#ദിനസരികള്‍ 1005 ചരിത്രത്തെ തൊടുമ്പോള്‍ സൂക്ഷിക്കുക.



            ജയ് ശ്രീറാമിന് പകരമാണ് ലാ ഇലാഹ് ഇല്ലള്ളാ എന്നും ഗുജറാത്തിന് പകരമാണ് 1921 ലെ മലബാറെന്നുമുള്ള കാഴ്ചപ്പാട് ചിലര്‍ പുലര്‍ത്തുന്നതായി അവര്‍ ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളില്‍ നിന്നും മനസ്സിലാകുന്നു. ഇതില്‍ ഒന്നാമത്തേത്, ഹിന്ദുത്വ സംഘടനകള്‍, തങ്ങളുടെ ആക്രമോത്സുകമായ നീക്കങ്ങളെ ഉത്തേജിപ്പിച്ചെടുക്കാനും അത്തരം നീക്കങ്ങള്‍ക്ക് മതാത്മകതയുടെ പരിവേഷമുണ്ടാക്കിക്കൊടുക്കാനും വേണ്ടിയാണ് ജയ് ശ്രീറാം എന്നു ഘോഷിക്കുന്നത്. അതുതന്നെയാണ് ഇപ്പുറത്തുള്ളവരും മുഴക്കുന്ന മുദ്രാവാക്യത്തിന്റെ ലക്ഷ്യമെന്നു വന്നാല്‍ അതെത്ര അര്‍ത്ഥശൂന്യമാണെന്ന് എന്ന് ചിന്തിച്ചു നോക്കുക. വയറു കീറിപ്പിളര്‍ത്തി ഗര്‍ഭസ്ഥശിശുവിനെ ത്രിശൂലം കൊണ്ട് കുത്തിപ്പുറത്തെടുത്തവന്റെ അട്ടഹാസത്തിന് പകരമാണ് തക്ബീറുകള്‍ എന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അവനും ജയ്ശ്രീറാമുകാരനും തമ്മില്‍ എന്താണ് വ്യത്യാസം ? അതുകൊണ്ട് ജയ് ശ്രീറാമിന് പകരം വരേണ്ടത് മതപരമായ മറ്റൊരു മുദ്രാവാക്യമല്ല, മറിച്ച് ജനകീയമുന്നേറ്റമാണ് എന്ന ബോധ്യം നമുക്കുണ്ടാകേണ്ടതുണ്ട്.
          രണ്ടാമത്തേത് , ഗുജറാത്തിന് പകരമാണ് 921 എന്ന വാദത്തെ കുറച്ചു കൂടി വിശദമായി പരിശോധിക്കേണ്ടതുണ്ട്.
          ഗുജറാത്തില്‍ നടന്ന നരമേധത്തെക്കുറിച്ച് നമുക്കറിയാം. മുസ്ലിംജനവിഭാഗത്തിനെതിരെ വംശഹത്യ നടത്താന്‍ തുനിഞ്ഞിറങ്ങിയ സംഘപരിവാരം അഴിച്ചുവിട്ട കൊടുംക്രൂരതയില്‍ വെന്തെരിഞ്ഞത് ആയിരങ്ങളാണ്.2022 ഫെബ്രുവരി 27 ന് നടന്ന 58 പേര്‍ മരിക്കാനിടയായ ഗോധ്രസംഭവത്തെ മുന്‍നിറുത്തി അഴിച്ചു വിട്ട അക്രമസംഭവങ്ങളില്‍ എത്ര ആയിരങ്ങളാണ് കൊല്ലപ്പെട്ടതെന്ന് ഇനിയും തീര്‍‌ച്ചപ്പെടുത്തിയിട്ടില്ല.കുപ്രസിദ്ധമായ ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊലയില്‍ എംപിയായ ഇഹ്സാന്‍ ജഫ്രി ക്രൂരമായി കൊല്ലപ്പെട്ടു.ഒരു എംപിയുടെ ഗതി അതായിരുന്നുവെങ്കില്‍ സാധാരണക്കാരായവരുടെ അവസ്ഥയെക്കുറിച്ച് ആലോചിച്ചു നോക്കുക. സ്ത്രീകള്‍ , കുട്ടികള്‍ , പ്രായമായവര്‍ - അങ്ങനെ ഒരു തലത്തിലുമുള്ളവരെ സംഘപരിവാരം വെറുതെ വിട്ടില്ല. അന്ന് കലാപകാരികള്‍ക്ക് ആവോളം സഹായം ചെയ്തുകൊണ്ട് മുഖ്യമന്ത്രിക്കസേരയിലുണ്ടായിരുന്നത് ഇന്നത്തെ പ്രധാനമന്ത്രി നരേന്ദ്രമോഡിയായിരുന്നു. പോലീസ് നിഷ്ക്രീയമായിരുന്നുവെന്നല്ല, അക്രമികള്‍ക്ക് സഹായം ചെയ്തുകൊടുക്കുന്ന നിലപാടായിരുന്നു സ്വീകരിച്ചിരുന്നതെന്ന് വേണം കരുതന്‍. ഗുജറാത്ത് കലാപകാലത്ത് അഡീഷനല്‍ ‍ ഡി ജി പിയായിരുന്ന ആര്ബി ശ്രീകുമാര്എഴുതിയ ഗുജറാത്ത് ഇരകള്ക്കു വേണ്ടി ഒരു പോരാട്ടം എന്ന പുസ്തകം നമുക്ക് കൂടുതല്‍ വിവരങ്ങള്‍ നല്കും. കാരണം പോലീസിന്റെ തലപ്പത്ത് അക്കാലത്ത് എന്തൊക്കെയാണ് നടന്നതെന്ന് നേരിട്ട് അറിവുള്ള ഒരാളായിരുന്നല്ലോ അദ്ദേഹം? താനുള്‍പ്പെടുന്ന ഒരു യോഗത്തില്‍ ഫെബ്രുവരി 27 മുതല്‍ പോലീസ് എങ്ങനെ പെരുമാറണം എന്നുപോലും നരേന്ദ്രമോഡി വിശദമാക്കിയെന്ന് ശ്രീകുമാര്‍ എഴുതുന്നുണ്ട്.
            എന്തായാലും നിഷ്ഠൂരവും നിന്ദ്യവുമായ വംശഹത്യയാണ് അവിടെ നടന്നതെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. മുസ്ലിംജനവിഭാഗത്തെ ഗുജറാത്തിന്റെ മണ്ണില്‍ നി്ന്നും തുടച്ചു നീക്കാനുള്ള അക്രമാസക്തമായ ഒരു നീക്കമായിരുന്നു അത്. സംഘപരിവാരം കാര്യങ്ങളെ എങ്ങനെയൊക്കെ വളച്ചൊടിച്ചാലും രണ്ടുകൈകളും വായുവിലേക്ക് എറിഞ്ഞ് ആവേശത്തോടെ ജയ് ശ്രീറാം എന്ന് അലറിവിളിക്കുന്ന അശോക് മോചിയും രണ്ടുകൈയ്യും കൂപ്പി നിന്ന് രക്ഷിക്കണേയെന്ന് നിറകണ്ണുകളോടെ താണുകേണപേക്ഷിക്കുന്ന കുത്തബുദ്ദീന്‍ അന്‍സാരിയും ഗുജറാത്തിന്റെ തെളിവുകളാണ്.
          ഈ ഗുജറാത്തിന് പകരമാണ് 1921 ലെ മലബാര്‍ കലാപം എന്നാണ് ചിലര്‍ വാദിക്കുന്നത് . അതായത് ഗുജറാത്തില്‍ സംഘപരിവാരം നടത്തിയതിന് നേര്‍വിപരീതമായ വിധത്തില്‍ , ഹിന്ദുക്കള്‍ക്കു നേരെ മുസ്ലിംങ്ങള്‍‍ , ആസൂത്രണം ചെയ്ത ഒന്നായിരുന്നുവെന്നാണ് സൂചന. എത്ര പരിതാപകരവും ചരിത്രവിരുദ്ധവും അപകടകരവുമാണ് ആ നിലപാട് എന്ന് ആലോചിച്ചു നോക്കുക.
          മലബാര്‍‌ കലാപം കൊളോണിയല്‍ - ജന്മി കൂട്ടുകെട്ടിനെതിരെ ജനത നടത്തിയ പ്രതിഷേധമായിരുന്നുവെന്ന വസ്തുതയാണ് ഗുജറാത്തിന് പകരം 1921 എന്ന മുദ്രാവാക്യമുന്നയിക്കപ്പെടുന്നതിലൂടെ ചോദ്യം ചെയ്യപ്പെടുന്നത്. അതോടൊപ്പംതന്നെ പണ്ടുമുതലേ ഹിന്ദുവിരുദ്ധ നിലപാടുകള്‍ സ്വീകരിച്ചു പോന്നത് മുസ്ലിമാണെന്ന് വാദിക്കാന്‍ സംഘപരിവാരത്തിന് അവസരം സൃഷ്ടിച്ചുകൊടുക്കുകയാണെന്നതുകൂടി കാണാതിരുന്നുകൂട.
          താല്കാലികമായ വീറുവാശികളെ തൃപ്തിപ്പെടുത്താനും ആവേശംകൊള്ളിക്കാനും അസംബന്ധങ്ങള്‍ വിളിച്ചു പറഞ്ഞാല്‍ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ഗുരുതരമായിരിക്കും.ചരിത്ര സംഭവങ്ങളെ തൊട്ടുകളിക്കുമ്പോള്‍ ഒന്നല്ല ഒരുപാടുതവണ ആലോചിക്കുക തന്നെ വേണം.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം