#ദിനസരികള് 566




പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം എന്ന പുസ്തകം എഴുതിയ പി ഭാസ്കരനുണ്ണിയ്ക്കും പ്രസിദ്ധീകരിച്ചിരിക്കുന്ന കേരള സാഹിത്യ അക്കാമദമിക്കും നാം നന്ദി പറയുക. കേരളത്തെ പരുവപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണായകമായ പങ്കുവഹിച്ച ഒരു നൂറ്റാണ്ടു കാലത്തെ വിശദമായി പ്രതിപാദിക്കുന്ന ഈ പുസ്തകം , ഏതൊക്കെ വഴികളെ പിന്നിട്ടാണ് നാമിവിടെ എത്തിനില്ക്കുന്നതെന്ന് ഓര്‍മ്മപ്പെടുത്തലാകുന്നു. അതുകൊണ്ടുതന്നെ ഓരോ മലയാളിയും അവശ്യം വായിച്ചിരിക്കേണ്ടവയുടെ പട്ടികയിലേക്ക് സംശയലേശമെന്യേ പി ഭാസ്കരനുണ്ണിയുടെ അസാമാന്യമായ പ്രയത്നത്തിന്റെ ഫലമായുണ്ടായ ഈ ഗ്രന്ഥവും ചെന്നു കയറുന്നു.പ്രസാധകക്കുറിപ്പില്‍ ‘രേഖാബദ്ധമായ വിവരങ്ങളുടെ പ്രളയ’മെന്നാണ് ഈ പുസ്തകത്തെ വിശേഷിപ്പിക്കുന്നത്. ഒന്നോടിച്ചു മറിച്ചു നോക്കുന്നവര്‍ക്ക് ആ പ്രസ്താവനയില്‍ അതിശയോക്തിയില്ലെന്ന് കാണാം.കേരളം ഇരുപതാം നൂറ്റാണ്ടില്‍ എന്ന പേരില്‍ മറ്റൊരു പുസ്തകമെഴുതാന്‍ ഭാസ്കരനുണ്ണി തുടങ്ങിയിരുന്നുവെങ്കിലും 1994 ഏപ്രില്‍ 8 ന് അദ്ദേഹം അന്തരിച്ചതോടെ പ്രസ്തുത ഗ്രന്ഥം പൂര്‍ത്തീകരിക്കാന്‍ കഴിയാത്തത് കേരളത്തിന് വലിയൊരു നഷ്ടമായിട്ടുണ്ട്.


ഈ പുസ്തകത്തിന്റെ ഒരു പൊതുസ്വഭാവം അവതാരികയില്‍ പ്രൊഫസര്‍ എം കെ സാനു , ചൂണ്ടിക്കാണിക്കുന്നുണ്ട് –“സ്വന്തമായ വീക്ഷണം കലര്‍ത്തി വസ്തുതകള്‍ അവതരിപ്പിച്ചിരിക്കുന്നതുമൂലം പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളത്തിന്റെ സുവ്യക്തമായ രൂപം വായനക്കാരുടെ മുമ്പില്‍ ആവര്‍ജ്ജകമാംവിധം അവതരിപ്പിക്കാന്‍ ശ്രീ പി ഭാസ്കരനുണ്ണിക്ക് കഴിഞ്ഞിരിക്കുന്നു.വാസ്തവങ്ങളെ ( അവ എത്ര അരോചകമായാലും ) വാസ്തവങ്ങളായംഗീകരിക്കുന്ന വീക്ഷണമാണത്. വസ്തുതകളെന്തൊക്കെ യാണെന്ന തിനെക്കുറിച്ച് ആദ്യം രൂപമുണ്ടാക്കുക, അതിനു ശേഷം മാത്രം നിഗമനങ്ങളിലേക്ക് നീങ്ങിയാല്‍ മതി എന്ന പോസിറ്റിവിസ്റ്റുകളുടെ നിലപാടാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളത്.ആ അടിസ്ഥാനത്തില്‍ അദ്ദേഹം അവതരിപ്പിക്കുന്ന വാസ്തവങ്ങളുടെ സമഗ്രരൂപം ദര്‍ശിക്കുമ്പോള്‍ കേരളീയരായ നമ്മുടെ അഭിമാനബോധത്തിന് ഇടിവുതട്ടിയെന്നു വരാം” ഈ കാഴ്ചപ്പാടിനെ പിന്‍പറ്റി എല്ലായ്പ്പോഴും വസ്തുതകളെ നിര്‍ണയിച്ചെടുക്കാന്‍ കഴിയില്ലെന്നു വന്നാലും പൊതുവായി അക്കാലത്തു നിലനിന്നിരുന്ന അവസ്ഥകള്‍ വ്യക്തമാക്കപ്പെടുന്നുണ്ട്.


ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, ആചാരങ്ങള്‍, ജാതികള്‍ , ദാമ്പത്യവും ദായക്രമവും , ഹിന്ദു രാജാക്കന്മാര്‍, കുറ്റവും ശിക്ഷയും ക്ഷേത്രം, ഭൂമി, ഭൂനികുതി, കൃഷി വാണിജ്യം വ്യവസായം, നാണയങ്ങള്‍, വിദ്യാഭ്യാസവും വിനോദവും, പരിഷ്കരണപ്രസ്ഥാനങ്ങള്‍, മാറുന്ന മുഖച്ഛായ എന്നിങ്ങനെ പതിനാറ് അധ്യായങ്ങളിലായിട്ടാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. കേവലം ഒരു നൂറ്റാണ്ടു കാലംമുമ്പ് നാം എന്തായിരുന്നുവെന്ന് അറിയുന്നത് ഇന്നനുഭവിക്കുന്ന സ്വാതന്ത്ര്യങ്ങളുടെ വില ശരിയായ അര്‍ത്ഥത്തില്‍ മനസ്സിലാക്കുവാന്‍ സഹായിക്കുമെന്നുള്ളതുകൊണ്ട് ഈ ഗ്രന്ഥത്തിലൂടെയുള്ള ഒരു പര്യടനത്തിന് ഏവരേയും ക്ഷണിച്ചുകൊള്ളുന്നു.


Comments

Popular posts from this blog

കവിതാവാരം - ആഴ്ചപ്പതിപ്പുകളിലെ കവിതകളിലൂടെ – 1.

#ദിനസരികള്‍ 55

#ദിനസരികള്‍ 1208 - കടലു കാണാന്‍ പോയവര്‍