എന്ന ധാരണയിലുമാണ് പോലീസ് പെരുമാറുന്നത്. കേവലം അഞ്ഞൂറു രുപ ഫൈന്‍ വരുന്ന ഒരു ഹെല്‍മറ്റു കേസില്‍ ഒരു യുവപൊതുപ്രവര്‍ത്തകനെ പത്തുമണിക്കൂറിലധികം പോലീസില്‍ തടഞ്ഞു വെച്ചത് ഈ അടുത്ത കാലത്താണ്. ഇങ്ങനെ എത്രയോ സംഭവങ്ങളെ ചൂണ്ടിക്കാണിക്കാന്‍ കഴിയും. രഹസ്യപ്പോലീസിനെ സത്യസന്ധമായി ഉപയോഗിച്ചാല്‍ത്തന്നെ അങ്ങേക്ക് ഈ വിവരങ്ങള്‍ ലഭിക്കുന്നതാണല്ലോ.
അങ്ങ് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം , ഇങ്ങനെയുള്ള പോലീസിന്റെ നടപടികളെക്കുറിച്ച് പോലീസ് ഉദ്യോഗസ്ഥന്മാരുമായി സംസാരിച്ചാല്‍ ലഭിക്കുന്ന മറുപടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നു പറഞ്ഞു , അല്ലെങ്കില്‍ ഡിജിപി പറഞ്ഞു എന്നെല്ലാമാണ്. എന്നുവെച്ചാല്‍ പോലീസ് കാണിക്കുന്ന തോന്ന്യവാസങ്ങള്‍ക്ക് അങ്ങയെ കൂട്ടു പിടിക്കുന്നു എന്നുതന്നെയാണര്‍ത്ഥം.ഇതിലൂടെ ഇല്ലാതാകുന്നത് അങ്ങയുടെ സര്‍ക്കാറിന്റെ ഇടതുപക്ഷ സര്‍ക്കാറിന്റെ പ്രതിച്ഛായ തന്നെയാണ്.
ഞാന്‍ അവസാനിപ്പിക്കുകയാണ്. പോലീസ് പഴയ കുട്ടന്‍ പിള്ള പോലീസിന്റെ തലത്തിലേക്ക് കൂപ്പുകുത്തുകയാണ്. പോലീസിനെ ജനകീയമാക്കുന്നതിനുവേണ്ടിയുള്ള ശ്രമങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുമ്പോളാണ് ഇത്തരത്തിലുള്ള അധപതനമുണ്ടാകുന്നത് എന്ന കാര്യം വേദനാജനകമാണ്. അതോടൊപ്പം കേരള സര്‍‌ക്കാറിന്റെ പ്രതിച്ഛായ കൂടി ഇല്ലാതാക്കാനുള്ള ഒരു ശ്രമം ചില കേന്ദ്രങ്ങളില്‍ നിന്നും ബോധപൂര്‍വ്വം നടക്കുന്നുണ്ടോയെന്നുകൂടി പരിശോധിക്കപ്പെടണം. അതായത് , കേരളത്തിലെ ഐ പി എസുകാരെ ഉപയോഗിച്ചുകൊണ്ട് സംസ്ഥാന സര്‍ക്കാറിന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ ഇടപെടലുണ്ടാകുന്നുണ്ടെന്നു തന്നെയാണ് ഞാന്‍ ഉദ്ദേശിക്കുന്നത്. അത്തരത്തിലുള്ള ഉദ്യോഗസ്ഥന്മാര്‍ അങ്ങേക്ക് നല്ല രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കുകയും എന്നാല്‍ താഴെത്തട്ടിലുള്ളവരെക്കൊണ്ട് ഇത്തരം ജനവിരുദ്ധമായ നടപടികളെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്ന ഒരിരട്ടത്താപ്പ് നിലനില്ക്കുന്നുണ്ടെന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണ്. ഏറ്റവും നല്ല നിലയില്‍ കേരളം ഭരിക്കുന്ന ഒരു സര്‍ക്കാറിനെ കരിവാരിത്തേക്കാനും നശിപ്പിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് ഈ തരത്തില്‍ പോലീസ് സ്വീകരിക്കുന്ന നടപടികള്‍ക്ക് പിന്നിലുള്ളത്
അതുകൊണ്ട് പോലീസിന്റെ ഇടപെടലുകള്‍ കാര്യക്ഷമമായി പുനപരിശോധിക്കപ്പെടേണ്ടതാണെന്നും അതിനായി അങ്ങയുടെ ഭാഗത്തുനിന്നും വേണ്ടവിധത്തിലുള്ള ഇടപെടലുകളുണ്ടാകണമെന്നും അഭ്യര്‍ത്ഥിച്ചുകൊണ്ട് അഭിവാദനങ്ങളോടെ അവസാനിപ്പിക്കട്ടെ.

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍