#ദിനസരികള് 501 - നൂറു ദിവസം നൂറു പുസ്തകം – എഴുപത്തിയൊന്നാം ദിവസം.
||മനുഷ്യവൈവിധ്യം – കുഞ്ഞുണ്ണിവര്‍മ്മ||
മനുഷ്യന്
രണ്ടു തരത്തിലുള്ള പൈതൃകങ്ങളുണ്ട്.ഒന്ന് ജീവശാസ്ത്രപരം, രണ്ട്
സാംസ്കാരികം.വെള്ളയും കറുത്തതുമായ തൊലിയുണ്ടാകുന്നതും ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നതും
കഷണ്ടിത്തലയുണ്ടാകുന്നതുമൊക്കെ നമ്മുടെ നിയന്ത്രണങ്ങള്‍ക്ക് അപ്പുറം
മാതാപിതാക്കളില്‍ നിന്നും നമുക്കു ലഭിക്കുന്ന ജീവശാസ്ത്രപരമായ പൈതൃകങ്ങളാണ്. അതില്‍
ഇടപെടുന്നതിനോ മാറ്റങ്ങളുണ്ടാക്കുന്നതിനോ സാധാരണ നമുക്കു കഴിയാറില്ല. ഭാഷ, വേഷം,
ജാതി, മതം എന്നിവയൊക്കെ സാംസ്കാരികമായ പാരമ്പര്യങ്ങളില്‍ പെടുന്നതാണ്.അത് നിര്‍ണായകമോ
മാറ്റാനാകാത്തതോ അല്ല.എന്നാല്‍ ജൈവശാസ്ത്രപരമായ പാരമ്പര്യങ്ങളെക്കാള്‍
പ്രാധാന്യവും പ്രസക്തിയും സാംസ്കാരികമായ പാരമ്പര്യങ്ങള്‍ക്കു ലഭിക്കുകയും അതു
നമ്മുടെ ഭാവിഭാഗധേയങ്ങളെ നിര്‍ണയിക്കുന്ന തലത്തിലേക്ക് വളരുകയും ചെയ്തുവെന്നതാണ്
ഇക്കാലങ്ങളില്‍ നാം നേരിടുന്ന വലിയ ദുര്യോഗമെന്ന് സാന്ദര്‍ഭികമായി
സൂചിപ്പിക്കട്ടെ. ജൈവശാസ്ത്രപരമായ
പാരമ്പര്യങ്ങളെക്കുറിച്ചാണ് ഈ പുസ്തകം ചര്‍ച്ച ചെയ്യുന്നത്.
വൈവിധ്യങ്ങള്‍ക്കു ആധാരമായിരിക്കുന്ന ജീനുകള്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നാണ്
രണ്ടാമത്തെ അധ്യായത്തില്‍ ചര്‍ച്ച ചെയ്യുന്നത്.മാതാപിതാക്കളില്‍ നിന്ന് അടുത്ത
തലമുറയിലേക്ക് പകര്‍ത്തപ്പെടുന്ന 23 ജോഡി ക്രോമസങ്ങളില്‍ ഏകദേശം 25000 - ത്തോളം
ജീനുകള്‍ അടക്കം ചെയ്യപ്പെട്ടിരിക്കുന്നു.വൈവിധ്യങ്ങളുടെ വാഹകരാണ് ഈ ജീനുകള്‍.ജീവിവര്‍ഗ്ഗത്തിന്റെ
വൈജാത്യത്തിന് കാരണം ജീനുകളിലുണ്ടാകുന്ന മാറ്റങ്ങളാണ്. “
മാറ്റങ്ങളും (മ്യൂട്ടേഷന്‍ ) പര്യായ
ജീനുകളും ഇല്ലായിരുന്നെങ്കില്‍ ഒരച്ചില്‍
വാര്‍ത്ത പോലെയായിരിക്കും നമ്മുടെ സ്ഥിതി എന്നാവും നിങ്ങള്‍ പറയുക.ഈ പ്രതിഭാസങ്ങള്‍
ഇല്ലായിരുന്നുവെങ്കില്‍ ഭൂമിയില്‍ നാനാവിധത്തിലുള്ള ജീവികള്‍ തന്നെ
ഉണ്ടാകുമായിരുന്നില്ല എന്നതാണ് വാസ്തവം. “ജീനുകളിലെ ഈ സവിശേഷതകളെക്കുറിച്ച് ഈ
അധ്യായം സവിസ്തരം പ്രതിപാദിക്കുന്നു.
“വ്യക്തികള്‍ തമ്മിലുള്ള നിറഭേദങ്ങള്‍ക്കു കാരണം
അവരുടെ ത്വക്കില്‍ വ്യത്യസ്തമായി തോതില്‍ മെലാനില്‍ ഉല്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണെന്ന്
കാണുവാന്‍ പ്രയാമില്ല.ഇതെങ്ങനെ വന്നു ചേരുന്നുവെന്ന് അന്വേഷിക്കുമ്പോള്‍ ആദ്യമായി
പറയാനുള്ളത് മെലാനോസൈറ്റുകളുടെ എണ്ണത്തില്‍ സംബന്ധിച്ചിടത്തോളം മനുഷ്യര്‍ തമ്മില്‍
പറയത്തക്ക വ്യത്യാസങ്ങളില്ല എന്നതാണ്.ഒരു വെള്ളക്കാരന്റെ തുടയിലെ തൊലിയില്‍
ചതുരശ്ര മി.മീറ്ററില്‍ ആയിരത്തോളം മെലാനോസൈറ്റുകള്‍ കാണുമ്പോള്‍, ചൈനക്കാരില്‍
1300 ഉം കാപ്പിരിയില്‍ 1400 ഉം ആണ് കാണപ്പെടുന്നത്” നിറത്തെക്കുറിച്ചും ശരീരപ്രകൃതിയെക്കുറിച്ചുമാണ് മൂന്നാം അധ്യായം
പഠിക്കുന്നത്.മെലാനോസോമുകളുകളുടെ പ്രവര്‍ത്തന ഫലമായി ഉല്പാദിപ്പിക്കപ്പെടു മെലാനിന്‍
ആണ് തൊലിയടെ നിറഭേദത്തിനു കാരണം. ഇതുപോലെയുള്ള ശാരീരിക
പ്രത്യേകതകളെക്കുറിച്ച് ഈ അധ്യായം ചര്‍ച്ച ചെയ്യുന്നു.
മുഖച്ഛായയെക്കുറിച്ചും
മൂക്ക്, കണ്ണുകള്‍, ചുണ്ടുകള്‍ താടിയെല്ലുകള്‍ , നെറ്റി, ചെവികള്‍
എന്നിത്യാദികളെക്കുറിച്ചും നാലാം അധ്യായം സംസാരിക്കുന്നു.”മുഖച്ഛായ നിയന്ത്രിക്കുന്ന പാരമ്പര്യം തന്നെയാണ്, പക്ഷേ മുഖച്ഛായ
എന്നത് ഒരൊറ്റ സ്വഭാവമോ അതു നിയന്ത്രിക്കുവാന്‍ ഒന്നോ ഏതാനും ചില ജീനുകളോ
മാത്രമല്ല ഉള്ളത്.തല മുഖം മുടി എന്നീ ഭാഗങ്ങളിലെ ഒട്ടനവധി ലക്ഷണങ്ങളുടെ
ആകെത്തുകയാണ് മുഖച്ഛായ ഓരോ ലക്ഷണങ്ങള്‍ക്കും അവയുടേതായ ജീനുകളുണ്ട്.”
ഈ പുസ്തകത്തിലെ ഏറ്റവും പ്രധാനപ്പെട്ട അധ്യായത്തിലേക്ക് നാം
കടക്കുകയാണ്.മനുഷ്യകുടുംബത്തിലെ തായ്‌വഴികള്‍ എന്നു പേരിട്ടിരിക്കുന്ന ഈ അധ്യായം
ഭൂമുഖത്ത് മനുഷ്യന്‍ പ്രത്യക്ഷപ്പെട്ട നാളുമുതല്‍ ലോകത്തിന്റെ വിവിധ
ഭാഗങ്ങളിലേക്ക് ചേക്കേറി ആധുനിക മനുഷ്യരായി ജീവിതം സമാരംഭിച്ചതുവരെയുള്ള കഥയാണ്
പറയുന്നത്.ഏതാണ് ഇരുപതു ലക്ഷം വര്‍ഷങ്ങള്‍ക്കു മുമ്പ് കിഴക്കന്‍ ആഫ്രിക്കയില്‍
ഹോമോ ജനുസ്സില്‍പ്പെട്ട ആദിമമനുഷ്യന്‍ പരിണാമത്തിന്റെ ഒരു ഘട്ടത്തെ
പ്രാപിച്ചു.എന്നാല്‍ സാപിയന്‍സ് എന്ന് പൂര്‍ണമായ അര്‍ത്ഥത്തില്‍ വിളിക്കാന്‍ കഴിയാത്തതുമായ
അവരെ പൂര്‍വ്വ മനുഷ്യന്‍ എന്നു വിളിച്ചു. ജാവാ മനുഷ്യന്‍, നീയാണ്ടര്‍ത്താല്‍
മനുഷ്യന്‍ , ഫീഡല്‍ബര്‍ഗ്ഗ് മനുഷ്യന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്നവരൊക്കെ
മനുഷ്യന്റെ പൂര്‍വ്വ മാതൃകകളാണ്. ” ഇവരും ആധുനിക മനുഷ്യരും തമ്മില്‍ ശാരീരികമായി അല്പസ്വല്പം വ്യത്യാസങ്ങളുണ്ട്.ഉദാഹരണമായി
മുഖം കൂര്‍ത്തതും താടിയില്ലാത്തതുമായിരുന്നു.തലയുടെ നെറുകഭാഗം
പരന്നതായിരുന്നു.ആധുനിക മനുഷ്യന്‍
ഉണ്ടായിവന്നിട്ട് ഏറിവന്നാല്‍ രണ്ടുലക്ഷം കൊല്ലക്കാലമേ ആയിട്ടുള്ളു”നാം നേരത്തെ കണ്ടതുപോലെ ഇരുപതു ലക്ഷം കൊല്ലങ്ങള്‍ക്കു
മുമ്പു ആഫ്രിക്കയില്‍ എവിടെയോ രൂപപ്പെട്ട പൂര്‍വ്വമനുഷ്യന്‍ തന്റെ കുടിയേറ്റങ്ങള്‍
തുടങ്ങി.ആ കുടിയേറ്റം അവനെ ലോകമാകെ വ്യാപിക്കുവാനും തന്റെ ആധിപത്യമുറപ്പിക്കുവാനും
സഹായിച്ചു.തനിക്കു നല്ലതുള്ളിടത്തെല്ലാം അവനെത്തിച്ചേര്‍ന്നു.വന്‍കരകളും
ദ്വീപുകളിലേക്കുമൊക്കെ അവന്‍ സഞ്ചരിച്ചെത്തി.

(മനുഷ്യന്റെ
കുടിയേറ്റം വ്യക്തമാക്കുന്ന മാപ്പ് – കടപ്പാട് വിക്കീപ്പീഡിയ
)
പരസ്പരം സമ്പര്‍ക്കമില്ലാതെയായതോടെ
ഒറ്റപ്പെട്ടു പോയ മനുഷ്യരില്‍ പ്രകൃതി പ്രവര്‍ത്തിക്കുവാന്‍ തുടങ്ങുകയും
മ്യൂട്ടേഷനുകളിലൂടെയും നിര്‍ധാരണത്തിലൂടേയും ജനിതകമാറ്റങ്ങളിലൂടേയും വ്യത്യാസങ്ങള്‍
സംജാതമായിത്തുടങ്ങുകയും വ്യത്യസ്ത വര്‍ണങ്ങള്‍ക്കു കാരണമാകുകയും ചെയ്തു. “നാലു പ്രാഥമിക വര്‍ണങ്ങളുണ്ട് എന്ന കാര്യത്തില്‍
സംശയമില്ല.യൂറോപ്പിലും ഉത്തര ആഫ്രിക്കയിലും പശ്ചിമേഷ്യയിലുമുള്ള കോക്കസോയ്ഡുകള്‍,
ആഫ്രിക്കയിലെ നീഗ്രോയിഡുകള്‍, പൂര്‍വ്വേഷ്യയിലും അമേരിക്കയിലിമുള്ള മംഗളോയിഡുകള്‍
ആസ്ത്രേലിയയിലും പരിസരങ്ങളിലുമുള്ള ആസ്ത്രലോയിഡുകള്‍ എന്നിവരെയാണ് പ്രാഥമികവര്‍ണങ്ങളായി
പരിഗണിക്കുന്നത്.” സങ്കരവര്‍ണമാണ്
ഇന്ന് ലോകത്തു നിലവിലുള്ളതെന്നതു കൂടി മനസ്സിലാക്കുക. ഉഷ്ണമേഖലയില്‍ വലിയ
ശരീരമുള്ളവരും അതിശൈത്യ മേഖലയില്‍ കുറിയ ശരീരമുള്ളവരുമുണ്ടായതെങ്ങനെയെന്നൊക്കെ
പഠിച്ചു നോക്കുന്നത് രസകരമായിരിക്കും.
പ്രാഥമികവര്‍ണങ്ങളായ
കോകസോയിഡുകള്‍ , ആസ്ത്രലോയിഡുകള്‍ , മംഗളോയിഡുകള്‍, നീഗ്രോയിഡുകള്‍
എന്നിവരെക്കുറിച്ചുള്ള വിശദമായ പഠനത്തിനു ശേഷം കേരളത്തിലെ വര്‍ണവൈവിധ്യത്തെക്കുറിച്ചാണ്
പുസ്തകം പ്രതിപാദിക്കുന്നത്.ആസ്ത്രലോയിഡുകാരും കോകസോയിഡുവിഭാഗത്തിലെ
ഉപവിഭാഗങ്ങളുമൊക്കെ കേരളത്തിലുമെത്തിയിരുന്നുവെന്നും അവരുടെ പിന്‍ഗാമികളായി
ആദിവാസികള്‍ ഇന്നും ഇവിടെ സങ്കരവര്‍ണത്തോടുകൂടി ജീവിച്ചുപോരുന്നുവെന്നും
ഗ്രന്ഥകാരന്‍ പറയുന്നു.
വര്‍ണങ്ങളുടെ
അടിസ്ഥാനത്തില്‍ മനുഷ്യനെ തരംതിരിച്ചു നിറുത്തി സാംസ്കാരികമായ മേല്‍ക്കോയ്മ
അവകാശപ്പെടുതിനെതിരെ നിലപാടെടുക്കുകയാണ്
മനുഷ്യ കുടുംബം ഇന്നും നാളെയും എന്ന അവസാന ലേഖനം. പരിണാമ ജന്യമായ ഒരു
വിശേഷത്തിനപ്പുറം മറ്റൊന്നും വര്‍ണങ്ങളിലില്ല എന്ന വസ്തുത ചിലരെങ്കിലും മറച്ചു
വെക്കുന്നുവെങ്കില്‍ അതിനു പിന്നില്‍ ഗുണപരമായ ചിന്തയല്ല.മനുഷ്യന്റെ
പരിണാമഘടങ്ങളിലെ എല്ലാ വര്‍ണങ്ങളിലും ബുദ്ധികൊണ്ടും കര്‍മ്മശേഷികൊണ്ടുമുള്ള
ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകുകയെന്നത് സ്വാഭാവികമാണ്.കറുത്തവന്റെ ബുദ്ധിക്കുറവ്
കൂടുതല്‍ ചര്‍ച്ച ചെയ്യുകയും വെളുത്തവന്റേത് മറച്ചു വെക്കുകയും ചെയ്യാന്‍
ആരെങ്കിലും ശ്രമിക്കുന്നുവെങ്കില അവനോളം വിഡ്ഢി വേറെയില്ലെന്നുതന്നെ
മനസ്സിലാക്കുക.
പ്രസാധകര്‍-
ശാസ്ത്ര സാഹിത്യ പരിഷത്ത് വില 55
രൂപ, ഒന്നാം പതിപ്പ് ആഗസ്ത് 1994
Comments