#ദിനസരികള്‍ 329


(ബാലകവിത . ഇത് ഇനിയും നിരവധി തവണ എഡിറ്റു ചെയ്യപ്പെടും)
കാവുണ്ട്
കാവരികെ
മരമുണ്ട്
മരംമേലെ
കൂടുണ്ട്
കൂട്ടിലായ്
കിളിയുണ്ട്
കിളിക്കൊരു
കുഞ്ഞുണ്ട്
കുഞ്ഞിന്
പശിയുണ്ട്
പശിയാറ്റാന്‍
കായ് വേണം
കതിര്‍ വേണം
നീര്‍ വേണം
കായ് തിന്ന്
കതിര്‍ തിന്ന്
നീര്‍ മോന്തി
യിളവേല്ക്കേ
മിഴിയൊന്നു മറിയുന്നുണ്ടേ
സുഖമൊന്നു വിരിയുന്നുണ്ടേ!
ഒറ്റമരപ്പോട്ടിലുറങ്ങും
കുഞ്ഞാറ്റക്കിളിയേ കൂയ് കൂയ്
ഇരുളിന്റെ കാളിമ കീറി
പടയാളിപ്പാട്ടുകള്‍ പാടി
പടയൊന്നു വരുന്നുണ്ടേ
ഉറങ്ങാതെ കണ്‍മണിയേ
നീ,യുറങ്ങാപ്പാട്ടുകള്‍പാടി
നെറിയോടെ കാവലിരിക്കൂ
കുഞ്ഞുറക്കത്തിന്റെ
സ്വപ്നലോകങ്ങളില്‍
ചെന്നു ചേക്കേറിയാ
ക്കണ്ണൊന്നടക്കവേ
മഴുവാഞ്ഞു പതിക്കുന്നുണ്ടേ
മരമൊന്നു ചെരിയുന്നുണ്ടേ
ഝടുപടുതോം വീഴുന്നുണ്ടേ
അടപടലം തകരുന്നുണ്ടേ.
കനിയുതിരും കാടുകള്‍ തിങ്ങും
വരും കാലം കൊയ്തുമെതിക്കാന്‍
കഴുവേറിക്കവികള്‍ പാടും
തെറിയീരടിപെയ്യും രാവുകള്‍
ഇനിയെങ്ങനെയെങ്ങനെ വരുവാന്‍?
ഇരുളില്‍‌പ്പൊരിയായി ജ്വലിക്കാന്‍ ?

Comments

Popular posts from this blog

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍